ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് പറയാവുന്ന ഇലക്ടറല്‍ ബോണ്ടിനു പിന്നില്‍ പല നാടകങ്ങളും നടന്നിട്ടുണ്ട്. പുറത്തു വന്നതിനെക്കാള്‍ ഞെട്ടിക്കുന്ന പലതും. പുറത്തറിഞ്ഞതൊന്നുമല്ല, അതിലും വലിയ കളികള്‍ നടന്നിട്ടുണ്ടാകും. അത്തരം സംശയങ്ങളെ ഉറപ്പിക്കുന്നൊരു വിവരമാണ് ഹിമാന്‍ഷി ദാഹിയ ദ ക്വിന്റിലൂടെ പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
ഗുജറാത്തിലെ കച്ച് ജില്ലയിലെ അഞ്ജാര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ദളിത് കുടുംബത്തിലെ ആറ് അംഗങ്ങള്‍ ചേര്‍ന്ന് 2023 ഒക്ടോബര്‍ 11 ന് 11 കോടി, 14,000 രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്. ഇതില്‍ പത്തു കോടിയുടെ ബോണ്ട് ഒക്ടോബര്‍ 16 ന് ബിജെപി കാശാക്കി മാറ്റിയെടുത്തു. ഒരു കോടി 14,000 ശിവസേന(ഷിന്‍ഡെ വിഭാഗം)യ്ക്കും ലഭിച്ചു. ഒക്ടോബര്‍ 18 ന് ശിവസേന ബോണ്ട് പണമാക്കി മാറ്റി.
എന്നാല്‍, ഈ ദളിത് കുടുംബം പറയുന്നത്, അവര്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെല്‍സ്പണ്‍ ലിമിറ്റഡ് എന്ന കമ്പനി ദളിത് കുടുംബത്തെ ചതിക്കുകയായിരുന്നുവെന്നാണ് ആരോപണം. 2005 ലാണ് അദാനി ഗ്രൂപ്പും വെല്‍സ്പണ്‍ നാച്വറല്‍ റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും യോജിച്ച് ഒരു ജോയിന്റ് വെഞ്ച്വര്‍ ആരംഭിക്കുന്നത്. അദാനി വെല്‍സ്പണ്‍ എക്‌സ്‌പ്ലോറേഷന്‍ ലിമിറ്റഡ്(എഡബ്ല്യുഇഎല്‍) എന്നായിരുന്നു കമ്പനിയുടെ പേര്. ആദാനി ഗ്രൂപ്പിന് 65 ശതമാനം ഷെയര്‍ ഉള്ള(വെല്‍സ്പണിന് 35) ജോയിന്റ് വെഞ്ച്വര്‍ ആണ് എഡബ്ല്യുഇഎല്‍ എന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു.
‘അഞ്ജാറിലുള്ള ഞങ്ങളുടെ 43,000 സ്‌ക്വയര്‍ മീറ്റര്‍ കൃഷിഭൂമി വെല്‍സ്പണ്‍ അവരുടെ ഒരു പദ്ധതിക്കായി ഏറ്റെടുത്തിരുന്നു. നിയമപ്രകാരം അതിനുള്ള നഷ്ടപരിഹാരമായി കിട്ടിയ തുകയായിരുന്നു അത്. അത്രയും വലിയ തുക ബാങ്കില്‍ ഇട്ടാല്‍ ആദായ നികുതി വകുപ്പ് പരിശോധന പോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് കമ്പനിയിലെ സീനിയര്‍ ജനറല്‍ മാനേജറായ മഹേന്ദ്രസിംഗ് സോധി ഞങ്ങളോട് പറഞ്ഞു. അങ്ങനെയാണ് അയാള്‍ ഞങ്ങളോട് ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് പറയുന്നത്. ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നരമടങ്ങ് കൂടുതലായി പണം തിരിച്ചുകിട്ടുമെന്നും അയാള്‍ ഞങ്ങളെ വിശ്വസിപ്പിച്ചു. നിരക്ഷരരായ ആളുകളാണ് ഞങ്ങള്‍. ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അപ്പോള്‍ ഒന്നും അറിയില്ലായിരുന്നു, അവര്‍ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു’ 41 കാരനായ ഹരേഷ് സവകര ദ ക്വിന്റിനോട് പറയുന്ന കാര്യങ്ങളാണിത്. ദളിത് കുടുംബത്തില്‍ നിന്നും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരില്‍ ഒരാളായ സവകര മന്‍വാറിന്റെ മകനാണ് ഹരേഷ്. സവകര മന്‍വാര്‍ തങ്ങള്‍ തട്ടിപ്പിനിരയായതായി ചൂണ്ടിക്കാണിച്ച് 2024 മാര്‍ച്ച് 18 ന് അഞ്ജാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
വില്‍സ്പണ്‍ ഡയറക്ടര്‍മാരായ വിശ്വനാഥന്‍ കൊല്ലങ്ങോട്, സഞ്ജയ് ഗുപ്ത, ചിന്തന്‍ താക്കെര്‍, പ്രവീണ്‍ ബന്‍സാലി, സീനിയര്‍ ജനറല്‍ മാനേജര്‍ മഹേന്ദ്രസിംഗ് സോധ, അഞ്ജാര്‍ ലാന്‍ഡ് അക്വസേഷന്‍ ഓഫിസര്‍ വിമല്‍ കിഷോര്‍ ജോഷി, ബിജെപി അഞ്ജാര്‍ സിറ്റി പ്രസിഡന്റ് ഡാനി രജനികാന്ത് ഷാ എന്ന ഹേമന്ത് എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ പകര്‍പ്പ് ക്വിന്റ് പരിശോധിച്ചിരുന്നു. എന്നാല്‍ ഈ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും കേസിന്റെ മെറിറ്റ് നോക്കി എഫ്‌ഐആര്‍ ഇടുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശൈലേന്ദ്ര സിസോദിയ ദി ക്വിന്റിനോട് പ്രതികരിച്ചത്.
2023 ഓഗസ്റ്റിലാണ് ദളിത് കുടുംബത്തിന്റെ കൃഷി ഭൂമി വെല്‍സ്പണ്‍ ഏറ്റെടുക്കുന്ന വില്‍പ്പനയ്ക്ക് ജില്ല ഭരണകൂടം അനുമതി നല്‍കിയത്. ഭൂമിയുടെ വിലയായി 16,61,21,877 കോടി ദളിത് കുടുംബത്തിന് ലഭിച്ചു. 2,80,15,000 കോടി അഡ്വാന്‍സ് ആയി ആദ്യം നല്‍കിയിരുന്നു. ബാക്കി 13,81,09,877 കോടി രൂപ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ഏഴ് അകൗണ്ടുകളിലേക്കായി നിക്ഷേപിച്ചു. അഞ്ജാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളാണിവ.
2023 ഒക്ടോബര്‍ ഒന്നിനും എട്ടിനും ഇടയില്‍ വെല്‍സ്പണ്‍ പ്രതിനിധിയായ മഹേന്ദ്ര സിംഗ് സോധ കമ്പനി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന അവരുടെ ഗസ്റ്റ് ഹൗസില്‍ വച്ച് സവകരയും മകന്‍ ഹരേഷുമായി നാല് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കണ്ടുമുട്ടലുകളിലായിരുന്നു ആദായ നികുതി വകുപ്പിനെ കബളിപ്പിക്കാനായി കിട്ടിയ പണം ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിക്കാന്‍ സോധ നിര്‍ബന്ധിക്കുന്നത്. അഞ്ജാര്‍ സിറ്റി ബിജെപി പ്രസിഡന്റ് ഹേമന്ദ് രജനികാന്ത് ഷായും സോധയ്‌ക്കൊപ്പം തങ്ങളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവെന്നാണ് പരാതിയില്‍ സവകര ആരോപിക്കുന്നത്. എന്നാല്‍ ക്വിന്റ് ബന്ധപ്പെട്ടപ്പോള്‍ ഷാ പറയുന്നത്, അങ്ങനെയൊരു മീറ്റിംഗിനെ കുറിച്ചോ കേസിനോ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്നാണ്.
മന്‍വാര്‍ കുടുംബം കൃഷി ചെയ്തിരുന്ന ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ 2022 ഒക്ടോബറിലാണ് ആരംഭിക്കുന്നത്. ജില്ല കളക്ടറിന്റെ നേതൃത്വത്തിലുള്ള ലാന്‍ഡ് അക്വിസേഷന്‍ കമ്മിറ്റിയാണ് ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു സ്‌ക്വയര്‍ മീറ്ററിന് 17,500 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഈ വിലയനുസരിച്ച് മന്‍വാര്‍ കുടുംബത്തിന് മൊത്തം 76 കോടി കിട്ടണം. എന്നാല്‍ വെല്‍സ്പണ്‍ ഇത്രയും തുക നല്‍കാന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് ഭൂമിയേറ്റെടുക്കല്‍ നടപടി ഒരു വര്‍ഷത്തോളം നീണ്ടു പോവുകയും ചെയ്തു’ മന്‍വാര്‍ കുടുംബത്തിന്റെ അഭിഭാഷകനായ ഗോവിന്ദ് ദഫാഡ ദി ക്വിന്റിനോട് പറയുന്ന കാര്യങ്ങള്‍.
കമ്മിറ്റി നിശ്ചയിച്ച വിലപ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമപ്രകാരം നടപടികള്‍ ലാസ്പ് ആയി പോകും. പിന്നീട് ആദ്യം മുതല്‍ നടപടികള്‍ ആരംഭിക്കണം. മന്‍വാര്‍ കുടുംബത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടിയും ലാപ്‌സായി പോകുന്നതിന് തൊട്ടു മുമ്പായി കുച്ചിലെ മുന്‍ ഡെപ്യൂട്ടി കളക്ടറായ മെഹുല്‍ ദേസായി ഭൂമി വില 16,61, 21,877 കോടിയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. അങ്ങനെ ആ കച്ചവടം വെല്‍സ്പണിന് ലാഭകരമായി മാറിയെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. ഗുജറാത്തിലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം ഭൂരിഹതര്‍ക്കായി അനുവദിച്ച മിച്ച ഭൂമി പൊതുസ്ഥാപനങ്ങള്‍ ഏറ്റെടുക്കകയാണെങ്കില്‍ 40 ശതമാനം ഫീസ് സര്‍ക്കാരിലേക്ക് അടയ്ക്കണം. അങ്ങനെ വരുമ്പോഴും ലാന്‍ഡ് അക്വിസേഷന്‍ കമ്മിറ്റി നിശ്ചയിച്ച 76 കോടിയില്‍, 30.4 കോടി സര്‍ക്കാരിലേക്ക് പോയിക്കഴിഞ്ഞ് ബാക്കി 45.6 കോടി ദളിത് കുടുംബത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ നിയപ്രകാരം ലാന്‍ഡ് അക്വിസേഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തം ഇല്ലാത്ത ഡെപ്യൂട്ടി കളക്ടര്‍ എങ്ങനെയാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഭൂമിയേറ്റെടുക്കാന്‍ തീരുമാനമെടുത്തതെന്നാണ് അഭിഭാഷകന്‍ ഗോവിന്ദ് ദഫാഡ ചോദിക്കുന്നത്. ഇത്തരം ആരോപണങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നും എല്ലാം നിയമപ്രകാരം തന്നെയാണ് നടന്നതെന്നുമായിരുന്നു ക്വിന്റ് ബന്ധപ്പെട്ടപ്പോള്‍ മുന്‍ ഡെപ്യൂട്ടി കളക്ടറായ മെഹുല്‍ ദേശായി പറഞ്ഞത്. ഈ വിഷയത്തില്‍ വെല്‍സ്പണ്‍ കമ്പനി പ്രതിനിധികളുടെ പ്രതികരണം ക്വിന്റ് തേടിയെങ്കിലും ലഭ്യമായിട്ടില്ല. കിട്ടുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.