UPDATES

ഇലക്ടറല്‍ ബോണ്ട്: കേന്ദ്രസര്‍ക്കാരിനുണ്ടായത് വന്‍ നഷ്ടം

സുപ്രിം കോടതി വിധിക്കു മുമ്പായി അച്ചടിച്ചു വച്ചത് 8,350 കോടിയുടെ ബോണ്ടുകള്‍

                       

ഇലക്ടറല്‍ ബോണ്ടുകളുടെ കാര്യത്തില്‍ സുപ്രിം കേടതിയില്‍ നിന്നും പ്രതികൂല വിധി വരുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോടതി ഇലക്ടറല്‍ ബോണ്ടുകള്‍ നിയമവിരുദ്ധമെന്ന് വിധി പ്രസ്താവിക്കുന്നതിനു ഒരാഴ്ച്ച മുമ്പു വരെ സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചിരുന്നു. 2023 ഡിസംബര്‍ 29 നും 2024 ഫെബ്രുവരി 15 നും ഇടയില്‍ 8,350 ഇലക്ടറല്‍ ബോണ്ടുകളാണ് സര്‍ക്കാര്‍ അച്ചടിച്ചത്.

ഏകദേശം ഒരു കോടി രൂപയോളം വിലമതിക്കുന്ന ബോണ്ടുകളായിരുന്നു അച്ചടിച്ചിരുന്നത്. സുപ്രിം കോടതി ഇലക്ടറല്‍ ബോണ്ട് (ഇബി) പദ്ധതി അസാധുവാക്കുന്നത് വരെ ഈ ബോണ്ടുകള്‍ രാഷ്ട്രീയ ഫണ്ടിംഗിനായി ഉപയോഗിച്ചിരുന്നു. മൊത്തത്തില്‍, പദ്ധതി ആരംഭിച്ച 2018 മുതല്‍, സര്‍ക്കാര്‍ 35,660 കോടി രൂപയുടെ ഇബികളാണ് അച്ചടിച്ചിട്ടുള്ളത്. ഒരു കോടി രൂപ വിലയുള്ള 33,000 ബോണ്ടുകളും, 10 ലക്ഷം രൂപ മുഖവിലയുള്ള 26,600 ബോണ്ടുകളും സര്‍ക്കാര്‍ അച്ചടിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. കമ്മഡോര്‍ ലോകേഷ് ബത്ര സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍, കമ്മീഷനും ഇബികള്‍ അച്ചടിക്കുന്നതിനും സര്‍ക്കാരിന് 13.94 കോടി രൂപ ചെലവായതായാണ് കാണിക്കുന്നത്. സ്‌കീമിന് കീഴിലുള്ള അംഗീകൃത ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വില്‍പ്പനയ്ക്കുള്ള കമ്മീഷനായി ജിഎസ്ടി ഉള്‍പ്പെടെ 12.04 കോടി രൂപ ഈടാക്കിയിട്ടുണ്ട്. പദ്ധതി ആരംഭിച്ചതു മുതല്‍ 30 ഘട്ടങ്ങളിലായാണ് ഈ തുക ഈടാക്കിയിരിക്കുന്നത്. സംഭാവന നല്‍കുന്നവരില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കമ്മീഷനോ ജിഎസ്ടിയോ ഈടാക്കിയിട്ടില്ലെന്നാണ് വിവരം. 29 ഘട്ടങ്ങളിലായി ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റതിന്റെ ഫലമായി 11,60,65,674 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) ഇതുവരെ കമ്മീഷനായി സര്‍ക്കാരിലേക്ക് ഈടാക്കിയിട്ടുണ്ട്. 25 ഘട്ടങ്ങളിലായി ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റതിന്റെ ഫലമായി 8,57,06,831 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) കമ്മീഷനായി സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഘട്ടങ്ങള്‍ക്കുള്ള (XXVI, XXVII, XXVIII, XXIX) കമ്മീഷന്‍ നിലവില്‍ പേയ്മെന്റിനായി അവലോകനം ചെയ്യുകയാണ് എന്നും വിവരാവകാശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് സംബന്ധിച്ചുള്ള വിവരങ്ങളും ബത്ര ആവിശ്യപെട്ടിരുന്നു. അതനുസരിച്ച് ഫെബ്രുവരി 27 വരെ ആകെ 6,82,800 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിച്ചിട്ടുണ്ട്.

 

ലോകേഷ് ബത്ര അഴിമുഖവുമായി പങ്കുവച്ച വിവരവകാശ രേഖ

ഫെബ്രുവരി 15 നാണ്, ലോക്സഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ചരിത്രപരമായ ഒരു വിധിയില്‍, ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടികാണിച്ചു റദ്ദാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഇസി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, 2018 മാര്‍ച്ചിനും 2024 ജനുവരിക്കും ഇടയില്‍, ഇബികളുടെ വില്‍പ്പനയിലൂടെ സമാഹരിച്ച ഫണ്ട് 16,518 കോടി രൂപയാണ്. ഇതുവരെ ഇബികള്‍ വഴി 2017 നും 2023 നും ഇടയില്‍ ബിജെപിക്ക് 6,565 കോടി രൂപയാണ് ലഭിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍