UPDATES

‘സ്വന്തം ശരീരം സംരക്ഷിക്കേണ്ടത് പെണ്‍കുട്ടികളുടെ കടമ’ യെന്ന് കൊല്‍ക്കത്ത ഹൈക്കോടതി, വിധിയില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേണ്ടെന്ന് സുപ്രിം കോടതി

കൗമാരപ്രായക്കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി  പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി സുപ്രിം കോടതി

                       

സ്വന്തം ശരീരം സംരക്ഷിക്കേണ്ട ചുമതല പെണ്‍കുട്ടികളുടെ കടമയാണെന്ന കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് വിവാദത്തില്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള കൗമാരക്കാരിയെ പീഢിപ്പിച്ച കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവില്‍ അതൃപ്തി പ്രക്ടിപ്പിച്ചിരിക്കുകയാണ് സുപ്രിം കോടതി. ജഡ്ജിമാര്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കരുതെന്നാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. കേസില്‍ മറ്റ് നിരീക്ഷണങ്ങള്‍ക്കൊപ്പം, ”ശരീരത്തിന്റെ സമഗ്രതയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത്” ഓരോ കൗമാരക്കാരിയുടെയും കടമയാണെന്ന ഹൈക്കോടതി പരാമര്‍ശമാണ് സു്പിം കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.

കൗമാരപ്രായക്കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി  പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സുപ്രിം കോടതി, ഹൈക്കോടതി വിധിയുടെ പല ഭാഗങ്ങളും അനുകൂലിക്കാനാവാത്തതും, ന്യായരഹിതവുമാണെന്ന് ചൂണ്ടി കാണിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എ എസ് ഓക്ക, പങ്കജ് മിത്തല്‍ എന്നിവരടങ്ങുന്ന സുപ്രിം കോടതി ബെഞ്ചാണ് ശ്രദ്ധാപൂര്‍വ്വം വിധി പ്രതിപാദിച്ചതായി വ്യക്തമാക്കിയത്. സംസ്ഥാനത്തിനും പ്രതികള്‍ക്കും അതിജീവിതയ്ക്കും നോട്ടീസ് അയച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് തള്ളിയതായി സുപ്രിം കോടതി അറിയിച്ചത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സ്വമേധയാ സ്വീകരിക്കാവുന്ന റിട്ട് പെറ്റീഷനിലൂടെയാണ് നിയമനടപടി ആരംഭിച്ചതെന്ന് ബെഞ്ച് പ്രസ്താവിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് നടത്തിയ ചില അഭിപ്രായങ്ങളും നിഗമനങ്ങളും ആശങ്ക ഉയര്‍ത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. ശിക്ഷയ്ക്കെതിരായ അപ്പീല്‍, പരിഗണിക്കുന്ന ഹൈക്കോടതി ആ അപ്പീലിന്റെ മെറിറ്റ് വിലയിരുത്തുകയാണ് ചെയ്യേണ്ടതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയോ ധാര്‍മിക ഉപദേശം നല്‍കാനോ പാടില്ലെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു. ”വിധി സൂക്ഷ്മമായി പരിശോധിച്ച ശേഷം, ഖണ്ഡിക 30.3 ഉള്‍പ്പെടെയുള്ള പല ഭാഗങ്ങളും അങ്ങേയറ്റം പ്രതിഷേധാര്‍ഹവും തികച്ചും ന്യായരഹിതവുമാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള കൗമാരക്കാരുടെ അവകാശങ്ങളുടെ ലംഘനമാണ് പ്രസ്തുത നിരീക്ഷണങ്ങള്‍,”എന്ന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍