Continue reading “തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് പറഞ്ഞ പെരുംനുണകള്‍”

" /> Continue reading “തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് പറഞ്ഞ പെരുംനുണകള്‍”

"> Continue reading “തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് പറഞ്ഞ പെരുംനുണകള്‍”

">

UPDATES

എഡിറ്റേഴ്സ് പിക്ക്

തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് പറഞ്ഞ പെരുംനുണകള്‍

                       

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കാരണം, കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍പ്പറേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്.

െേതരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പിന്നിലെ കള്ളക്കളികളെ കുറിച്ച് നിതിന്‍ സേഥി തയ്യാറാക്കി അന്വേഷണ റിപ്പോര്‍ട്ട് 2019 നവംബറില്‍ ഹഫിങ്ടണ്‍ പോസ്റ്റിന്റെ പ്രസിദ്ധീകരണ പങ്കാളിയായി അഴിമുഖം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്താണ് തെരഞ്ഞെടുപ്പ് ബോണ്ടുകളെന്നും, അവയെങ്ങനെയാണ് വലിയൊരു അഴിമതിയാകുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജ്ഞാത കോര്‍പ്പറേറ്റ് സംഭാവനകളുടെ വഴികള്‍ തുറന്നുകൊടുത്തു കൊണ്ടുള്ള തന്റെ സര്‍ക്കാരിന്റെ തീരുമാനത്തെ അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ ന്യായീകരിച്ചത് 2017 ഫെബ്രുവരിയിലാണ്. പുതുതായി ആരംഭിച്ച തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ കീഴില്‍, കോര്‍പ്പറേറ്റ് സംഭാവനകള്‍ക്ക് മേല്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ മാറ്റുകയും, സംഭാവനകള്‍ നല്‍കുന്ന ദാതാക്കള്‍ക്ക് പൂര്‍ണമായും അജ്ഞാതരായിരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഓരോ ദാതാവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു നല്‍കുന്ന തുക എത്രയാണെന്ന് അവര്‍ മാത്രമാണ് അറിയുക എന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

അഴിമതിവിരുദ്ധ ആക്ടിവിസ്റ്റായ കൊമോഡോര്‍ ലോകേഷ് ബത്ര വിവരാവകാശ നിയമം വഴി കൈപ്പറ്റുകയും ഹഫ് പോസ്റ്റ് ഇന്ത്യയും അഴിമുഖവും പരസ്യമാക്കുകയും ചെയ്ത രേഖകള്‍ ഇത് തെറ്റാണെന്നു തെളിയിക്കുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേങ്ങള്‍ക്കും സൂക്ഷ്മ മേല്‍നോട്ടങ്ങള്‍ക്കും കീഴില്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രഭവസ്ഥാനം മുതല്‍ ലക്ഷ്യ സ്ഥലം വരെ കൃത്യമായി അടയാളപ്പെടുത്തിവെക്കുന്നുണ്ട്.

സര്‍ക്കാര്‍ അവകാശപ്പെട്ടതിനു വിപരീതമായി, തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പിലാക്കുന്ന എസ്ബിഐ, ബോണ്ടുകള്‍ വാങ്ങുന്നവരെയും സ്വീകരിക്കുന്നവരെയും സംബന്ധിക്കുന്ന കണക്കു വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ട് എന്നതിന് രേഖാമൂലം തെളിവുകള്‍ ലഭ്യമാണ്.

ഓരോ ബോണ്ടിനും നഗ്‌നനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത തരത്തിലുള്ള ഒരു രഹസ്യ നമ്പര്‍ ഉണ്ട്. കൈമാറപ്പെടുന്ന ഓരോ ബോണ്ടും പിന്തുടര്‍ന്ന് കണ്ടെത്താന്‍ ഈ നമ്പറിന് കഴിയും. തുടക്കം മുതലേ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിക്കുന്ന കണക്കു വിവരങ്ങള്‍ സൂക്ഷിക്കാന്‍ ധനകാര്യ മന്ത്രാലയം എസ്ബിഐക്കു അനുവാദം നല്‍കിയിരുന്നു. നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന പക്ഷം തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്കാന്‍ എസ്ബിഐ ബാധ്യസ്ഥരാണ്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും പോലെ ഉള്ള നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ തങ്ങളുടെ രാഷ്ട്രീയ മേധാവികളുടെ ആജ്ഞകള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ ആരോപിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും ദാതാക്കളില്‍ നിന്ന് പണം സ്വീകരിക്കാവുന്ന തരത്തില്‍ ദാതാക്കള്‍ക്ക് അജ്ഞാതരായിരിക്കാമെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടത് പൂര്‍ണമായും സത്യസന്ധമല്ല. ‘ പ്രതിപക്ഷ പാര്‍ട്ടികളെ പോലും സഹായിക്കുന്ന തരത്തില്‍ ഒരു സര്‍ക്കാര്‍ നിയമം രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ആ സര്‍ക്കാരിന്റെ വലിയ മനസിനെയാണ് അത് കാണിക്കുന്നത്’ എന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെടുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടത് പോലെ ഇതൊരു തുല്യനീതി ഉറപ്പാക്കുന്ന പദ്ധതിയല്ല എന്നുള്ളത്, ഔദ്യോഗിക രേഖകള്‍, മിനുറ്റ്‌സുകള്‍, കുറിപ്പുകള്‍, 2017 – 2019 വരെയുള്ള കത്തിടപാടുകള്‍ എന്നിവയിലൂടെ പൂര്‍ണമായും തെളിയിക്കാന്‍ സാധിക്കും.

ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് നീതിയുക്തമല്ലാത്ത ആനുകൂല്യങ്ങള്‍ ഇതുവഴി ലഭിക്കും – ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ ആണ് ഇതിന്റെ ഗുണഭോക്താക്കള്‍. ബിജെപിക്കു ഈ പദ്ധതിയെ നിയന്ത്രിക്കാനും, ചിലപ്പോള്‍, ഈ പരമ്പരയിലെ മുന്‍ റിപ്പോര്‍ട്ടുകളില്‍ വിവരിച്ച പ്രകാരം നിയമവിരുദ്ധമായി തന്നെ വളച്ചൊടിക്കാനും സാധിക്കും. എസ്ബിഐ സൂക്ഷിക്കുന്ന രഹസ്യ സംഖ്യയില്‍ അധിഷ്ഠിതമായ കോഡുകളും സര്‍ക്കാരിന്റെ നിയമ നിര്‍വഹണ വിഭാഗങ്ങളെ ഉപയോഗിച്ച് കൈവശപ്പെടുത്താന്‍ സാധിക്കും.

2017 ഏപ്രിലില്‍ അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് എസ്ബിഐയില്‍ ഈ രഹസ്യ സംഖ്യാധിഷ്ഠിത രീതി ഉപയോഗിക്കുന്നുണ്ടെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ ധനകാര്യ മന്ത്രാലയത്തോട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആവശ്യപ്പെട്ടപ്പോള്‍ മറ്റു പലപ്പോഴത്തെയുമെന്നത് പോലെ തന്നെ സര്‍ക്കാര്‍ നുണ പറയുകയാണുണ്ടായത്.

‘തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് രഹസ്യ സംഖ്യാധിഷ്ഠിതമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെന്ന്’ സര്‍ക്കാര്‍ സമ്മതിക്കുമ്പോള്‍ പോലും ‘എസ്ബിഐ ഈ സംഖ്യകള്‍ എവിടെയും രേഖപ്പെടുത്തി വെച്ചിട്ടില്ലെന്നും ദാതാക്കളെയും സ്വീകര്‍ത്താക്കളെയും സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും സൂക്ഷിക്കുന്നില്ലെന്നുമാണ്’ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ‘ അതുകൊണ്ടു തന്നെ ബാങ്ക് ഒരു സ്വീകര്‍ത്താവിന് ബോണ്ട് പതിച്ചു നല്‍കുമ്പോള്‍ ഇത് ആ പാര്‍ട്ടിയുടെ പണമിടപാടുകളുമായി ഒരു തരത്തിലും ബന്ധിപ്പിക്കപ്പെടുന്നുമില്ല ‘ എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

‘ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ നമ്പറുകള്‍ ഇത്തരം ഇടപാടുകള്‍ കണ്ടെത്താനോ സ്വീകര്‍ത്താവിന്റെ പേരുവിവരങ്ങള്‍ കണ്ടെത്താനോ ഉപയോഗിക്കാന്‍ കഴിയില്ല ‘ എന്നും സര്‍ക്കാര്‍ പറയുന്നു. ഇതും കളവാണെന്ന് മുന്‍പ് ഹഫ് പോസ്റ്റ് ഇന്ത്യക്കു ലഭിച്ച രേഖകള്‍ വഴി തെളിഞ്ഞിട്ടുണ്ട്.

ജെയ്റ്റ്‌ലിയുടെ 2017 ഫെബ്രുവരി ഒന്നിലെ ബജറ്റ് പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് ബോണ്ട് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ഇതെങ്ങനെ നടപ്പിലാവുമെന്നതിനെ സംബന്ധിച്ചു സര്‍ക്കാരിന് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനുമായും റിസര്‍വ് ബാങ്കുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ഇതേക്കുറിച്ചു സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നെങ്കിലും ഇവരുടെ പ്രതികരണങ്ങള്‍ മുഖവിലക്കെടുത്തതുമില്ല.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസര്‍വ് ബാങ്കിന്റെയും അഭിപ്രായങ്ങള്‍ ധനകാര്യ മന്ത്രാലയം എങ്ങനെ തള്ളിക്കളഞ്ഞു എന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം.

കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് – രേഖകള്‍ പുറത്ത് പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ? നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം
ഒരു വര്‍ഷത്തിന് ശേഷം 2018 ജനുവരിയില്‍, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെയായിരിക്കണമെന്ന അടിസ്ഥാന രൂപഘടന ഉണ്ടാക്കിയതിന് ശേഷം, ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാമെന്നു തീരുമാനിക്കുന്നതിനായി ധനകാര്യ മന്ത്രാലയം എസ്ബിഐയെ സമീപിക്കുന്നതായി ധനകാര്യ മന്ത്രാലയത്തിന്റെ ഫയലുകളില്‍ കാണിക്കുന്നുണ്ട്.

ദാതാക്കളെയും സ്വീകര്‍ത്താക്കളെയും തിരിച്ചറിയുന്നതിനായി എന്തുകൊണ്ട് സീരിയല്‍ നമ്പറുകള്‍ അനിവാര്യമാണെന്ന് ധനകാര്യ മന്ത്രാലയവുമായി 2018 ജനുവരി 16-നു നടത്തിയ കൂടിക്കാഴ്ചയില്‍ എസ്ബിഐ വിശദീകരിക്കുന്നുണ്ട്.

‘ തെരഞ്ഞെടുപ്പ്‌ബോണ്ടുകളില്‍ ദാതാവിന്റെയോ സ്വീകര്‍ത്താവിന്റെയോ പേരുകള്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു സീരിയല്‍ നമ്പര്‍ ഇതിനു നല്‍കേണ്ടത് ആവശ്യമാണ് .’ ബാങ്ക് അധികൃതര്‍ ധനകാര്യ മന്ത്രാലയത്തോട് ഇങ്ങനെ പറഞ്ഞതായി കൂടിക്കാഴ്ച സംബന്ധിച്ച ഫയല്‍ രേഖകളില്‍ കാണുന്നു.

സീരിയല്‍ നമ്പറുകള്‍ ഇല്ലാത്ത പക്ഷം ഈ ബോണ്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകളോ നിയന്ത്രണങ്ങളോ സാധ്യമാകില്ല എന്നും ബാങ്ക് വ്യക്തമാക്കുന്നുണ്ട്. കോടതികളോ നിയമനിര്‍വഹണ ഏജന്‍സികളോ ഇതിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍, ഈ സീരിയല്‍ നമ്പറുകള്‍ കൂടാതെ ബാങ്കിന് ഉത്തരം നല്കാന്‍ സാധിക്കില്ല എന്നും അധികൃതര്‍ വിശദമാക്കുന്നു. ബോണ്ടുകള്‍ കെട്ടിച്ചമക്കാന്‍ സാധിക്കുമെന്നും അതില്‍ ബാങ്കിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയാതെ വരുമെന്നും ബാങ്ക് വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സത്യസന്ധത ഉറപ്പു വരുത്താന്‍ കണക്കാക്കിയുള്ള ഈ സീരിയല്‍ നമ്പറുകള്‍ ബാങ്കിന്റെ കയ്യില്‍ ഉണ്ട് എന്നതുകൊണ്ട് തന്നെ, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ആരുടെ കയ്യില്‍ നിന്ന് എവിടേക്കു സഞ്ചരിക്കുന്നു എന്ന് കണ്ടെത്താന്‍ വ്യക്തമായും എസ്ബിഐക്കു കഴിയും എന്ന് തന്നെയാണ് അര്‍ത്ഥം. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമായിരിക്കില്ല, എന്നാല്‍ ഇത് എസ്ബിഐക്കു ലഭ്യമാണ്. ധനകാര്യ മന്ത്രാലയം എസ്ബിഐയോട് ഇക്കാര്യങ്ങളില്‍ യോജിക്കുന്നു എന്നാണ് രേഖകള്‍ കാണിക്കുന്നത്.

‘ ബാങ്കിനും പദ്ധതിക്കും ഇപ്പറഞ്ഞ സങ്കീര്‍ണതകള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ബാങ്കിന് തെരഞ്ഞെടുപ്പ്‌ബോണ്ടുകള്‍ക്കു സീരിയല്‍ നമ്പറുകള്‍ കൊടുക്കാവുന്നതാണ്’ എന്ന് ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആഭ്യന്തര രേഖകളില്‍ കുറിച്ചിട്ടുണ്ട്. ‘എന്നിരുന്നാല്‍ കൂടി, ഈ വിവരങ്ങള്‍ ചോരാതിരിക്കാനായി ഇത് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഉത്തവാദിത്വം കൂടി ബാങ്കിനുണ്ട്.’

എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് ബാധ്യസ്ഥരാണ് എന്ന് തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച നിയമങ്ങള്‍ വ്യക്തമാക്കുന്നു.

2018 ജനുവരി 2-ന് ഇറക്കിയ വിജ്ഞാപനത്തിന്റെ സെക്ഷന്‍ 6 (4)ല്‍ ഇങ്ങനെ പറയുന്നു: ‘പ്രധാനപ്പെട്ട കോടതികള്‍ ആവശ്യപ്പെട്ടാലോ അല്ലെങ്കില്‍ ഏതെങ്കിലും നിയമനിര്‍വഹണ ഏജന്‍സി ക്രിമിനല്‍ കേസിന്റെ ഭാഗമായി ആവശ്യപ്പെട്ടാലോ അല്ലാതെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സ്വീകര്‍ത്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ബാങ്ക് മറ്റാര്‍ക്കും നല്കാന്‍ പാടുള്ളതല്ല.’

ക്രിമിനല്‍ കേസുകളുടെ സ്വഭാവത്തെ കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും പരാമര്‍ശിക്കുന്നില്ല. എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് എപ്പോഴെല്ലാം ഈ വിവരങ്ങള്‍ എസ്ബിഐയോട് ആവശ്യപ്പെടാം എന്നതിനെ സംബന്ധിച്ച് ഇവിടെ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, ദാതാക്കളെയോ സ്വീകര്‍ത്താക്കളായ രാഷ്ട്രീയ പാര്‍ട്ടികളെയോ തങ്ങള്‍ക്ക് ഉറപ്പു നല്‍കപ്പെട്ട സ്വകാര്യതയില്‍ കൈകടത്തപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കേണ്ടതായുണ്ട് എന്നും ഇതില്‍ പറയുന്നില്ല.

ഒരു സര്‍ക്കാരിന് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച എസ് ബി ഐ രേഖകള്‍ കാണാന്‍ സാധിക്കുമോ?

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോടും പാര്‍ലമെന്റിനോടും റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുതലായ മറ്റു ഭരണഘടന സ്ഥാപനങ്ങളോടും നിരന്തരമായി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ചു സര്‍ക്കാര്‍ പറയുന്ന നുണകള്‍ സര്‍ക്കാരിനോടുള്ള വിശ്വാസ്യത വളര്‍ത്താന്‍ സഹായിക്കുന്നവയല്ല.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പൂര്‍ണമായും പിന്തുടരാനാവുന്നതാണെന്ന വസ്തുതയോ അതിനെ സര്‍ക്കാരിന്റെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍ നിന്ന് മറച്ചുവെക്കാന്‍ സഹായിക്കുന്ന നിയമങ്ങളോ ശക്തമല്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിയമ നിര്‍വഹണ ഏജന്‍സികള്‍ പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്നതായുള്ള ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിലവിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിപക്ഷം ഉള്‍പ്പെട്ട കേസുകളില്‍ എല്ലാം തന്നെ ‘മികച്ച’ പ്രകടനം നിയമനിര്‍വഹണ ഏജന്‍സികള്‍ കാഴ്ച വെച്ചിട്ടുള്ളതായും കാണാം.

ഇതിനെല്ലാമുപരി എസ്ബിഐ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പിലാക്കുന്നത് ധനകാര്യ മന്ത്രാലയത്തിന്റെ കടുത്ത നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ക്കും കീഴില്‍ തന്നെയാണെന്ന് തെളിവുകള്‍ വെളിപ്പെടുത്തുന്നു. ധനകാര്യ മന്ത്രാലയം എങ്ങനെ ആവശ്യപ്പെടുന്നു, അങ്ങനെ തന്നെയാണ് എസ്ബിഐ ഇത് നടപ്പിലാക്കുന്നത്.

തങ്ങള്‍ക്കു നേരെ വിവരാവകാശ നിയമം വഴി ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍ക്കു വരെ ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലല്ലാതെ പ്രതികരണം നല്‍കാന്‍ കഴിയാത്ത തരത്തില്‍, അത്രത്തോളം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിന് കീഴിലാണ് എസ്ബിഐ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പിലാക്കുന്നത് എന്ന് ഇവര്‍ക്കിടയിലുള്ള കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. ഇത് ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണ് – കാരണം എസ്ബിഐ, നിയമത്തിനു കീഴിലുള്ള ഒരു സ്വതന്ത്ര പൊതു സ്ഥാപനമാണ്, ഇതിനു വിവരാകാശ നിയമം വഴി ഉയര്‍ത്തപ്പെടുന്ന പൊതുജനങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാരിന്റെ അനുമതിക്ക് കാത്തു നില്‍ക്കേണ്ട ആവശ്യമില്ല. പലപ്പോഴും ഈ പദ്ധതിയുടെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമലംഘനം നടത്താന്‍ പോലും ധനകാര്യ മന്ത്രാലയം എസ്ബിഐയെ നിര്‍ബന്ധിക്കുന്നു എന്നതാണ് ഇതിനേക്കാളെല്ലാം പരിതാപകരം. അതു സംബന്ധിച്ചു തുടക്കത്തില്‍ എസ്ബിഐ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.

2019 ഫെബ്രുവരിയില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാന്‍ പ്രത്യേക വാതില്‍ തുറക്കാന്‍ നിയമവിരുദ്ധമായി ആവശ്യപ്പെട്ടതാണ് ഇതിന് ഉദാഹരണമായി പറയാന്‍ കഴിയുന്ന ഒരു സംഭവം.

നിയമമനുസരിച്ച് എസ്ബിഐ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമായി നാല് തവണയായി പത്തു ദിവസ – ജാലകങ്ങള്‍ തുറന്നിട്ടുണ്ട്. ഇത് കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളില്‍ അധികമായി ഒരു 30 ദിവസ ജാലകം കൂടി ഇതിനായി അനുവദിച്ചിട്ടുണ്ട്.

കത്തിടപാടുകള്‍ അനുസരിച്ച്, 2019 ഫെബ്രുവരിയില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ 30 ദിന ജാലകം 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. ഈ നിയമവിരുദ്ധമായ നീട്ടിവെക്കലില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഒപ്പു വച്ചിട്ടുള്ളതായി ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകളില്‍ കാണാം. 2019 ഫെബ്രുവരി 28-ന് ധനകാര്യ മന്ത്രാലയം എസ്ബിഐയോട് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നതായി കാണാം.

അതേദിവസം തന്നെ എസ്ബിഐ, ധനകാര്യ മന്ത്രാലയത്തിന് ഇത് നിയവിരുദ്ധമാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇതേ സംബന്ധിച്ച് ആവശ്യമാണെന്നും കാണിച്ചുകൊണ്ട് കത്തയച്ചു. നിയമവിരുദ്ധമായ ഈ നീട്ടിവെക്കലിന്റെ ഉത്തരവാദിത്തം ധനകാര്യ മന്ത്രാലയം എസ്ബിഐക്കു മുകളില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ധനകാര്യ മന്ത്രാലയം എസ്ബിഐക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍, 30 ദിന ജാലകത്തിനു പകരമായി 35 ദിന പ്രത്യേക ജാലകം ഇതിനായി തുറക്കുന്നത് ‘എസ്ബിഐയുടെ ശുപാര്‍ശയോടെ’ യാണെന്ന് പറയുന്നുണ്ട്.

നിയമവിരുദ്ധമായ ഈ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു കൊണ്ട് എസ്ബിഐ ധനകാര്യ മന്ത്രാലയത്തിന് ഇങ്ങനെ മറുപടി അയച്ചു: ‘തെരഞ്ഞെടുപ്പ് ബോണ്ട് വില്പനയുടെ തീയതികള്‍ 27.02.2019 ന് ഞങ്ങളെ ടെലിഫോണ്‍ സംഭാഷണത്തിലൂടെ അറിയിക്കുകയാണ് ചെയ്തത്. അല്ലാതെ 28.02.2019ലെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്ന പ്രകാരം ഈ നീട്ടിയ തീയതികള്‍ എസ്ബഐ ശുപാര്‍ശ ചെയ്തതല്ല.’

എന്നിരിക്കിലും, ഇതേ ഇ-മെയില്‍ സന്ദേശത്തില്‍ തന്നെ നിയമവിരുദ്ധമായ ഈ നീക്കത്തിന് ബാങ്കിന് പഴി കേള്‍ക്കേണ്ടി വരില്ല എന്ന് ഉറപ്പു നല്‍കാമെങ്കില്‍ 35 ദിന ജാലകമെന്ന നീട്ടിയ കാലയളവുമായി മുന്നോട്ടു പോകാമെന്ന് ബാങ്ക് സമ്മതിക്കുന്നുണ്ട്. പക്ഷെ അപ്പോഴേക്കും തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ സാധുതയും നടപ്പിലാക്കലും ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നു കഴിഞ്ഞിരുന്നു. ഈ വാദം കേട്ട് കൊണ്ടിരിക്കെ തന്നെ കോടതി, 2019 ഏപ്രില്‍ 12-ന് ഒരു ഇടക്കാല വിധി പ്രസ്താവിച്ചു. മറ്റു നിര്‍ദേശങ്ങള്‍ക്ക് വിഭിന്നമായി, കേന്ദ്ര സര്‍ക്കാരിനോട് നിയമം ലംഘിക്കരുതെന്നും 30 ദിന കാലയളവ് നിലനിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രാലയം നിയമങ്ങളില്‍ കൃത്രിമം നടത്തി 35 ദിന ജാലകം തുറക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പിന്നീട് 30 ദിവസമായി തന്നെ നിലനിര്‍ത്തുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍