February 13, 2025 |

ആണല്ല, അത് പെണ്‍ മോഷ്ടാവ്: ഹരിപ്പാടെ മോഷണ കേസിലെ ട്വിസ്റ്റ്

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി കവര്‍ച്ച

ആലപ്പുഴ ഹരിപ്പാട് സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ച് വിഴ്ത്തിയ ശേഷം കവര്‍ച്ചയ്ക്കിരയാക്കിയ സംഭവത്തില്‍ പുറത്ത് വരുന്നത് കേസ് വഴിതിരിച്ച് വിടാന്‍ മോഷ്ടാക്കള്‍ നടത്തിയ ആസൂത്രണം. സ്‌കൂട്ടര്‍ യാത്രികയുടെ മൊഴി പ്രകാരം കൃത്യം നടത്തിയത് പുരുഷന്‍മാരായിരുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് വലിയ ട്വിസ്റ്റാണ്. വേഷം മാറിയെത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ 5 മാസം ഗര്‍ഭിണിയായ യുവതിയാണെന്നതാണ് ആ ട്വിസ്റ്റ്. ആണ്‍ വേഷം കെട്ടിയായിരുന്നു ഇവര്‍ മോഷണം നടത്തിയത്. കൂടെയുണ്ടായിരുന്നതാവട്ടെ ഭര്‍ത്താവുമാണ്.കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്തും(37) ഭാര്യ രാജി(32)യുമാണ് കേസില്‍ പിടിയിലായത്. Harippad Robbery case: couples arrested.

കഴിഞ്ഞ മാസം മെയ് 25നാണ് സംഭവം. 23കാരിയായ ആര്യ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങവെ വിജനമായ സ്ഥലത്ത് വച്ച് പിന്നാലെയെത്തിയ സ്‌കൂട്ടര്‍ യാത്രക്കാര്‍ ആര്യയെ ഇടിച്ച് വിഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ആര്യയ്ക്ക് അരികിലേക്ക് എത്തിയ ഇവര്‍ രക്ഷിക്കാനെന്ന രീതിയില്‍ ചെല്ലുകയും പരിസരത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം രണ്ട് മോതിരവും ബ്രേസ്ലെറ്റും അടക്കം മൂന്ന് പവന്‍ സ്വര്‍ണം കവരുകയുമായിരുന്നു. ദൃക് സാക്ഷികളില്ലാത്ത കേസില്‍ കരീലകുളങ്ങര പോലീസിന് ഏക ആശ്രയം ആര്യയുടെ മൊഴി മാത്രമായിരുന്നു. തെറിച്ചുവീണ തന്റെ മുടിയില്‍ കുത്തിപ്പിടിച്ചും എണീക്കാന്‍ സമ്മതിക്കാതെയും ഉപദ്രവിച്ച് കൊണ്ട് സ്‌കൂട്ടറിലെത്തിയ രണ്ട് പുരുഷന്‍മാര്‍ സ്വര്‍ണം കൊണ്ടുപോയെന്നായിരുന്നു ആര്യയുടെ മൊഴി. ഉടനെ പോലീസിനെ വിളിക്കാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. പ്രതികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നത് കൊണ്ട് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് മൊഴിയിലുണ്ടായിരുന്നത്.ഇതോടെ പോലീസിന് മുന്നോട്ടുള്ള വഴി ഏറെക്കുറെ അടഞ്ഞിരുന്നു. പിന്നാലെ ഫോറന്‍സികിന്റെ തെളിവെടുപ്പുമുണ്ടായി. അതിലും കാര്യമായ ഫലമുണ്ടായില്ല.

ദമ്പതികള്‍, 5 മാസം ഗര്‍ഭിണി.. Harippad Robbery case: couples arrested

മുന്നോട്ടുള്ള വഴിമുട്ടിയപ്പോള്‍ പരിസര പ്രദേശത്തെല്ലാം അന്വേഷണം നടത്തി. പക്ഷെ മഴ ആയതിനാല്‍ അധികമാരും പുറത്തുണ്ടായിരുന്നില്ല. ഉള്ളവരൊന്നും വാഹനം ശ്രദ്ധിച്ചില്ലെന്നുമാണ് ആദ്യം കിട്ടിയ റിപ്പോര്‍ട്ടെന്ന് കരീലകുളങ്ങര പോലീസ് പറഞ്ഞു. ഇതിനിടെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ ഇടപെടലും കേസിലുണ്ടായി. കായംകുളം ഡിവൈ.എസ്.പി അജയ്നാഥിന്റെ കീഴിലുള്ള സംഘം അന്വേഷണം സംഭവം സ്ഥലത്തിന് അപ്പുറത്തേക്ക് കൂടി നീട്ടി. നാലുകെട്ടുംകവല- എന്‍.ടി.പി.സി.റോഡുകളിലേക്കുള്ള
ഭാഗത്തെ കടകളില്‍ നിന്ന് ഒരു സ്‌കൂട്ടറിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍ കിട്ടി. വണ്ടി നമ്പറോ ആളുകളെയോ ഒന്നും മനസിലാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ആര്യയുടെ മൊഴി ശരിയാണെന്ന നിഗമനം അതോടെ ഉണ്ടായിയെന്നും കരീലകുളങ്ങര സ്‌റ്റേഷനിലെ പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു. ഈ സ്‌കൂട്ടര്‍ പോയത് മാവേലിക്കരയിലേക്കുള്ള റോഡിലേക്കാണ്. വീണ്ടും ആ ഭാഗത്തേക്കുള്ള സിസിടിവികളെ ആശ്രയിച്ചു. അതില്‍ പാന്റും ഷര്‍ട്ടും ധരിച്ച രണ്ട് പുരുഷന്‍മാര്‍ സ്‌കൂട്ടറില്‍ പോവുന്നത് തിരിച്ചറിഞ്ഞു. ശേഷം കിട്ടിയത് പുരുഷനും സ്ത്രീയും വണ്ടിയില്‍ പോവുന്നതാണ്. ഇതോടെ കേസ് വീണ്ടും വഴിമുട്ടി. ഈ സമയത്താണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഒരാള്‍ വസ്ത്രം മാറിയ സിസിടിവി ദൃശ്യം ലഭിച്ചത്. ഇത് ആരാണെന്ന് അറിയാനായിരുന്നു പിന്നീടുള്ള ശ്രമം. ഇതിനിടെയാണ് പുരുഷന്‍മാരെ കണ്ട വാഹനവും പുരുഷനെയും സ്ത്രിയെയും കണ്ട വാഹനവും ഒന്നാണെന്ന് മനസിലാക്കിയത്. പിന്നീട് ഈ വാഹനം കണ്ടെത്തുകയായിരുന്നുവെന്നും കരീലക്കുളങ്ങര എസ്.എച്ച്.ഒ. എന്‍. സുനീഷ് വ്യക്തമാക്കി. വാഹനം തേടി പോയപ്പോഴാണ് പ്രതികള്‍ ദമ്പതികളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയായ പ്രജിത്ത് നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണെന്നും പോലീസ് പറഞ്ഞു.

 

English Summary: Harippad Robbery case: couples arrested

×