UPDATES

ഇഡിയുടെ അറസ്റ്റിനുള്ള അധികാരം; ഒരേ വിഷയത്തില്‍ സുപ്രിം കോടതിയുടെ വ്യത്യസ്ത വിധികള്‍

ഇ ഡി അറസ്റ്റ് വാക്കാല്‍ മതിയോ രേഖാമൂലം അറിയിക്കണോ?

                       

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതികളെ അറസ്റ്റ് ചെയുന്നതിനുള്ള കാരണങ്ങള്‍ വാക്കാല്‍ അറിയിച്ചാലും മതിയെന്ന് സുപ്രിം കോടതി. വെള്ളിയാഴ്ച വിധി പ്രസ്താവം നടത്തിയ രണ്ട് കേസുകളിലും, പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോള്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ ഇഡി രേഖാമൂലം നല്‍കിയിരുന്നില്ല. രേഖാമൂലമോ വാക്കാലോ കാരണങ്ങള്‍ വെളുപ്പെടുത്താതെ പ്രതിയെ അറസ്റ്റ് ചെയുന്നത് ഏകപക്ഷീയമായ അധികാര പ്രയോഗത്തിനു തുല്യമാണെന്ന് കോടതി കണ്ടെത്തി. അതുകൊണ്ടു തന്നെ ഇനി മുതല്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ വാക്കാല്‍ അറിയക്കണമെന്നും, പ്രതികളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റിനുള്ള കാരണങ്ങള്‍ രേഖാമൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍, ഈ ഉത്തരവ് സുപ്രിം കോടതിയുടെ തന്നെ ഇഡിയുടെ അറസ്റ്റിനുള്ള അധികാരവുമായി ബന്ധപ്പെട്ട് മറ്റൊരു ഡബിള്‍ ബഞ്ച് ഉത്തരവിന് ഘടകവിരുദ്ധമാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇഡി അറസ്റ്റിന്റെ രേഖാമൂലമുള്ള വിശദീകരണം നല്‍കണമെന്നായിരുന്നു ഒക്ടോബര്‍ മൂന്നിലെ സുപ്രിം കോടതി വിധിയില്‍ പറയുന്നത്. ജസ്റ്റിസുമാരായ ബേല ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചിന്റെ കഴിഞ്ഞ ദിവസത്തെ വിധി ഇതിനു വിപരീതമാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് എന്തിനാണ് തങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് ഇഡി വാക്കാല്‍ പറഞ്ഞാല്‍ കുഴപ്പമില്ലെന്നാണ് ശര്‍മ-ത്രിവേദി ഡബിള്‍ ബെഞ്ച് പറയുന്നത്. അറസ്റ്റ് നടത്തി 24 മണിക്കൂറിനുള്ളില്‍ ഇഡി രേഖാമൂലമുള്ള വിശദീകരണം നല്‍കിയാല്‍ മതിയെന്നും ബഞ്ച് പറയുന്നു.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 19, വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കുന്നുണ്ട്. സെക്ഷന്‍ 19 പ്രകാരം ‘അറസ്റ്റിനുള്ള കാരണങ്ങളെക്കുറിച്ച് ഏജന്‍സി എത്രയും വേഗം അറസ്റ്റ് ചെയ്ത വ്യക്തിയെ അറിയിക്കണം’; ജസ്റ്റിസുമാരായ ത്രിവേദിയും ശര്‍മയും അടങ്ങിയ ബെഞ്ച് ‘എത്രയും വേഗം’ എന്ന പദത്തെ ‘എത്രയും നേരത്തെ’, ‘ഒഴിവാക്കാവുന്ന കാലതാമസം കൂടാതെ’, ‘ന്യായമായ സൗകര്യത്തിനുള്ളില്‍’ അല്ലെങ്കില്‍ ‘ന്യായമായി ആവശ്യമുള്ള കാലയളവ്’ എന്നിങ്ങനെ അര്‍ത്ഥമാക്കണമെന്ന് അഭിപ്രായപ്പെട്ടു.

ഇഡിയുടെ അറസ്റ്റിനുള്ള അധികാരങ്ങള്‍ എന്തൊക്കെയാണ്?

പിഎംഎല്‍എ പ്രകാരം ഒരു വ്യക്തി കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന തെളിവുകളോ വിവരങ്ങളോ ഉണ്ടെങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇതിനര്‍ത്ഥം, നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കുറ്റകൃത്യത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ശക്തമായി സൂചിപ്പിക്കുന്ന സാമഗ്രികള്‍ (രേഖകളോ തെളിവുകളോ പോലുള്ളവ) ഇഡിയുടെ പക്കലുണ്ടെങ്കില്‍, ആ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇഡിയെ അനുവദിക്കുന്ന ഒരു നിയമ വ്യവസ്ഥയാണിത്. എന്നിരുന്നാലും, ഇതിന്റെ വിശദാംശങ്ങള്‍ രേഖാമൂലം രേഖപ്പെടുത്തുകയും അറസ്റ്റിന്റെ കാരണം ‘എത്രയും വേഗം’ പ്രതിയെ അറിയിക്കുകയും വേണം. പ്രധാനമായും, കേസില്‍ അറസ്റ്റ് നടന്നാല്‍, 24 മണിക്കൂറിനുള്ളില്‍, ഒരു പ്രത്യേക കോടതിയിലോ ജുഡീഷ്യല്‍ മജിസ്ട്രേറ്റിലോ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിലോ ഹാജരാക്കണം. ആര്‍ട്ടിക്കിള്‍ 22(3)(ബി), 985ലെ ഗുജറാത്ത് പ്രിവന്‍ഷന്‍ ഓഫ് ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട്, 1981ലെ ബിഹാര്‍ കണ്‍ട്രോള്‍ ഓഫ് ക്രൈംസ് ആക്ട് എന്നീ പ്രതിരോധ തടങ്കല്‍ നിയമങ്ങള്‍ പ്രകാരം ഒരാളെ തടങ്കലില്‍ വെച്ചാല്‍, സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ നിയമപരമായ പരിരക്ഷകളും അവര്‍ക്കുണ്ടാകില്ല എന്നും നിയമം പറയുന്നുണ്ട്.

സുപ്രിം കോടതിയുടെ പുതിയ വിധി എന്താണ് ?

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സൂപ്പര്‍ടെക് ലിമിറ്റഡിന്റെ സ്ഥാപകന്‍ രാം കിഷോര്‍ അറോറ നല്‍കിയ ഹര്‍ജിയിലാണ് ബെഞ്ചിന്റെ നടപടി. ജൂണ്‍ 27-ന്, നടന്ന തന്റെ അറസ്റ്റ് നിയമവിരുദ്ധവും ആര്‍ട്ടിക്കിള്‍ 14, 21, 20 എന്നിവയ്ക്ക് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുടെ അടിസ്ഥാനത്തില്‍ തുല്യത, ജീവിതം, സംരക്ഷണം എന്നിവയ്ക്കുള്ള തന്റെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടികാണിച്ചുള്ള അറോറയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

അറസ്റ്റ് ചെയ്തതിന്റെ കാരണം പ്രതിയെ അറിയിക്കുക, അത് വായിക്കാന്‍ പ്രേരിപ്പിക്കുകയും അറസ്റ്റ് ചെയ്യുമ്പോള്‍ ഒപ്പ് വാങ്ങുകയും ചെയ്താല്‍ അത് അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കുന്നതിന് തുല്യമല്ലെന്നുമായിരുന്നു അറോറയുടെ വാദം. ഈ വാക്കാലുള്ള അറിയിപ്പ് പങ്കജ് ബന്‍സാല്‍ വേഴ്‌സസ് യുഒഐയിലെ എസ്സി വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തന്റെ അറസ്റ്റ് പിഎംഎല്‍എയുടെയും മറ്റ് മൗലികാവകാശങ്ങളുടെയും 19(1) വകുപ്പിന്റെയും ലംഘനമാണെന്ന് അറോറ അവകാശപ്പെട്ടു. അറസ്റ്റിന്റെ കാരണങ്ങള്‍ ആരോടെങ്കിലും പറയുകയും അറസ്റ്റിന്റെ സമയത്ത് അത് വായിച്ച് ഒപ്പിടുകയും ചെയ്യുന്നത് രേഖാമൂലമുള്ള വിശദീകരണം നല്‍കുന്നതിന് തുല്യമല്ലെന്ന് അറോറ വാദിച്ചു. അടിസ്ഥാനപരമായി, തന്റെ അറസ്റ്റിനുള്ള കാരണങ്ങളെക്കുറിച്ച് തന്നെ അറിയിച്ച രീതി ശരിയായ നിയമനടപടികള്‍ പാലിച്ചിട്ടില്ലെന്നും അത് പിഎംഎല്‍എയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചിരുന്നു.

ഡിസംബര്‍ 15-ലെ വിധിയില്‍, ഒക്ടോബര്‍ മൂന്നിന് പങ്കജ് ബന്‍സാല്‍, അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പ്രതികള്‍ക്ക് അറസ്റ്റിനുള്ള കാരണങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു.എന്നാല്‍ ഒക്ടോബര്‍ 3-ന് ഉണ്ടാക്കിയ ഈ നിയമം അതിനു മുന്‍പ് നടന്ന കേസുകള്‍ക്ക് ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍, മൂന്ന് മാസം മുമ്പ് ജൂണ്‍ 26 നാണ് അറസ്റ്റ് നടന്നത്, അതിനാല്‍ പുതിയ നിയമം അതിനെ ബാധിക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അറോറയുടെ അപ്പീല്‍ നിരസിച്ച കോടതി, അറസ്റ്റിന്റെ കാരണം പ്രതികളെ വാക്കാല്‍ അറിയിച്ചാല്‍ മതിയെന്ന് ഉത്തരവിട്ടു. വിജയ് മദന്‍ലാലിന്റെ കേസിലെ വിധി കണക്കിലെടുത്താണ് കോടതി പുതിയ ഉത്തരവ് ഇറക്കിയത്.

വിജയ് മദന്‍ലാല്‍ ചൗധരി കേസിലെ സുപ്രിം കോടതി വിധി

ജൂലൈ 27 ന്, ജസ്റ്റിസ് സി ടി രവികുമാര്‍, എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) സുപ്രധാന ഭാഗങ്ങളുടെ നിയമസാധുതയെ പിന്തുണക്കുകയും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 540 പേജുള്ള വിധിയില്‍, ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന മിക്കവാറും എല്ലാ വിഷയങ്ങളിലും സര്‍ക്കാരിന്റെ വാദങ്ങളെയാണ് സുപ്രിം കോടതി ശരി വച്ചത്. സെക്ഷന്‍ 19 കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമാണെന്നും കോടതി കണ്ടെത്തി.

തുല്യ ശക്തിയുള്ള രണ്ട് ബെഞ്ചുകളുടെ കണ്ടെത്തല്‍ വ്യത്യാസപ്പെട്ടാല്‍ എന്ത് സംഭവിക്കും?

ഭരണഘടനയില്‍ ഈ വിഷയത്തെക്കുറിച്ച് ഒരു പ്രത്യേക നിയമമോ ചട്ടമോ എഴുതിയിട്ടില്ല. എങ്കിലും തുല്യ ശക്തിയുള്ള വ്യത്യസ്ത ബെഞ്ചുകള്‍ സമാന നിയമപ്രശ്‌നങ്ങളില്‍ പൊരുത്തമില്ലാത്ത തീരുമാനങ്ങള്‍ എടുക്കുന്നത് തടയുന്നതിനായി മുന്‍കാല നിയമങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. 1989 ലെ ഒരു വിധിയില്‍ (യൂണിയന്‍ ഓഫ് ഇന്ത്യ Vs രഘുബീര്‍ സിംഗ്), സുപ്രിം കോടതിയുടെ ഒരു ഭരണഘടന ബെഞ്ച്, ഈ സമ്പ്രദായം തുല്യ ശക്തിയുള്ള ബെഞ്ചുകള്‍ നിയമപരമായ തീരുമാനങ്ങളില്‍ സ്ഥിരത ഉറപ്പാക്കാകയും, നിയമത്തിന്റെ വ്യാഖ്യാനത്തിലെ ആശയക്കുഴപ്പമോ വൈരുദ്ധ്യങ്ങളോ തടയുകയും ചെയ്യുന്നുണ്ട്. പ്രദീപ് ചന്ദ്ര പരിജയില്‍ vs പ്രമോദ് ചന്ദ്ര പട്നായിക് (2002), കേസില്‍ ഭരണഘടനാ ബെഞ്ച് വിധിച്ചതനുസരിച്ച്, ഒരേ നിയമപ്രശ്നത്തില്‍ തുല്യ ശക്തിയുള്ള രണ്ട് ബെഞ്ചുകള്‍ വ്യത്യസ്ത നിഗമനങ്ങളില്‍ എത്തിയാല്‍, വിഷയം ഉയര്‍ന്ന ബെഞ്ചിന് റഫര്‍ ചെയ്യണമെന്ന് പറയുന്നുണ്ട്. ‘അങ്ങനെയെങ്കില്‍, മൂന്ന് പ്രഗത്ഭരായ ജഡ്ജിമാരുടെ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധി തെറ്റാണെന്ന നിഗമനത്തില്‍ എത്തിയാല്‍, അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിന്റെ പരാമര്‍ശം ന്യായമാണ്,’ കോടതി ഉത്തരവില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍