UPDATES

തേച്ച പെണ്ണും അളിയന്‍മാരും തൊന്തരവുകളും; ചിരിബോംബുമായി ഗുരുവായൂര്‍ അമ്പലനടയില്‍

ചിത്രം ഒരുക്കിവച്ചിരിക്കുന്ന സസ്‌പെന്‍സ്- സിനിമയ്ക്ക് 90കളിലെ ഹിറ്റ് ഫാമിലി ചിത്രമായ ഗൃഹപ്രവേശവുമായുള്ള ബന്ധം

                       

തേച്ച പെണ്ണും അളിയന്‍മാരും അവര്‍ക്ക് കിട്ടുന്ന തൊന്തരവുകളും പ്രേക്ഷകര്‍ക്കായി കുറെ സസ്‌പെന്‍സുകളും- ഒറ്റവരിയില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഗുരുവായൂര്‍ അമ്പലനടയില്‍ താലികെട്ടുക എന്നത് കാലങ്ങളായി മലയാളികള്‍ക്കിടയിലുള്ള സമ്പ്രദായമാണ്. ദിവസം 100ലധികം വിവാഹങ്ങള്‍ നടക്കുന്ന ഇടമാണ് ഗുരുവായൂര്‍. അവിടേക്കാണ് കോളജ് കാല ശത്രു, പാരവയ്പ് അമ്മാവന്‍മാര്‍, സഹായിക്കാനെത്തി എക്‌സ്ട്രാ പണി വാങ്ങിവരുന്ന സുഹൃത്തും സഹോദരനും എല്ലാത്തിനും മീതെ വെളിപ്പെടുത്തല്‍ ബോംബുമായി നില്‍ക്കുന്ന മുന്‍കാമുകി- ഇങ്ങനെ നോക്കിന്നിടത്തൊക്കെ പ്രശ്‌നങ്ങളുള്ള പുതുതലമുറക്കാരന്‍ കല്യാണം കഴിക്കാനെത്തുന്നത്. അയാളെ ആര് രക്ഷിക്കും, ആ കല്യാണം എങ്ങനെ നടക്കും? പ്രേക്ഷകന് ഓര്‍ത്തോര്‍ത്ത് ചിരിക്കാനും രസിക്കാനുമുള്ള നിരവധി മുഹൂര്‍ത്തങ്ങളൊരുക്കി അയാള്‍ നടത്തുന്ന കല്യാണയാത്രയാണ് ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം. നമ്മള്‍ കണ്ടു ശീലിച്ച പതിവു കല്യാണ ശൈലികളെ പുതുതലമുറ ഫോര്‍മാറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ് ചെയ്തിരിക്കുന്നത്. അതിനാടകീയതയോ വലിയ സംഭവവികാസങ്ങളോ
സംഘട്ടനമോ ഇല്ലാതെ സ്വാഭാവിക രീതിയിലാണ് കഥ പോവുന്നത്. ഓരോ ഫ്രെയിമിലും പുതുതലമുറക്കാരന്റെ റിയല്‍ ലൈഫിന്റെ ആവിഷ്‌കാരം കാണാം. സിറ്റുവേഷന്‍ കോമഡിയുടെ മികച്ച ഉപയോഗവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.  നീരജ് രവിയുടെ കലാസംവിധാനത്തിലെ ഡീറ്റെയ്ലിംഗും ജോണ്‍ കുട്ടിയുടെ എഡിറ്റിംഗും അങ്കിത് മേനോന്റെ സംഗീതവും ചിത്രത്തിന്റെ വൈബിനോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. കെ- ഫോര്‍ കല്യാണമെന്ന ഗാനം സമ്മാനിച്ച അതേ വൈബും മേളവും തന്നെയാണ് ചിത്രത്തിന്റെ തിയേറ്റര്‍ കാഴ്ചയും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.കുഞ്ഞിരാമായാണത്തിന്റെ രചയിതാവായ
ദീപു പ്രദീപാണ് തിരക്കഥ ഒരുക്കിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വിനു(ബേസില്‍) തേപ്പ് കിട്ടിയ വിഷമത്തില്‍ വിവാഹം വേണ്ടന്ന് വച്ചിട്ട് 5 വര്‍ഷമായി. ആ സമയത്താണ് ആനന്ദ്( പ്യഥ്വിരാജ്) സഹോദരിയ്ക്ക് വിനുവിനെ വരനായി തിരഞ്ഞെടുക്കുന്നത്. തന്റെ പ്രണയ നൈരാശ്യം ഉറ്റ സുഹൃത്തിനെ പോലെ മനസിലാക്കുന്ന ആനന്ദ് എന്ന അളിയനാണ് ഈ വിവാഹത്തിന് തയ്യാറാവാന്‍ വിനുവിന്റെ ശക്തി. വിവാഹത്തിനായി നാട്ടിലെത്തുമ്പോഴാണ് അളിയന്‍മാര്‍ക്കിടയില്‍ എട്ടിന്റെ പണിയുമായി വിനുവിന്റെ കാമുകി പാര്‍വതി(നിഖില) എത്തുന്നത്. ഒപ്പം കുറെ സസ്‌പെന്‍സും ട്വിസ്റ്റുകളും. ചിത്രം അളിയന്‍ വിനു തൂക്കിയെന്ന ട്വീസറിനെ അനര്‍ത്ഥമാക്കുന്ന തലത്തില്‍ തന്നെയാണ് ബേസിലിന്റെ
പ്രകടനം. പൃഥ്വിരാജിന്റെ മുന്‍കാല ഏട്ടന്‍ കഥാപാത്രങ്ങളുടെ സാമ്യത ഇടക്കിടെ വെളിപ്പെടുന്നുണ്ടെങ്കിലും രംഗങ്ങളുടെ മീറ്ററിന് അനുസരിച്ചുള്ള പെര്‍ഫോമന്‍സിലൂടെ കഥാപാത്രം ഗംഭീരമാവുന്നുണ്ട്. ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ബൈജു തുടങ്ങിയ താരനിരകളും റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.തമിഴ് താരം യോഗി ബാബുവിന്റെ കൊമഡി-വില്ലന്‍ റോളും എടുത്തുപറയേണ്ടതാണ്. എല്ലാത്തിനും പുറമേ,
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം

ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം–നന്ദനവും ഈ പാട്ടും ഓര്‍മയുള്ള പ്രേക്ഷകന് അരവിന്ദന്റെ കൃഷ്ണ രൂപം ഒരുതവണ കൂടെ കാണാനും ചിത്രത്തിലൂടെ സാധിക്കും.

ഭദ്രമായ സ്ത്രീകഥാപാത്രങ്ങള്‍

കല്യാണകഥയായത് കൊണ്ട് തന്നെ പലപ്രായത്തിലുള്ള ഒരുപിടി സ്ത്രീ കഥാപാത്രങ്ങളുടെ സംഗമം കൂടിയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. അനശ്വര രാജനും നിഖിലയുമാണ് ചിത്രത്തിന്റെ കേന്ദ്ര സ്ത്രീകഥാപാത്രങ്ങള്‍. കഥയുടെ മുന്നോട്ട് പോക്കില്‍ നിര്‍ണായകമായ കഥാപാത്രങ്ങളെയാണ് ഇരുവരും കൈകാര്യം ചെയ്യുന്നത്. നോട്ടത്തിലും ഭാവത്തിലൂടെയുമാണ് നിഖിലയുടെ പാര്‍വ്വതി ചിത്രത്തില്‍ ഉള്‍ചേരുന്നത്. ആ വേഷത്തെ പൂര്‍ണമായും ഉള്‍കൊള്ളാനും അവതരിപ്പിക്കാനും നിഖിലയ്ക്ക് സാധിച്ചിട്ടുമുണ്ട്. സാധാരണ പ്ലോട്ട് സെറ്റ് ചെയ്യുന്ന റോളുകളാണ് ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്ക് ലഭിക്കാറ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി കഥകളുടെ പശ്ചാത്തലമൊരുക്കുന്നതില്‍ മാത്രം ഒതുക്കാത്ത, ഓരോ സ്ത്രീ കഥാപാത്രങ്ങള്‍ക്കും വേണ്ടത്ര വിസിബിളിറ്റി നല്‍കാനും കഥാഗതിയില്‍ നിര്‍ണായക പങ്ക് നല്‍കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. ഇതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിലൊന്ന്.

ഗൃഹപ്രവേശനം സിനിമയുടെ തുടര്‍ച്ച!

ചിത്രം ഒരുക്കിവച്ചിരിക്കുന്ന സസ്‌പെന്‍സ്. അല്ലെങ്കില്‍ കഥയില്‍ പരോക്ഷമായി മാത്രം വെളിപ്പെടുത്തുന്ന ഒന്നാണ് ഗുരുവായൂര്‍ അമ്പലനടയില്‍-സിനിമയ്ക്ക് 90കളിലെ ഹിറ്റ് ഫാമിലി ചിത്രമായ ഗൃഹപ്രവേശവുമായുള്ള ബന്ധം എന്ന് പറയാം. 100ലധികം കല്യാണം നടക്കുന്ന ഗുരുവായൂരില്‍ തിരക്കിനിടെ വധുവിനെ മാറി പോവുന്നു. അങ്ങനെ ജഗദീഷും ലേഖയും വിവാഹം ചെയ്യേണ്ടിവരുന്നതും അപ്രതീക്ഷിതമായെത്തിയ വെല്ലുവിളിയെ ഇരുവരും എങ്ങനെ നേരിടുന്നുവെന്നുമാണ് ഈ ചിത്രം പറയുന്നത്. അതേ ജഗദീഷും ലേഖയുമാണ് കല്യാണ പെണ്ണിന്റെ അച്ഛനും അമ്മയുമായി വേഷമിട്ടിരിക്കുന്നത്. കല്യാണമേളത്തിലേക്ക് ചിത്രം പോവുമ്പോള്‍ ഗൃഹപ്രവേശം സിനിമയിലെ രംഗങ്ങളെ അനുസ്മരിക്കുന്ന തരത്തിലുള്ള വിഷ്വല്‍സാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. പഴയതലമുറയ്ക്ക് നൊസ്റ്റാളിള്‍ജിയ ആ രംഗങ്ങളിലൂടെ അനുഭവവേദ്യമാകും.ലേഖയുടെ അമ്മ വേഷത്തിന്റെ വിജയവും അവിടെയാണ്.

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫാമിലി എന്റര്‍ടൈനര്‍ ഴോണറിലുള്ള ചിത്രം മലയാളത്തിലെത്തുന്നത്. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പൊട്ടിച്ചിരിച്ചും രസിച്ചും കാണാവുന്ന ഒരു ചിത്രമാണെങ്കില്‍ ഗുരുവായൂര്‍ അമ്പലനടയില്‍-സിനിമയ്ക്ക് തീര്‍ച്ചയായും ടിക്കറ്റെടുക്കാം.

 

English Summary: Guruvayoor Ambalanadayil review

Share on

മറ്റുവാര്‍ത്തകള്‍