ബിജെപി 400 സീറ്റ് നേടിയാല്‍ ഭരണഘടന തിരുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ബിജെപി നേതാക്കളുണ്ടായിരുന്നു. അവരിലൊരാളാണ് ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മണ്ഡലത്തില്‍ തോറ്റുപോയ ലല്ലു സിംഗ്. ഫൈസാബാദ് മണ്ഡലത്തിലാണ് അയോധ്യ! ബിജെപിയുടെ പ്രഖ്യാപിത അജണ്ടകളില്‍ ഒന്നായിരുന്നു ബാബറി പള്ളി പൊളിച്ച് രാമക്ഷേത്രം എന്നത്. അതിലവര്‍ വിജയിച്ചെങ്കിലും, രാമന്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുമെന്നു കണക്ക് കൂട്ടിയിടത്ത് പരാജയപ്പെട്ടു. ram temple and indian constitution, how bjp lost faizabad lok sabha seat it’s including ayodya
അയോധ്യയിലെ ജനങ്ങള്‍ രാമനെ ആരാധിക്കുന്നു, ഒപ്പം ഇന്ത്യന്‍ ഭരണഘടനയെയും എന്നാണ് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ മറുപടി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തങ്ങള്‍ക്ക് മഹത്തായ വിജയം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച ഒന്നായിരുന്നു രാമക്ഷേത്രം. ഉത്തര്‍പ്രദേശില്‍ അവര്‍ക്ക് ഇത്തവണയുണ്ടായിരിക്കുന്ന തിരിച്ചടി കാണിക്കുന്നത് ‘ രാമന്‍ സഹായിച്ചിട്ടില്ല’ എന്നതാണ്. അതിനേറ്റവും വലിയ തെളിവാണ് ഫൈസാബാദിലെ തോല്‍വി. സമാജ് വാദി പാര്‍ട്ടി(എസ്പി)യുടെ അവദേശ് പ്രസാദ് ആണ് ഇവിടെ വിജയിച്ചത്.
‘ ഞങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു. ഞങ്ങള്‍ ഇതിനു വേണ്ടി പൊരുതി. പക്ഷേ, രാമക്ഷേത്രം വോട്ടായി മാറിയില്ല’ ഈയൊരു തുറന്ന് പറച്ചില്‍ വരുന്നത് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച ബിജെപി പ്രാദേശിക നേതാവായ ലക്ഷ്മികാന്ത് തിവാരിയില്‍ നിന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ ഒന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്. നിര്‍മാണം പൂര്‍ത്തിയാകാതെ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നുവെന്ന വിമര്‍ശനങ്ങളൊക്കെയും തള്ളിക്കളഞ്ഞ് പൊതു തെരഞ്ഞെടുപ്പിന് വെറും നാല് മാസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ അജണ്ട യാഥാര്‍ത്ഥ്യമാക്കിയതിലൂടെ ബിജെപി ലക്ഷ്യം വച്ചത് വോട്ടുകള്‍ മാത്രമായിരുന്നു. അയോധ്യ കൂടി കണക്കിലെടുത്താണ് എക്‌സിറ്റ് പോളുകള്‍ 350 സീറ്റിലേറെ ബിജെപിക്ക് പ്രവചിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ 303 സീറ്റുകള്‍ നേടിയെടുത്ത് ഇത്തവണ കിട്ടിയത് 240 മാത്രമാണ്.
”രാമന്‍ വോട്ടുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി മറ്റ് ജനകീയ പ്രശ്‌നങ്ങളില്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെന്നാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ സമ്മതിക്കുന്നത്.
‘പ്രാദേശിക പ്രശ്‌നങ്ങളാണ് പ്രധാന ചര്‍ച്ചയായത്. ക്ഷേത്രത്തിനും വിമാനത്താവളത്തിനും വേണ്ടി ഭൂമിയേറ്റെടുത്തതില്‍ പല ഗ്രാമങ്ങളിലെയും ജനങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. അതിനൊപ്പം തന്നെയാണ് എസ്പിയുടെ ദളിത് സ്ഥാനാര്‍ത്ഥിക്ക് ബിഎസ്പിയുടെ വോട്ടുകളും പോയത്’ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളായി ബിജെപി നേതാവ് ലക്ഷ്മികാന്ത് തിവാരി പറയുന്നതാണ്.
സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന ദളിത് മുഖങ്ങളിലൊന്നാണ് അവദേശ് പ്രസാദ്. ഒമ്പത് തവണ അദ്ദേഹം ഉത്തര്‍പ്രദേശ് നിയമസഭാംഗമായിട്ടുണ്ട്. ഫൈസാബാദില്‍ മൂന്നാം വിജയം നേടിയിറങ്ങിയ ലല്ലു സിംഗിനെ 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രസാദ് തോല്‍പ്പിച്ചത്.
അവദേശ് പ്രസാദിന്റെ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫൈസാബാദ് എന്ന ജനറല്‍ മണ്ഡലത്തിലാണ് ദളിത് നേതാവായ അവദേശിനെ എസ് പി തലവന്‍ അഖിലേഷ് യാദവ് ഇറക്കിയത്. ‘ജാതിയോ സമുദായമോ നോക്കാതെ ജനങ്ങള്‍ എനിക്കൊപ്പം നിന്നു’ എന്നാണ് വിജയത്തിനുശേഷം അവദേശ് പ്രസാദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.
അയോധ്യയില്‍ വെളിപ്പെടുന്ന ഇന്ത്യ
വിലക്കയറ്റം, തൊഴിലില്ലായ്മ, ഭൂമിയേറ്റെടുക്കല്‍ എന്നിവയ്‌ക്കൊപ്പം ഭരണഘടന തിരുത്തുമെന്ന പ്രഖ്യാപനവും ജനങ്ങളില്‍ ബിജെപിയോടുള്ള പ്രതിഷേധത്തിന് കാരണമായതായി പ്രസാദ് പറയുന്നു.
ബിജെപിക്ക് 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന തിരുത്തുമെന്ന് പ്രഖ്യാപിച്ചത് ഉത്തര കര്‍ണാടക എംപി ആനന്ദ് ഹെഗ്‌ഡേ ആയിരുന്നു. ഹെഗ്‌ഡേയുടെ പ്രസ്താവന പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കി മാറ്റി. ബിജെപി ഹെഗ്‌ഡേയ്ക്ക് സീറ്റ് നിഷേധിച്ചു. എങ്കിലും ആ പ്രശ്‌നം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. ഹെഗ്‌ഡേ മാത്രമായിരുന്നില്ല ഭരണഘടന തിരുത്താന്‍ കാത്തിരുന്ന ബിജെപി നേതാവ്. പലരുമുണ്ടായിരുന്നു, അവരില്‍ ഒരാളായിരുന്നു ഫൈസാബാദിലെ ല്ലലു സിംഗും. ” ഒരു എംപി ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യം, ഭരണഘടന തിരുത്തുമെന്ന ലല്ലു സിംഗിന്റെ പ്രസ്താവനയാണ് അവദേശ് പ്രസാദ് തന്റെ പ്രചാരണങ്ങളിലെല്ലാം ഉയര്‍ത്തിയത്’ മിത്രസെന്‍പൂര്‍ ഗ്രാമത്തിലെ 27 കാരനായ വിജയ് യാദവ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിജയ് യാദവിനെ പോലുള്ളവരുടെ പ്രതികരണത്തില്‍ നിന്നു മനസിലായത്. ‘ പേപ്പര്‍ ചോര്‍ച്ചയുടെ ഇരയാണ് ഞാനും. എനിക്കൊരു ജോലി കിട്ടാതെ പോയി. ഞാനിപ്പോള്‍ അച്ഛനൊപ്പം കൃഷി പണിക്ക് പോവുകയാണ്. ഒരു മാറ്റം വേണമെന്ന് ജനങ്ങള്‍ ചിന്തിച്ചു. നിലവിലെ എംപി ഞങ്ങള്‍ക്ക് വേണ്ടി യാതൊന്നും ചെയ്തില്ല. തന്റെ പരാജയങ്ങളെല്ലാം അദ്ദേഹം രാമക്ഷേത്രവും രാം പഥും(അയോധ്യ ക്ഷേത്രത്തിലേക്കുള്ള നാല് പ്രധാന റോഡുകള്‍) കൊണ്ട് വെള്ളപൂശാനാണ് ശ്രമിച്ചത്’ വിജയ് യാദവ് പറയുന്നു.
‘രാമക്ഷേത്രം പുറത്തുള്ളവരെ ആകര്‍ഷിച്ചിട്ടുണ്ടാകാം, എന്നാല്‍ ഇവിടെയുള്ളവര്‍ തങ്ങള്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ അസ്വസ്ഥരായിരുന്നു’ ; ബിജെപിക്കാരനായ അരവിന്ദ് തിവാരി ചൂണ്ടിക്കാണിക്കുന്ന പ്രസക്തമായൊരു കാര്യമാണിത്. ‘ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, വളരെ കുറച്ച് അയോധ്യ വാസികള്‍ മാത്രമാണ് ക്ഷേത്രത്തില്‍ പോയിരിക്കുന്നത്, കൂടുതല്‍ വിശ്വാസികളും പുറത്തു നിന്നുള്ളവരാണ്. രാമനെ ഞങ്ങള്‍ ആരാധിക്കുന്നു, പക്ഷേ ഞങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തിയാല്‍, എങ്ങനെ ഞങ്ങള്‍ ജീവിക്കും? രാം പഥുകള്‍(രാമക്ഷേത്രത്തിലേക്കുള്ള റോഡുകള്‍) നിര്‍മിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനം, റോഡരികില്‍ കടകള്‍ അനുവദിക്കുമെന്നായിരുന്നു. എന്നാലതുണ്ടായില്ല’; അരവിന്ദ് തിവാരി പറയുന്നു.
ലല്ലു സിംഗിനെതിരേ ശക്തമായ ജനവികാരം ഉണ്ടായിരുന്നുവെന്നാണ് മൊഹമ്മദ് ഇസ്രായീല്‍ ഖോസി പറയുന്നത്. ‘ അയാള്‍ അയോധ്യയിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല, എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പുറത്തുള്ളവര്‍ക്കാണ്. ഭരണഘടന തിരുത്താന്‍ 400 സീറ്റുകള്‍ വേണമെന്നാണ് ലല്ലു സിംഗ് പറഞ്ഞത്. അത് ജനങ്ങളെ രോഷാകുലരാക്കി. ലല്ലു വിചാരിച്ചത് അയാള്‍ അജയ്യനാണെന്നാണ്, പക്ഷേ ജനാധിപത്യം അത്ഭുതങ്ങള്‍ കാണിക്കുമെന്ന് അയാള്‍ മറന്നുപോയി”.
രാമനെ വച്ച് കച്ചോടത്തിനിറങ്ങിയവര്‍ക്ക് ഭഗവാന്‍ രാമന്‍ തന്നെ കൊടുത്ത ശിക്ഷയാണ് ഈ തോല്‍വിയെന്നാണ് ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് എസ് പി വക്താവ് പവന്‍ പാണ്ഡേ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ ഒരിക്കലും ബാബറി വിഷയം ഉയര്‍ത്തിക്കൊണ്ടി വന്നിരുന്നില്ല എന്നാണ് ബാബറി പള്ളി പൊളിച്ച കേസിലെ വാദികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരി വോട്ടെടപ്പിന് മുമ്പ് തന്നെ പറഞ്ഞത്, കൂട്ടത്തില്‍ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞിരുന്നു; ഇത് അയോധ്യയാണ്, ഇവിടെ ധര്‍മത്തിനാണ് സ്ഥാനം, അധര്‍മത്തിനല്ല’
Content Summary; Ram temple and indian constitution, how bjp lost faizabad lok sabha seat its including ayodhya. samajwadi party won here