അയോധ്യ രാമക്ഷേത്രത്തോടനുബന്ധിച്ചുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി പതിനൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തിന് തയ്യാറെടുത്തു പ്രധാനമന്ത്രിയും, പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന ശങ്കരാചാര്യന്മാരുടെ തീരുമാനവും, ചടങ്ങില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള കോണ്‍ഗ്രസിന്റെ പെടാപ്പാടും, രാമനെ പുണര്‍ന്നുനില്‍കുന്ന രാഹുല്‍ ഗാന്ധിയുടെ കാര്‍ട്ടൂണുമെല്ലാം ഈ പോരിന്റെ ഭാഗമാവുകയാണ്.
മതേതര രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പാകത്തിലുള്ള ഒന്നായി എങ്ങനെയാണ് അയോധ്യയിലെ രാമക്ഷേത്രം മാറുന്നത്.
ഇതാദ്യമായല്ല രാജ്യത്തെ പ്രധാന നേതാക്കള്‍ മതപരമായൊരു ചടങ്ങില്‍ പങ്കെടുക്കുന്നതും, ചടങ്ങ് ആഘോഷമാക്കി മാറ്റുന്നതും. 1978-ല്‍ ചിക്കമംഗളൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇന്ത്യയിലെ മതേതരത്വത്തെ വാഴ്ത്തി പാടുന്ന അതേ സമയം തന്നെയാണ് സമീപത്തുള്ള എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചത്. ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ നാടകത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരിയടക്കം രംഗത്തുവന്നിരുന്നു. മത വോട്ടു ബാങ്കുകള്‍ക്കു വേണ്ടിയുള്ള ഈ ആരാധന രാഷ്ട്രീയം മുമ്പും ഇവിടെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് മാറി അയോധ്യ രാമക്ഷേത്ര ഉദഘാടനം വേറിട്ട് നില്‍ക്കാന്‍ കാരണങ്ങള്‍ പലതാണ്. അന്നത്തെ ബിജെപി നേതാക്കളുടെ ബാബറി മസ്ജിദ് പള്ളി പൊളിക്കുന്നതിനുള്ള ആസൂത്രണവും 1992-ലെ പള്ളി തകര്‍ക്കലും മുതല്‍ 2019-ലെ അയോധ്യ തര്‍ക്ക ഭൂമിയിലെ സുപ്രിം കോടതി വിധി വരെ നീണ്ടു നില്‍ക്കുന്ന ചരിത്ര പ്രധാന്യമാണ് ഒന്ന്. ഈ ചരിത്രത്തിലും ജനുവരി 22 നു നടക്കാനിരിക്കുന്ന ഉദ്ഘാടനത്തിനും കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന പരോക്ഷ പിന്തുണയാണ് മറ്റൊരു ഘടകം. ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പങ്കെടുക്കുന്നത് സാധാരണമായി കണക്കാക്കാമെങ്കിലും കാര്‍മികത്വം ഏറ്റെടുക്കുക പോലുള്ള നടപടികളില്‍ ഈ സ്വാഭാവികത കാണാനാകില്ലെന്നാണ് വിമര്‍ശനം. കൃത്യമായ മത കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ഒരു ഭരണകൂടത്തിന് എങ്ങനെയാണ് ഭരണഘടന പരാമര്‍ശിക്കുന്ന മതസ്വാതന്ത്രവും, മതേതരത്വവും സംരക്ഷിക്കാന്‍ സാധിക്കുക എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യയില്‍ ഭയാനകമായ രീതിയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യത്തെ കുറിച്ച് യുഎസ്‌സിഐആര്‍എഫ് എന്ന അമേരിക്കന്‍ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ഒരു മതത്തിനു മാത്രം പ്രത്യേക പരിഗണനകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണെന്നും, മറുപുറത്തു അവഗണിക്കപ്പെടുന്ന ന്യൂനപക്ഷത്തെയും സര്‍ക്കാര്‍ തങ്ങളാലാവും വിധം കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാണിക്കുന്നത് ലോക രാജ്യങ്ങളാണ്. ഈ അവഗണനയുടെ അങ്ങേയറ്റമാണ് ഇതര മതസ്ഥരോടുള്ള വെറുപ്പായി പരിണമിക്കുന്നതും, ഈ വെറുപ്പിലൂന്നിയ രാഷ്ട്രീയത്തിലാണ് ഹിന്ദുത്വതങ്ങളുടെ അടിത്തറ പണിഞ്ഞെടുക്കുന്നതെന്നമുള്ള വിമര്‍ശനം ഇന്ത്യയിലും ശക്തമാണ്.
ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയം എന്തുകൊണ്ട് ഹിന്ദു മതത്തിന് എതിരാകുന്നില്ല?
പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ഭരണകാലയളവില്‍ അയോധ്യ തര്‍ക്ക ഭൂമിയടക്കമുള്ള വിഷയങ്ങളില്‍ നിന്ന് മോദി വിട്ടുനിന്നിരുന്നു. അന്ന് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് പോസ്റ്റര്‍ ബോയ് ആയിരുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു. രണ്ടാമൂഴം തൊട്ടാണ് മോദി പ്രത്യക്ഷത്തില്‍ വിഷയത്തില്‍ ഇടപെടുന്നതും വര്‍ഷങ്ങള്‍ക്കിപ്പുറം അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ സൂത്രധാരനെന്ന മേനി ചമയുന്നതും. ഹിന്ദു മതത്തെ ഉപയോഗപ്പെടുത്തികൊണ്ടുള്ള ബിജെപിയുടെ ഈ രാഷ്ട്രീയമാണ് വിമര്‍ശിക്കപ്പെടുന്നത്. എന്നാല്‍ അതിനെ മത വിമര്‍ശനമായി പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നുണ്ട്. ഏറ്റവും എളുപ്പത്തില്‍ ഈ രാഷ്ട്രീയം മനസിലാക്കിയെടുക്കാന്‍ ശങ്കരാചാര്യന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന, ഇന്ത്യ കാണാന്‍ പോകുന്ന ഏറ്റവും വിപുലമായ ഈ പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന തീരുമാനത്തിലാണ് സനാതന ഹിന്ദു ധര്‍മ്മത്തിലെ നാല് ഉന്നത ആത്മീയ നേതാക്കളായ ജഗത്ഗുരു ശങ്കരാചാര്യമാര്‍. ഹിന്ദു ആചാരപ്രകാരമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, അശുഭ മാസത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. കൂടാതെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത ഘട്ടത്തിലാണ് ഉദ്ഘാടനം. വിശ്വാസങ്ങള്‍ക്ക് എതിരായുള്ള ഈ ക്ഷേത്രോത്ഘാടനം രാഷ്ട്രീയപരമായ അവസരവാദവും തിടുക്കവും മൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്മീയ നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇതിനെല്ലാം പുറമെ ചടങ്ങിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യവും വിട്ടു നില്‍ക്കുന്നതിനുള്ള കാരണമായി പറയുന്നുണ്ട്. പരമ്പരാഗതമായി ക്ഷേത്രനിര്‍മാണത്തില്‍ അനുശാസിച്ചു വരുന്ന പവിത്രതയും ആദരവും ക്ഷേത്ര നിര്‍മാണത്തില്‍ കാണാനായില്ലെന്ന് പൂര്‍വ്വാംനായ ഗോവര്‍ദ്ധന്‍മഠം പുരി പീഠത്തിലെ ശങ്കരാചാര്യ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതി പങ്കുവക്കുന്നു. ഇക്കാര്യങ്ങളാല്‍ പവിത്രമായ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കേന്ദ്രീകൃതമല്ല സര്‍ക്കാരിന്റെ ശ്രമം എന്നു കൂടി പറയുന്നുണ്ട് നിശ്ചലാനന്ദ സരസ്വതി. നിര്‍മിക്കപ്പെടുന്നത് ക്ഷേത്രമല്ലെന്നും മറിച്ച് ഒരു ‘ശവകുടീരം’ ആണെന്നാണ് അദ്ദേഹം പറയുന്നത്. അവസരവാദപരവും കൃത്രിമവുമായ രാഷ്ട്രീയത്തിനെതിരായ തത്വാധിഷ്ഠിത നിലപാടാണ് വീട്ടുനില്‍ക്കലെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിക്കുന്നു.
ഭരണവും അധികാരവും മുറുകെ പിടിക്കുന്നതിനായി ബിജെപി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ‘ഹിന്ദുത്വ’ ആശയങ്ങള്‍ക്ക് അനേകം വാരം അകലെയാണ് ഹിന്ദു മതം എന്ന് തെളിയിക്കുന്നതാണ് ഈ ആത്മീയ നേതാക്കളുടെ വിട്ടുനില്‍ക്കല്‍.
അയോധ്യയും കോണ്‍ഗ്രസിന്റെ ആശങ്കയും
അയോധ്യ രാമക്ഷേത്രത്തിനെതിരായുള്ള പരാമര്‍ശങ്ങള്‍ ഹിന്ദു മതത്തിനെതിരെയുള്ള പരാമര്‍ശമായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുള്ളതുകൊണ്ടാണ് പ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കുന്നതില്‍ പോലും കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ആവിശ്യത്തിലധികം സമയമെടുത്ത്. പ്രതിഷ്ഠ ചടങ്ങിന് പങ്കെടുത്താല്‍ രാമക്ഷേത്രം ഉള്‍പ്പെടെ ബിജെപി കൃത്യമായി വളര്‍ത്തികൊണ്ടുവരുന്ന ഹിന്ദുത്വ കാര്‍ഡില്‍ കോണ്‍ഗ്രസ് കാലിടറി വീണേക്കാം. സെക്കുലര്‍ വിശ്വാസികളില്‍ നിന്നടക്കമുള്ള പിന്തുണയില്‍ കോട്ടം തട്ടിയേക്കാം. പല്ലും നഖവും പുറത്തെടുത്താല്‍ പോലും ഈ പ്രതിരോധത്തിന് മറു പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധ്യമല്ല. ബഹുമാനപൂര്‍വ്വം ക്ഷണം നിരസിക്കുന്നുവെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കും വരെ ആ ആശങ്ക രാജ്യത്തിനുണ്ടായിരുന്നു. തീരുമാനം അറിയിച്ചതിനു ശേഷം ബിജെപി നേതൃത്വത്തില്‍ നിന്ന് പരോക്ഷ വിമര്‍ശനവും കോണ്‍ഗ്രസിനെ തേടിയെത്തിട്ടുണ്ട്. പങ്കെടുക്കുന്നില്ലെന്ന കോണ്‍ഗ്രസ് നിലപാട് ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്നാണു കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാദം. ക്ഷേത്രത്തില്‍ പോകുന്നതിന് മാത്രം ജനാധിപത്യം എതിരാകുന്നത് എങ്ങനെ എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. മതാരാധന മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പാണ് വിട്ടു നില്‍ക്കനുള്ള കാരണമെന്ന് ആത്മീയ നേതാക്കള്‍ തുറന്നടിച്ചതുപോലെയുള്ള പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നടത്തേണ്ടിയിരിക്കുന്നു. ജനധിപത്യത്തിന്റെ വക്താക്കളായി ഏറെക്കാലം ഇന്ത്യ ഭരിച്ച പാരമ്പര്യമുള്ള കോണ്‍ഗ്രസ് അതിനെങ്കിലും മുതിരേണ്ടതുണ്ട്.
ഹിന്ദുത്വത്തിലും അയോധ്യ ക്ഷേത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോദിയുടെ ശക്തമായ നീക്കത്തെ പ്രതിരോധിക്കാനായി ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ അനുകൂലിക്കാതെ, ‘അനുമോദനമില്ല’ എന്നതിനുള്ള പ്രതിബദ്ധത ഇന്ത്യന്‍ സഖ്യം വിശദീകരിക്കേണ്ടതുണ്ടെന്ന് ട്രിബ്യൂണിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹരീഷ് ഖരെ പറഞ്ഞുവയ്ക്കുന്നുണ്ട്. മുസ്ലിങ്ങളോട് നീതിപൂര്‍വ്വം പെരുമാറുക എന്നതിനര്‍ത്ഥം ഭൂരിപക്ഷത്തോട് അനീതി കാണിക്കുക എന്നല്ലെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയണം.