UPDATES

‘വെളിപ്പെടുന്ന’ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍

വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന അന്വേഷണ വിവരങ്ങളുമായി ഒ.സി.സി ആര്‍. പി റിപ്പോര്‍ട്ട് വരുന്നു

                       

ചില ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്മാരെ ‘ തുറന്നു കാണിക്കാന്‍’ തയ്യാറെടുത്ത് ഒ സി സി ആര്‍ പി. വ്യാഴാഴ്ച്ച പുറത്തു വന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഈ ‘ വെളിപ്പെടുത്തല്‍’ ഒരു റിപ്പോര്‍ട്ടിന്റെ രൂപത്തിലോ, പരമ്പരയായിട്ടോ ആകാം പുറത്തു വരികയെന്നാണ്, ഈ വിവരം അറിയാവുന്ന മൂന്ന് സോഴ്‌സുകളെ ഉദ്ധരിച്ച് പിടിഐ പറയുന്നത്.

ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ വിദേശ ഫണ്ടുകള്‍ വഴി നടക്കുന്ന ഓഹരി നിക്ഷേപം ഒ സി സി ആര്‍ പി റിപ്പോര്‍ട്ടില്‍ ഉണ്ടായേക്കാമെന്നാണ് വിവരം.

ഏത് കോര്‍പ്പറേറ്റ് സ്ഥാപനമാണിതെന്ന വിവരം പുറത്തു വന്നിട്ടില്ലെങ്കിലും മൂലധന വിപണിയില്‍ തങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. വരാന്‍ പോകുന്നത് വന്‍ കൊടുങ്കാറ്റ് തന്നെയാകും.

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെ പിടിച്ചുകുലുക്കിയ യു എസ് ഷോര്‍ട്ട് സെല്ലര്‍ ഹിഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇപ്പോള്‍ ഒ സി സി ആര്‍ പി-യുടെ അന്വേഷണാത്മക വിവരങ്ങളും പുറത്തേക്ക് വരുന്നത്. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കാളും വലിയ ചലനങ്ങള്‍ പുതിയ വിവരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചനകള്‍.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 24 അന്വേഷണ കേന്ദ്രങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ആരംഭിച്ച ആഗോള തലത്തിലുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് പ്ലാറ്റ്‌ഫോം ആണ് ‘ദ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്’ ( The Organized Crime and Corruption Reporting Project-OCCRP) അഥവ ഒ സി സി ആര്‍ പി. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടയങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഒ സി സി ആര്‍ പി-യുടെ നെറ്റ്‌വര്‍ക്ക്.

2006-ല്‍ സ്ഥാപിതമായ ഒ സി സി ആര്‍ പി സംഘടിത കുറ്റകൃത്യങ്ങള്‍ പുറത്തു കൊണ്ടുവരുന്നതില്‍ ലോക ശ്രദ്ധ നേടിയ മീഡിയ പ്ലാറ്റ്‌ഫോം ആണ്. ലോകത്താകമാനം ഇവരുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ മീഡിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം വഴിയാണ് ആഗോള തലത്തില്‍ ഒ സി സി ആര്‍ പി റിപ്പോര്‍ട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്നത്.

അമേരിക്കന്‍ ബിസിനസുകാരനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ജോര്‍ജ് സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, ഒ സി സി ആര്‍ പി-യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് അവരുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിലുള്ള മൗലിക വിഷയങ്ങളില്‍ സുതാര്യമായ സാമ്പത്തിക പിന്തുണ നല്‍കി വരുന്നതിലൂടെ ശ്രദ്ധേയനാണ് ജോര്‍ജ് സോറസും അദ്ദേഹത്തിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്കെഫെല്ലര്‍ ബ്രദേഴ്സ് ഫണ്ട്, ഓക് ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ഒ.സി.സി ആര്‍ പി-യ്ക്ക് അതിന്റെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് പിന്തുണ കിട്ടുന്നുണ്ട്.

ഈ വര്‍ഷം ജനുവരി 24-ന് പുറത്തു വന്ന ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന് ശക്തമായ പ്രഹരം ഏല്‍പ്പിച്ചിരുന്നു. കള്ളക്കണക്കുകള്‍, കൃത്രിമ ഓഹരി വില, നികുതി വെട്ടിപ്പ് തുടങ്ങിയവയായിരുന്നു അദാനി ഗ്രൂപ്പിനെതിരേ ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഓഹരി വിപണിയില്‍ 150 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് ഇതുമൂലം നേരിടേണ്ടി വന്നത്. തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിക്കുകയാണുണ്ടായത്. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ മേയ് മാസത്തില്‍ സുപ്രിം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സെബിയോട് ഈ വിഷത്തില്‍ അന്വേഷണത്തിന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും പുറത്തു വന്നതും, പിന്നാലെ അദാനി ഗ്രൂപ്പ് നേരിട്ട തിരിച്ചടിയുടെയും സന്ദര്‍ഭത്തില്‍ ജോര്‍ജ് സോറസിന്റെ ഒരു പ്രസ്താവന ശ്രദ്ധ നേടിയിരുന്നു. ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിലുണ്ടായിരിക്കുന്ന തകരാര്‍ നരേന്ദ്ര മോദി ഭരണത്തെ ദുര്‍ബലപ്പെടുത്തും-എന്നായിരുന്നു സോറസിന്റെ പ്രസ്താവന. ഇതിനെതിരേ രംഗത്തുവന്ന ബിജെപി, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണം ആണെന്നു പറഞ്ഞായിരുന്നു തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കിയത്.

Share on

മറ്റുവാര്‍ത്തകള്‍