UPDATES

ഫിനാന്‍സ്/ ബിസിനസ്‌

തൊഴിലാളികളെ വെട്ടിനിരത്തുന്ന ടെക് ഭീമന്മാര്‍

അമസോണ്‍, ആപ്പിള്‍, ബൈജൂസ് എന്നിവരൊക്കെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു

                       

ആമസോണ്‍, ആപ്പിള്‍, ബൈജൂസ് തുടങ്ങി ലോകത്തിലെ ടെക് ഭീമന്മാര്‍ കടുത്ത തൊഴിലാളി വിരുദ്ധ നടപടികളിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് നാളുകളായി വ്യത്യസ്ത വകുപ്പുകളില്‍ നിന്നായി കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുകയാണ്. കോവിഡ് കാലത്ത് നടത്തിയ ഓവര്‍ ഹയറിംഗ് ഷിഫ്റ്റുകള്‍ കുറയ്ക്കുന്നതിന് വേണ്ടി എടുത്ത ജീവനക്കാരെയാണ് മാറ്റുന്നതെന്നാണ് കമ്പനികളുടെ അവകാശവാദം.

2024 ല്‍ ഇതുവരെ 235 കമ്പനികള്‍ 57,785 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ലേഓഫ് ട്രാക്കിംഗ് വെബ്സൈറ്റായ ലേഓഫ്‌സ്.എഫ്‌വൈഐ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരിയില്‍ 121 കമ്പനികള്‍ 34,007 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഫെബ്രുവരിയില്‍ 74 കമ്പനികള്‍ 15,379 തൊഴിലാളികളെ ഒഴിവാക്കി. മാര്‍ച്ചില്‍ താരതമ്യേന കുറഞ്ഞ പിരിച്ചുവിടലുകളാണ് ഉണ്ടായതെങ്കിലും കമ്പ്യൂട്ടറുകളും അനുബന്ധ ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പ്യൂട്ടര്‍ ടെക്‌നോളജി കമ്പനിയായ ഡെല്ലില്‍ നിന്ന് 13,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

പിരിച്ചുവിടലുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, സാങ്കേതിക വ്യവസായത്തില്‍ പ്രതിസന്ധി തുടരുകയാണ്. എ ഐയുടെ സ്വീകാര്യതയും കമ്പനികള്‍ അവരുടെ ലാഭ ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും, ആഗോള സാമ്പത്തിക മാന്ദ്യവും പിരിച്ചു വിടലിന് കാരണമായി പറയുന്നുണ്ട്. പിരിച്ചുവിടലുകള്‍ ജീവനക്കാരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. പിരിച്ചുവിടപ്പെട്ട പലര്‍ക്കും ഇതുവരെയും മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ആമസോണ്‍

2024 ല്‍ 100 തൊഴിലവസരങ്ങളാണ് ആമസോണ്‍ വെട്ടിക്കുറച്ചത്. ആമസോണ്‍ തങ്ങളുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ നൂറുകണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിരിച്ചുവിടലുകള്‍ പ്രധാനമായും സെയില്‍സ്, മാര്‍ക്കറ്റിംഗ് ജീവനക്കാരെയും ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോറുകള്‍ക്കായുള്ള സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടീമിനെയുമാണ് ബാധിച്ചത്. ഈ തീരുമാനങ്ങള്‍ കമ്പനി പെട്ടെന്ന് എടുത്ത ഒന്നല്ലെന്നും, മാറ്റം പ്രയാസകരമാണെന്ന് അറിയാമെന്നുമാണ് എഡബ്ല്യുഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗാര്‍മാന്‍ പ്രതികരിച്ചത്. ‘ഞങ്ങള്‍ അതിവേഗം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന ഒരു വ്യവസായ ശൃഖലയാണ്. ഒരു സ്ഥാപനമെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. സ്ഥാപനത്തിന്റെ ഭാവിയിലേക്ക് വേണ്ടിയാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. കമ്പനിയുടെ മുന്‍ഗണനകള്‍ക്ക് പ്രധാന്യം നല്‍കാനും കാര്യക്ഷമതയില്ലായ്മ ഇല്ലാതാക്കുവാനുമാണ് ഞങ്ങളുടെ ശ്രമം’, എന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരിക്കാലഘട്ടത്തിലെ റെക്കോര്‍ഡ് നിയമനങ്ങള്‍ക്ക് ശേഷം ആമസോണ്‍ 27,000 കോര്‍പ്പറേറ്റ് ജോലികള്‍ വെട്ടി കുറച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

ബൈജൂസ്

ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ എഡ്ടെക് കമ്പനിയായ ബൈജൂസ് 500 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഏകദേശം 15,000 ജീവനക്കാരുള്ള ബൈജൂസിന്റെ മുഴുവന്‍ തൊഴിലാളികളുടെ ഏകദേശം മൂന്നു ശതമാനമാണിത്. കമ്പനി കടുത്ത ഫണ്ടിംഗ് പ്രതിസന്ധിയും നിക്ഷേപകരും ടെന്‍ഡറുകളും തമ്മിലുള്ള സംഘര്‍ഷങ്ങളും മൂലം ബുദ്ധിമുട്ടുന്നതിനാലാണ് പുതിയ പിരിച്ചുവിടലുകള്‍ക്ക് നിര്‍ബന്ധിതമായത്. 2023 ഒക്ടോബറില്‍ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഇതുവരെ 2500-3000 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. 4500 പേരെ ബാധിക്കുമെന്നാണ് കമ്പനി അന്ന് പറഞ്ഞത്. പിരിച്ചുവിടല്‍ സെയില്‍സ്, അധ്യാപകര്‍, ട്യൂഷന്‍ സെന്റര്‍ എന്നീ വിഭാഗങ്ങളെ ബാധിക്കുന്നവയാണ്.

ആപ്പിള്‍

600 ജീവനക്കാരെയാണ് ആപ്പിള്‍ പിരിച്ചു വിട്ടത്. തങ്ങളുടെ കാര്‍, സ്മാര്‍ട്ട് വാച്ച് ഡിസ്പ്ലേ പ്രോജക്റ്റുകള്‍ നിര്‍ത്തലാക്കാനുള്ള സമീപകാല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പിരിച്ചുവിടല്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ 600-ലധികം ജീവനക്കാരെയാണ് ആപ്പിള്‍ പിരിച്ചുവിട്ടത്. ഫെബ്രുവരി അവസനത്തോടെയാണ് ആപ്പിള്‍ കാര്‍, സ്മാര്‍ട്ട് വാച്ച് ഡിസ്പ്ലേ പ്രൊജക്റ്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുന്നത്. കമ്പനിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിലെ പരാജയവും ചെലവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൊണ്ടാണ് പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നാണ് കാലിഫോര്‍ണിയ എംപ്ലോയ്മെന്റ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിക്കുന്ന വിവരം. വര്‍ക്കര്‍ അഡ്ജസ്റ്റ്മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന്‍ അഥവാ വാണ്‍ പ്രോഗ്രാം അനുസരിച്ച് ആപ്പിള്‍ എട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ആപ്പിള്‍ കാലിഫോര്‍ണിയ എംപ്ലോയ്മെന്റ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ലൈറ്റ്‌സ്പീഡ് കൊമേഴ്‌സ്

കാനഡയിലെ ക്യൂബെക്കിലെ മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഒരു പോയിന്റ്-ഓഫ്-സെയില്‍, ഇ-കൊമേഴ്സ് സോഫ്റ്റ്വെയര്‍ ദാതാവാണ് ലൈറ്റ്സ്പീഡ് കൊമേഴ്സ്. പേയ്മെന്റ് സ്ഥാപനമായ ലൈറ്റ്സ്പീഡ് കൊമേഴ്സ് 280 ജീവനക്കാരെയാണ് പിരിച്ച് വിട്ടത്. ചെലവ് കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പിരിച്ചുവിടലുമായി മുന്നോട്ട് പോകുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ജീവനക്കാരെ പിരിച്ച് വിടുന്നത് വഴി പ്രവര്‍ത്തന ചെലവിന്റെ 10 ശതമാനം കുറയ്ക്കാന്‍ കമ്പനിയെ സഹായിക്കും. കൂടാതെ പിരിച്ചു വിടല്‍ കമ്പനിയുടെ ലാഭകരമായ വളര്‍ച്ചയ്ക്ക് പ്രധാനമായ മറ്റ് മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും കമ്പനി വക്താക്കള്‍ പറഞ്ഞിരുന്നു.

എ ഐ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച മൂലമുണ്ടാകുന്ന വെല്ലുവിളികള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവ നിലനില്‍ക്കുമ്പോഴും വ്യവസായത്തില്‍ കമ്പനികളുടെ മുന്നോട്ടുള്ള വഴി അനിശ്ചിതത്വത്തിലാക്കുന്നുണ്ടെങ്കിലും വ്യവസായ മേഖല ഇപ്പോഴും ശക്തമാണ്. കമ്പനികള്‍ക്ക് വിദഗ്ദ്ധരായ തൊഴിലാളികളെ ആവശ്യമുണ്ട് താനും. ഒരു വ്യക്തിക്ക് ഒന്നിലധികം മേഖലയില്‍ പ്രാവീണ്യം ഉണ്ടെങ്കില്‍ മാത്രമേ ഇനി ഇത്തരം കമ്പനികളില്‍ നില നിലനില്‍ക്കാന്‍ സാധിക്കു എന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍