June 04, 2026 |

പ്രീമാജിക്ക് ദുബായ് ജൈടെക്‌സ് ടെക് മേളയുടെ ഔദ്യോഗിക മീഡിയ പാര്‍ട്ണര്‍

ജൈടെക്‌സിന് അനുബന്ധമായി നടക്കുന്ന എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്

ലോകത്തെ ഏറ്റവും വലിയ ടെക്ക്‌നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്‌സ് ആഗോള ടെക്ക് എക്‌സിബിഷനില്‍ ഇത്തവണത്തെ ഔദ്യോഗിക മീഡിയ പാര്‍ട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് പ്രീമാജിക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ജൈടെക്‌സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. മേളയ്‌ക്കെത്തുന്ന ആരുടെ ഫോട്ടോയും തത്സയം അവരവരുടെ മൊബൈല്‍ ഫോണിലേക്ക് എത്തിക്കുന്ന നിര്‍മിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്‌സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം ഫോട്ടോകള്‍ ലഭിക്കുന്നതിലൂടെ വ്യക്തികള്‍ അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലേക്ക് ഈ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് വഴി ജൈവികവും വിശ്വാസയോഗ്യവുമായ യൂസര്‍ ജനറേറ്റഡ് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പ്രീമാജിക്കിന്റെ ഈ സാങ്കേതിക വിദ്യ ഇവന്റ് മാര്‍ക്കറ്റിംഗില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഒക്ടോബര്‍ 15 മുതല്‍ 20 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്‌സ് മേള അരങ്ങേറുന്നത്. ജൈടെക്‌സിന് അനുബന്ധമായി നടക്കുന്ന എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ലഭിച്ച ആഗോള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് പ്രീമാജിക്ക് സിഇഒ അനൂപ് മോഹന്‍ പറഞ്ഞു. ”നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള തലത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ ഈ നേട്ടം കാരണമാകും. ഗള്‍ഫ് മേഖലയിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള മികച്ച അവസരമായാണ് ഇതിനെ കാണുന്നത്,” അനൂപ് മോഹന്‍ പറഞ്ഞു.

ആയിരക്കണക്കിന് അതിഥികളും സന്ദര്‍ശകരുമെത്തുന്ന വന്‍കിട പരിപാടികളില്‍ അതിഥികളുടെ ഫോട്ടോകളെടുത്ത് അവരുടെ ഫോട്ടോകള്‍ തത്സമയ അവരുടെ മൊബൈലിലേക്ക് വിതരണം ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് പ്രീമാജിക്കിനെ വേറിട്ട് നിര്‍ത്തുന്നത്. എഐ ഫെയ്‌സ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഓരോരുത്തരുടേയും ഫോട്ടോകള്‍ തിരഞ്ഞെടുത്ത് ആവശ്യപ്പെടുന്നതു പ്രകാരം വിതരണം ചെയ്യുന്നത്.

വലിയ ഇവന്റുകളില്‍ പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും മറ്റു പങ്കാളികള്‍ക്കും മികച്ച അനുഭവമാണ് തത്സമ ഫോട്ടോ വിതരണത്തിലൂടെ പ്രീമാജിക്ക് നല്‍കുന്നത്. 2018ല്‍ കൊച്ചിയില്‍ തുടക്കമിട്ട പ്രീമാജിക്ക് ഇതിനകം ഒട്ടേറെ വന്‍കിട പരിപാടികളില്‍ ഈ സാങ്കേതികവിദ്യ പ്രയോഗിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. തത്സമയം ഫോട്ടോ ലഭിക്കുന്നതിലൂടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലെ ഉപയോക്താക്കള്‍ ഇത് അവിടെ ഷെയര്‍ ചെയ്യുന്നത് വഴി വര്‍ധിച്ച ഓര്‍ഗാനിക് കവറേജ് ലഭിക്കുന്നു. ഇവന്റ് മാര്‍ക്കറ്റിംഗില്‍ ഇത് വിപ്ലവകരമായ മാറ്റമാണ് കൊണ്ട് വന്നിട്ടുള്ളത്. ഇത് കൂടാതെ ബ്രാന്‍ഡ് പ്രമോഷനും പ്രേക്ഷകരുടെ ഇടപഴകലിനും ഒരു പ്ലാറ്റഫോം ആയും പ്രീമാജിക്ക് പ്രവര്‍ത്തിക്കുന്നു. സോഫ്റ്റ് വെയര്‍-ആസ്-എ-സര്‍വീസ് (സാസ്) മേഖലയിലാണ് കമ്പനി ചുവടുറപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×