June 26, 2026 |
Share on

ഒരുമിച്ച് താമസിക്കാന്‍ താത്പര്യമുണ്ടോ! സിംഗിള്‍ മദറിനെ പാര്‍ട്ണര്‍ ആക്കുന്ന സിംഗിള്‍ മദര്‍

ചൈനയിലെ പുതിയ ട്രെന്‍ഡിന് പിന്നില്‍

ചൈനയിൽ വിവാഹമോചന നിരക്ക് കുതിച്ചുയരുകയും ജീവിതച്ചെലവ് വർധിക്കുകയും ചെയ്യുന്നതിനിടെ, സിംഗിൾ മദേഴ്സ് തങ്ങളുടെ വെല്ലുവിളികൾ നേരിടാൻ പുതിയൊരു മാർഗമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പരമ്പരാഗത കുടുംബ ബന്ധങ്ങൾക്കപ്പുറം, സമാന ചിന്താഗതിയുള്ള മറ്റ് അമ്മമാരുമായി ഒരുമിച്ച് താമസിക്കുകയും കുട്ടികളെ വളർത്താനുള്ള ഉത്തരവാദിത്തങ്ങൾ പങ്കിടുകയും ചെയ്യുന്ന അനൗപചാരിക ‘കൂട്ടുകുടുംബങ്ങൾ’ ചൈനയിൽ ദിനം പ്രതി വർധിച്ചുവരികയാണ്. ഇതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ സിയാവോഹോങ്‌ഷു (റെഡ്നോട്ട്) പോലുള്ളവയിൽ, ഒരുമിച്ച് താമസിക്കാൻ താൽപ്പര്യമുള്ള അമ്മമാരെ തേടുന്ന പോസ്റ്റുകൾ ഇപ്പോൾ പതിവ് കാഴ്ചയാണ്.

‘ഒരുമിച്ച് താമസിക്കാൻ മറ്റൊരു സിംഗിൾ മദറിനെ കണ്ടെത്താനാണ് എൻ്റെ ആഗ്രഹം, അപ്പോൾ നമുക്ക് പരസ്പരം ശ്രദ്ധിക്കാമല്ലോ. കുട്ടികൾക്ക് ഏകദേശം ഒരേ പ്രായമാണെങ്കിൽ അവർക്ക് കൂട്ടുകാരുമാകാം. തനിച്ചു കുട്ടികളെ വളർത്തുന്നവർക്കറിയാം അത് എത്ര ബുദ്ധിമുട്ടാണെന്ന്, ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാറില്ല,’ ഒരു പോസ്റ്റിൽ കുറിക്കുന്നു.

ഈ പ്രവണതയെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെങ്കിലും, ഓൺലൈൻ പിന്തുണ ശൃംഖലയുടെ വളർച്ച വിദഗ്ധർ ശ്രദ്ധിച്ചിട്ടുണ്ട്. ചൈനയിൽ ഏകദേശം 30 ദശലക്ഷം സിംഗിൾ മദേഴ്സ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ വിവാഹമോചന നിരക്ക് നാലിരട്ടിയായാണ് വർധിച്ചത്.

സാമ്പത്തിക ഭദ്രത ലക്ഷ്യം

വിവാഹബന്ധം വേർപെടുമ്പോൾ 80 ശതമാനത്തിലധികം കേസുകളിലും കുട്ടികളുടെ സംരക്ഷണം അമ്മമാർക്കാണ് ലഭിക്കുന്നത്. എന്നാൽ, കുട്ടികളുടെ സംരക്ഷണത്തിനായി നിയമപരമായ ബാധ്യതകൾ നിലനിൽക്കുമ്പോഴും, സിംഗിൾ മദർ കുടുംബങ്ങളിൽ ഒരു വലിയ വിഭാഗം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

കിംഗ്‌സ് കോളേജ് ലണ്ടനിലെ വിദഗ്ധനായ ഡോ. യെ ലിയുവിൻ്റെ അഭിപ്രായത്തിൽ, സിംഗിൾ പേരൻ്റ്സിനായുള്ള മതിയായ സർക്കാർ ക്ഷേമപദ്ധതികളുടെ അഭാവവും ബന്ധുക്കളിൽ നിന്നുള്ള പിന്തുണക്കുറവുമാണ് അമ്മമാരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുന്നത്.

‘ഉയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും ഈ സാമ്പത്തിക അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുന്നു, ഇതാണ് വ്യക്തിഗത പരസ്യങ്ങൾ വഴി അനൗപചാരിക പിന്തുണ തേടുന്നതിന് പിന്നിലെ പ്രധാന പ്രേരകശക്തി,’ അദ്ദേഹം പറയുന്നു.

പുതിയ ‘കൂട്ടുകുടുംബ’ മാതൃക

നാഞ്ചിംഗിൽ 2022 മുതൽ ഒരുമിച്ച് താമസിക്കുന്ന സു ദന്യുവിൻ്റെയും ഫെയ് യുവൻ്റെയും അനുഭവം ഈ പുതിയ ജീവിതരീതിയുടെ ഗുണങ്ങൾ എടുത്തു കാണിക്കുന്നു. ഇരുവരും വിവാഹമോചിതരും കുട്ടികളുള്ളവരുമാണ്.

“ഞങ്ങൾ ഒരുമിച്ചു നിൽക്കുന്നതിൻ്റെ കാതൽ വ്യക്തമാണ് – അത് ജീവിതത്തിലെ അപകടസാധ്യതകളും സമ്മർദ്ദങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ചാണ്,” സു പറയുന്നു. ഫെയ് അടുക്കള കാര്യങ്ങളിൽ മോശമാണെങ്കിലും വീടും കാര്യങ്ങളും അടുക്കും ചിട്ടയോടെ സൂക്ഷിക്കുന്നതിൽ മിടുക്കിയാണ്. സു നന്നായി പാചകം ചെയ്യും. ഇരുവരും ഇപ്പോൾ ഒരുമിച്ച് ഒരു ബിസിനസ് നടത്തുകയും കുട്ടികളുടെ പരിചരണ ചുമതലകൾ പങ്കിടുകയും ചെയ്യുന്നു.

സാമൂഹിക വെല്ലുവിളികൾ

ഈ ക്രമീകരണം തങ്ങളെ പിന്തുണയ്ക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും അംഗീകരിക്കുന്നുണ്ടെന്നും, എങ്കിലും ഓൺലെെനിൽ മോശം അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ടെന്നും അവർ പറയുന്നു. എങ്കിലും അതൊന്നും അവരെ ബാധിക്കാറേയില്ല.

‘ഞങ്ങൾക്ക് പ്രധാനം ഞങ്ങളുടെ കുട്ടികൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നുണ്ടോ, പഠനത്തിൽ മുന്നോട്ട് പോകുന്നുണ്ടോ, ബിസിനസ് വളരുന്നുണ്ടോ എന്നതാണ്,’ സു വ്യക്തമാക്കി.

വിവാഹമോചനത്തിന് ശേഷം വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്ത 31 കാരിയായ ജിയാങ് മെങ്യു, ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടി നൽകി ഷി മെങ്യുവുമായി ഒരുമിച്ച് താമസിക്കാൻ തുടങ്ങി. കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ജിയാങ് വീട്ടിൽ നിൽക്കുകയും ഷി ജോലിക്ക് പോകുകയും ചെയ്യുന്നു.

‘സ്വകാര്യ താൽപ്പര്യങ്ങളോ നേട്ടങ്ങളോ ഇല്ലാത്തതിനാൽ, ഈ ബന്ധം വിവാഹത്തേക്കാൾ ശുദ്ധവും ലളിതവുമാണ്,’ ജിയാങ് അഭിപ്രായപ്പെട്ടു.

ചൈനയിൽ സിംഗിൾ മദർമാരോടുള്ള സാമൂഹിക മനോഭാവം മാറുന്നുണ്ടെങ്കിലും, ഈ അനൗപചാരിക താമസ ക്രമീകരണങ്ങൾക്ക് നിയമപരമായ പരിരക്ഷകളില്ല എന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. ഈ ക്രമീകരണത്തിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് കുട്ടികൾക്കാണെന്ന് അമ്മമാർ പറയുന്നു.

content summary: Single Mothers in China Move In Together for Mutual Support

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×