സ്വന്തമായ വ്യക്തിത്വം, തൊഴില്‍, ലക്ഷ്യങ്ങള്‍, വിനോദങ്ങള്‍ എന്നിവയുള്ള ഒരു സ്ത്രീയുടെ താല്‍പര്യങ്ങള്‍ അവളുടെ അമ്മ ജീവിതമായി ഇടയുന്നതെങ്ങനെ എന്നത് നമ്മുടെയെല്ലാം അനുഭവങ്ങളില്‍ തന്നെയുള്ളതാണ്. ഒരേ സമയം ഉത്തരവാദിത്വമുള്ള രക്ഷകര്‍ത്താവും, ജനാധിപത്യവാദിയായ അമ്മയും ആയിരിക്കുക എന്നത് ഇതിന്റെ പുറമേയുള്ള ഇരട്ടി പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ സാധാരണ നാട്ടുനടപ്പില്‍ നിന്ന് വ്യത്യസ്തമായ അമ്മ / കുഞ്ഞ് ബന്ധങ്ങളെല്ലാം തന്നെ പലതലത്തില്‍ സംഘര്‍ഷ പൂരിതവുമാണ്. ഈ സംഘര്‍ഷങ്ങളാണ് അമ്മയുടേയും മകളുടേയും പില്‍ക്കാല രൂപപ്പെടലുകളെ നിയന്ത്രിക്കുന്നത് എന്നതാണ് വാസ്തവം. പരമ്പരാഗത മാതൃകകളാല്‍ നിര്‍ണയിക്കപ്പെടുന്നതു പോലുള്ള ഒരു കേവല കൊടുക്കല്‍ – സ്വീകരിക്കല്‍ ബന്ധമല്ല അമ്മയും മകളും തമ്മിലുള്ളത്. അമ്മയും മകളും രാഷ്ട്രീയ സ്വത്വങ്ങള്‍ കൂടിയാകുമ്പോള്‍ ഈ വിനിമയങ്ങള്‍ എത്തരത്തിലായിരിക്കും? കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തിന്റെ മുന്‍ നിരയിലുള്ള പേരാണ് മേരി റോയിയുടേത്. പുരുഷാധിപത്യവും ക്രൈസ്തവ സഭയും ചേര്‍ന്ന് നിര്‍മ്മിച്ച പ്രതിബന്ധങ്ങളെ അവര്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തകര്‍ത്തെറിഞ്ഞു. ഒപ്പം പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്ന് വേറിട്ട വിജയകരമായ ഒരു ബദല്‍ മാതൃക ഒറ്റക്കു തന്നെ നിര്‍മ്മിക്കുകയും ചെയ്തു. അരുന്ധതി റോയിയുടെ അമ്മ എന്നത് അവരുടെ അവസാനകാല മേല്‍വിലാസങ്ങളില്‍ ഒന്നു മാത്രമാണ്. ആ അമ്മക്ക് അരുന്ധതി റോയ് നല്‍കുന്ന ആദരാഞ്ജലിയാണ് (ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍) Mother Mary Comes to Me എന്ന ആത്മകഥ. അമ്മയുമായുള്ള ഇടച്ചിലുകളിലും കൂടിച്ചേരലുകളിലും നിന്ന് ഊര്‍ജ്ജം പറ്റി സ്വതന്ത്രയായ ഒരു രാഷ്ട്രീയ ജീവി ഉരുവം കൊണ്ടതിന്റെ കഥയാണ് പുസ്തകം പറയുന്നത്.

മേരി റോയി
മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് വേറിട്ട, ആസ്തമയുടെ കടുത്ത ആക്രമണങ്ങള്‍ ഇടക്കിടെ നേരിടേണ്ടി വരുന്ന ഒറ്റയാള്‍ പോരാളിയുടെ സഹനങ്ങള്‍ മക്കളോടും പുറം ലോകത്തോടുമുള്ള പൊട്ടിത്തെറികളായി രൂപം മാറുന്നു. ഇതിനോടുള്ള ഭയങ്ങളില്‍ നിന്നാണ് അരുന്ധതി റോയിയുടെ വ്യക്തിത്വം രൂപപ്പെടുന്നത്. അമ്മയുടെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം അവയവങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള മകള്‍ 17 വയസില്‍ അവരെ വിട്ട് നാടുവിട്ട് പുറം ലോകത്തേക്ക് ഓടി രക്ഷപ്പെടുന്നു. തുടര്‍ന്നുള്ള അവരുടെ ബന്ധങ്ങളേയും രാഷ്ട്രീയത്തേയുമെല്ലാം നിര്‍ണയിക്കുന്നത് അമ്മയുമായുള്ള അവരുടെ ബാല്യകാല സംഘര്‍ഷങ്ങളാണ്. എന്നാല്‍ ഭാഷയും, സ്വാതന്ത്ര്യബോധവും പോരാട്ട വീര്യവുമെല്ലാം അവര്‍ അമ്മയില്‍ നിന്ന് സ്വീകരിക്കുന്നു എന്ന് കാണാം. മരണത്തിന് ശേഷം വിശുദ്ധവത്കരിക്കപ്പെടുന്ന മദര്‍ മേരിയല്ല ഈ പുസ്തകത്തിലുള്ളത്. മകളുടെ തീക്ഷ്ണ ബുദ്ധിയില്‍ അവര്‍ പലവട്ടം വിചാരണ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. തകര്‍ത്തെറിയപ്പെടുന്ന അമ്മ ബിംബത്തെത്തന്നെ പിന്നീട് പുതിയ രീതികളില്‍ അരുന്ധതി കൂട്ടിയോജിപ്പിച്ചെടുക്കുന്നു. തകര്‍ക്കപ്പെട്ടതിന്റെ പരിക്കുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ. ഉണ്ണികള്‍ക്കായി (ഈ ഉണ്ണിയില്‍ പെണ്‍മക്കളില്ലാത്തതും സ്വാഭാവികം) കാത്തിരിക്കുന്ന മലയാളി പോപ്പുലര്‍ കള്‍ച്ചറിലെ സര്‍വം സഹയായ അമ്മ രൂപത്തിന്റെ മറുപുറം മേരിയില്‍ അരുന്ധതി കണ്ടെത്തുന്നു. അവര്‍ പാട്രിയാര്‍ക്കിയുടെ പ്രതിനിധിയായി സ്വന്തം മകനെ കാണുന്ന, അവനോട് കൂടുതല്‍ കുപിതയാകുന്ന ‘വിചിത്ര’ മാതാവാണ്.
അരുന്ധതി റോയി പില്‍ക്കാലത്ത് എന്തായിത്തീര്‍ന്നു എന്നതില്‍ മേരി റോയിയുടെ മകള്‍ എന്ന പ്രിവിലേജിന് പങ്കുണ്ടാവാം. ആ പ്രിവിലേജില്‍ നിന്നു കൂടിയാണ് അവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പക്ഷേ ഇംഗ്ലീഷ് ഭാഷയും ചെറുപ്പത്തിലേ കൈ വന്ന രാഷ്ട്രീയ ബോധവുമായി അത് തന്നെ തുണയ്ക്കുന്നു എന്ന് അവര്‍ അംഗീകരിക്കുന്നുണ്ട്. ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ മേരി റോയിയുടെ ജാതിബോധം പുറത്തു വരുന്നത് അരുന്ധതിയെ അസ്വസ്ഥയാക്കുകയും കിടപ്പിലായ അമ്മയുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുറ്റുപാടുമുള്ളവരെ ഒരേ സമയം തുണയ്ക്കുകയും പെരുമാറ്റം കൊണ്ട് ഹനിക്കുകയും ചെയ്യുന്ന മേരി റോയിയുടെ വൈരുദ്ധ്യത്തേയും അവര്‍ മനസിലാക്കുന്നു.

ഇത് അമ്മയെക്കുറിച്ച് മാത്രമുള്ള പുസ്തകമല്ല. അമ്മയുമായി ശത്രുതയിലായിരിക്കുമ്പോഴും പരാജയം അംഗീകരിക്കുന്നതിന്റെ പ്രാധാന്യം തന്നെ പഠിപ്പിക്കുന്ന അമ്മാവനെ അവര്‍ സ്‌നേഹിക്കുന്നു. പുരുഷാധിപത്യത്തിനെതിരെയുള്ള അമ്മയുടെ ഫെമിനിസ്റ്റ് രോഷം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സഹോദരന്റെ നിസംഗതയെ മനസ്സിലാക്കുന്നു. മദ്യപാനിയെങ്കിലും രസികനായ അച്ഛനുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നു. മിക്കി മൗസ് ചെവിക്ക് പുറമേ ഈ പുസ്തകത്തിലുടനീളം തെളിയുന്ന നര്‍മബോധവും അവര്‍ക്ക് ലഭിച്ചത് ‘മിക്കി റോയ് ‘ ല്‍ നിന്ന് തന്നെയാവണം. സുഹൃത്തുക്കളും പങ്കാളികളുമായി അവരുടെ ജീവിതത്തില്‍ വന്നു പോയ പുരുഷന്മാരെക്കുറിച്ചു കൂടിയുള്ള പുസ്തകമാണിത്. അവയെല്ലാം സര്‍ഗാത്മക പങ്കാളിത്തങ്ങള്‍ കൂടിയായിരുന്നു എന്നതാണ് പ്രധാനം.
ചിലരൊക്കെ ഉന്നയിച്ച ഒരു വിമര്‍ശനം ഇതൊരു രാഷ്ട്രീയ ആത്മകഥയല്ല എന്നാണ്. എന്നാല്‍ ഈ പുസ്തകത്തിലുടനീളമുള്ളത് രാഷ്ട്രീയം മാത്രമാണ്. ഫെമിനിസ്റ്റ് രാഷ്ട്രീയം മാത്രമല്ല ഹിന്ദുത്വ ഫാസിസത്തോട്, നിലവിലുള്ള ഭരണകൂടത്തോട്, പ്രധാനമന്ത്രിയോട് ഒക്കെയുള്ള രൂക്ഷ വിമര്‍ശനവും പുസ്തകത്തിലടങ്ങിയിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അപകടപ്പെടുത്തുന്ന അധികാരത്തിന്റെ രാഷ്ട്രീയവും വിമര്‍ശവിധേയമാകുന്നു. ബാബറി മസ്ജിദിന്റെ തകര്‍ക്കല്‍, ഗുജറാത്ത് കലാപം, കശ്മീരിലെ സൈനിക ഇടപെടലുകള്‍, മാവോയിസ്റ്റ് വേട്ട, പരിസ്ഥിതി സമരങ്ങള്‍, അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റല്‍, ജി എന്‍ സായി ബാബയെ അന്യായമായി പത്തുവര്‍ഷം തടങ്കലില്‍ വെക്കല്‍ തുടങ്ങി സമകാലിക ഇന്ത്യയെ സംഘര്‍ഷ പൂരിതമാക്കിയ സംഭവവികാസങ്ങളുടെ ശില്‍പ്പികള്‍ പരസ്യമായിത്തന്നെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒരുപക്ഷേ നിലവില്‍ അപൂര്‍വമാളുകള്‍ക്ക് മാത്രമായിരിക്കും ഇത്രയും പരസ്യമായ വിമര്‍ശനം സാധ്യമാകുന്നതും. പലവട്ടം കോടതിയുടെ ശാസനകളും, ഒരു വട്ടം തടവും ഏറ്റുവാങ്ങിയ കഥകളും നര്‍മത്തിന്റെ അകമ്പടിയോടെ ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് അരുന്ധതി റോയിക്ക് ബുക്കര്‍ ലഭിക്കുന്നത്. അന്ന് കണ്ട അവരുടെ ചിത്രങ്ങള്‍ ഒരു മലയാളി സ്ത്രീക്ക് എഴുത്തുകൊണ്ടു മാത്രമല്ല രൂപം കൊണ്ടും ഇങ്ങനെയൊക്കെ ആകാം അല്ലേ എന്ന അത്ഭുതം സമ്മാനിച്ചത് ഇന്നും ഓര്‍മയിലുണ്ട്. തുടര്‍ന്നുള്ള അവരുടെ എഴുത്തുകളും സമരങ്ങളും നടപ്പുവഴിയില്‍ നിന്ന് കുതറാനാഗ്രഹിക്കുന്ന എന്റെ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നിട്ടുണ്ട്. മദര്‍ മേരിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ തറച്ചു കയറുന്ന സത്യസന്ധതയാണ്. ഒപ്പം ഞാനെന്ന അമ്മയേയും മകളേയും അല്‍പ്പം കൂടി ദയവോടെ സ്വയം വിചാരണക്ക് വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു. എന്റെ കുറ്റബോധത്തെ ആറ്റിത്തണുപ്പിക്കുന്നു. ഭാഷയുടേയും ഭാവനയുടേയും തലങ്ങളില്‍ നിന്നുള്ള പല വായനകള്‍ ഈ പുസ്തകത്തിന് സാധ്യമാണ്. എന്നാല്‍ ഇത് തൊട്ടത് എന്റെ അമ്മ ജീവിതത്തിന്റെ സംഘര്‍ഷങ്ങളെയാണ്. ഇടക്കിടെ അറിയാതെ ചിരിച്ചും കണ്ണു നിറഞ്ഞും വായിച്ചു തീര്‍ത്ത പുസ്തകം എഴുതരുത് എന്ന് കരുതിയിട്ടും എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നു. Arundhati Roy’s new book Mother Mary Comes to me; Review by Sangeetha Chenampulli
Content Summary; Arundhati Roy’s new book Mother Mary Comes to me; Review by Sangeetha Chenampulli
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.