വല്ലാത്തൊരു വരവായിരിക്കും മദര്‍ മേരിയുടെ. ചിലപ്പോള്‍ നെബുലൈസെര്‍, നീല മയിലുള്ള വിശറി, ജുജൂബ് ജ്യൂസ് ബോട്ടില്‍, മരുന്നുകള്‍, ആടയാലങ്കാരങ്ങള്‍ ഒക്കെ പേറുന്ന ഒരു ചെറിയ റെജിമെന്റ് (സ്ത്രീകളുടെ) അദൃശ്യരായി പുറകെയുണ്ടായിരിക്കാം. ആ നീലവെളിച്ചത്തില്‍ അരുന്ധതി റോയ് ഹിപ്‌നോടൈസ് ചെയ്യപ്പെട്ടു കാണാതെ പോയതായിരിക്കും. കാരണം, അമ്മയുടെ വാലിഡേഷനും, സ്‌നേഹവും കൊതിക്കുന്ന ആ കൊച്ചു കുട്ടി അവരുടെ ഉള്ളില്‍ ഇനിയും മരിച്ചിട്ടില്ലല്ലോ (she was my shelter and storm).
പള്ളിക്കൂടത്തിന്റെ സര്‍വ്വാധികാരിയായ, പണക്കാരിയായ, ബന്ധുക്കളുടെ മുന്നില്‍ ആളായ മിസ്സിസ് റോയ് എന്നാണ് തനിച്ചു പുറത്തിറങ്ങിയിട്ടുള്ളത്? ‘സെല്‍ഫ് ലവ് എന്നൊക്കെ പറഞ്ഞു സ്പായില്‍ പോയി മോട്ടിവേഷന്‍ വിളമ്പുന്ന ഇന്‍ഫ്‌ളുന്‍സര്‍സ് ഒക്കെ, അതിന്റെ unedited version അറിയണമെങ്കില്‍ മേരി റോയുടെ ജീവിതം അനുഭവിക്കണം. ഒടുക്കത്തെ റേഞ്ച് ആണ്. അതും കേരളത്തില്‍, കോട്ടയത്ത്. ദൈവത്തിന്റെ സ്വന്തം നാട് വിട്ടിട്ടാണല്ലോ നമ്മുടെ ഊതി വീര്‍പ്പിക്കുന്ന വിപ്ലവങ്ങളൊക്കെ.
ഒരു ‘Nothing man’- അയാളെ ഏതോ ദുര്‍ബല നിമിഷത്തില്‍ കെട്ടി, ആദ്യത്തെ കുട്ടി LKC , രണ്ടാമത്തെ, ഒരു പച്ച പപ്പായയ്ക്കും കൊല്ലാന്‍ പറ്റാതെ, ഭ്രൂണത്തില്‍ നിന്നു തന്നെ പൊരുതി പുറത്തേക്കു വന്ന അരുന്ധതി (ഈ പേര് എങ്ങിനെ വന്നു, തികഞ്ഞ ഹിന്ദുത്വ അജണ്ട) – അഡ്രസ് ഇല്ലാത്ത ഈ പിള്ളേരെയും കൊണ്ട്, ആദ്യം അസമില്‍ നിന്നും, പിന്നെ ഊട്ടിയില്‍ നിന്നും അയ്മനത്തേക്കു തള്ളപ്പെടുമ്പോള്‍, ഒരു സുറിയാനി ക്രിസ്ത്യന്‍ സ്ത്രീയുടെ വേരുകളില്‍ തന്നെ അഹങ്കരിക്കുന്ന നീല രക്തവും, അഭിമാനവും പടി കടത്തപ്പെടുന്നു പെരുവഴിയിലേക്ക്.
അക്കാലത്തെ ഒരേയൊരു ഫോട്ടോയില്‍ ഒട്ടും വ്യക്തത ഇല്ലെങ്കിലും മിസ്സിസ് റോയ് ഈ ലോകത്തോട് മുഴുവന്‍ ഒരു പ്രതികാരവാഞ്ജ പ്രകടിപ്പിക്കുന്ന പോലെ തോന്നും. ആ രണ്ടു കുഞ്ഞുങ്ങളുടെ മുഖത്തും അതിന്റെ ഭയപ്പാടുകള്‍ ഉണ്ട്. ആശ്രയത്തിനായി നീട്ടുന്ന കൈകളെ, പാതിയില്‍ ആരോ തട്ടി മാറ്റിയ പോലെ ഒരു ഫീല്‍ കുഞ്ഞു അരുന്ധതിക്കുണ്ട്. ഒരു ഫ്യൂഷനില്‍ മലിനമായ നീലരക്തം പേറുന്ന മിസ്സിസ് റോയുടെയും, വലിഞ്ഞു കയറി വന്ന പിള്ളേരുടെയും സര്‍വൈവല്‍ ത്രില്ലര്‍ ഇവിടെ തുടങ്ങുന്നു.
സത്യത്തില്‍ മദര്‍ മേരി കംസ് ടു മി യില്‍ അരുന്ധതി റോയ് ഒരു വിക്ടിം കാര്‍ഡ് പേറുന്നുണ്ട്. ‘fortunately I don’t remember ‘ എന്നു പറയുമ്പോള്‍ സഹോദരന്‍ ലളിത് കുമാറിന് കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ട്, ലാളിക്കപ്പെട്ടതിന്റെ എന്നര്‍ത്ഥം. ഇത്രയും കൊടുങ്കാറ്റ് ഉള്ളില്‍ പേറി, അതിന്റ അലകള്‍ പുറത്തേക്കു യഥേഷ്ടം വീതിച്ചു നല്‍കിയ മേരി റോയുടെ മകള്‍ക്ക് എത്രയോ കാലം കാത്തിരിക്കേണ്ടി വന്നു, ഒരു കസേരയെടുത്തെറിഞ്ഞു ആത്മരോഷം പ്രകടിപ്പിക്കാന്‍, ആദ്യമായി തുറന്നു പ്രതികരിച്ചു സ്വയം വെളിപ്പെടാന്‍, എന്നത് എന്നെ ചിന്തിപ്പിക്കുന്നു. അതിശയിപ്പിക്കുന്നു. ഇത്രയും വീക്ക് ആയ ജീനുകളോ?
ആസ്ത്മ ശ്വാസം കൊടുക്കാതെ ബുദ്ധിമുട്ടിച്ചു ഭ്രാന്തെടുക്കുന്ന മേരി റോയ്ക്കു വേണ്ടി ശ്വസിച്ചു ജീവന്‍ നില നിര്‍ത്താന്‍ ശ്രമിക്കുന്ന ‘the valiant organ’ ഡോണര്‍ കുഞ്ഞു അരുന്ധതി. വലുതായിട്ടും, ലോകം നിറയെ കണ്ടിട്ടും, വല്ലപ്പോഴായി ഏതോ ഡെല്യൂഷനില്‍ (അതോ ബോധത്തിലോ) സ്‌നേഹത്തില്‍ പൊതിഞ്ഞു മദര്‍ മേരി അയച്ച കുഞ്ഞു മെസ്സേജുകള്‍ ആണ്, അവരില്‍ നിന്ന് തന്നെയുള്ള തികഞ്ഞ അവഗണനയിലും, അധിക്ഷേപങ്ങളിലും, സ്‌നേഹരാഹിത്യത്തിലും ജീവിക്കാന്‍ ശീലിച്ച അരുന്ധതിയുടെ ശ്വാസം നിലനിര്‍ത്തിയതെന്നു തോന്നും അത്തരം വര്‍ണ്ണനകളിലെ പതിഞ്ഞ, എന്നാല്‍ കൃത്യമായും നമ്മളോട് സംവദിക്കുന്ന മൃദുല വികാരങ്ങള്‍ വായിച്ചെടുത്താല്‍.
അങ്ങിനെ യൂണിവേഴ്‌സല്‍ ആയ ‘അമ്മ സെന്റിമെന്റ്‌സ്’ മറ്റൊരു തലത്തില്‍ മേരി റോയെ തന്നെ സെലിബ്രെറ്റ് ചെയ്യുന്നതും മദര്‍ മേരി കംസ് ടു മിയിലെ ഒരു വൈരുധ്യമാണ്. അതുകൊണ്ടാണ് ആ അവസാനത്തെ ‘I adore you ‘ എന്ന മറുപടിയോട് നമ്മള്‍ പൊരുത്തപ്പെടുന്നത്. എത്രയും ക്രൂരയായ വില്ലത്തികളോടും നമുക്കു എവിടെയൊക്കെയോ തോന്നുന്ന ഒരു സ്‌നേഹം ഇല്ലേ. അതവരുടെ ബാക്സ്റ്റോറി ആയിരിക്കാം, അവരെന്തു കൊണ്ട് ഇങ്ങിനെയായി എന്ന നീതിബോധം ആയിരിക്കാം, പൊരുതി വിജയം വരിച്ച, പിടി തരാതെ അകലത്തില്‍ നിര്‍ത്തിയ അവരുടെ വ്യക്തിത്വങ്ങളോടുള്ള ആരാധനയുമായിരിക്കാം.
മിസ്സിസ് റോയിലേക്കു മാത്രം വായന ഫോക്കസ് ചെയ്താല്‍, സിറിയന്‍ ക്രിസ്തീയ പാരമ്പര്യത്തില്‍, അതില്‍ അഭിമാനം കൊള്ളുന്ന ഒരു തലമുറക്ക്, അതിന്റെ വേരുകളടരാത്ത പാട്രിയാര്‍ക്കി ഇപ്പോഴും നിത്യജീവിതത്തിന്റെ ഭാഗമായവര്‍ക്ക് ഈ കോസ്‌മോപോളിറ്റന്‍സിനെ തിരിച്ചറിയാന്‍ പറ്റുമായിരിക്കും. തുല്യ സ്വത്തവകാശത്തിനു വേണ്ടി സുപ്രീം കോടതി വരെ പോയി, വിജയിച്ച മേരി റോയ് അവര്‍ക്കിപ്പോഴും വെളുത്തയെ പ്രണയിച്ച ഒരു ‘അമ്മു’ മാത്രമായിരിക്കും. ആവശ്യത്തിലേറെ കൈവശം വെച്ച സ്വത്തുക്കളെല്ലാം ധൂര്‍ത്തടിച്ചു, ജീവിതം പരാജയപ്പെടുത്തിയ ആഢ്യന്മാര്‍! അതിനു വേണ്ടി വിശാലമായ ‘ഒരു പരാജയ-വിജയ ഫോര്‍മുല, ഗോള്‍ഡന്‍ ഫിലോസഫി കുഞ്ഞിലേ അരുന്ധതിയെ പഠിപ്പിച്ച അമ്മാവന്‍ ജി ഐസക്ക് പല സന്ദര്‍ഭങ്ങളിലും ഇത് അരുന്ധതി റോയിയെ സമാധാനിപ്പിക്കുന്നുണ്ട്. ആ കടപ്പാട് അവര്‍ സൂക്ഷിക്കുന്നു.
മരിച്ചവരോട് പൊറുക്കണം എന്ന് ആരാണ് പറഞ്ഞത്? ഒരു ഇമ്പീരിയല്‍ എന്റോമോളോജിസ്റ്റിന്റെ ഭാര്യയായി, ഡൊമസ്റ്റിക് വയലന്‍സിന്റെ സ്മാരകമായി നടുവില്‍ ഒരു വലിയ വിടവുള്ള തലയുമായി, വയലിന്‍ വായന എന്നേക്കുമായി പൂട്ടിവെച്ച അമ്മയ്ക്കും, തന്റെ ദുരവസ്ഥ വിഷയമല്ലാതായതു മേരി റോയ് അവരുടെ മരണത്തിലും മറന്നില്ല. വീട് വിട്ടിറങ്ങി പോയ സ്വന്തം മകളെകുറിച്ച് വര്‍ഷങ്ങളോളം അന്വേഷിച്ചുമില്ല. എനിക്ക് തോന്നിയത് ചില ടൈം ആന്‍ഡ് സ്‌പേസുകളില്‍ അകപ്പെട്ടു പോയ ഒരു അന്യഗ്രഹ ജീവിയായിരുന്നു മേരി റോയ് എന്നാണ്. താന്‍ വസിച്ചിരുന്ന ഭൂമികയില്‍ അവര്‍ അവരെ മാത്രം കണ്ടു, പോറ്റി വളര്‍ത്തി, അവരുടെ സ്വപ്ങ്ങളിലൂടെ മാത്രം സഞ്ചരിച്ചു. അവര്‍ക്കു ചുറ്റും ആ ലോകം മാത്രം സൃഷ്ടിച്ചു. ചോദ്യം ചെയ്യപ്പെടാനോ, തിരുത്താനോ ആര്‍ക്കും അവകാശം കൊടുക്കാതെ, അവരിലെ സേഛ്വാധിപതി അവരില്‍ തന്നെ ഒബ്സ്സ്ഡ് ആയി.
പള്ളിക്കൂടത്തില്‍ പുരോഗമനവും ഇംഗ്ലീഷും 60കളില്‍ ബോണസ് ആയിരുന്നെങ്കിലും, ശിക്ഷാവിധികള്‍ പ്രാകൃതമായിരുന്നു. ഒരു നല്ല അധ്യാപിക, വിജയിച്ച സംരംഭക, എന്ന ടാഗുകളില്‍ അവരെ കണ്ടവരോടൊക്കെ, LKC യുടെ ‘true true’ പ്രതികരണം, അതിലെ സര്‍ക്കാസം ഓര്‍മിപ്പിക്കേണ്ടി വരും. അതിലും വലിയ ക്രൈം സ്വന്തം മക്കളോട് അവര്‍ കാണിച്ച അനീതികളാണ്. ശിക്ഷാര്‍ഹമായ ‘സിംഗിള്‍ ബാഡ് പാരന്റിങ് ആണ്. അച്ഛന്‍ മിക്കി റോയ് ഒരു nothing man ആവുമ്പോഴും, പരിഹസിച്ചു പരിഹസിച്ചു വീണ്ടും അയാളെ അപഹാസ്യനാക്കുമ്പോഴും, താന്‍ ആരായിരുന്നു, എന്തായിരുന്നു സ്വന്തം മക്കള്‍ക്ക് എന്നൊരിക്കലും അവര്‍ അറിയാതെ പോയതാണോ. അതോ, അങ്ങിനെ നടിച്ചതാണോ. അസുഖത്തിന്റെ മൂര്‍ദ്ധന്യാവസ്ഥകളില്‍ മിസ്സിസ് റോയ് കാണിച്ചു കൂട്ടിയ ജാതിയധിക്ഷേപം അടക്കമുള്ള പരാക്രമങ്ങളും, മരണം വരെയുള്ള രാജകീയ ജീവിതവും, അരുന്ധതി റോയിയുടെ കാവ്യാത്മകമായ ഭാഷയില്‍ നമ്മളെ ഭ്രമിപ്പിച്ചു കളയും. തുടങ്ങിയാല്‍ അവസാനിപ്പിക്കാതെ സ്വസ്ഥത തരാത്ത ഒരു ‘മാജിക്കല്‍ പുള്‍’ ഉണ്ട് ‘മദര്‍ മേരി കംസ് ടു മി’ക്ക്.
ഡോക്യുമെന്ററി എടുക്കാന്‍ വന്ന സംവിധായകന്‍ സെറ്റ് ചെയ്ത കാമറ തിരിച്ചു പെട്ടിയില്‍ കയറ്റി ഓടി പോകുന്ന തരത്തില്‍ ക്രേസി ആയ സ്വന്തം കുടുംബത്തെയും, ഇന്ത്യയിലെ ചില പരമ്പരാഗത യാഥാര്‍ഥ്യങ്ങള്‍ വിവരിക്കുമ്പോഴും, കുടുംബത്തിന് പുറത്തുള്ള അച്ഛന്‍ മിക്കി റോയിയുമായുള്ള കൂടിക്കാഴ്ചകളിലും നല്ല ഹ്യൂമര്‍ കൊണ്ട് വരുന്നുണ്ട് അരുന്ധതി റോയ് മദര്‍ മേരി കംസ് ടു മി യില്‍.
ആര്‍ക്കിടെക്ചര്‍ ഡല്‍ഹി കാലവും, സുഹൃത്തുക്കളും, ബുക്ക് ഷെല്‍ഫ് ആയി മാറിയ ഫ്രിഡ്ജും, അവരുടെ പ്രണയങ്ങളും, അവയിലെ അരക്ഷിതതാവസ്ഥയും, യുവത്വത്തില്‍ പ്രദീപില്‍ കണ്ട അഭയവും, അരുന്ധതി റോയ് ഒരു എഴുത്തുകാരി ആവുന്നതും, ഗോഡ് ഓഫ് സ്‌മോള്‍ തിങ്സിന്റെ പിറവിയും, ഓവര്‍ നൈറ്റ് സെലബ്രിറ്റി-മില്യണയര്‍ ഇമേജും, മദര്‍ മേരിയുടെ ഐതിഹാസിക റീഡിങ് സെന്‍സറിംഗും, പിശുക്കിയുള്ള അഭിനന്ദനവും, പെരുന്തച്ചന്‍ കോംപ്ലെക്‌സും, സ്‌ക്രിപ്റ്റ് റൈറ്റര്‍ റോള്‍ വിജയങ്ങളും, അവരുടെ രാഷ്ട്രീയവും, രാജ്യവിരുദ്ധ ഇമേജും, മിനിസ്ട്രി ഓഫ് അറ്റ്‌മോസ്‌റ് ഹാപ്പിനെസ്സിലെ കൂടെ കൊണ്ട് നടക്കുന്ന അഞ്ചുമും, സ്വന്തമായ വീടും, മിസ്സിസ് റോയിയുടെ റോയല്‍ ഡല്‍ഹി ട്രിപ്പുകളും… മദര്‍ മേരി സന്ദര്‍ശിച്ചത് വെറുതെയായില്ല. വായനക്കാരുടെ മുന്നിലേക്ക്, തന്റെ, ഇത് വരെ സെന്‍സര്‍ ചെയ്തു വെച്ചിരുന്ന ജീവിതം മറയില്ലാതെ തുറന്നു വെക്കുന്നുണ്ട് അരുന്ധതി റോയ്. പക്ഷെ, ഈ മെമോര്‍- ലെ മിന്നും താരം മദര്‍ മേരി തന്നെയാണ്.
നല്ല പ്രിവിലേജുകളോടെ വളര്‍ന്ന എന്നെ കുര്യക്കോസിന്റെയും, കുട്ടപ്പന്റെയും നഷ്ടപ്പെട്ട കുട്ടിക്കാലവും, ഗെറ്റ് ഔട്ട് ആജ്ഞകളും, റീജെക്ഷനും, അപമാനവും, ബോഡി ഷെയ്മിംഗും, ഐഡന്റിറ്റി ക്രൈസിസും വിടാതെ പിന്തുടര്‍ന്ന അവരുടെ ജീവിതവും കുത്തി വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മദര്‍ മേരി ഒരു കുലുക്കവുമില്ലാതെ അടുത്ത ഗ്രഹത്തിലേക്ക് യാത്ര പോവുമ്പോള്‍, അവരുടെ അഡ്രസ് ഇല്ലാത്ത പിള്ളേര്‍ അറുപതുകളില്‍ ആണ് എന്നോര്‍ക്കണം! അവിടെയും, LKC യെ പോലും അതിശയിപ്പിച്ചു കൊണ്ട് അരുന്ധതി റോയ് പതറുന്നുണ്ട്.
അരുന്ധതി റോയ്, നിങ്ങള്‍ തകര്‍ത്തത് നാളിതു വരെ ഞാന്‍ കൊണ്ട് നടന്ന മേരി റോയ് ഇമേജിനെയാണ്. പള്ളിക്കൂടം കോട്ടയത്തായി പോയതില്‍ വിഷമിച്ചിട്ടുണ്ട്. ഞാന്‍ കരുതി, അവര്‍ ധീരമായി, വ്യക്തിത്വത്തോടെ വളര്‍ത്തി, ലോകത്തേക്ക് പറത്തി വിട്ടതാണ് നിങ്ങളെ, ബുക്കര്‍ പ്രൈസ് നേടിയ ഒരു എഴുത്തുകാരി ആക്കിയതെന്ന്. മിക്ക വിഷയങ്ങളിലും സ്വന്തം അഭിപ്രായങ്ങളുള്ള ഒരാളാക്കിയതെന്ന്. ഇപ്പോള്‍ അറിയുന്നു, ഇതിന്റെ മറുപുറവും ഊര്‍ജമാണ് എന്ന്. അതിലും സ്പാര്‍ക്കുകള്‍ ഉണ്ട്. എന്റെ എത്രയെത്ര ഉട്ടോപ്യന്‍ ആശയങ്ങളെയാണ് നിങ്ങളുടെ മദര്‍ മേരി വന്നു വെല്ലുവിളിക്കുന്നത്! ‘എസ്‌ക്യൂസ് മി, ഷാല്‍ ഐ ‘ എന്നൊന്നും പഠിപ്പിച്ച അമ്മമാരെ ഞങ്ങള്‍ക്ക് പരിചയമല്ല, കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. അവിടെയാണ് മേരി റോയ് ഒരു കൂറ്റന്‍ കട്ടൗട്ട് ആയി പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ ചോദിക്കട്ടെ, How’s That Crazy Mother of Yours?
Content Summary; Arundhati Roy’ s Mother Mary Comes to me. Book Review. Arundhati Roy shattered the image her mother had before the world