തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) എന്ന സുപ്രധാന തസ്തികയില്‍ ജോത്സ്യന്‍ റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ ഔദ്യോഗികമായി നിയമിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. രാഷ്ട്രീയ ജോത്സ്യം, സംഖ്യാശാസ്ത്രം എന്നിവയില്‍ പ്രമുഖനായ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ ആഭ്യന്തര ഘടനയുടെ ഭാഗമാക്കിയതിലൂടെ തമിഴ്‌നാട്ടിലെ അധികാര കേന്ദ്രങ്ങളുമായി ദീര്‍ഘകാലമായി ബന്ധമുള്ള ഒരു വ്യക്തിയെയാണ് വിജയ് തന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കായി ഒപ്പം കൂട്ടിയിരിക്കുന്നത്.
ഈറോഡ് സ്വദേശിയായ വെട്രിവേല്‍ മുന്‍പ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായ ജ്യോത്സ്യനായിരുന്നു. എന്നാല്‍, അവര്‍ തമ്മിലുള്ള ബന്ധം പിന്നീട് വഷളായതായി റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ജയിലിലാകില്ലെന്ന വെട്രിവേലിന്റെ പ്രവചനം പാളിപ്പോയതാണ് ഈ അകല്‍ച്ചയ്ക്ക് കാരണമായത്. 2014 സെപ്റ്റംബറില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലിലായതോടെ ഇരുവരും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിച്ചു. ഇതിനെത്തുടര്‍ന്ന് വെട്രിവേല്‍ സിംഗപ്പൂരിലേക്ക് മാറുകയായിരുന്നു.
സിംഗപ്പൂരിലും പിന്നീട് ഡല്‍ഹിയിലുമായി കഴിഞ്ഞ കാലത്താണ് അദ്ദേഹം തന്റെ പേര് ‘രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍’ എന്ന് പുനര്‍നാമകരണം ചെയ്തത്. ഉത്തരേന്ത്യന്‍ സ്പര്‍ശമുള്ള ഈ പുതിയ പേര് തന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും പ്രവാസികള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. ജ്യോതിഷപരമായ കാരണങ്ങളാലാണ് പേരുമാറ്റമെന്നും സൂചനയുണ്ട്. ഈറോഡ് സ്വദേശിയാണെങ്കിലും ചെന്നൈയിലും ഡല്‍ഹിയിലും ഇദ്ദേഹത്തിന് സജീവ സാന്നിധ്യമുണ്ട്. ഡല്‍ഹിയില്‍ വച്ച് ബിജെപി, കോണ്‍ഗ്രസ് നേതാക്കളുമായും വെട്രിവേല്‍ ബന്ധം സ്ഥാപിച്ചു.
ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഒരു ഇടനിലക്കാരന്‍ വഴി വിജയ്യുടെ രാഷ്ട്രീയ വൃത്തങ്ങളിലേക്ക് വെട്രിവേല്‍ പ്രവേശിക്കുന്നത്. വിജയ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട മണ്ഡലം ‘വി’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കണം എന്ന നിര്‍ദ്ദേശം നല്‍കിയത് ഇദ്ദേഹമായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് യൂട്യൂബ് അഭിമുഖങ്ങളിലൂടെ വിജയ്യുടെയും ടി.വി.കെയുടെയും രാഷ്ട്രീയ ഉയര്‍ച്ചയെക്കുറിച്ച് വെട്രിവേല്‍ നിരവധി അനുകൂല പ്രവചനങ്ങള്‍ നടത്തിയിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ ഇദ്ദേഹത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. വിജയ്യുടെ ജാതകം പരിശോധിച്ച വെട്രിവേല്‍, രാഷ്ട്രീയത്തില്‍ അദ്ദേഹം ഒരു ‘സുനാമി’ പോലെ ആഞ്ഞടിക്കുമെന്ന് പ്രവചിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് നിശ്ചയിച്ചത് മുതല്‍ അതിന്റെ ലോഞ്ച് വരെയുള്ള കാര്യങ്ങള്‍ വിജയ്യുടെ ജന്മനക്ഷത്രവും ജാതകവും അനുസരിച്ചാണ് ഇദ്ദേഹം ക്രമീകരിച്ചത്. ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വെട്രിവേലിന്റെ ഉപദേശപ്രകാരം വിജയ് രാവിലെ പത്ത് മണിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിയുടെ ഓരോ ചുവടുവെപ്പിലും വെട്രിവേലിന്റെ കൃത്യമായ ഇടപെടലുകളുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്ന സുപ്രധാന പദവിയിലേക്ക് വെട്രിവേലിനെ നിയമിച്ചതിലൂടെ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ ജ്യോതിഷത്തിനും സംഖ്യാശാസ്ത്രത്തിനും വലിയ സ്ഥാനമുണ്ടെന്ന സൂചനയാണ് വിജയ് നല്‍കുന്നത്. വിജയ് ഭരണമേറ്റതിന് പിന്നാലെ കൈക്കൊണ്ട പ്രധാന നയപരമായ തീരുമാനങ്ങളിലും ഈ സ്വാധീനം പ്രകടമാണ്. പൊതുജനക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനത്തെ 717 മദ്യവില്‍പന ശാലകള്‍ പൂട്ടാന്‍ വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബസ് സ്റ്റാന്‍ഡുകള്‍ക്കും സമീപമുള്ള ഷോപ്പുകളാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജ്യോതിഷത്തിനുള്ള സ്വാധീനം പുതിയതല്ലെങ്കിലും, വെട്രിവേലിനെപ്പോലൊരു വ്യക്തിയെ ഔദ്യോഗിക പദവിയിലേക്ക് കൊണ്ടുവന്നതിലൂടെ ആ ബന്ധത്തെ പാര്‍ട്ടിയുടെ ഭരണഘടനയുടെ ഭാഗമായി തന്നെ സ്ഥാപിച്ചിരിക്കുകയാണ് വിജയ്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേതാക്കള്‍ രഹസ്യമായി ജ്യോത്സ്യന്മാരെ സമീപിക്കുന്നത് പതിവാണെങ്കിലും, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയിലേക്ക് ഇത്തരത്തില്‍ ഒരാളെ നിയമിക്കുന്നത് അത്യപൂര്‍വ്വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങളില്‍ വെട്രിവേലിന്റെ സാന്നിധ്യം എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Content Summary: Vijay’s astrologer and Tamil Nadu’ Chief Ministers Officer on Special Duty, who is Rickey Radhan Pandit Vetrivel?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.