June 25, 2026 |
Share on

താഡ് മിസൈലുകള്‍ പശ്ചിമേഷ്യയിലേക്ക് മാറ്റി യുഎസ്; ഇറാനെ തടയാന്‍ ദക്ഷിണ കൊറിയയെ ‘കൈവിട്ടു’

താഡിന് പുറമെ പട്രിയോട്ട് മിസൈലുകളും യുഎസ് പിന്‍വലിക്കും

പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍, ദക്ഷിണ കൊറിയയില്‍ നിന്ന് തന്ത്രപ്രധാനമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ നീക്കം പുതിയ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് വഴിതുറക്കുന്നു. വിഖ്യാതമായ ‘താഡ്’ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങളും മറ്റ് സൈനിക ഹാര്‍ഡ്വെയറുകളുമാണ് യുഎസ് പുനര്‍വിന്യസിക്കുന്നത്. ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പിന്നാലെ ഇറാന്റെ മിസൈല്‍ പ്രത്യാക്രമണങ്ങളെ നേരിടാനാണ് യുഎസിന്റെ അടിയന്തര നീക്കം.

മിഡില്‍ ഈസ്റ്റിലെ യുഎസ്-ഇസ്രയേല്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന വന്‍തോതിലുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളാണ് ഈ പുനര്‍വിന്യാസത്തിന് കാരണം. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ താഡ് റഡാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താഡിന് പുറമെ പട്രിയോട്ട് മിസൈലുകളും ദക്ഷിണ കൊറിയയില്‍ നിന്ന് യുഎസ് പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സിയോളിന്റെ ആശങ്കയും വിയോജിപ്പും

ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണി നിലനില്‍ക്കെ, തങ്ങളുടെ സുരക്ഷാ കവചമായിരുന്ന താഡ് സംവിധാനം മാറ്റുന്നതിനോട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിയോങ്ജു ഗ്രാമത്തില്‍ ഈ സംവിധാനം സ്ഥാപിച്ചപ്പോള്‍ ചൈനയുടെയും റഷ്യയുടെയും അതൃപ്തി അവഗണിച്ചും അമേരിക്കയ്‌ക്കൊപ്പം നിന്ന രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാല്‍ ഇപ്പോള്‍ ഈ ആയുധങ്ങള്‍ പിന്‍വലിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ ശേഷിയില്‍ വലിയ വിടവുകള്‍ സൃഷ്ടിക്കുമെന്ന് ഭരണകൂടവും മാധ്യമങ്ങളും ആശങ്കപ്പെടുന്നു.

‘ഞങ്ങളുടെ എതിര്‍പ്പ് ഞങ്ങള്‍ വാഷിംഗ്ടണിനെ അറിയിച്ചു. എന്നാല്‍, അമേരിക്കയുടെ സൈനിക തീരുമാനങ്ങളില്‍ പൂര്‍ണമായി ഇടപെടാന്‍ നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് കഴിയില്ല” ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങിന്റെ പ്രസ്താവന സഖ്യകക്ഷികള്‍ക്കിടയിലെ അധികാര അസമത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ 28,500 യുഎസ് സൈനികര്‍ ദക്ഷിണ കൊറിയയിലുണ്ട്. താഡ് മാറ്റുന്നതോടെ ഉന്നത തലത്തിലുള്ള മിസൈലുകളെ പ്രതിരോധിക്കാനുള്ള ദക്ഷിണ കൊറിയയുടെ ശേഷിയില്‍ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയുടെ ഈ നീക്കം സഖ്യകക്ഷിയായ ദക്ഷിണ കൊറിയയോടുള്ള സുരക്ഷാ പ്രതിബദ്ധതയില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന ചോദ്യമാണ് ജൂങ് ആങ് ഡെയ്ലി പോലുള്ള കൊറിയന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.

ഉത്തര കൊറിയയുടെ ഭീഷണി

നിലവില്‍ മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങളെ ഉത്തര കൊറിയ എങ്ങനെ നോക്കിക്കാണുന്നു എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ദക്ഷിണ കൊറിയയെ ഏറ്റവും വലിയ ശത്രു എന്ന് വിശേഷിപ്പിച്ച കിം ജോങ് ഉന്‍, ഫെബ്രുവരിയില്‍ ആണവായുധ ശേഖരം വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ആയുധങ്ങളുടെ പിന്‍വാങ്ങല്‍ ഒരു അവസരമായി കണ്ട് ഉത്തര കൊറിയ പുതിയ പ്രകോപനങ്ങള്‍ക്കും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും മുതിരുമോ എന്നാണ് സൈനിക വിദഗ്ധര്‍ ഭയപ്പെടുന്നത്.

അമേരിക്കയുടെ തന്ത്രപരമായ നീക്കം

ഇറാനെതിരായ യുദ്ധ സജ്ജീകരണങ്ങള്‍ക്കായി മിഡില്‍ ഈസ്റ്റില്‍ പ്രതിരോധം ശക്തമാക്കേണ്ടത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നിലവിലെ മുന്‍ഗണനയാണ്. നിലവില്‍ ദക്ഷിണ കൊറിയയില്‍ നിന്നും നീക്കം ചെയ്യുന്ന ആയുധങ്ങള്‍ ദൗത്യം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ തിരികെ എത്തിക്കുമെന്ന് ഉറപ്പുവരുത്താന്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അമേരിക്കന്‍ പിന്തുണ എപ്പോള്‍ വേണമെങ്കിലും മാറാം എന്ന തിരിച്ചറിവ് സ്വന്തം പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ദക്ഷിണ കൊറിയയെ പ്രേരിപ്പിക്കുന്നുണ്ട്. ‘പുറത്തുനിന്നുള്ള പിന്തുണ എപ്പോഴും ഉണ്ടാകണമെന്നില്ല, നമ്മള്‍ സ്വയം സജ്ജരാകണം’ എന്നാണ് പ്രസിഡന്റ് ലീ ജെയ് മ്യുങ് കാബിനറ്റ് യോഗത്തില്‍ വ്യക്തമാക്കിയത്.

ഇറാന്‍-യുഎസ് യുദ്ധം ദക്ഷിണ കൊറിയയുടെ സുരക്ഷയെ പരോക്ഷമായി ബാധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മിഡില്‍ ഈസ്റ്റില്‍ ഒരു വലിയ മിസൈല്‍ കവചം ഒരുക്കാന്‍ യുഎസ് ശ്രമിക്കുമ്പോള്‍, കിഴക്കന്‍ ഏഷ്യയില്‍ ഉത്തര കൊറിയയെ തടയാനുള്ള ശേഷി പരീക്ഷിക്കപ്പെടുകയാണ്.

Content Summary: US shifts THAAD missile defense from South Korea to middle east amid Iran conflict

Leave a Reply

Your email address will not be published. Required fields are marked *

×