July 16, 2026 |
Share on

ടോമോഹോക്ക് മിസൈലുകള്‍ തടയാന്‍ തന്ത്രം മെനഞ്ഞ് പുടിന്‍; ട്രംപിനെ അടുപ്പിക്കുമോ?

രണ്ടര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം

യുഎസിന്റെ ദീര്‍ഘദൂര ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ യുക്രെയ്‌ന് നല്‍കാനുള്ള നീക്കം തടയാനുള്ള ശ്രമത്തിലാണ് റഷ്യന്‍ ഭരണകൂടം. കഴിഞ്ഞ എട്ട് മാസത്തിനിടെ റഷ്യന്‍ ഭരണകൂടം നടത്തിയ ഏറ്റവും പുതിയതും ദീര്‍ഘവുമായ ഫോണ്‍ സംഭാഷണം ക്രൂയിസ് മിസൈലുകള്‍ സംബന്ധിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. യുഎസിന്റെ ദീര്‍ഘദൂര ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ യുക്രെയ്‌ന് നല്‍കുന്നതിന്റെ അപകട സാധ്യതകള്‍ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് യുഎസ്-റഷ്യ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. സംഭാഷണത്തിന് മുന്‍കൈ എടുത്ത റഷ്യന്‍ ഉദ്യോഗസ്ഥര്‍, സംഭാഷണത്തെ ‘പോസിറ്റീവും ഫലപ്രദവും’ എന്നാണ് വിശേഷിപ്പിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട, തന്ത്രപരമായ ഇടപെടലായിരുന്നു ഫോണ്‍ സംഭാഷണം. യുക്രെയ്നിന് നിര്‍ണായകമായ യു.എസ്. ആയുധങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള അവസാന ശ്രമമാണ് പുടിന്‍ ഇതിലൂടെ നടത്തിയത്.

മോസ്‌കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് തുടങ്ങിയ പ്രധാന റഷ്യന്‍ നഗരങ്ങളെ ലക്ഷ്യമിടാന്‍ ശേഷിയുള്ള ടോമാഹോക്ക് മിസൈലുകള്‍ യുദ്ധക്കളത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പോകുന്നില്ലെന്ന് പുടിന്‍ ട്രംപിനോട് ഊന്നിപ്പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, ഈ മിസൈല്‍ വിതരണം യു.എസ്.-റഷ്യ ബന്ധം തകര്‍ക്കുകയേ ഉള്ളൂ എന്നും, റഷ്യയുമായുള്ള ബന്ധത്തിന് ട്രംപ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് തനിക്കറിയാമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാമ്പത്തിക കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുടിന്‍ വീണ്ടും വാതില്‍ തുറന്നിരിക്കുകയാണ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു പ്രസിഡന്റുമാരും ഹംഗറിയിലെ ബുഡാപെസ്റ്റില്‍ രണ്ടാമത്തെ നേരിട്ടുള്ള ഉച്ചകോടിക്കായി ധാരണയായി.

ഗാസയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചതിലും ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിലുമുള്ള തന്റെ വിജയത്തില്‍ ഡൊണാള്‍ഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മിഡില്‍ ഈസ്റ്റില്‍ നേടിയ വിജയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം സൂചന നല്‍കി.

എന്നാല്‍, ട്രംപിന്റെ ഈ ആത്മവിശ്വാസം യാഥാര്‍ത്ഥ്യമാകുമോ എന്ന് വ്യക്തമല്ല. കാരണം, വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെന്ന ഒരു സൂചനയും റഷ്യന്‍ ഭരണകൂടം നല്‍കിയിട്ടില്ല. വര്‍ദ്ധിച്ചുവരുന്ന ആളപായങ്ങള്‍, യുക്രേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ മൂലമുള്ള ഇന്ധനക്ഷാമം എന്നിവയ്ക്കിടയില്‍ ലക്ഷ്യം നേടാതെ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റഷ്യ.

വാഷിംഗ്ടണില്‍ ഒത്തുകൂടിയ യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്, ടോമാഹോക്ക് മിസൈലുകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പുടിനെ വീണ്ടും സംഭാഷണത്തിന് നിര്‍ബന്ധിതനാക്കിയത് എന്നാണ്. ഈ വാദം ശരിയായിരിക്കാമെങ്കിലും, റഷ്യന്‍ ഫെഡറേഷന്റെ തലസ്ഥാന നഗരമായ മോസ്‌കോയുടെ കണക്കുകൂട്ടല്‍ മറ്റൊന്നാണ്. സമാധാന ചര്‍ച്ചകളിലെ പുരോഗതിയുടെ സൂചനകള്‍ മാത്രം നല്‍കി സൈനിക ഭീഷണികള്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ്.

Content Summary: Putin devises a strategy to block Tomahawk missiles; will Trump draw closer?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×