June 26, 2026 |
Share on

സമുദ്രവിജയം തേടി യുഎസ്; ഇറാനെ ദുര്‍ബലമാക്കാന്‍ സാമ്പത്തിക യുദ്ധം

കരസേനയെ ഇറാനിലേക്ക് അയക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടത്തിന് വലിയ താല്പര്യമില്ല

ഇറാനുമായി ബന്ധമുള്ള എണ്ണ ടാങ്കറുകളില്‍ കയറി പരിശോധിക്കാനും അന്താരാഷ്ട്ര സമുദ്രപാതകളില്‍ വെച്ച് വാണിജ്യ കപ്പലുകള്‍ പിടിച്ചെടുക്കാനും തയ്യാറെടുത്ത് യുഎസ് സൈന്യം. വരുംദിവസങ്ങളില്‍ തന്നെ ഇത്തരം ഓപ്പറേഷനുകളിലേക്ക് അവര്‍ കടക്കും. മധ്യേഷ്യയ്ക്ക് പുറത്തേക്കും തങ്ങളുടെ നാവിക ഉപരോധം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ നീക്കം. ശനിയാഴ്ച ചില വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം ആക്രമണം നടത്തിയതോടെ ഈ ജലപാത തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി നേരത്തെ ഈ ജലപാത വാണിജ്യ ആവശ്യങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രസ്താവിച്ചിരുന്നുവെങ്കിലും, പുതിയ സംഭവവികാസങ്ങള്‍ കപ്പല്‍ ഗതാഗത കമ്പനികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ആണവ പദ്ധതികളില്‍ ഇളവുകള്‍ വരുത്താനും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കാനും ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടം ‘ഇക്കണോമിക് ഫ്യൂറി’ എന്ന പേരില്‍ പുതിയ സാമ്പത്തിക സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്.

ഇറാന്‍ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറാന്‍ സമ്മതിച്ചതായി പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇറാന്‍ ഈ വാദം നിഷേധിച്ചു. ഇതിനുപുറമെ, ഇറാന്‍ എത്രകാലം യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കണം എന്നതിലും, മരവിപ്പിക്കപ്പെട്ട കോടിക്കണക്കിന് ഡോളറിന്റെ വിദേശ ഫണ്ട് ഇറാനു തിരികെ ലഭിക്കുമോ എന്നതിലും ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ച 23 കപ്പലുകളെ ഇതിനോടകം തന്നെ അമേരിക്ക തിരിച്ചയച്ചു. ഈ നടപടികള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇറാന്‍ പതാകയേന്തിയ കപ്പലുകളെയും, ഇറാന്‍ ഭരണകൂടത്തിന് ഭൗതികമായ സഹായം നല്‍കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും സജീവമായി പിന്തുടരുമെന്നും, ഇതില്‍ ‘ഡാര്‍ക്ക് ഫ്‌ലീറ്റ്’ എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കപ്പലുകളും ഉള്‍പ്പെടുമെന്നും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

യുഎസ് ഇന്തോ-പസഫിക് കമാന്‍ഡിന്റെ സഹായത്തോടെയായിരിക്കും ഈ പുതിയ ഘട്ടം നടപ്പിലാക്കുകയെന്ന് ജനറല്‍ കെയ്ന്‍ അറിയിച്ചു. സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഇറാനുമായി ഒരു സമാധാന കരാറിലെത്താന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രകടിപ്പിച്ചത്. ഇരുപക്ഷവും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ അടുത്തയാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ നീക്കങ്ങള്‍. പാകിസ്ഥാനില്‍ നടന്ന മുന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, യുദ്ധം പുനരാരംഭിക്കാന്‍ ഇരുപക്ഷവും തയ്യാറെടുക്കുന്നുണ്ടെങ്കിലും, നേരിട്ടൊരു യുദ്ധത്തിന് ഇരുവര്‍ക്കും താല്പര്യമില്ലെന്നാണ് സൂചന. ഇറാന്‍ തങ്ങളുടെ കൈവശമുള്ള മിസൈലുകള്‍ വീണ്ടെടുക്കുന്നുണ്ടെങ്കിലും, അവരുടെ പ്രതിരോധ വ്യവസായത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ പുതിയവ നിര്‍മ്മിക്കാന്‍ അവര്‍ക്ക് വലിയ പ്രയാസമുണ്ടാകും.

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൈന്യത്തെ യുദ്ധത്തിന് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെങ്കിലും, കരസേനയെ ഇറാനിലേക്ക് അയക്കുന്നതില്‍ ഭരണകൂടത്തിന് വലിയ താല്പര്യമില്ല. ഇത്തരം നീക്കങ്ങള്‍ അമേരിക്കന്‍ പൊതുജനങ്ങളുടെ അതൃപ്തിക്ക് കാരണമാകുമെന്നതും യുഎസ് സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നുമാണ് ഇതിന് കാരണം. ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കുന്നത് സഖ്യകക്ഷികളായ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും, അതിനാല്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ തര്‍ക്കം അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ശ്രമിക്കുന്നത്.

ഇറാനില്‍ നിന്നുള്ള എണ്ണയുടെ പ്രധാന ഉപഭോക്താക്കള്‍ ചൈനയാണ്. ഇത് മുന്‍നിര്‍ത്തി, ചൈനീസ് എണ്ണ ശുദ്ധീകരണശാലകള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടയില്‍, ഇറാനിലെ നിയമവിരുദ്ധ എണ്ണ വ്യാപാരത്തെ തകര്‍ക്കാന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ശക്തമാക്കിയിട്ടുണ്ട്. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്ന അലി ഷാംഖാനിയുടെ മകന്‍ മുഹമ്മദ് ഹുസൈന്‍ ഷാംഖാനിയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ക്കും കമ്പനികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. നേരത്തെ വെനിസ്വേലയ്‌ക്കെതിരെ സ്വീകരിച്ചതുപോലെ, നിയമവിരുദ്ധമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്താനാണ് അമേരിക്കന്‍ അധികൃതരുടെ നീക്കമെന്ന് എമോറി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മാര്‍ക്ക് നെവിറ്റ് നിരീക്ഷിക്കുന്നു. ആക്ടിംഗ് അറ്റോണി ജനറല്‍ ടോഡ് ബ്ലാഞ്ചും, യുഎസ് അറ്റോണി ജാനിന്‍ പിറോയും ഇറാനിയന്‍ ഭരണകൂടത്തെ സഹായിക്കുന്ന ശൃംഖലകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Summary: Economic Fury: The US to tighten naval blockade against Iran, aiming to weaken the country through economic sanctions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×