അമേരിക്കയിലെ ടെക്‌സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 27 ഓളം പെണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട്.
ശക്തമായ മഴയ്ക്ക് പിന്നാലെ ഗ്വാഡലൂപ്പ് നദി 45 മിനിറ്റില്‍ 26 അടി ഉയര്‍ന്നതോടെയാണ് നദിക്കരയിലെ ക്രിസ്ത്യന്‍ വേനല്‍ക്കാല ക്യാമ്പ് ഒഴുകിപ്പോയത്. ക്യാമ്പിന് സമീപത്തുണ്ടായിരുന്നവരെയും കാണാതായതായി അധികൃതര്‍ പറയുന്നു. ടെക്‌സസസിലെ സാന്‍ അന്റോണിയോയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്. 850 ഓളം പേരെ രക്ഷപ്പെടുത്തിയതായും 1,700 ലധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നും അധികൃതര്‍ അറിയിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മാരകമായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയവരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറുകള്‍ കഴിയുന്തോറും അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യതകള്‍ കുറയുന്നതായി ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് മേധാവി നിം കിഡ് പറഞ്ഞു. എന്നാല്‍ കാണാതായ ഓരോ വ്യക്തിയും ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് വ്യക്തമാക്കി.
അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ഒഴുകിപ്പോയി. വാരാന്ത്യമായതിനാല്‍ നദിക്കരയില്‍ 750 ഓളം പെണ്‍കുട്ടികള്‍ തമ്പടിച്ചിരുന്നതായി കെര്‍ കൗണ്ടിയിലെ ഷെരീഷ് ലാറി ലീത പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 12 മുതിര്‍ന്നവരെയും അഞ്ച് കുട്ടികളെയും ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെളളപ്പൊക്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മരണസംഖ്യ ഉയരുമെന്ന ഔദ്യോഗിക സ്ഥിരീകരണത്തിനിടയിലും പലരെയും രക്ഷപ്പെടുത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ”കാണാതായവര്‍ മരത്തില്‍ കുടുങ്ങിയിരിക്കാം. അല്ലെങ്കില്‍ ആശയവിനിമയം നഷ്ടപ്പെട്ടിരിക്കാം”. ടെക്‌സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു.
മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേര്‍ന്ന് പ്രകൃതിരമണീയമായ സ്ഥലമാണ് ടെക്സസ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശം കൂടിയാണ്. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.
”198 ല്‍ ഉണ്ടായതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഇപ്പോള്‍. വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭ്യമായിരുന്നില്ല. പതിവായി വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലമായിട്ടും മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ല” കൗണ്ടിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കെര്‍ കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. Texas flood; dead 43 including 15 children’s
Content Summary: Texas flood; dead 43 including 15 children’s