UPDATES

ചലഞ്ചുകള്‍ വിജയിച്ച് ടെക്‌ജെന്‍ഷ്യ

കേരളത്തിന്റെ അഭിമാനമായി ജോയ് സെബാസ്റ്റ്യന്‍

                       

ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ‘ടെക്ജെന്‍ഷ്യ’ എന്ന കമ്പനി ഒരു ദശാബ്ദത്തിലേറെ നീളുന്ന അനുഭവസമ്പത്തും ജ്ഞാനവും ഉപയോഗിച്ചാണ് വിജയത്തിലേക്കുള്ള ചവിട്ടു പടികള്‍ ഓടിക്കയറിയത്. ഏറ്റവുമൊടുവിലായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിലെ പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കാനുളള ‘ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചിലും’ വിജയം നേടിയിരിക്കുകയാണ്. മത്സര നാളുകളെ പറ്റിയും ടെക്ജെന്‍ഷ്യയുടെ വിജയ രഹസ്യത്തെ പറ്റിയും അഴിമുഖത്തോട് സംസാരിക്കുകയാണ് ടെക്ജെന്‍ഷ്യയുടെ സിഇഒ ആയ ജോയ് സെബാസ്റ്റ്യന്‍.

വീഡിയോ കോണ്‍ഫറന്‍സിങ്ങിന്റെ സാധ്യതയാണ് പ്രധാനമായും ടെക്‌ജെന്‍ഷ്യയുടെ പ്രവര്‍ത്തന മേഖല. ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചിന് സമാനമായി 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ് ഇന്നോവേഷന്‍ എന്ന ചലഞ്ചിലും ടെക്ജന്‍ഷ്യക്ക് തന്നെ ആയിരുന്നു വിജയം. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ വിജയിച്ചതോടെ രാജ്യത്തെ പ്രധാന വീഡിയോ കോണ്‍ഫറന്‍സിങ് ടൂള്‍ ആയി ടെക്‌ജെന്‍ഷ്യയുടെ വി.കണ്‍സോള്‍ മാറിയിരുന്നു. അതിനു ശേഷം ഭാരത് വി സി എന്ന പേരില്‍ഗവണ്‍മെന്റ് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ ചലഞ്ചിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ടെക്ജന്‍ഷ്യയെ ഭാഷിണി ചലഞ്ചിന് ക്ഷണിക്കുന്നത്. ഭാരത് വി സിയില്‍ ഒന്നില്‍ കൂടുതല്‍ ഭാഷകളുടെ സഹായം ആവശ്യമായിരിക്കുന്ന ഘട്ടമാണിത്. ഭാഷിണി ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചലഞ്ചില്‍ രണ്ട് പ്രോബ്ലം സ്റ്റേറ്റ്‌മെന്റുകള്‍ (ചലഞ്ചുകള്‍) ആണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാമത്തേത് ലൈവ് സ്പീച്ച് ടൂ സ്പീച്ച് ട്രാന്‍സ്ലേഷന്‍, രണ്ടാമത്തേത് ഡോക്യുമെന്റ് ടെക്സ്റ്റ് ട്രാന്‍സ്ലേഷന്‍ ഇതില്‍ ആദ്യ വിഭാഗത്തില്‍ ആണ് ടെക്ജന്‍ഷ്യ മത്സരിച്ചത്. സ്പീച്ച് ടൂ സ്പീച്ച് ട്രാന്‍സ്ലേഷന്‍ എന്നാല്‍ സംസാരിക്കുന്ന ശബ്ദം നിര്‍ദിഷ്ട ഭാഷയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുക എന്നതാണ്.

ടെക്ജന്‍ഷ്യയുടെ തന്നെ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ബഹുസ്വര ഭാഷ സഹായം(multilingual) ഏര്‍പെടുത്തുകയാണ് ഞങ്ങള്‍ ചെയ്തത്. അതായത് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുക്കുന്നത് വ്യത്യസ്ത ഭാഷക്കാരാണെങ്കില്‍ ഭാഷ പ്രശനമില്ലാതെ പരസ്പരം ആശയവിനിമയം സാധ്യമാക്കുക എന്നതായിരുന്നു ടെക്ജന്‍ഷ്യയുടെ ലക്ഷ്യം. ഈ സാങ്കേതികവിദ്യയിലൂടെ കേള്‍ക്കേണ്ട ഭാഷ ഏതാണെന്ന് തെരെഞ്ഞെടുത്താല്‍ മറു ഭാഗത്ത് നില്‍ക്കുന്ന വ്യക്തി പറയുന്നത് തെരഞ്ഞെടുത്ത ഭാഷയിലായിരിക്കും കേള്‍ക്കാന്‍ സാധിക്കുക. ടെക്ജന്‍ഷ്യയുടെ പ്രധാന ഉല്‍പ്പന്നമായ വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്‍സ്ലേഷന്‍ സാധ്യമാക്കുകയാണ് ചെയ്തിരിക്കുന്നത്. രണ്ടാമതായി വെബിനാറുകള്‍ നടത്തുമ്പോള്‍ അതില്‍ പ്രധാനമായും സംസാരിക്കുന്ന വ്യക്തിയുടെ ഭാഷ കേള്‍വിക്കാരന് മനസിലാകണം എന്നില്ല. അതിനുള്ള പരിഹാരമായാണ് പ്രാസംഗികന്റെ ഭാഗത്ത് നിന്ന് തന്നെ പറയുന്ന കാര്യങ്ങള്‍ കേള്‍വിക്കാരുടെ ഭാഷയിലേക്ക് ട്രാന്‍സ്ലേഷന്‍ സാധ്യമാക്കിയത്.

ടെക്ക്‌ജെന്‍ഷ്യ അവതരിപ്പിച്ച മറ്റൊരു സാങ്കേതിക വിദ്യയാണ് പോഡിയം ട്രാന്‍സ്ലേഷന്‍ എന്ന ടൂള്‍. ഒരു റാലിയിലോ സമ്മേളനത്തിലോ പങ്കെടുക്കുന്ന പ്രാസംഗികരുടെ ഭാഷ അതേ സമ്മേളനത്തിലും റാലിയിലും പങ്കെടുക്കുന്ന വലിയ സമൂഹത്തിന്റേതില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍, ആ ഭാഷയിലേക്ക് റിയല്‍ ടൈമില്‍ ട്രാന്‍സ്ലേറ്റ് ചെയ്തു കേള്‍പ്പിക്കാന്‍ സാധിക്കും എന്നതാണ് സ്പീക്കര്‍ പോഡിയം ട്രാന്‍സ്ലേഷന്‍ ടൂളിന്റ ഉപയോഗം. നിലവിലുള്ള വീഡിയോകള്‍ വ്യത്യസ്ത ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു പുതിയ വീഡിയോകള്‍ നിര്‍മിക്കുന്നതിനുള്ള ഒരു ടൂള്‍ കൂടി അവതരിപ്പിച്ചിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും ഇപ്പോള്‍ ലഭ്യമായ എല്ലാ വീഡിയോകളും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഈ ടൂള്‍ ഉപയോഗിച്ച് കൊണ്ട് സാധിക്കും. ഇത്തരത്തില്‍ നാലോളം വ്യത്യസ്ത ടൂളുകളാണ് മത്സരത്തിന്റെ ഭാഗമായി ടെക്‌ജെന്‍ഷ്യ വികസിപ്പിച്ചിച്ചെടുത്തത്.

ഔദ്യോഗിക എന്‍ട്രി ആയ വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്‍സ്ലേഷന്‍ സാധ്യമാക്കുന്ന സംവിധാനമാണ് മത്സരത്തില്‍ വിജയിച്ചിരിക്കുന്നത്. എട്ട് മാസത്തോളം നീണ്ട നാല് ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ടെക്‌ജെന്‍ഷ്യ വികസിപ്പിച്ചിച്ചെടുത്ത പല ടൂളുകളും ഇതിനോടകം തന്നെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വരാണസിയില്‍ നടന്ന കാശി തമിഴ് സംഘം എന്ന പരിപാടിയില്‍ പ്രധാന മന്ത്രി ഹിന്ദിയില്‍ പറഞ്ഞത് കേള്‍വിക്കാര്‍ തമിഴിലാണ് കേട്ടത്. അതിന് വേണ്ടി ടെക്‌ജെന്‍ഷ്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഉപയോഗിച്ചത്.

ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലുമുള്ള 84 അംഗ ടീമാണ് ടെക്‌ജെന്‍ഷ്യയുടെ വിജയത്തിന് പുറകില്‍ പ്രവര്‍ത്തിച്ചത്. ഗവേഷണം ആവശ്യത്തിലധികം വേണ്ടി വരുന്ന ജോലി ആയതുകൊണ്ടുതന്നെ അതിന്റെതായ ബുദ്ധിമുട്ടുകളും വെല്ലുവിളികളും സ്വാഭാവികമായും മത്സര വേളയില്‍ ഉണ്ടായിരുന്നു. ഒരു പാട് കടമ്പകള്‍ കടക്കാനുണ്ടായിരുന്നുവെങ്കിലും ടെക്‌ജെന്‍ഷ്യ ടീമില്‍ പ്രവര്‍ത്തിക്കുന്നത് ഊര്‍ജസ്വലരായ അംഗങ്ങള്‍ ആയതുകൊണ്ടാണ് എല്ലാ കടമ്പകളും ചാടിക്കടന്നു വിജയത്തിലേക്ക് എത്തിയത്.

ടെക്‌ജെന്‍ഷ്യയെന്നത് ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനിയാണ്. ടെക്‌ജെന്‍ഷ്യ വികസിപ്പിച്ചെടുത്ത കുറച്ച് സാങ്കേതിക ഉത്പന്നങ്ങള്‍ നിലവില്‍ വിപണിയിലിറക്കിയിട്ടുണ്ട്. ഒന്നാമത്തേത് വീഡിയോ കോണ്‍ഫറന്‍സിങ് ആണ്, മറ്റൊന്ന് വീഡിയോ അടിസ്ഥാനമാക്കിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളാണ്. 2009 ലാണ് ടെക്ജെന്‍ഷ്യ ആരംഭിക്കുന്നത.് അന്നു മുതല്‍ ഇന്ന് വരെ പല വെല്ലുവിളികളെയും അതിജീവിച്ചാണ് വിജയ വഴിയില്‍ എത്തി നില്‍ക്കുന്നത്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍