എല്ലാ വര്‍ഷത്തേതിനും സമാനമായി നിരവധി ആശ്ചര്യങ്ങളോടെയാണ് 96-ാമത് അക്കാദമി അവാര്‍ഡ് ചടങ്ങ് സമാപിച്ചത്. ക്രിസ്റ്റഫര്‍ നോളന്റെ ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ഓപ്പന്‍ഹൈമര്‍ ഏഴ് ഓസ്‌കറുകളാണ് വാരികൂട്ടിയത്. യോര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ഡാര്‍ക്ക് കോമഡി പുവര്‍ തിംഗ്സ് നാല് അവാര്‍ഡുകള്‍ നേടി, അതേസമയം ബാര്‍ബി, മാസ്‌ട്രോ, കില്ലേഴ്സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ എന്നി ചിത്രങ്ങള്‍ക്ക് 25 നോമിനേഷനുകള്‍ ഉണ്ടായിട്ടും, അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ല.
നോളന്‍ തന്റെ ആദ്യ സംവിധാന ഓസ്‌കര്‍ നേടിയപ്പോള്‍, ഓപ്പന്‍ഹൈമര്‍ താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയറും കിലിയന്‍ മര്‍ഫിയും തങ്ങളുടെ ദീര്‍ഘകാല മികച്ച കരിയറിന് അടയാളപ്പെടുത്തലെന്നോണം അവരുടെ ആദ്യ അക്കാദമി അവാര്‍ഡുകള്‍ നേടി. പ്രവചനങ്ങള്‍ തെറ്റിച്ചു കൊണ്ട് ലില്ലി ഗ്ലാഡ്സ്റ്റോണിനെ മറികടന്ന് മികച്ച നടിക്കുള്ള അവാര്‍ഡ് എമ്മ സ്റ്റോണ്‍ നേടിയത് ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. റേറ്റിംഗുകള്‍ കുറയുന്നതിന്റെയും ഐക്കണിക് അവാര്‍ഡുകളോടുള്ള പ്രേക്ഷക താല്‍പ്പര്യത്തിന്റെയും വെളിച്ചത്തില്‍ അക്കാദമിയും സ്വയം നവീകരണത്തിലാണെന്നതാണ് ഇത്തവണ ദൃശ്യമായത്.
96-മത് ഓസ്‌കര്‍ ഹൈലൈറ്റുകള്‍
ഓപ്പന്‍ഹൈമറിന്റെ ആധിപത്യം
പതിമൂന്ന് നോമിനേഷനുകളില്‍ നിന്ന് ഏഴ് അവാര്‍ഡുകള്‍ നേടിയ ഓപ്പന്‍ഹൈമറിന്റെ വിജയകുതിപ്പു തന്നെയാണ് ഇത്തവണ ഓസ്‌കറിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയവും, ആശ്ചര്യവും. അഡാപ്റ്റഡ് തിരക്കഥ, വിഷ്വല്‍ ഇഫക്റ്റുകള്‍, ശബ്ദ വിഭാഗങ്ങള്‍ എന്നിവയില്‍ സിനിമയ്ക്ക് നേട്ടം കൊയ്യാനായില്ലെങ്കിലും വര്‍ഷങ്ങളായി ഓസ്‌കര്‍ നേടുന്നതിനായി പരിശ്രമിക്കുന്ന നോളന് ഈ വിജയം അത്യപൂര്‍വ്വ നിമിഷമാണ്. ഏകദേശം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബയോഗ്രഫിക്കല്‍ ത്രില്ലര്‍ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മികച്ച ചിത്രമാണ്. ടൈറ്റാനിക്കിനും ദി ലോര്‍ഡ് ഓഫ് ദ റിംഗ്സ്: ദി റിട്ടേണ്‍ ഓഫ് ദി കിംഗിനും ശേഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണിത്.
പ്രസംഗങ്ങള്‍
ഒരു കൂട്ടം പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ വേദിക്ക് പുറത്ത് പ്രകടനം നടത്തുമ്പോള്‍, രണ്ടാം ലോകമഹായുദ്ധകാലത്ത് ഓഷ്വിറ്റ്സിന് സമീപം താമസിക്കുന്ന ഒരു നാസി കുടുംബത്തെക്കുറിച്ചുള്ള ദി സോണ്‍ ഓഫ് ഇന്ററസ്റ്റിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സംവിധായകന്‍ ജോനാഥന്‍ ഗ്ലേസര്‍ വേദിയിലേക്ക് നടക്കുകയായിരുന്നു. മുന്‍കാല സംഭവങ്ങള്‍ മാത്രമല്ല, വര്‍ത്തമാനകാല പ്രശ്‌നങ്ങളും പ്രതിഫലിപ്പിക്കുന്നതിനാണ് സിനിമ നിര്‍മിച്ചതെന്ന് അവാര്‍ഡ് സ്വീകരിച്ച ഗ്ലേസര്‍ പറഞ്ഞു. മാനുഷികവല്‍ക്കരണം ഭയാനകമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ഗാസയിലേതുപോലുള്ള സംഘര്‍ഷങ്ങളെ ചൂണ്ടികാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ”യഹൂദത്വത്തെയും ഹോളോകോസ്റ്റിനെയും നിരാകരിക്കുന്ന ആളുകളായാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്, അധിനിവേശം നിരവധി നിരപരാധികളെ സംഘര്‍ഷത്തിലേക്ക് തള്ളിയിട്ടു. ഇസ്രയേലില്‍ ഒക്ടോബര്‍ 8-ന് ഇരയായവരോ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണമോ ആകട്ടെ, എല്ലാവരും ഈ മനുഷ്യത്വവല്‍ക്കരണത്തിന്റെ ഇരകളാണ്.’ അദ്ദേഹം പറഞ്ഞു.
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട, 20 ഡേയ്സ് ഇന്‍ മരിയുപോള്‍, യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം പരാമര്‍ശിക്കുന്ന ഒന്നാണ്. ഓസ്‌കാര്‍ നേടുന്ന ആദ്യ യുക്രെനിയന്‍ ചിത്രമാണിതെന്ന് സംവിധായകന്‍ എംസ്റ്റിസ്ലാവ് ചെര്‍നോവ് അഭിപ്രായപ്പെട്ടു. ”ഒരുപക്ഷേ ഈ വേദിയിലെത്തുന്ന ആദ്യ യുക്രെയ്ന്‍ സംവിധായകന്‍ ഞാനായിരിക്കും, ഞാന്‍ ഒരിക്കലും ഈ സിനിമ ചെയ്യാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ഒരിക്കലും യുക്രെയ്‌നെ ആക്രമിക്കാതിരുന്നെങ്കില്‍, ഞങ്ങളുടെ നഗരങ്ങള്‍ കൈവശപ്പെടുത്താതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സത്യം ജയിക്കുമെന്നും ഉറപ്പിക്കാം, മാരിയുപോളിലെ ജനങ്ങളെയും ജീവന്‍ നല്‍കിയവരെയും ഒരിക്കലും മറക്കാനാവില്ല. കാരണം സിനിമ ഓര്‍മകളെ രൂപപ്പെടുത്തുന്നു, ഓര്‍മകള്‍ ചരിത്രത്തെ രൂപപ്പെടുത്തുന്നു.” അദ്ദേഹം പറഞ്ഞു. അടുത്തിടെ അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് നവല്‍നിയെ കുറിച്ചുള്ള രണ്ട് വര്‍ഷം മുമ്പ് ഈ വിഭാഗത്തില്‍ വിജയിച്ച ഡോക്യുമെന്ററിയുടെ ഒരു ക്ലിപ്പും ചടങ്ങില്‍ പ്ലേ ചെയ്തു.
നഗ്നനായ ജോണ്‍ സീന
മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ സമ്മാനിക്കാന്‍ ജോണ്‍ സീന എത്തിയത് നഗ്നനായാണ്. വിജയിയുടെ പേരുള്‍കൊള്ളുന്ന എന്‍വലപ്പ് കൊണ്ട് ശരീര ഭാഗം മറച്ചുകൊണ്ടാണ് അദ്ദേഹം വേദയിലെത്തിയത്. തുടര്‍ന്ന് വേദിയിലെ ലൈറ്റുകള്‍ അണയുകയും അണിയറയിലുള്ള ആളുകള്‍ അദ്ദേഹത്തിന് വസ്ത്രം നല്‍കുന്നതും അക്കാദമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. വസ്ത്രാലങ്കാരത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നതിനാണ് ജോണ്‍ സീന നഗ്നനായി എത്തിയത്.
ഓസ്‌കറില്‍ ഇന്ത്യ
ഈ വര്‍ഷത്തെ ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ‘ടൂ കില്‍ എ ടൈഗര്‍’ എന്ന ഡോക്യുമെന്ററി ചിത്രമാണ്. പ്രിയങ്ക ചോപ്ര, ഗുനീത് മോംഗ, മിണ്ടി കാലിംഗ്, ദേവ് പട്ടേല്‍, തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് ശ്രദ്ധയും പിന്തുണയും ലഭിച്ചെങ്കിലും അവാര്‍ഡ് ലഭിച്ചില്ല. പകരം, ’20 ഡേയ്സ് ഇന്‍ മരിയുപോള്‍’ എന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ് ലഭിച്ചത്.