December 10, 2024 |
Share on

അര്‍ജുന്‍ റെഡ്ഡിയെ പോലെ വിമര്‍ശനം കേള്‍ക്കുമോ, ഡേവിഡ് ഫിഞ്ചര്‍-മാര്‍ട്ടിന്‍ സ്‌കോര്‍സെസെ ഫാന്‍ ബോയിയുടെ ആനിമലും?

ആനിമല്‍ 800 കോടിയോ ആയിരം കോടിയോ നേടുമെന്ന് പ്രവചിക്കാനൊന്നും താനില്ലെന്നാണ് വംഗ പറഞ്ഞത്

വിമര്‍ശകരുടെ പ്രതിഷേധം നേരിടേണ്ടി വരികയും അതേസമയം വമ്പന്‍ കൊമേഴ്‌സ്യല്‍ വിജയം നേടുകയും ചെയ്ത തെലുഗ് സിനിമയായിരുന്നു അര്‍ജുന്‍ റെഡ്ഡി. വിജയ് ദേവരകൊണ്ടയുടെ നായക കഥാപാത്രം ആണ്‍ അധികാരത്തിന്റെ എല്ലാ അഹന്തകളും പേറുന്നവനും നായിക ദുര്‍ബലയായ സ്ത്രീയുമായതായിരുന്നു സിനിമയ്‌ക്കെതിരെയുള്ള കുറ്റപ്പെടുത്തല്‍. എങ്കിലും അര്‍ജുന്‍ റെഡ്ഡി സെന്‍സേഷല്‍ ഹിറ്റായി; തെലുഗില്‍ മാത്രമല്ല, തമിഴിലും മലയാളത്തിലും. അര്‍ജുന്‍ റെഡ്ഡി ബോളിവുഡില്‍ കബീര്‍ സിംഗായി. അവിടെയും കേള്‍ക്കേണ്ടി വന്നു വിമര്‍ശനങ്ങള്‍. മുന്‍പ് ഉയര്‍ന്ന അതേ പരാതികളായിരുന്നു ബോളിവുഡില്‍ ഷാഹിദ് കപൂര്‍ കഥാപാത്രത്തിനും നേരിടേണ്ടി വന്നത്. പക്ഷേ, ഇതൊന്നും സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയെ സ്പര്‍ശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ ആനിമല്‍’-ന്റെ ട്രയിലര്‍ തെളിയിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി(കബീര്‍ സിംഗ്)യെ പോലെ അശാന്തനായ നായകന്‍ തന്നെയാണ് ‘ആനിമല്‍’ നായകന്‍ അര്‍ജുന്‍ സിംഗ് എന്നാണ് ട്രെയിലറില്‍ മനസിലാകുന്നത്. ബല്‍ബിര്‍ സിംഗ്(അനില്‍ കപൂര്‍) എന്ന പിതാവിനും മകന്‍ അര്‍ജുനും(രണ്‍ബീര്‍ കപൂര്‍) ഇടയിലുണ്ടായിരുന്ന ടോക്‌സിക് റിലേഷന്‍ഷിപ്പാണോ സിനിമയുടെ പ്രധാന പ്രമേയമെന്ന് ചര്‍ച്ചകളുണ്ട്. വയലന്‍സിന്റെ അങ്ങേയറ്റമെന്നാണ് ആനിമലിനെതിരേ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം. അതേസമയം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന സിനിമയ്ക്കായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബോബി ഡിയോള്‍ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമാണ്. രശ്മിക മന്ദാനയാണ് നായിക.

ഡേവിഡ് ഫിഞ്ചറിന്റെയും മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെയും കടുത്ത ആരാധകനായ സന്ദീപ് റെഡ്ഡി വംഗ തന്റെ സിനിമയ്ക്ക് മേല്‍ നടക്കുന്ന സംവാദങ്ങള്‍ ആസ്വദിക്കുകയാണ്. താന്‍ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും തന്റെ കാഴ്ച്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി മറ്റുള്ളവര്‍ എങ്ങനെ നോക്കി കാണുന്നുവെന്നതാണ് അദ്ദേഹം ആസ്വദിക്കുന്നത്.

അസ്വസ്ഥനായ, അശാന്തനായ, വയലന്റായ നായക കഥാപാത്രങ്ങളെമാത്രം എന്തുകൊണ്ടു വംഗ സൃഷ്ടിക്കുന്നു എന്നതാണ് പൊതുവായ ചോദ്യം. അര്‍ജുന്‍ റെഡ്ഡിയിലും, ഇപ്പോള്‍ അര്‍ജുന്‍ സിംഗിലും സാമ്യത കാണാനാകും. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍, ഇതിനുള്ള മറുപടി സംവിധായകന്‍ പറയുന്നുണ്ട്. ഒരു പുതിയ ഉത്പന്നം കമ്പോളത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, അതേതരത്തില്‍ കമ്പോളത്തില്‍ ലഭ്യമായവയുമായി താരതമ്യം ചെയ്തു നോക്കുന്നൊരു പ്രവണതയുണ്ട്. ഞാനൊരു ആശയം വര്‍ക്ക് ചെയ്തു നോക്കുമ്പോള്‍, ഇതല്ല പ്രധാനമായും നോക്കുന്നതെങ്കിലും ഇക്കാര്യവും ഞാന്‍ നോക്കാറുണ്ട്. ആനിമല്‍ അച്ഛന്‍-മകന്‍ ബന്ധം പറയുന്ന സിനിമയാണ്. ആ ബന്ധത്തില്‍ എന്റെതായ രീതിയില്‍ പുതിയ കാര്യങ്ങള്‍ എന്തൊക്കെ കൊണ്ടുവരാമെന്നാണ് ഞാന്‍ നോക്കിയിരിക്കുന്നത്’.

ഇത്തരം കഥാപാത്രങ്ങള്‍ പൂര്‍ണമായും ഭാവനയില്‍ ഉണ്ടാകുന്നവരല്ലെന്നാണ് വംഗ പറയുന്നത്. ആനിമലിലെ അര്‍ജുന്‍ സിംഗിന് തന്റെ സ്‌കൂള്‍ പഠനകാലത്തെ ചില സുഹൃത്തുക്കളുടെ ഷെയ്ഡ് ഉണ്ടെന്നു വംഗ പറയുന്നു. തെലങ്കാനയിലെ വാറംഗലില്‍ സ്ഥിതി ചെയ്യുന്ന ആഗാ ഖാന്‍ എജ്യുക്കേഷന്‍ സര്‍വീസിലാണ് ഞാന്‍ പഠിച്ചത്. അവിടെയുണ്ടായിരുന്ന സഹപാഠികളില്‍ ചിലരുടെ അച്ഛന്മാര്‍ ദുബൈയിലും ഒമാനിലുമൊക്കെയായിരുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ അച്ഛന്മാരെ കാണാന്‍ വേണ്ടിയവര്‍ കൊതിച്ചിരുന്നു. അത്തരം സുഹൃത്തുക്കളില്‍ നിന്നാണ് രണ്‍ബീറിന്റെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നത്. എന്നാല്‍ ആ കഥാപാത്രത്തിന്റെ ഇരുണ്ട പശ്ചാത്തലം പൂര്‍ണമായി എന്റെ ഭാവനയാണ്’- ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വംഗ പറയുന്നു.

വംഗയുടെ ഓരോ സിനിമകള്‍ക്കുമിടയില്‍ ദീര്‍ഘമായ ഇടവേളകളുണ്ട്. 2017-ലാണ് അര്‍ജുന്‍ റെഡ്ഡി റിലീസ് ചെയ്യുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാണ് കബീര്‍ സിംഗ് വരുന്നത്. അനിമലിന് വേണ്ടി വംഗ നാല് വര്‍ഷത്തെ സമയമെടുത്തു. അതൊരിക്കലും മനഃപൂര്‍വം സംഭവിക്കുന്നതല്ലെന്നാണ് വംഗ പറയുന്നത്. ഒരു കഥ ആധികാരമായും പ്രേക്ഷകര്‍ക്ക് അവിസ്മരണീയ അനുഭവമായും പറയുമ്പോള്‍ അതിന്റെതായ സമയം വേണ്ടിവരും എന്നതാണ് സംവിധായകന്‍ പറയുന്ന കാരണം.

തന്റെ കഥാപാത്രങ്ങള്‍ ടോക്‌സിക് ബിംബങ്ങളായി മാറുന്നുവെന്ന വിമര്‍ശനത്തില്‍ വംഗയ്ക്ക് മറുപടിയുണ്ട്. ടോക്‌സിസിറ്റിയുടെ വ്യാഖ്യാനത്തില്‍ മറ്റൊരാള്‍ക്കുള്ള കാഴ്ച്ചപ്പാടല്ല തനിക്കുള്ളതെന്നാണ് വംഗ പറയുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ പേരില്‍ അധികം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നില്ലെങ്കിലും കബീര്‍ സിംഗിന്റെ അവസ്ഥയങ്ങനയെല്ലായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെയുള്ള ചിലര്‍ അവരുടെ സിനിമകള്‍ക്ക് റിലീസിനുള്ള മുമ്പുള്ള പബ്ലിസിറ്റി കിട്ടാന്‍ കബീര്‍ സിംഗിനെ കുറ്റപ്പെടുത്തിയിരുന്നു. ഒരു മുന്‍നിര നിര്‍മാതാവും സംവിധായകനുമായ വ്യക്തി പറഞ്ഞത്, കബീര്‍ സിംഗ് ഇഷ്ടപ്പെട്ടുവെന്ന് പരസ്യമായി പറയാന്‍ തനിക്ക് ഭയമാണെന്നായിരുന്നു.

ആനിമലിന് സെന്‍സര്‍ബോര്‍ഡ് ‘ എ’ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. സംവിധായകന്‍ അക്കാര്യം സന്തോഷത്തോടെയാണ് പ്രേക്ഷകരെ അറിയിക്കുന്നത്. ഈ സിനിമ 18 വയസില്‍ താഴെയുള്ളവര്‍ക്കുള്ളതല്ലെന്നാണ് വംഗ പറയുന്നത്. ‘ ഞാനൊരിക്കലും എന്റെ മകന്‍ അര്‍ജുനെയോ എന്റെ സഹോദരന്റെ കുട്ടികളെയോ ബന്ധുക്കളുടെ കുട്ടികളെയോ ആനിമല്‍ തിയേറ്ററില്‍ കൊണ്ടുപോയി കാണിക്കില്ല. ഞങ്ങളുടെ കുടുംബത്തില്‍ എട്ട് മാസം പ്രായം മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുണ്ട്. എന്നാല്‍ ഈ സിനിമ അവര്‍ക്കാര്‍ക്കുമുള്ളതല്ല’ ഹിന്ദുവിനോട് വംഗ പറയുന്നു.

മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ഏറ്റവും പുതിയ ചിത്രം ‘ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍’ അതിന്റെ സമയദൈര്‍ഘ്യം കൊണ്ട് കൂടി ചര്‍ച്ചയായിരുന്നു. ഡികാപ്രിയോ ചിത്രം 3 മണിക്കൂര്‍ 26 മിനിട്ടായിരുന്നു. സ്‌കോര്‍സെസി ഫാന്‍ബോയിയുടെ ചിത്രത്തിന്റെ ദൈര്‍ഘ്യവും അതിനോടടുത്തുണ്ട്- മൂന്ന് മണിക്കൂര്‍ 21 മിനിട്ട്. ഫസ്റ്റ് കട്ടില്‍ സിനിമയുടെ നീളം മൂന്നു മണിക്കൂര്‍ 46 മിനിട്ട് ആയിരുന്നുവെന്നാണ് വംഗ പറഞ്ഞത്. പലതവണ കണ്ടും വീണ്ടും വീണ്ടും എഡിറ്റ് ചെയ്തുമാണ് 3: 21 ല്‍ എത്തിച്ചത്. സിനിമ തീരും വരെ പ്രേക്ഷകര്‍ക്ക് മുഷിച്ചില്‍ തോന്നി
ല്ലെന്നാണ് വംഗ നല്‍കുന്ന ഉറപ്പ്.

ആനിമല്‍ 800 കോടിയോ ആയിരം കോടിയോ നേടുമെന്ന് പ്രവചിക്കാനൊന്നും താനില്ലെന്നാണ് വംഗ പറഞ്ഞത്. അതേസമയം, പ്രേക്ഷകര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന കാര്യം ആത്മവിശ്വാസത്തോടെ തന്നെ തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നുണ്ട്. അഞ്ചോ പത്തോ മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ബോറടിപ്പിച്ചിട്ടുണ്ട്, അതേസമയം മൂന്നു മണിക്കൂറിലേറെയുള്ള സിനിമകള്‍ പിടിച്ചിരുത്തിയിട്ടുണ്ടെന്നും വംഗ പറയുന്നു.

പ്രഭാസിനെ നായകനാക്കി ‘സ്പിരിറ്റ്’ എന്ന ചിത്രമാണ് വംഗയുടെ അടുത്ത പ്രൊജ്ക്ട് ആയി കേള്‍ക്കുന്നത്. ആനിമലും സ്പിരിറ്റും ഒരു അണ്ടര്‍വേള്‍ഡ്-കോപ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയിരിക്കുമോ എന്ന ചോദ്യത്തിന്, താന്‍ അത്തരം സിനിമാറ്റിക് യൂണിവേഴ്‌സുകളെ ബോധപൂര്‍വം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സന്ദീപ് റെഡ്ഡിയുടെ മറുപടി. ‘അത്തരമൊരു ആശയം ഉയര്‍ന്നുവന്നാല്‍, അത് ആധികാരികവും ആവേശകരവുമായിരിക്കണം, അല്ലാതെ രണ്ട് മികച്ച കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് പണം സമ്പാദിക്കുകയല്ല വേണ്ടത്. ശ്രദ്ധേയമായ കഥകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- ഇതായിരുന്നു വംഗയുടെ മറുപടി.

×