UPDATES

അപകടകാരിയാകുന്ന മലയാളി

അച്ഛനമ്മമാരെന്നോ ഭാര്യയെന്നോ സുഹൃത്തെന്നോ നോക്കാതെ കൊന്നു കളയുന്നവര്‍ സമൂഹത്തില്‍ കൂടുന്നതെന്തുകൊണ്ട്?

                       

ചേർത്തല പള്ളിപ്പുറത്ത് അമ്പിളിയെ കുടുംബ പ്രശ്നങ്ങളുടെ പേരിൽ സ്വന്തം ഭർത്താവ് രാജേഷ് കുത്തിക്കൊന്നത്, മെയ് 18 നാണ്. പതിനേഴോളം തവണയാണ് രാജേഷ് അമ്പിളിയെ കുത്തി മുറിവേൽപ്പിച്ചത്. അമ്പിളിയുടെ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് മെയ് 15 നാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലൻ മുൻവൈരാഗ്യത്തിന്റെ പുറത്ത് കരുവേലിപ്പറമ്പിൽ ബിനോയിയെ കുത്തി കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന്റെ ഇടവേളകളിൽ കേരളത്തിൽ നടന്ന കൊലപാതകങ്ങളുടെ വാർത്തകളാണിത്. ഇനിയും ഉദാഹരണങ്ങൾ ഏറെയുണ്ട്. ഒന്ന് പറഞ്ഞ് രണ്ടാമത് ഒരാളുടെ ജീവനെടുക്കാൻ യാതൊരു മടിയുമില്ലാത്ത ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. മനുഷ്യൻെറ വൈകാരിക തലങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ചും, അക്രമങ്ങളുടെ പിന്നിലെ കാരണങ്ങളെ കുറിച്ചും അഴിമുഖത്തോട് സംസാരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധനായ പ്രൊഫസർ ഡോ. അരുൺ ബി നായർ. violent actions

ആഗ്രഹങ്ങൾക്കിടയിലെ ഇടവേളയുടെ അഭാവം

ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ സ്വഭാവത്തിൽ എടുത്തു ചാട്ടപ്രവണത വളരെ കൂടുതലാണ്. കുറച്ച് വർഷങ്ങൾ മുൻപ് വരെ ആഗ്രഹങ്ങൾ സാധ്യമാകണം എന്നുണ്ടെങ്കിൽ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. അതിൽ സിനിമ കാണുന്നത് മുതൽ ആരോടെങ്കിലും ഇഷ്ടം പറയുന്നതുവരെ ഉൾപ്പെടും. ആഗ്രഹം തോന്നുന്നതും അത് സഫലമാകുന്നതും തമ്മിൽ ഒരു ഇടവേളയുണ്ടായിരുന്നു. ഈ ഇടവേളകളിൽ രണ്ട് സാധ്യതകളെ കുറിച്ച് ചിന്തിക്കാൻ തലച്ചോറിന് സമയം കിട്ടിയിരുന്നു. കൂടാതെ, ഈ ഇടവേളകളിലായിരുന്നു ആഗ്രഹം നടക്കാതിരിക്കാനുള്ള സാധ്യതയുമായി സമരസപ്പെടാനുള്ള സമയം ലഭിച്ചിരുന്നത്. പക്ഷെ ഇന്നതല്ല സ്ഥിതി, ആഗ്രഹം തോന്നുന്നതും സഫലമാകുന്നതും ക്ഷണനേരം കൊണ്ടാണ്. എന്ത് ആഗ്രഹമാണെങ്കിലും അത് നടക്കാതെ വരുമ്പോൾ എടുത്തു ചാടിയുള്ള പ്രവർത്തനങ്ങൾ മറുവശത്തുള്ളയാളിനെ കൊല്ലുകയോ, ആക്രമിക്കുകയോ അല്ലെങ്കിൽ സ്വയം ആത്മഹത്യ ചെയ്യുന്നതിലേക്കുവരെ കലാശിക്കും. ഇതെല്ലാം ഈ ഡിജിറ്റൽ യുഗത്തിൽ പൊതുവെ വർദ്ധിച്ചു വരുന്ന എടുത്തുചാട്ട സ്വഭാവത്തിന്റെ പ്രതിഫലനമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത മത്സര ബുദ്ധിയോടെയാണ് എല്ലാവരും ജീവിക്കുന്നത്. മക്കളെ മാതാപിതാക്കൾ വളർത്തുന്നത് പോലും തികഞ്ഞ മത്സരബുദ്ധിയോടെയാണ്. പഠന, പാഠ്യേതര വിഷയങ്ങളിലടക്കം താരതമ്യം ചെയ്യുന്നത് വഴി കുട്ടികളുടെ മനസ്സിൽ നന്നേ ചെറുതിലെ തന്നെ മത്സരബുദ്ധി കയറും. കൗമാര ദശയിലേക്ക് എത്തുമ്പോൾ വീട്, കാർ തുടങ്ങിയ ഭൗതികമായ സുഖ സൗകര്യങ്ങൾ മറ്റൊരാൾക്കു ലഭിക്കുമ്പോൾ അതിനെ കുറിച്ച് അസ്വസ്ഥതപ്പെടുന്നതായാണ് കാണാൻ സാധിക്കുന്നത്. പലപ്പോഴും ജീവിത സുഖത്തിന്റെ മാനദണ്ഡം ഇത്തരം കാര്യങ്ങളാണ് എന്ന ചിന്താഗതിയിലേക്ക് ആ വ്യക്തികൾ എത്തിച്ചേരുകയാണ്. ഇത് രണ്ട് തരത്തിൽ ഇത് മനസിലെ സ്വാധീനിക്കും, ഒന്ന് മറ്റുള്ളവർ നന്നായി കാണുന്നതിലുള്ള അസ്വസ്ഥത. ഏതെങ്കിലും തരത്തിൽ നേട്ടം കൈവരിച്ച് നിൽക്കുന്ന മനുഷ്യനെ ഇല്ലായ്മ ചെയ്യാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുക, കുറ്റം പറയുക. ഇത്തരത്തിലുള അസ്വസ്ഥകൾ മനുഷ്യ സ്വഭാവത്തിൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത് സമ്പത്ത് ഉണ്ടാക്കി വലിയൊരു മനുഷ്യനായി മാറി അത് വഴി സാമൂഹ്യ അംഗീകാരം ലഭിക്കും എന്ന തെറ്റായ ധാരണയും വരുന്നുണ്ട്. ഈ രണ്ട് പ്രവണതകൾ നമ്മുടെ മാനുഷിക മൂല്യങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

ഉദാഹരണത്തിന് കണ്ണിന് കാഴ്ചയില്ലാത്ത ഒരാളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ഒരു കുട്ടിക്ക് മറ്റുള്ളവരിൽ നിന്ന് ഒരു തരത്തിലുളള അംഗീകാരവും ലഭിക്കുന്നില്ല. മറിച്ച് പരീക്ഷക്ക് ഒന്നാം സ്ഥാനം ലഭിച്ചവർക്കും, മറ്റ് മത്സരങ്ങളിൽ വിജയം നേടിയവർക്കും അംഗീകാരം ലഭിക്കുമ്പോൾ നന്മ, സ്നേഹം മനുഷ്യത്ത്വം എന്നീ മൂല്യങ്ങൾ ഒന്നും അഭിനന്ദിക്കപ്പെടുകയോ, അംഗീകരിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെ പറയുന്നു വീടുകളിലും സ്‌കൂളുകളിൽ പോലും ഇത്തരം അംഗീകാരങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോചനവുമില്ല എന്ന ചിന്താ ധാരയിലേക്ക് ചെറുപ്പക്കാർ മാറും. ഇത് അവരുടെ സ്വഭാവത്തെയും മൂല്യങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളുടെ പങ്ക്

സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം അക്രമ സ്വഭാവങ്ങൾക്ക് വലിയ രീതിയിലുളള സംഭാവന നൽകുന്നുണ്ട്. ഓൺലൈൻ അടിമത്വം ഹൈപ്പർ ആക്ടിവിറ്റിയും വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം സ്വതം ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്ത് മനപ്രയാസം അനുഭവിക്കുന്നത് ഒരു സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുമായാണ്. അത് വിഷാദത്തിലേക്കും, ഉറക്കക്കുറവും നയിക്കും. ഇത് മാനസിക നിലയെ തകർക്കുകയും പലപ്പോഴും വൈകാരിക അസ്ഥിരതയിലേക്ക് നയിക്കുയും ചെയ്യും. അതോടൊപ്പം അക്രമങ്ങൾക്ക് വഴിവെക്കുന്ന ഒന്നാണ് അനാരോഗ്യകരമായ ഭക്ഷണ ക്രമം. മധുരം, ജങ്ക് ഫുഡ്, കൊഴുപ്പ് കൂടിയ ആഹാര വസ്തുക്കൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നതും അക്രമവാസനക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.

നിയമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത

ഒരു കുറ്റകൃത്യം നടന്നാൽ വിചാരണ എത്രയും വേഗം നടപ്പിലാക്കുകയും, മാതൃകാപരമായ ശിക്ഷ എത്രയും പെട്ടന്ന് ലഭിക്കുകയും ചെയ്താൽ അത് ശക്തമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കുറ്റ കൃത്യങ്ങൾ സമൂഹത്തിൽ നിലനിൽക്കില്ല എന്ന സന്ദേശം നൽകുന്നതിനാൽ ഭാവിയിൽ കുറ്റ കൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാരണമാകും. പക്ഷെ വിചാരണ നടപടികളും കേസന്വേഷണവും വൈകുന്നത് മൂലം കുറ്റ കൃത്യങ്ങൾ ചെയ്താലും രക്ഷപെട്ട് പോകാം എന്ന ധാരണവരികയും ഇനിയും ആവർത്തിക്കാൻ കാരണമാവുകയും ചെയ്യും. കുറ്റ കൃത്യങ്ങളെ പൊലിപ്പിച്ചു കാണിക്കുന്ന മാധ്യമപ്രവണത മറ്റൊരു പരിവേഷം കുറ്റ വാളികൾക്ക് നൽകുന്നതും കുറ്റ കൃത്യങ്ങൾ കൂടാൻ ഇടയാക്കുന്നുണ്ട്. ആത്മഹത്യയും കൊലപാതകവും റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അനുതാപമില്ലാത്തവർ അപകടകാരികൾ

ഏറ്റവും ക്രൂരമായ കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർ സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരാണ്. കുട്ടികാലത്ത് സ്വഭാവ വൈകല്യ പ്രശ്നങ്ങൾ ഉള്ളവർ വേണ്ട ചികിത്സ എടുത്തില്ലെങ്കിൽ ഭാവിയിൽ ഇത്തരം വലിയ പ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. കുറ്റ കൃത്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കുകയും തെല്ലും കുറ്റബോധം ഇല്ല എന്നുള്ളതാണ്,  ഇത്തരക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ളവരുടെ വൈകാരിക അവസ്ഥ മനസിലാക്കാൻ കഴിയുന്ന അനുതാപം എന്ന ഗുണം ഇല്ലാത്തവരായിരിക്കും ഇത്തരക്കാർ. വളരെയതികം വിദ്യാഭ്യാസം ഉള്ള സമൂഹമായിട്ടു പോലും അന്ത വിശ്വാസങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. നരബലി പോലുളള പ്രവർത്തനങ്ങൾ വർദ്ധിച്ച് വരാനുള്ള കാരണവും മനുഷ്യമനസിന്റെ വ്യതിയാനം മൂലമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്നവരോ, സാമൂഹികവും, വ്യക്തിബന്ധങ്ങളും തീരെയില്ലാത്ത ജീവിക്കുന്നവരുമാണ്.

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അന്തരം

തലച്ചോറിന്റെ മുൻഭാഗത്തുള്ള പ്രീഫ്രോണ്ടൽ കോർടെക്സ് എന്ന ഭാഗമാണ് മനുഷ്യനെയും മൃഗങ്ങളെയും തമ്മിൽ വ്യത്യസ്തമാകുന്നത്. ഓരോ മനുഷ്യന്റെയും ആത്മ നിയന്ത്രണത്തിന്റെ കേന്ദ്രമാണ് പ്രീഫ്രോണ്ടൽ കോർടെക്സ്. മൃഗങ്ങളുടെ തലച്ചോറിൽ ഈ ഭാഗം പൂർണമായി വികസിച്ചിട്ടില്ല അതുകൊണ്ടാണ് എന്ത് വികാരമാണോ തോന്നുന്നത്, അതിന്റെ അടിസ്ഥാനത്തിൽ അവ പ്രവർത്തിക്കുന്നത്. മനുഷ്യന് വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നത് പ്രീഫ്രോണ്ടൽ കോർടെക്സ് പൂർണമായും വികസിച്ചത് മൂലമാണ്. ആധുനിക കാലത്ത്, ജീവിതത്തിന്റെ വേഗത, ഡിജിറ്റൽ അടിമത്വം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ പ്രീഫ്രോണ്ടൽ കോർടെക്സിന്റെ പ്രവർത്തങ്ങൾ മന്ദീഭവിക്കാൻ കാരണമാകും. ഒരു പാട് സമയം അക്രമാസക്തമായ വീഡിയോ ഗെയിമുകൾ കണ്ടു കൊണ്ടിരിക്കുന്നവർക്ക് പ്രീഫ്രോണ്ടൽ കോർടെക്സിന്റെ പ്രവർത്തനം മന്ദീഭവിക്കും, അങ്ങനെയുള്ളവർക്ക് ആത്മ നിയന്ത്രണവും ശ്രദ്ധയും കുറയും. അതോടപ്പം ദേഷ്യം, എടുത്തു ചാട്ടം, അക്ഷമ, എന്നിവ വലിയ തോതിൽ പ്രകടമാക്കുകയും ചെയ്യും.

ലഹരിവസ്തുക്കളുടെ ഉപയോഗം

മദ്ധ്യം, കഞ്ചാവ് മറ്റ് സിന്തറ്റിക് ലഹരികൾ സമൂഹത്തിൽ വ്യാപകമായതിനാൽ മുതിർന്നവരിലെ അക്രമവാസന വളരെ കൂടുതലാണ്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തികളിൽ പ്രകടമായ രീതിയിൽ സ്വഭാവ മാറ്റങ്ങൾ വരും. ലഹരിവസ്തു ജന്യ ചിത്തഭ്രമം, ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം തലോച്ചോറിലെ ഡോപാമിന്റെ അളവ് ഗണ്യമായി കൂടുന്നത് മൂലം സംശയം, ഭയം, അശരീരി ശബ്ദങ്ങൾ തുടങ്ങിയവ പലപ്പോഴും അക്രമ സ്വഭാവങ്ങൾക്ക് ആധാരമാണ്. പല അക്രമങ്ങൾക്കും പിറകിലെ കാരണമാണ് ഡെല്യൂഷണൽ ഡിസോർഡർ അഥവാ സംശയരോഗം. തന്റെ ജീവിത പങ്കാളിക്ക് മറ്റാരൊക്കെയോ ആയി ലൈംഗീക ബന്ധം ഉണ്ടെന്നുള്ള അടിസ്ഥാനരഹിതമായ സംശയം. എത്രയൊക്കെ മാറ്റാൻ ശ്രമിച്ചാലും അത് മാറുന്നില്ല, ഇതും തലച്ചോറിലെ ഡോപാമിന്റെ അളവ് അധികമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. സംശയരോഗത്തിന്റെ അകമ്പടിയായി വരുന്ന അക്രമ സ്വഭാവം പലപ്പോഴും കൊലപാതകത്തിലേക്കുവരെ നയിക്കുന്ന സ്ഥിതിവിശേഷമുണ്ട്.

അറ്റെൻഷൻ ഡെഫിസിറ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ ( എ ഡി എച്ച് ഡി) ശ്രദ്ധക്കുറവ്, അമിത വികൃതി, ദേഷ്യവും ഉള്ള കുട്ടികൾ ഉണ്ടാകും ചില സമയങ്ങളിൽ ഏഴ് വയസുമുതലും മറ്റ് ചില സാഹചര്യങ്ങളിൽ 12 വയസുമുതലുമാണ് തിരിച്ചറിയാൻ സാധിക്കുക. പൊടുന്നനെയുളള ദേഷ്യവും ഈ അസുഖത്തിന്റെ ലക്ഷണമാണ്. ഇത്തരം അസുഖങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയാൽ ഭാവിയിൽ ഇവർ മറ്റ് അക്രമ സ്വഭാവങ്ങൾ കാണിക്കുകയും ലഹരി അടിമത്വത്തിലേക്കും പോകാൻ ഇടയുണ്ട്. ഇവരുടെ തലച്ചോറിൽ പ്രീഫ്രോണ്ടൽ കോർട്ടെക്സിൽ ഡോപ്പാമിൻ എന്ന രാസവസ്തുവിന്റെ അളവ് കുറവാണ്. അതോടപ്പം തലച്ചോറിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ഏകോപനവും കുറവാണ്. മറ്റൊരു പ്രശ്‍നം കോണ്ടാക്റ്റ് ഡിസോർഡർ ആണ് അതായത് സ്വഭാവ ദൂഷ്യ രോഗം. ഈ അസുഖമുള്ളവരിൽ ചെറുപ്രായത്തിൽ തന്നെ അനുസരണക്കേട്, ദേഷ്യം നിഷേധം, ആവശ്യമില്ലാതെ കളവ് പറയുക, ക്രൂരമായി മൃഗങ്ങളെയും മറ്റ് കുട്ടികളെയും ഉപദ്രവിക്കുക തുടങ്ങിയവ പ്രകടമാകും. മറ്റുള്ളവർ വേദനിക്കുന്നത് കണ്ട് ആനന്ദം അനുഭവിക്കുക തുടങ്ങിയവ പ്രകടമാകും. ഈ കുട്ടികൾ മുതിർന്നു കഴിയുമ്പോൾ സമാന താല്പര്യങ്ങൾ ഉള്ളവരെ കണ്ടെത്തി സംഘടിതമായ കുറ്റകൃത്യങ്ങളിലേക്ക് നേഗനും ശ്രമിയ്ക്കും. ഇത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ സാമൂഹ്യ വിരുദ്ധരായി വളർന്നുവരാനിടയുണ്ട്.

 

content summary :  The shift in human nature from mere doubt to violent actions

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍