June 03, 2026 |

വിശ്വദര്‍ശിയായ ദേശസ്‌നേഹി; മലയാളി അധികമറിയാത്ത ഡോ പിപി പിള്ള

‘പുത്തന്‍ ദില്ലിയിലെ പ്രമുഖരായ മലയാളികള്‍’; പി കെ ഹോര്‍മിസ് തരകന്‍ എഴുതുന്ന പരമ്പര-

1911 ല്‍ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണം ആഘോഷിക്കുവാന്‍ സംഘടിപ്പിച്ച ദില്ലി ദര്‍ബാറില്‍ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ദില്ലിയിലേക്കു മാറ്റുവാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. വളരെ ചരിത്ര പ്രാധാന്യമുള്ളൊരു തീരുമാനമായിരുന്നു അത്. മഹാഭാരത യുദ്ധത്തിന്റെ കാലം മുതല്‍ ദില്ലി ഭാരതവര്‍ഷത്തിന്റെ തലസ്ഥാന നഗരിയായിരുന്നുവല്ലോ- അന്ന് ഇന്ദ്രപ്രസ്ഥം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും. മുഹമ്മദ് ഗോറി പൃഥ്വിരാജ് ചൗഹാനെ തോല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇസ്ലാമിക ഭരണം സ്ഥാപിതമായതിനു ശേഷവും, തലസ്ഥാനം ദില്ലി തന്നെ ആയിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരും കൂടുതല്‍ കാലവും ദില്ലിയില്‍ നിന്നു തന്നെയാണ് ഇന്ത്യ മഹാരാജ്യം ഭരിച്ചത്. പക്ഷേ, 1803 ല്‍ ജനറല്‍ ലേക്കിന്റെ കീഴിലുള്ള കമ്പനിപ്പട സിന്ധ്യയുടെ സൈന്യത്തെ പട്പര്‍ഗഞ്ചില്‍ വച്ച് തോല്‍പ്പിച്ച് ദില്ലി അധീനത്തില്‍ വരുത്തി. അപ്പോള്‍ ആണ് ദില്ലിക്ക് സ്ഥാനഭ്രംശം ഉണ്ടായത്. 1772 മുതല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാനമായിരുന്ന കല്‍ക്കട്ടയില്‍ നിന്നു തന്നെ ഭരണം തുടരാനാണ് അവര്‍ തീരുമാനിച്ചത്. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ഇന്ന് നാം അംഗീകരിക്കുന്നതും ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ‘ശിപായി ലഹള’ എന്ന് വിളിച്ചതുമായ സംഭവം നടന്നപ്പോള്‍, സായിപ്പിന്റെ സേനയില്‍ നിന്നും ഓടിപ്പോയ ‘നാടന്‍’ പടയാളികള്‍ ഓടിയണഞ്ഞത് ദില്ലിയിലെ ചെങ്കോട്ടയ്ക്കുള്ളില്‍ ‘പാട്ടിന്റെ ചക്രവര്‍ത്തി’ മാത്രമായി സ്വന്തം പാടും നോക്കി കഴിഞ്ഞിരുന്ന പടുകിഴവനായ ബഹദൂര്‍ ഷാ സഫറിന്റെ പക്കലേക്കായിരുന്നു. ഭാരതം ഭരിക്കേണ്ടത് ദില്ലിയില്‍ വാഴുന്ന ചക്രവര്‍ത്തിയാണെന്ന് വിശ്വസിച്ച ആ കലാപകാരികളെ ഒതുക്കുവാന്‍ നിക്കള്‍സണും പടയ്ക്കും നന്നേ പാടു പെടേണ്ടി വന്നു.

1857 ലെ തിക്താനുഭവങ്ങളാണ് ഭാരതവര്‍ഷത്തിലെ നാടുവാഴികളെ എല്ലാം തോല്‍പ്പിച്ചാലും ഭാരതീയര്‍ ദില്ലിയില്‍ നിന്ന് ഭരിക്കുന്നവനെ മാത്രമെ ചക്രവര്‍ത്തി ആയി അംഗീകരിക്കൂ എന്ന തിരിച്ചറിവ് ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയത്. അന്നു മുതലേ ഇതേക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെങ്കിലും തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റുകയാണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് 1911-ലെ ദില്ലി ദര്‍ബാറിന്റെ സമയത്താണ്. കല്‍ക്കട്ടാ നഗരം രണ്ട് ശതാബ്ദങ്ങളിലേറെയായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴില്‍ ഇന്ത്യയുടെ തലസ്ഥാനമായി വിരാജിച്ചു. ആ കാലയളവില്‍ ബംഗാളികളാണ് ബ്രിട്ടീഷ് ഭരണാധികാരികളെ ഭരണകാര്യങ്ങളില്‍ സഹായിച്ചു കൊണ്ടിരുന്നത്. അങ്ങനെ ‘ബംഗാളി ബാബു’ എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന ആള്‍ക്കാരുടെ ഒരു പട തന്നെ കല്‍ക്കട്ടയില്‍ വളര്‍ന്നു വന്നു- ഗുമസ്ഥരുടെ, ക്ലാര്‍ക്കുമാരുടെ, കണക്കപ്പിള്ളമാരുടെ ഒരു പട. പക്ഷേ കല്‍ക്കട്ടയിലെ അല്ലെങ്കില്‍ വംഗദേശത്തെ വേരുകള്‍ ഊരി, ദില്ലിയിലേക്ക് പാര്‍പ്പിടം മാറ്റാന്‍ പൊതുവെ വിമുഖരായിരുന്നു, അദ്ധ്വാനശീലരെങ്കിലും സ്വാഭാവികമായും സാഹസിക സംരംഭങ്ങള്‍ക്ക് ചാടിപ്പുറപ്പെടുവാന്‍ താത്പര്യം ഇല്ലാതിരുന്ന ബംഗാളി ബാബുമാര്‍. തലസ്ഥാനം മാറ്റല്‍ സായിപ്പിന് നല്‍കിയ ഏറ്റവും വലിയ തലവേദനകളില്‍ ഒന്ന് അതായിരുന്നിരിക്കണം. അപ്പോഴാണ് ബംഗാളിലെ പോലെ തന്നെ അക്ഷരാഭ്യാസത്തിലും, ഉപരിപഠനത്തിലും താത്പര്യം കാട്ടിയിരുന്ന ദക്ഷിണേന്ത്യയിലേക്ക് സായിപ്പിന്റെ ശ്രദ്ധ തിരിഞ്ഞത്. അങ്ങനെ കേരളവും തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും എല്ലാം അടങ്ങിയ മദ്രാസ് പ്രവിശ്യയില്‍ നിന്ന് അഭ്യസ്തരവിദ്യരായ ചെറുപ്പക്കാരുടെ ഒരു ഒഴുക്ക് പുതിയ തലസ്ഥാനത്തേക്ക് ഉണ്ടായി. ആ ഒഴുക്കിന്റെ ഭാഗമായിരുന്ന ചിലരെ കുറിച്ച് എഴുതുവാന്‍ ആണ് എന്റെ ശ്രമം.

ഭരണശൃംഖലയിലെ ഏറ്റവും താഴത്തെ ജോലികളിലേക്കാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ചിലരെങ്കിലും അല്‍പ്പം കൂടി ഉയര്‍ന്ന പദവികളില്‍ കയറിപ്പറ്റി. കാലക്രമേണ അവരില്‍ പലരും വലിയ ഉയരങ്ങളിലേക്കെത്തി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്ന കാലഘട്ടമായപ്പോഴേക്കും, പുത്തന്‍ ദില്ലിയിലെ-ന്യൂ ഡല്‍ഹിയിലെ- സാമൂഹിക ജീവിതത്തിന്റെ വിവിധ ഉന്നത മേഖലകളില്‍ മലയാളി സാന്നിധ്യം വളരെ വലുതായിത്തീര്‍ന്നു, അത്ഭുതകരമെന്നോണം. സ്വാതന്ത്രലബ്ധിക്ക് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രം ദില്ലി ജീവിതം തുടങ്ങിയ എന്നെപ്പോലെ ഉള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ അവരില്‍ ചിലരെങ്കിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവാഘോഷം കഴിഞ്ഞ ഈ വേളയില്‍, അതായത് നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ നിന്ന് ഒന്നോ രണ്ടോ പേരേ അവശേഷിച്ചിട്ടുള്ളൂ. അവരുടെയും കാലം കഴിയുന്നതിന് മുമ്പ് അവരുടെ ഓര്‍മ്മശകലങ്ങള്‍ അടര്‍ത്തിയെടുത്ത് സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പുമായുള്ള ഒരു അമ്പത് വര്‍ഷത്തെ ദില്ലി മലയാളികളുടെ കഥ രേഖപ്പെടുത്തേണ്ടതുണ്ട്‌ എന്ന് ഞാന്‍ കരുതുന്നു.

ഈ ഉദ്യമം ഞാന്‍ തുടങ്ങുന്നത് ആ മലയാളി മഹത്ശൃംഖലയിലെ ഏറ്റവും സ്മരണീയനായ ഒരു വ്യക്തിയുടെ-ഡോക്ടര്‍ പിപി പിള്ളയുടെ കഥ പറഞ്ഞുകൊണ്ടാണ്. അദ്ദേഹത്തിന്റെ കഥ ഇന്ന് കേരളത്തില്‍ അധികം പേര്‍ക്കും അറിയില്ല എന്നത് ഒരു വസ്തുതയാണ്. പക്ഷേ, അറിയപ്പെടേണ്ടതും കേരളീയരുടെ അഭിമാനമായി തീരേണ്ടതുമായ ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റെത്. തിരുവിതാംകൂര്‍ പൊലീസില്‍ ജോലി ചെയ്തിരുന്ന പത്മനാഭ പിള്ളയുടെയും ഗൗരിക്കുട്ടി അമ്മയുടെയും ഏഴ് മക്കളില്‍ ഏറ്റവും ഇളയവനായി പത്മനാഭന്‍ 1894 ഏപ്രില്‍ 15 ന് ജനിച്ചു. ഗൗരി അമ്മ ഒരു അസാധാരണ വനിത ആയിരുന്നു. നെട്ടിനായനാര്‍ അപ്പാദുരൈ അയ്യര്‍ എന്ന തമിഴ് ബ്രാഹ്‌മണന്റെ മകള്‍ ആയിരുന്നു അവര്‍. അതീവ ബുദ്ധിമതി ആയിരുന്ന മകളുടെ വിദ്യാഭ്യാസത്തില്‍ അയ്യര്‍ വലിയ ശ്രദ്ധ ചെലുത്തി. സംസ്‌കൃതത്തിലും മലയാളത്തിലും തമിഴിലും പ്രവീണ ആയിരുന്ന ആ മഹിള ഒരു കവിയും സംഗീതജ്ഞയും കൂടി ആയിരുന്നു. കുടുംബത്തിന്റെ കെടാവിളക്ക് ആയിരുന്നു അവര്‍.

DR. PP pIllai

ഡോ. പി പത്മനാഭ പിള്ള(ഡോ. പിപി പിള്ള)

പത്മനാഭന്‍ അടുത്തുള്ള സ്‌കൂളില്‍ പഠിച്ചതിനുശേഷം അന്ന് മഹാരാജാസ് കോളേജ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ന്ന് നിയമവും ധനശാസ്ത്രവും പഠിച്ചു. 1918 ഓടുകൂടി അദ്ദേഹം ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ ചേമ്പേഴ്‌സില്‍ ഒരു നിയമ ക്ലര്‍ക്ക് ആയി ചേര്‍ന്നു(നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രണ്ടാം പ്രസിഡന്റ് ആയിരുന്ന പരമേശ്വരന്‍ പിള്ള വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി, മന്നത്ത് പദ്മനാഭന്‍ എന്നിവരോടൊപ്പം പങ്കെടുത്തു. തിരുവിതാംകൂര്‍ സന്ദര്‍ശനവേളയില്‍ പരമേശ്വരന്‍ പിള്ളയുടെ റോള്‍സ് റോയ്‌സ് കാറില്‍ മഹാത്മ ഗാന്ധി സഞ്ചരിച്ചിട്ടുണ്ട്). എന്നാല്‍ അതിമിടുക്കാനാണെങ്കിലും പത്മനാഭന് ഒരു വക്കീല്‍ ആകാനുള്ള പ്രകൃതമല്ല ഉള്ളത് എന്നായിരുന്നു പരമേശ്വരന്‍ പിള്ളയുടെ അഭിപ്രായം. അതിനാല്‍, 1922 ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പിഎച്ച്ഡി ചെയ്യുവാന്‍ അവസരം ലഭിച്ചപ്പോള്‍ പത്മനാഭന്‍ ഒട്ടും മടിച്ചില്ല.

1924 ല്‍ പിഎച്ച്ഡി നേടിയ ശേഷം ഡോക്ടര്‍ പിപി പിള്ള ഇന്ത്യയിലേക്ക് മടങ്ങി, ലീഗ് ഓഫ് നേഷന്‍സ് യൂണിയന്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലും സഹായിച്ചു. 1918 ല്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം ലീഗ് ഓഫ് നേഷന്‍സ് എന്ന അന്താരാഷ്ട്ര സംഘടന രൂപീകരിക്കപ്പെട്ടതായി നമുക്കറിയാം. ആ ഒക്ടോബര്‍ മാസത്തില്‍ ഇംഗ്ലണ്ടില്‍ ഉളവെടുത്ത ഒരു സംഘടനയാണ് ലീഗ് ഓഫ് നേഷന്‍സ് യൂണിയന്‍. രാഷ്ട്രങ്ങള്‍ തമ്മില്‍ നേരും നെറിവുമുള്ള ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു ഈ യൂണിയന്റെ ഉദ്ദേശം. അതിനായി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനികളിലെല്ലാം ഈ യൂണിയന്റെ ചാപ്‌റ്റേഴ്‌സ്, അല്ലെങ്കില്‍ ശാഖകള്‍ സ്ഥാപിക്കപ്പെട്ടു. ലീഗ് ഓഫ് നേഷന്‍സ് യൂണിയനുമായി അന്ന് തുടങ്ങിയ ബന്ധമായിരിക്കാം ആ വര്‍ഷം ലീഗ് ഓഫ് നേഷന്‍സ് സെക്രട്ടറിയേറ്റിലേക്ക് ആദ്യമായി തുറന്ന പരീക്ഷകള്‍ നടത്തപ്പെട്ടപ്പോള്‍ അവയില്‍ മത്സരിക്കാന്‍ ഡോ. പി പി പിള്ളയെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കുള്ള പരീക്ഷയും ലീഗ് ഓഫ് നേഷന്‍സ് സെക്രട്ടറിയേറ്റിലേക്കുള്ള പരീക്ഷയും ലണ്ടനില്‍ ഒരേദിവസം ഒരേസമയം ഒരേ കെട്ടിടത്തില്‍ വച്ചാണ് നടത്തപ്പെട്ടത്. കേരളത്തില്‍ ഡോ. പി പി പിള്ളയുടെ കുടുംബാംഗങ്ങള്‍ വിശ്വസിച്ചത് അദ്ദേഹം ഐസിഎസ് പരീക്ഷ എഴുതും എന്നായിരുന്നു. എന്നാല്‍ ലോകസമാധാനത്തിന് വേണ്ടി പുതുതായി രൂപമെടുത്ത സംഘടനയില്‍ ആണ് അദ്ദേഹം ചേരുവാന്‍ തീരുമാനിച്ചത് എന്നറിഞ്ഞ് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് അവര്‍ ആകുലരായി. എന്നാല്‍ തന്റെ തീരുമാനവുമായി മുന്നോട്ട് പോകുവാന്‍ തന്നെ പി പി പിള്ള എന്ന ചെറുപ്പക്കാരന്‍ ഉറച്ചു. അങ്ങനെ 1924 ഫെബ്രുവരി മാസം 24 ആം തീയതി അദ്ദേഹം ലീഗ് ഓഫ് നേഷന്‍സ് സെക്രട്ടറിയേറ്റില്‍ ചേരുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി.

ഇതിനിടയ്ക്ക് അതേ വര്‍ഷം തന്നെ ഇംപീരിയല്‍ എഡ്യുക്കേഷന്‍ സര്‍വീസിലേക്കും തിരഞ്ഞെടുക്കപ്പെട്ടു പി.പി പിള്ള. ഇക്കണോമിക്‌സ്/ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായും നിയമനം നേടിയെങ്കിലും ആ വഴി പിന്തുടര്‍ന്നില്ല. 1925 ല്‍ അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ് ഒരു പുസ്തകം ആയി ‘ഇന്‍ഡസ്ട്രിയല്‍ കണ്ടീഷന്‍സ് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ലീഗ് ഓഫ് നേഷന്‍സ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തു വരവേ, സെക്രട്ടറി ജനറല്‍ ജെയിംസ് ഡ്രമ്മണ്ട്‌ പിപി പിള്ളയോട് ഇന്ത്യയില്‍ പോയി അവിടെ ഒരു ഓഫിസ് തുറക്കുന്നതിന് സഹായിക്കാന്‍ ആവശ്യപ്പെട്ടു. അന്ന് ഒരു വെറും യുവാവായിരുന്ന പിള്ള ഡല്‍ഹിയില്‍ പോയി ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദ് അലി ജിന്ന തുടങ്ങിയ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ഒരു ലീഗ് ഓഫിസ് തുടങ്ങുന്നതിന് ഇന്ത്യയില്‍ വലിയ താത്പര്യം ഇല്ല എന്ന് പിള്ള സെക്രട്ടറി ജനറലിനോട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഒരു ഓഫിസ് ഇന്ത്യയില്‍ തുറന്നാല്‍ അത് സ്വാഗതം ചെയ്യപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തെന്നാല്‍ ഇന്ത്യയിലെ വ്യാവസായിക രംഗത്ത് ഉണ്ടായിരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും ജോലി സാഹചര്യങ്ങളെ കുറിച്ചും കാര്യമായ ഉത്കണ്ഠ പലരിലും ഉണ്ടായിരുന്നു. അങ്ങനെ ഒരു ഐ എല്‍ ഒ സാന്നിധ്യം ഇന്ത്യയില്‍ സൃഷ്ടിക്കുന്നതില്‍ പിള്ള ഒരു വലിയ പങ്കുവഹിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യയില്‍ ഐ എല്‍ ഒ ബ്രാഞ്ച് ഓഫിസിന്റെ ആദ്യത്തെ ഡയറക്ടര്‍ ആവുകയും ചെയ്തു.

DR.PP Pillai-ILO

ഈ ദൗത്യത്തിനുശേഷം ഡ്രമ്മണ്ടും ഐ എല്‍ ഒ ഡയറക്ടര്‍ ആല്‍ബെര്‍ട്ട് തോമസും ചര്‍ച്ചകള്‍ നടത്തുകയും പിള്ളയെ ഐ എല്‍ ഒ-യില്‍ ചേരുവാന്‍ പ്രോത്സാഹിപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. തല്‍ഫലമായി അദ്ദേഹം ഇന്ത്യ ഗവണ്‍മെന്റ് വഴി ഔദ്യോഗിക അപേക്ഷ അയക്കുകയും 1927 ല്‍ ഐ എല്‍ ഒ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ഡിപ്ലോമാറ്റിക് വിഭാഗത്തിലേക്ക് നിയോഗിക്കുകയും ചെയ്തു. ഐഎല്‍ഒ യിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ പിള്ള ഉപയുക്തനാണ് എന്ന് ചൂണ്ടിക്കാട്ടി ഐ എല്‍ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 1927 മാര്‍ച്ച് 17 ആം തീയതി കത്ത് എഴുതിയ വ്യക്തി ആരാണെന്നത് രസകരമാണ്- ആള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായിരുന്ന എന്‍. എം ജോഷി!(പിന്നീട് ജോഷി ഐ എല്‍ ഒയുടെ ഗവേണിംഗ് ബോഡി ആംഗമായി).1928 ഓഗസ്റ്റില്‍ ഡല്‍ഹിയിലെ ഐ എല്‍ ഒ ഓഫിസ് ഡയറക്ടറായി നിയമിക്കപ്പെട്ടു.

ബ്രിട്ടീഷ് ഇന്ത്യയില്‍ നയതന്ത്രജ്ഞര്‍ക്ക് തുല്യമായ സ്ഥാനം അനുവദിക്കപ്പെട്ടിരുന്ന പിള്ള ഐ എല്‍ ഒ-യുടെ ഇന്ത്യ ബ്രാഞ്ച് ഓഫിസിന്റെ തലവന്‍ എന്ന നിലയ്ക്ക് സര്‍ക്കാരിന്റെ ഉന്നത തല സമ്മേളനങ്ങളില്‍ ഐ എല്‍ ഒയെ പ്രതിനിധീകരിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ നിരയിലെ നേതാക്കളുമായും വൈസ്രോയിമാരുള്‍പ്പടെ, ബ്രിട്ടീഷുകാരും ഇന്ത്യാക്കാരുമായുള്ള ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നു. എല്ലാവരുമായി സൗഹൃദം നിലനിര്‍ത്തുവാനുള്ള അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം അപാരമായിരുന്നു. മുതലാളിമാരും തൊഴിലാളികളും ഒരുപോലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. 1928 മുതല്‍ ഇന്ത്യയുടെ തൊഴില്‍ മേഖലയെ അദ്ദേഹം കൂലങ്കഷമായി നിരീക്ഷിച്ചു പോന്നു. ആ വര്‍ഷം മുതല്‍ 1945 വരെയും പിന്നെയും ഡല്‍ഹി ഓഫിസില്‍ നിന്ന് ഐഎല്‍ഒ ആസ്ഥാനത്തേക്ക് എല്ലാ മാസവും അയച്ചിരുന്ന കത്തുകളിലൂടെ ഇന്ത്യയുടെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളെയും സംഭവവികാസങ്ങളെയും അദ്ദേഹം സ്ഥിരമായി വിശകലനം ചെയ്തു കൊണ്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1928 ലെ സമ്മേളനം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമുദായിക സംഘടനകളുടെയും നിലപാട്, കേന്ദ്ര സര്‍ക്കാരും പ്രവിശ്യ സര്‍ക്കാരുകളും തമ്മിലുള്ള ബന്ധങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതില്‍ അവരുടെ നയപരിപാടികള്‍ എന്നിവ ഈ റിപ്പോര്‍ട്ടുകളില്‍ പ്രതിബിംബിക്കപ്പെട്ടു. ഭാരതത്തില്‍ ഐ എല്‍ ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കുവാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ വളരെ സഹായിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ഒരു അന്താരാഷ്ട്രീയ സംഘടനയുടെ പ്രതിനിധിയായി ഭാരത്തില്‍ പ്രവര്‍ത്തിക്കുക എന്നത് ഒരു ഭാരതീയന് അത്ര എളുപ്പം ആയിരുന്നില്ല. 1937 ല്‍ അന്നത്തെ ഐ എല്‍ ഒ ഡയറക്ടര്‍ ബട്‌ലര്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും പിന്നീട് തൊഴില്‍ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള റോയല്‍ കമ്മീഷന്‍ വന്നപ്പോഴും പിപി പിള്ളക്ക് വളരെ കരുതലോടെ തന്റെ ചുമതലകള്‍ നിര്‍വഹിക്കേണ്ടി വന്നു. ബട്‌ലറുടെ സന്ദര്‍ശനം പൂര്‍ണമായും കൈകാര്യം ചെയ്തത് പിപി പിള്ളയായിരുന്നു. തന്റെ ഔദ്യോഗിക സന്ദര്‍ശന റിപ്പോര്‍ട്ടുകള്‍ കൂടാതെ ഒരു രഹസ്യ റിപ്പോര്‍ട്ട് കൂടി വൈസ്രോയ് ലിന്‍ലിത്ത് ഗോവ് പ്രഭുവിന് നല്‍കിയിട്ടാണ് ബട്‌ലര്‍ മടങ്ങിയത്. ഈ റിപ്പോര്‍ട്ടില്‍ ” കര്‍ഷക സമൂഹം പൊതുവെ ദരിദ്രരും, കടബാധ്യതയുള്ളവരും അതൃപ്തരുമാണ്” എന്ന കാര്യം വ്യക്തമാക്കിയിരുന്നു. വ്യാവസായിക മേഖലയിലെ ജനസംഖ്യാ വര്‍ദ്ധനവും കുറഞ്ഞ വേതനവും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും മൂലം സ്ഥിതിഗതികള്‍ കത്തിജ്വലിക്കാന്‍ സാധ്യതയുണ്ട്, എന്നദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വ്യാവസായിക ബന്ധങ്ങളിലും താമസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും സ്ഥിതിവിവരണക്കണക്കുകളുടെ മെച്ചപ്പെട്ട ശേഖരണത്തിലും സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇതൊക്കെ ഇന്ത്യയിലെ അന്നത്തെ ഉദ്യോഗസ്ഥവൃന്ദത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങളായിരുന്നില്ല. പക്ഷേ ബട്‌ലറുടെ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ രണ്ടാംലോക മഹായുദ്ധകാലം വരെ അംഗീകരിക്കപ്പെട്ടില്ല.

തൊഴില്‍ കാര്യങ്ങളെ കുറിച്ചുള്ള റോയല്‍ കമ്മീഷന്‍ വന്നപ്പോള്‍ അതിലെ ചില മെംബര്‍മാര്‍ പിപി പിള്ളയും കമ്മീഷനെ ഭാരതപര്യടനത്തില്‍ അനുഗമിക്കണമെന്ന് താത്പര്യപ്പെട്ടുവെങ്കിലും ചെയര്‍മാന്‍ ജെ എച്ച് വിറ്റ്‌ലിക്ക് ഒരു തണുപ്പന്‍ നയമായിരുന്നു. ബട്‌ലറുടെ ഉപദേശപ്രകാരം പിള്ള താന്‍ കമ്മീഷന്റെ കൂടെ യാത്ര ചെയ്യേണ്ടതില്ല എന്നു തീരുമാനിച്ചു. പിള്ള തന്റെ അഭിപ്രായങ്ങള്‍ നേരിട്ട് ഐ എല്‍ ഒ ആസ്ഥാനത്ത് അറിയിച്ചേക്കുമോ എന്ന ഭയം വിറ്റ്‌ലിക്ക് ഉണ്ടായിരുന്നു എന്നു തോന്നുന്നു. അവസാനം, കമ്മീഷന്റെ കൂടെ ബോംബേയില്‍ നിന്നും കല്‍ക്കട്ട വരെ പോകുവാനും നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഇരുമ്പ് ഖനികള്‍ സന്ദര്‍ശിക്കുവാനും പിള്ള പ്രേരിതനായി. കമ്മീഷനിലെ ഏക വനിത അംഗമായ ബെറില്‍ പവര്‍ തുടങ്ങി ചില അംഗങ്ങളെ ഉപദേശിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ചുരുക്കത്തില്‍, ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചും തന്റെ ചുമതലകള്‍ നിര്‍വഹിക്കുവാനുള്ള തന്റേടം അദ്ദേഹത്തിനുണ്ടായിരുന്നു.

Dr. PP Pillai

ചിത്രത്തില്‍, മധ്യഭാഗത്തായി മാല അണിഞ്ഞ വ്യക്തി ഐഎല്‍ഒയുടെ രണ്ടാമത്തെ ഡയറക്ടര്‍ ജനറല്‍ ഹരോള്‍ഡ് ബി. ബട്ട്ലര്‍. ഇടതുവശത്ത് പത്‌നി ലേഡി ബട്‌ലര്‍. അവരുടെ ഇടത് വശത്തായി ഡോ. പിപി പിള്ള. പിള്ളയുടെ ഇടതുവശത്ത് ജനീവ ഓഫിസിലെ രഘുനാഥ് റാവു. 1938 ഡിസംബറില്‍ ബട്‌ലറുടെ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എടുത്ത ഫോട്ടോ.

ഒരു സാമ്പത്തിക ശാസ്ത്ര പ്രണേതാവ് എന്ന നിലയില്‍ ഡോക്ടര്‍ പിപി പിള്ള പല പുസ്തകങ്ങളും ആഖ്യാനങ്ങളും രചിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്രീയ ജേര്‍ണലില്‍ ആദ്യമായി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയ ഇന്ത്യന്‍ ഇക്കണോമിസ്റ്റ് അദ്ദേഹമായിരുന്നു-‘ഇക്കോണമിക്ക’യില്‍. 1923 ല്‍ ‘ ഐഎല്‍ഒയും നിര്‍ബന്ധിത തൊഴിലും’ എന്ന ശീര്‍ഷകത്തില്‍ 1929 ല്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഇക്കണോമിക്‌സില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1937 ല്‍ ഇതേ പ്രസിദ്ധീകരണത്തില്‍ ” ഐഎല്‍ഒയും കര്‍ഷകത്തൊഴിലാളികളും” എന്ന പേരിലും ഒരു ലേഖനം എഴുതി. ” ഇന്ത്യയിലെ സാമ്പത്തിക സ്ഥിതികള്‍’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം സംശയനിവൃത്തിക്കായി പണ്ഡിതര്‍ പരക്കേ ഉപയോഗിക്കുന്ന ഒന്നാണ്.

പക്ഷേ, എല്ലാത്തിനും ഉപരിയായി, ഡോക്ടര്‍ പിപി പിള്ളയുടെ ഏറ്റവും ശ്രദ്ധേയമായ ലേഖനം, ദ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സിന്റെ 1940 ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ The ILO as an Agency for World Peace’ ആയിരുന്നു. 1940 ജനുവരയില്‍ ലാഹോറില്‍ നടന്ന രണ്ടാം ഭാരതീയ പൊളിറ്റിക്കല്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ വായിച്ച ഒരു പഠനം ആയിരുന്നു അത്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ്, ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസ്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ എന്നിവ, രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ട ആ കാലഘട്ടത്തില്‍ അവയുടെ ബുദ്ധിമുട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുവാന്‍ പോരുന്ന ഏജന്‍സികളായി തുടര്‍ന്നും കണക്കാക്കപ്പെടുവാന്‍ കഴിയുമോ എന്ന അതിപ്രധാനമായ പ്രശ്‌നമാണ് ഈ പഠനത്തില്‍ അദ്ദേഹം വിശകലനം ചെയ്യുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യം അടുത്തു തുടങ്ങിയ 1944-ല്‍ ഐഎല്‍ഒയ്ക്ക് പുതുജീവന്‍ നല്‍കിയത് ആ വര്‍ഷം ഫിലദെല്‍ഫിയായില്‍ നടന്ന കോണ്‍ഫറന്‍സില്‍ അംഗീകരിക്കപ്പെട്ട അധികാര പ്രഖ്യാപനം ആയിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ ഐല്‍ഒയുടെ പരമ്പരാഗതമായ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചനം ചെയ്യപ്പെട്ടു. തൊഴില്‍ ഒരു കച്ചവട ചരക്കല്ല, സ്ഥിരപുരോഗതിയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും അത്യന്താപേക്ഷിതമാണ്, എവിടെയെങ്കിലും ദാരിദ്ര്യം ഉണ്ടെങ്കില്‍, അത് എല്ലായിടത്തുമുള്ള പുരോഗതിയ്ക്ക് അപകടം ഉളവാക്കുന്നു, യുദ്ധത്തിനെതിരേ നിരന്തരമായ സമരം തുടരണം, എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ ശാരീരികവും ആത്മീകവുമായ സൗഖ്യത്തിന് വേണ്ടി, സ്വാതന്ത്ര്യത്തോടും അഭിമാനത്തോടും കൂടി ശ്രമിക്കുവാന്‍ അവകാശം ഉണ്ട് എന്ന് തുടങ്ങിയ തത്വങ്ങളാണ് ഫിലദെല്‍ഫിയ പ്രഖ്യാപനം ആവിഷ്‌കരിച്ചത്. ഐഎല്‍ഒയ്ക്ക് പുത്തന്‍ ഉണര്‍വ് ലഭിച്ച ആ പ്രഖ്യാപന വേളയില്‍ ഹാജരുണ്ടായിരുന്ന പിപി പിള്ളയും ആ പ്രഖ്യാപനം തയ്യാറാക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു.

1947 ല്‍ പിള്ളയ്ക്ക് മൂന്നു വര്‍ഷത്തെ അവധി നല്‍കുവാന്‍ ഐഎല്‍ഒയോട് ഭാരത സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തെ അവധിക്കേ ഐ എല്‍ ഒ നേതൃത്വം സമ്മതിച്ചുള്ളൂ. ആ വര്‍ഷം തന്നെ ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഭാരതത്തിന്റെ ആദ്യത്തെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായി അദ്ദേഹം നിയമിക്കപ്പെട്ടു. 1947 ജൂലൈയില്‍ ആ ചുമതല ഏറ്റെടുക്കാനായി ന്യൂയോര്‍ക്കിലേക്ക് പോയ ഡോ. പിപി പിള്ള 1950 ലെ ഡല്‍ഹിയിലേക്ക് മടങ്ങിയുള്ളൂ. നാട്ടിലെ തന്റെ ഐഎല്‍ഒ ചുമതലകള്‍ പുനരേറ്റെടുത്ത അദ്ദേഹം 1954 ഏപ്രില്‍ 15ആം തീയതി ജോലിയില്‍ നിന്നും വിരമിച്ചു. 1977 ല്‍ അദ്ദേഹം നിര്യാതനായപ്പോള്‍ ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ എഫ്. ബ്ലാന്‍ചാര്‍ഡ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എഴുതിയ കത്ത് ഡോക്ടര്‍ പി പത്മനാഭ പിള്ള ആ ആഗോള സംഘടനയ്ക്ക് നല്‍കിയ ശ്ലാഘനീയ സേവനത്തിന്റെ കീര്‍ത്തിമുദ്ര ആയി കുടുംബം കാത്തുസൂക്ഷിക്കുന്നു.

ഡോക്ടര്‍ പിപി പിള്ളയുടെ രണ്ടു പുത്രന്മാരും അദ്ദേഹത്തെ പോലെ ധിഷണാശാലികള്‍ ആയിരുന്നു. എന്നെക്കാള്‍ സീനിയര്‍ എങ്കിലും എന്റെ സുഹൃത്തുക്കള്‍ ആയിരുന്ന ഗോപിയും വിജുവും വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നു. പക്ഷേ, നേരത്തെ തന്നെ വിരമിച്ചു. വിജു 2007 ല്‍ നിര്യാതനായി. തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപേണയുള്ള വിജുവിന്റെ ആത്മകഥ ” Where Nothing Happens” അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്ത് മഞ്ജുളിക ദൂബേ പ്രസിദ്ധീകരിക്കുകയുണ്ടായി. ഓര്‍മകളും തത്വചിന്തയും സത്യാന്വേഷണവുമെല്ലാം ഇടകലര്‍ന്ന ആ കൃതി എന്റെ ഗ്രന്ഥശേഖരത്തില്‍ ഒരു പ്രധാനസ്ഥാനം അലങ്കരിക്കുന്നു.

പദ്മനാഭ് ഗോപിനാഥ് എന്ന ഔദ്യോഗികനാമത്തില്‍ അറിയപ്പെടുന്ന ഗോപി, തന്റെ പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്, ഐഎല്‍ഒയില്‍ ഏറ്റവും ഉയര്‍ന്ന പദവികള്‍ വഹിച്ച് വിരമിച്ചശേഷം വിയെന്നായിലും ബാങ്കോക്കിലും ബെംഗളൂരുവിലുമായി സമയം ചെലവഴിക്കുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം ഞങ്ങളുടെ ഗ്രാമീണ വസതിയിലും എത്തും. ഗോപിയാണ് ഈ ലേഖനത്തിന് വേണ്ട വിവരങ്ങളില്‍ ഒട്ടുമുക്കാലും ശേഖരിച്ചു തന്നത്. അദ്ദേഹത്തിന് എന്റെ നന്ദി.

ഗോപി എന്നോട് പങ്കുവച്ച ഒരു ചെറിയ കഥകൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയായിരുന്ന കാലഘട്ടത്തില്‍, ലീഗ് ഓഫ് നേഷന്‍സിലെ തന്റെ പരിചയസമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. പിള്ള ഐക്യരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ഒത്തിരി ചിന്തിച്ചിരുന്നുവത്രേ. അന്നത്തെ വിദേശകാര്യ സെക്രട്ടറി ഒലാഫ് കേരോ, ഡോക്ടര്‍ പിള്ളയുടെ കാഴ്ച്ചപ്പാടുകള്‍ വൈസ്രോയി വേവലിന് സമര്‍പ്പിക്കുവാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അപ്രകാരം കേരോയുടെ സൗത്ത് ബ്ലോക്കിലെ ഓഫിസ് സന്ദര്‍ശിച്ചപ്പോള്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയുടെ(NWFP) ഒരു വലിയ മാപ്പ് ആ ഓഫിസിന്റെ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചതായി ഡോ. പിള്ള കണ്ടു. താന്‍ വളരെക്കാലം ജോലി ചെയ്തിരുന്ന പ്രവിശ്യ ആണ് അത് എന്ന് കേരോ വിശദീകരിച്ചു. ‘ നാളത്തെ ഇന്ത്യ”, ഡോ. പിള്ള ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയോട് പറഞ്ഞു, ‘ ബാഹ്യലോകവുമായി ഇടപഴകേണ്ടി വരും, അങ്ങയുടെ ഓഫിസില്‍ ഇതേക്കാള്‍ വലിയ ഒരു മാപ്പ് വേണ്ടി വരും- ഒരു ലോക ഭൂപടം!’

ഒരു വലിയ ദേശസ്‌നേഹിയുടെ വിശ്വദര്‍ശനം ഉള്‍ക്കൊള്ളുന്ന വാക്കുകള്‍.  Dr P Padmanabha Pillai, The first Indian Ambassador of United Nations

Content Summary; Dr P Padmanabha Pillai, The first Indian Ambassador of United Nations

ഹോര്‍മിസ് തരകന്‍

ഹോര്‍മിസ് തരകന്‍

മുന്‍ R&AW മേധാവി, മുന്‍ കേരള ഡിജിപി

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×