June 04, 2026 |
Avatar
അമർനാഥ്‌
Share on

കമ്മ്യൂണിസ്റ്റായ എംഎന്‍ എന്ന മനുഷ്യസ്‌നേഹി

ജനങ്ങളോട് മാത്രമായിരുന്നു പരിഗണനയും പ്രതിബദ്ധതയും

ഇന്നലെ എം.എന്‍. ഗോവിന്ദന്‍ നായരുടെ ചരമവാര്‍ഷികമായിരുന്നു

അധഃസ്ഥിത സമൂഹങ്ങളെ ഉദ്ധരിച്ചു കൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സിലും വിപ്ലവകരമായ നവീകരണവാദങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എത്തിയ ജനകീയ നേതാവായിരുന്നു എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്ന എം.എന്‍. അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, സംസ്ഥാനമന്ത്രി, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്നീ നിലകളിലെല്ലാം ആത്മാര്‍ത്ഥതയും നേതൃപാടവവും പ്രകടിപ്പിച്ചും വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചും അദ്ദേഹം ഭരണാധികാരിയായി ജനങ്ങളുടെ ആദരവ് നേടി. പഴയ തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചത് എം.എന്‍. ആയിരുന്നു. മഹാത്മാഗാന്ധിയുടെ വാര്‍ധ ആശ്രമത്തില്‍ നിന്നും സ്വായത്തമാക്കിയ ജനസേവനപാഠങ്ങള്‍ അദ്ദേഹം പില്ക്കാല ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി.

1967 ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായ ഭരണകാലം. കെ.എസ്.ഇ.ബിയില്‍ പണിമുടക്ക് വരുന്നു. കേരളത്തില്‍ സമരം പുത്തരിയല്ല, പക്ഷേ, ഇത്തവണ പണിമുടക്കുന്നത് തൊഴിലാളികളല്ല. ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍. എന്ന് വെച്ചാല്‍ തലപ്പത്തിരിക്കുന്ന എഞ്ചിനീയര്‍മാര്‍ തൊട്ട് ജൂനിയര്‍ ഓഫീസര്‍മാര്‍ വരെ. ആ സമര ചരിത്രം കേട്ടിട്ടില്ല ഇതുവരെ. പണിമുടക്കിന് സമരക്കാര്‍ നോട്ടീസ് കൊടുത്തു. ചര്‍ച്ച നടത്തി. ഗവണ്‍മെന്റ് വഴങ്ങിയില്ല. എന്നാല്‍ സമരം തന്നെ.

എം.എൻ. ഗോവിന്ദൻ നായർ

ഗവണ്‍മെന്റ് ഇത് കാര്യമായെടുത്തില്ല. ഉത്തരവാദിത്തമുള്ളവര്‍, തൊഴിലാളികളെ പോലെ സമരം ചെയ്യാന്‍ പോകില്ല എന്നാണ് അധികാരികള്‍ വിചാരിച്ചത്. ഉയര്‍ന്ന ശമ്പളം വാങ്ങി, ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവര്‍ പണിമുടക്കിന്റെ പാതയിലേക്ക് വരില്ല. ആ ധാരണയായിരുന്നു സര്‍ക്കാരിന്. എന്നാല്‍ കാര്യം വേറെ വഴിക്ക് നീങ്ങി.

അര്‍ദ്ധരാത്രി പണിമുടക്ക് ആരംഭിച്ചു. ഒന്നാം ദിവസം, എഞ്ചിനീയര്‍മാരൊഴികെ, താഴെ തട്ടിലുള്ള – ഓവര്‍സിയര്‍ തൊട്ട് ലൈന്‍മാന്‍ വരെ കൃത്യമായി ജോലിക്ക് ഹാജരായി. ഉഷാറായി പണി നോക്കി. എല്ലാ സ്ഥലത്തും വൈദ്യുതിയുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല. വൈകീട്ട് സമരക്കാര്‍ യോഗം ചേര്‍ന്നു. തങ്ങള്‍ പണിമുടക്കിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല എന്ന് വന്നാല്‍ ! ഇതില്‍ പരം ക്ഷീണം എന്തുണ്ട്.

കടുത്ത നടപടി വേണം ! സമരം ചൂടാക്കണം, തോറ്റ ചരിത്രം കേട്ടിട്ടില്ല.
പിറ്റേന്നാള്‍ തലസ്ഥാന നഗരി ഉള്‍പ്പെടെ പലയിടത്തും, ടാപ്പുകളില്‍, വെള്ളമില്ല ജലസേചന വകുപ്പിലെ വിദ്യുച്ഛക്തി വിച്ഛേദിച്ചിരിക്കുന്നു. വെള്ളം പമ്പ് ചെയ്യാന്‍ വിദ്യച്ഛക്തി വേണം സമരക്കാര്‍ അത് തടഞ്ഞു. ഫലം കുടിവെള്ളം മുട്ടി.

ജനം വലഞ്ഞു. മുന്നറിയിപ്പില്ലാതെയുള്ള ഈ ആക്ഷനില്‍ പൊറുതി മുട്ടി. ഗവണ്‍മെന്റ് പകച്ചു. സമരക്കാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും വീടുകളില്‍ ഇല്ല. പിന്നീട് നടന്നത് ഇതുവരെ നടക്കാത്ത സംഭവമായിരുന്നു. ജനങ്ങള്‍ ജാതിമത വ്യത്യാസം ഇല്ലാതെ പാര്‍ട്ടിയൊന്നും നോക്കാതെ കൂട്ടം ചേര്‍ന്നു വൈദ്യുതി ഓഫീസുകള്‍ ആക്രമിച്ചു. സെക്ഷനില്‍ കയറി ജീവനക്കാരെ കൈകാര്യം ചെയ്തു. സാധനങ്ങള്‍ തകര്‍ത്തു കയ്യില്‍ കിട്ടിയ ജീവനക്കാരെ ശരിക്കും പൂശി വിട്ടു. ജീവനക്കാര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

സര്‍ക്കാര്‍ ഉണര്‍ന്നു. സമരക്കാരെ തേടി പോലീസ് എത്തി. ബോര്‍ഡ് ഓഫീസില്‍ നേതാക്കളാരുമില്ല. ഒരു ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ – കേശവപിള്ള മാത്രമുണ്ട്.
അദ്ദേഹം സമരത്തിലില്ല. കുറച്ച് നേരത്തിന് ശേഷം കാര്യം പന്തിയല്ലെന്ന് കണ്ട്, അദ്ദേഹം സമരം പിന്‍വലിച്ചതായി പ്രസ്താവന ഇറക്കി. പത്രമോഫീസുകള്‍ക്ക് കുറിപ്പ് പോയി. അതിലൊരു പൊരുത്തക്കേടുണ്ടായിരുന്നു. സമരസമതിയിലില്ലാത്ത, ഒരാളെങ്ങനെ സമരം പിന്‍വലിച്ചു എന്ന് പ്രഖ്യാപിക്കും?

എം.എൻ. ഒരു കാർഷിക മേളയിലെ ചടങ്ങിൽ

ഉച്ചയായപ്പോള്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ വന്ന് കേശവപിള്ളയെ കൂട്ടികൊണ്ട് പോയി. വൈകിട്ട് ആണ് കാര്യം കളിയല്ലെയെന്ന് മനസ്സിലായത്, റേഡിയോവിലെ വാര്‍ത്ത കേട്ടപ്പോഴാണ്.’ സമരം പിന്‍വലിച്ചു. സമരസമിതി നേതാക്കള്‍ ഒളിവില്‍. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കേശവപിള്ളയെ അറസ്റ്റ് ചെയ്തു’

വാര്‍ത്തയറിഞ്ഞ് കേശവപിള്ളയുടെ ഭാര്യ പരിഭ്രാന്തയായി വേണ്ടപ്പെട്ടവരെ വിളി തുടങ്ങി. ഒടുവില്‍ കുടുംബ സുഹൃത്തും എം.എല്‍.എ യുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ ഇടപെട്ടു. പോലീസിനെ വിളിച്ചപ്പോള്‍, സംഗതി ഗൗരവമാണ്. രാജ്യരക്ഷാ നിയമവും, അത്യാവശ്യ സേവന സംരക്ഷണവുമനുസരിച്ചാണ് അറസ്റ്റ്. കരുതല്‍ തടങ്കല്‍ – എത്രനാള്‍ വരെയും ജയിലിലിടാം. കോടതിയില്‍ ഹാജരാക്കില്ല.

മന്ത്രിയെ കണ്ട് പറഞ്ഞ് നോക്കാം പക്ഷേ, ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. ഉറപ്പില്ല, മന്ത്രി എന്ത് പറയുമെന്ന് അറിയില്ല.

കാരണമുണ്ട്. മന്ത്രി സ്വന്തമായി നിലപാടുള്ള ആളാണ്. ശരിയെന്ന് തോന്നിയാല്‍ അതിലുറച്ച് നില്‍ക്കും. ഒരു സ്വാധീനവും ഏശില്ല. മന്ത്രി സാക്ഷാല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ !

1959 ല്‍ പാർട്ടി സെക്രട്ടറിയായപ്പോൾ

എം.എന്‍ നെ കാണാന്‍ വീട്ടില്‍ പോയി. മന്ത്രി മന്ദിരത്തിലല്ല, സ്വന്തം വീട്ടില്‍. വന്ന കാര്യം കേട്ട് എം.എന്‍ പൊട്ടിത്തെറിച്ചു. ജനങ്ങള്‍ പ്രതികരിച്ചപ്പോഴല്ലേ ഇവന്മാര്‍ സമരം പിന്‍വലിച്ചത്.
”വെള്ളം കുടി മുട്ടിക്കാന്‍ ഈ പാവപ്പെട്ട ജനങ്ങള്‍ എന്ത് ചെയ്തു? എഞ്ചിനീയര്‍ മാര്‍ക്ക് കനത്ത ശമ്പളം കൊടുത്തതാണോ അവരുടെ തെറ്റ്? കുടിവെള്ളമാണ് മുട്ടിച്ചത്. രാജ്യരക്ഷാ നിയമമനുസരിച്ചാണ് അറസ്റ്റ്. എനിക്കൊന്നും ചെയ്യാനില്ല. ചെയ്യുന്നത് ശരിയുമല്ല. അവന്റെ കൂട്ടുകാരും പിന്നാലെ എത്തും. വീണ്ടും എന്തോ പറയാന്‍ വന്ന ചന്ദ്രശേഖരന്‍ നായരെ തടഞ്ഞു എം.എന്‍.പറഞ്ഞു
‘വൈതാലില്‍ വീടുമായി ബന്ധം എനിക്കുമുണ്ട്’ (കേശവപിള്ളയുടെ ഭാര്യയുടെ വീടാണ് വൈതാലില്‍)
‘ഇവിടെ അതൊന്നുമല്ല പ്രശ്‌നം. പാവപ്പെട്ടവരെ ഇങ്ങനെ ദ്രോഹിക്കാമോ എന്നതാണ്. നിങ്ങള്‍ പൊയ്‌ക്കോളൂ അവരവിടെ കിടക്കട്ടെ.’
തോറ്റ ചരിത്രം കേള്‍ക്കാത്ത സമരസമിതിക്കാരും കേശവപിള്ളയും, 3 മാസം കിടന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. സാധാരണ തടവുകാരായി യൂണിഫോം ധരിച്ച് ഉണ്ടയും തിന്ന്!
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ, ജനങ്ങളെ പൊറുതി മുട്ടിച്ചവരെ, നിയമത്തിന്റെ വഴിയിലൂടെ നടത്തി ശിക്ഷിച്ച ഏത് മന്ത്രിയുണ്ട് കേരളത്തില്‍. അതായിരുന്നു. എം.എന്‍.

വ്യക്തിബന്ധങ്ങള്‍ തന്റെ ഔദോഗിക ഇടനാഴികളില്‍ പ്രവേശിപ്പിക്കാന്‍ ഒരിക്കലും എം.എന്‍ സമ്മതിച്ചില്ല എന്നതിന് ഉത്തമദൃഷ്ടാന്തമാണ് ഈ സംഭവം. ‘സ്വന്തം പാര്‍ട്ടിയുടെതോ ഏതെങ്കിലും സഖാവിന്റെയോ മാത്രം താല്‍പ്പര്യങ്ങള്‍ക്കായി തന്റെ ഉന്നത പദവി ഒരിക്കലും എം.എന്‍ ദുരുപയോഗപ്പടുത്തിയില്ല എന്നും ജനങ്ങളോട് മാത്രമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പരിഗണനയും പ്രതിബദ്ധതയും. മനുഷ്യരാശിയുടെയാകെ സ്വന്തമായിരുന്നു എം എന്‍. ആഭ്യന്തരമന്ത്രി ആയിരുന്ന എന്നോട് പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനോ പ്രതിപക്ഷത്തെ അമര്‍ച്ച ചെയ്യാനോ പോലീസിന്റെ ശക്തി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ട ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല.” 1957 ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ എഴുതി.

എം.എന്‍ നെ നിര്‍വചിക്കാനോ, തൂലിക ചിത്രമെഴുതാനോ എളുപ്പമല്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത് എഴുതിയത് പവനനാണ്
”ഒരു പത്ത് നിമിഷം എം.എന്‍ ഒരാളോട് സംസാരിച്ചാല്‍ അയാള്‍ കമ്മ്യൂണിസ്റ്റായി മാറുന്നത് കാണാം. അതായിരുന്നു മനുഷ്യന്റെ മനസില്‍ കയറിക്കൂടാനുള്ള അദ്ദേഹത്തിന്റെ കഴിവ്”
പാര്‍ട്ടി സെക്രട്ടറി, രണ്ട് തവണ മന്ത്രി, പാര്‍ലമെന്റ് അംഗം. കേരളം കണ്ട ഏറ്റവും വലിയ പദ്ധതിയായ ‘ലക്ഷം വീട്’ എന്ന ആശയം നടപ്പിലാക്കിയ മന്ത്രി, വീടും കുടിയുമില്ലാത്ത സാധാരണക്കാരന് തല ചായ്ക്കാന്‍ ഒരിടം എന്നത് യാഥാര്‍ത്ഥ്യമാക്കിയത് എം.എന്‍ നടത്തിയ പടയോട്ടം മൂലമാണ്. ഓരോ പഞ്ചായത്തിലും നൂറ് വീടുകള്‍. തികച്ചും അസാധ്യമെന്ന് കരുതിയത് നടന്നത് ആ ഇച്ഛാശക്തി കൊണ്ട് മാത്രം. ജനങ്ങളുടെ പങ്കാളിത്തത്തോടെ, കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇത്ര വലിയ സാമൂഹിക സുരക്ഷിത പരിപാടി കേരളത്തില്‍ ആദ്യമായാണ് നടന്നത്.

നിയമസഭയില്‍ ഗതാഗത മന്ത്രിയായ എം.എന്‍ നെതിരെ കെ.എം ജോര്‍ജ് ആഞ്ഞടിച്ചു. ‘സര്‍ക്കാരിന് സ്വന്തമായി ഒരു ബസ് ഉണ്ട്. അതുകൊണ്ട് നാട്ടുകാര്‍ക്ക് എന്ത് പ്രയോജനം ? കൈ കാണിച്ചാല്‍ നിറുത്താത്ത കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നമുക്കെന്തിനാണ് ?

ഒരു ചിരിയോടെ എം. എന്‍ ന്റെ മറുപടി ‘കൈ കാണിച്ചാല്‍ ബസ് നില്‍ക്കില്ല. അതിന് കാലു കൊണ്ട് ബ്രേക്കില്‍ ചവിട്ടണം’
നവയുഗം വാരിക നടത്താന്‍ ബുദ്ധിമാണ് എന്ന, പരാതി പറഞ്ഞ് വന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് എം.എന്‍. ‘ശരിയാണ് വാരിക നടത്താന്‍ ബുദ്ധിമുട്ടാണ്. നമുക്ക് ഒരു പത്രം തുടങ്ങിക്കളയാം – തുടങ്ങി,’ ‘ജനയുഗം’. ഫലിതം മാത്രമായിരുന്നില്ല എം.എന്‍ ന്റെ കൈമുതല്‍.

ഒളിവില്‍ക്കഴിയുന്ന എംഎന്‍ ‘തീപ്പൊരി’ എന്ന ഒരു പത്രവും നടത്തിയിരുന്നു വ്‌ലാഡ്മീര്‍ ലെനിന്റെ ‘ഇസ്‌ക്രാ’യെ അനുസ്മരിച്ചുകൊണ്ടാണ് ‘തീപ്പൊരി’യെന്ന പേര് പത്രത്തിനിട്ടത്’
താന്‍ പ്രസരിപ്പിക്കുന്ന തീപ്പൊരി കാട്ടുതീയായി വളര്‍ന്ന് നാടാകെ പടരുമെന്നു ലെനിനെപ്പോലെ എംഎന്‍ നും വിശ്വസിച്ചിരുന്നു. ആ വിശ്വാസം മറ്റുള്ളവരില്‍ പകര്‍ത്തുവാനും ലെനിനെപ്പോലെ എംഎന്‍ നും കഴിഞ്ഞിരുന്നു. അക്കാലത്തൊരിക്കല്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ എം.കെ കുമാരന് തീപ്പൊരി പത്രാധിപരുടെ ഒരു കത്തുകിട്ടി. തന്റെ പത്രമോഫീസ് പത്തനംതിട്ടയിലെ ഒരു മലയിലാണെന്നും, പത്രത്തില്‍ ചേര്‍ക്കാന്‍ ഒരു ലേഖനവും കടലാസുവാങ്ങി അച്ചടിക്കാന്‍ കുറച്ചു പണവും വേണമെന്നായിരുന്നു പത്രാധിപരുടെ ആവശ്യം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘തീപ്പൊരി’ പ്രചരിപ്പിക്കുകയും വരിസംഖ്യ പിരിച്ച് പത്രാധിപര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുന്ന ജോലിയും പിന്നീട് എം.കെ കുമാരന്‍ നിര്‍വ്വഹിച്ചിരുന്നു.

എംഎന്‍ ന്റെ ഒളിവ് ജീവിതത്തിലെ സാഹസിക കഥകളില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ വരെയുണ്ടെങ്കിലും കമ്യൂണിസ്റ്റുകാരെ നിതാന്ത ശത്രുവായി തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം കണക്കാക്കിയ പട്ടം താണു പിള്ളയെ മുഖ്യമന്ത്രിയായിരിക്കെ മന്ത്രി മന്ദിരത്തില്‍ ചെന്ന് കണ്ട ഒളിവിലെ എം എന്‍ കഥ കേരളരാഷ്ട്രീയത്തിലെ ഒരു മികച്ച ഫലിതകഥമായി പരിണമിച്ചത് എം. എന്റെ വാക്കുകളില്‍ തന്നെ അറിയണം.

”ഒളിവില്‍ കഴിയുന്ന അവസരത്തിലൊരിക്കല്‍ സാറിന്റെ പി.എസ്.പി.യുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ രഹസ്യമായി എംഎന്‍ പട്ടത്തെ സന്ദര്‍ശിച്ചു.
എംഎന്‍ ഈ സംഭവം വിവരിച്ചതിങ്ങനെയാണ്:
”ഒളിവിലിരിക്കുന്ന ഞാന്‍ തിരഞ്ഞടുപ്പുകാര്യം സംസാരിക്കാന്‍ ചെന്നത് മുപ്പിന്നിനൊട്ടും പിടിച്ചില്ലെന്നെനിക്കു മനസിലായി. എങ്കിലും ഞാന്‍ കാര്യം പറഞ്ഞു. സാറില്‍നിന്നു വലിയ പ്രതികരണമൊന്നുമുണ്ടായില്ല. ഞാനൊന്നു പറയുമ്പോള്‍ സാറ്റ് മറ്റെന്തോ ആലോചിച്ചു കൊണ്ടിരുന്നു.
എന്താണെന്നൊട്ടു പിടി കിട്ടുന്നുമില്ല. ഒടുവില്‍ സാറ് ‘എന്താണിത്ര ഗഹനമായി ആലോചിക്കുന്നതെന്നു ഞാന്‍ ചോദിച്ചു.’

പട്ടത്തിന്റെ മറുപടി കേട്ട് എംഎന്‍ പൊട്ടിച്ചിരിച്ചുപോയി.
പട്ടം എംഎന്‍ നോട് ഇങ്ങനെ പറഞ്ഞു.

”അല്ല, ഗോവിന്ദന്‍ നായരെ ഞാനിപ്പോള്‍ തിരഞ്ഞെടുപ്പിനെപ്പറ്റി നിങ്ങള്‍ പറയുന്നതൊന്നുമല്ല ആലോചിക്കുന്നത് നിങ്ങള്‍ ഒളിവില്‍ കഴിയുന്ന ഒരു പിടികിട്ടാപ്പുള്ളി. ആ നിങ്ങള്‍ എന്റെ മുമ്പില്‍ വന്നിരുന്നു സംസാരിക്കുന്നു. നമ്മുടെ പൊലീസ്’ എത്ര പിടിപ്പുകെട്ടവരാണ് എന്നാണ് ഞാന്‍
ആലോചിച്ചുപോകുന്നത്. ഇവരെക്കൊണ്ട് രാജ്യത്തിനെന്തു പ്രയോജനം?”

പട്ടത്തിനെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ എംഎന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:
”എന്നെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിലായിരുന്നു മൂപ്പീന്നിനു സങ്കടം, അതിനു കൊള്ളാത്ത പൊലീസ് എന്തോന്നു പൊലീസ് ? എന്നാണ് അദ്ദേഹത്തിന്റെ സങ്കടം. എന്നെ അറസ്റ്റ് ചെയ്ത് അകത്താക്കുന്നതില്‍ സന്തോഷിക്കുന്നതുകൊണ്ടല്ല. മറിച്ച് കഴിവുകെട്ട ഈ പൊലീസിനേയും വച്ചുകൊണ്ട് താന്‍ ഈ രാജ്യങ്ങനെ ഭരിക്കും എന്നതിലായിരുന്നു അദ്ദേഹത്തിന് വേവലാതി. അതാണ് താണുപിള്ള സാര്‍. ഭരിക്കാന്‍ വേണ്ടി മാത്രം ജനിച്ചയാളെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച വ്യക്തിയായിരുന്നു താണുപിള്ള സാര്‍”.

പറവൂര്‍ ടി.കെ. നാരായണ പിള്ള മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്ത എന്നെ നാഗര്‍കോവിലില്‍ ക്ഷയരോഗ ചികിത്സയ്ക്കായ് അയച്ചപ്പോള്‍
എംഎന്‍ തടവ് ചാടി രക്ഷപ്പെട്ടത് അക്കാലത്തെ രാഷ്ട്രീയത്തിലെ സാഹസിക സംഭവമായിരുന്നു. അതിന് പിന്നീട് അധികമാരുമറിയാത്ത ഒരു ഉപകഥയുണ്ടെന്ന് അറിയുമ്പോഴാണ് എംഎന്‍ എന്ന സാഹസികന്‍ മനുഷ്യ സ്‌നേഹിയാണെന്ന് കൂടി വ്യക്തമാകുന്നത്. വ്യക്തിബന്ധങ്ങള്‍ക്ക് വളരെയധികം പാവനത നല്‍കിയിരുന്ന എംഎന്‍ നാഗര്‍കോവിലിലെ ക്ഷയരോഗാശുപത്രിയില്‍ നിന്നും താന്‍ ഒളിച്ചുകടന്നതിനെത്തുടര്‍ന്ന്, ‘ജോലി നഷ്‌പ്പെട്ട തന്റെ പാറാവുകാരനായ പൊലീസുകാരന്, സുഹൃത്തുക്കളില്‍ നിന്നു കടംവാങ്ങിപ്പോലും മാസാമാസം ഒരു തുക നല്‍കിയിരുന്നു. അതില്‍ അദ്ദേഹം ഒരിക്കലും വീഴ്ചവരുത്തിയിരുന്നില്ല.

ഒളിവുജീവിതത്തില്‍ പോലും തന്റെ സാന്നിധ്യം കൊണ്ട് പ്രതിസന്ധികളില്‍ ഇടപെട്ട് പരിഹാരം തീര്‍ക്കുന്ന എം എന്‍ ശൈലിയുടെ ഒരു ഉദാഹരമാണ് കൊല്ലത്തെ ബോണസ് സമരം.

1944-45 കാലഘട്ടത്തില്‍ കൊല്ലത്ത് തങ്ങള്‍കുഞ്ഞു മുസലിയാരുടെ ഫാക്ടറിയിലെ കശുവണ്ടിത്തൊഴിലാളികള്‍ ബോണസ്സിന് വേണ്ടി സമരം നടത്തുകയാണ്. ശക്തമായ സമരമായിരുന്നു അത്. ഒളിവിലിരുന്നുകൊണ്ട് എംഎന്‍ ആയിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ക്ക് എങ്ങനെയെങ്കിലും സമരം തീര്‍ക്കണം എന്നാഗ്രഹം. അസംബ്ലി കൂടുന്ന സമയമാണ്. എം.എന്‍ ജ്യേഷ്ഠതുല്യനായി ആദരിച്ച സഹപ്രവര്‍ത്തകനായിരുന്നു കെ.സി. ജോര്‍ജ്. അക്കാലത്ത് അദ്ദേഹം സജീവമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയ കാലമാണ്.

ഒരു നാള്‍ സര്‍ സി പി രാമസ്വാമി അയ്യര്‍, ചെല്ലപ്പന്‍പിള്ള, ഉദയഭാനു, ശങ്കരനാരായണന്‍ തമ്പി എന്നിവരെ വിളിച്ച് വരുത്തി. സര്‍ സി.പി. രാമസ്വാമി അയ്യര്‍ അവരോട് പറഞ്ഞു:
സമരം ഉടനെ തീര്‍ക്കണം. എങ്ങനെയെങ്കിലും എം.എന്‍ നെ വരുത്തി കൊല്ലത്ത് കൊണ്ടുവന്ന് സമരം തീര്‍ക്കണം. സര്‍ സി.പി.അവര്‍ക്ക് പോകാനായി സര്‍ക്കാര്‍ കാറ് പോലും ഏര്‍പ്പാട് ചെയ്തു.

ഉദയഭാനു, ശങ്കരനാരായണന്‍ തമ്പി, കെ.സി യും കൊല്ലത്ത് ചെന്നു. അവിടെ ദിവാന്‍ പേഷ്‌കാര്‍ പി എ കാസിം, ഡി.വൈ.എസ്.പി തമ്പുരാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. എങ്ങനെയെങ്കിലും സമരം തീര്‍ക്കണമെന്ന നിര്‍ദ്ദേശം സി.പി രാമസ്വാമി അയ്യര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അതിനാല്‍ അവര്‍ സമരം തീര്‍ക്കാന്‍ തിടുക്കം കൂട്ടി.

ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്നും എം.എന്‍ വന്നാലെ കാര്യം നടക്കൂയെന്ന് കെ.സി. തീര്‍ത്ത് പറഞ്ഞു. എം.എന്‍ ആകട്ടെ ഒളിവിലും! ഒടുവില്‍ കെ. സി. പറഞ്ഞു എംഎന്‍ നെതിരെയുള്ള അറസ്റ്റ് വാറണ്ട് താല്‍ക്കാലികമായി പിന്‍വലിച്ചാല്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ അദ്ദേഹത്തെ ഇവിടെ വരുത്താം. കൂടെ ഒരു നിബന്ധനയും വെച്ചു. കാര്യങ്ങളെല്ലാം പറഞ്ഞു തീരുമ്പോള്‍ വീണ്ടും ഒളിവില്‍ പോകാന്‍ എംഎന്‍ ന് അരമണിക്കൂര്‍ സമയം കൊടുക്കണം. പറയുന്നത് സി.പി യുടെ ഉന്നത ഉദ്യോഗസ്ഥരോടും! അവര്‍ അത് സമ്മതിച്ചു.

പട്ടം താണുപിള്ള

ഒടുവില്‍ എം.എന്‍ വന്നു. കൂടിയാലോചനകള്‍ നടന്നു സമരം ഒത്തുതീര്‍പ്പായി. പ്രതീക്ഷിച്ചതിലും വളരെയധികം ഗുണങ്ങള്‍ ആ സമരം കൊണ്ട് തൊഴിലാളികള്‍ക്ക് ലഭിച്ചു. എംഎന്‍ ന് പിന്നെ ഒളിവില്‍ പോകേണ്ടതായും വന്നില്ല. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളുടെ ആദ്യത്തെ ബോണസ് സമരമായിരുന്നു അതിനെ വമ്പിച്ച വിജയമാക്കിയത്. എം. എന്‍ ശക്തമായ നേതൃത്വമാണ്. ഒളിവിലായാലും തെളിവിലായാലും ഒരു യഥാര്‍ത്ഥ നേതാവിന്റെ നേതൃത്വ ഗുണമായിരുന്നു ഈ വിജയത്തിലൂടെ എം.എന്‍ കാണിച്ചു കൊടുത്തത്. വാറന്റുള്ള, ഒളിവില്‍ പോയ ഒരാള്‍ സമരം ഒത്ത് തീര്‍പ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കുക. അതായിരുന്നു എംഎന്‍ ശൈലി.

1941 ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷികസമ്മേളനം പന്തളത്ത് വച്ച് ആര്‍ഭാടപൂര്‍വ്വം നടത്താന്‍ തീരുമാനിച്ചു. എംഎന്‍ ന്റെ തട്ടകമായ പന്തളത്തുവച്ച് സമ്മേളനം നടത്തുന്നതിന്റെ പിറകില്‍ ഒരു ഗൂഢമായ വെല്ലുവിളി ഉണ്ടായിരുന്നു. ഉത്തരവാദിത്ത ഭരണ പ്രക്ഷോഭത്തിന്റെ ആരംഭകാലത്ത് അതിനെ സര്‍വ്വശക്തിയുപയോഗിച്ച് എതിര്‍ത്ത എന്‍.എസ്.എസ് നേതാക്കന്മാര്‍ക്ക് പന്തളത്തുവച്ച് കനത്തൊരു അടികിട്ടി. അവര്‍ വിളിച്ചു കൂട്ടിയ കോണ്‍ഗ്രസ് വിരുദ്ധയോഗം എംഎന്‍ ന്റെ എതിര്‍പ്പ് മൂലം അലസിപ്പോയി. ആ പരാജയം മന്നത്ത് പത്മനാഭനെ ക്ഷുഭിതനാക്കി. എന്നാല്‍ പന്തളത്തുവച്ച് തന്നെ എംഎന്‍ നോട് പകരം വീട്ടണമെന്ന് അദ്ദേഹം നിശ്ചയിച്ചു. അങ്ങനെയാണ് വാര്‍ഷികസമ്മേളനം നടത്താന്‍ പന്തളം തിരഞ്ഞെടുക്കപ്പെട്ടത്.

സമ്മേളനം ഗംഭീരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്ക് ഒരു സ്വീകരണം പരിപാടിയിലെ മുഖ്യ ഇനമായിരുന്നു. സമ്മേളനം ഭംഗിയായി നടത്തുന്നതിനുള്ള ഒരുക്കങ്ങളെല്ലാം എന്‍.എസ്. എസ് നേതൃത്വം ചെയ്‌തെങ്കിലും നേതാക്കള്‍ക്ക് മനസ്സമാധാനമില്ലാതെ വന്നു. എംഎന്‍ കുരുത്തം കെട്ടവനാണ്. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ള മുളയ്ക്കല്‍ നാരായണന്‍ നായരുടെ മകനാണെങ്കിലും തലതിരിഞ്ഞ ആ ചെറുപ്പക്കാരന്‍ ഒരു സമുദായദ്രോഹിയാണ്. അയാളെന്തെങ്കിലും കുഴപ്പമുണ്ടാക്കാതിരിക്കുകയില്ല. മന്നവും നേതാക്കന്മാരും തലപുകഞ്ഞാലോചിച്ചു.

സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് എംഎന്‍ അവിചാരിതമായി അറസ്റ്റിലായി. അതോടെ അദ്ദേഹം അതൊരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തു. ആ സമയം പുതുപ്പള്ളി രാഘവനും എം.കെ. കുമാരനും കൊട്ടാരക്കര പത്തനാപുരം താലൂക്കുകളില്‍ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗങ്ങളെ ചേര്‍ക്കാനായി വീടായ വീടുകള്‍ അവര്‍ കയറിയിറങ്ങി.

എംഎന്‍ നെ അറസ്റ്റ് ചെയ്ത വാര്‍ത്ത ഞെട്ടലോട് കൂടി കേട്ട പ്രവര്‍ത്തകര്‍ അങ്കലാപ്പിലായി. രണ്ട് നാള്‍ കഴിഞ്ഞ് പന്തളം സമ്മേളനം സംബന്ധിച്ച് എംഎന്‍ ജയിലില്‍ നിന്നയച്ച ഒരു കത്തു കിട്ടി. അറസ്റ്റിലാണെങ്കിലും തന്റെ എതിര്‍പ്പ് പന്തളം സമ്മേളനത്തില്‍ പ്രകടമാകണമെന്ന് അതില്‍ എഴുതിയിരുന്നു. പുതുപ്പള്ളിയും കുമാരനും കൊല്ലത്തേക്കുപോയി. പ്രമുഖ നേതാവായ ടി എം വറുഗീസുമായി ആലോചിച്ചു. എതിര്‍പ്പ് പ്രകടപ്പിക്കാന്‍ എംഎന്‍ ന്റെ പേരില്‍ ഒരു ലഘുലേഖ എന്‍.എസ്.എസ്. സമ്മേളനത്തില്‍ വിതരണം ചെയ്യണമെന്ന് അവര്‍ നിശ്ചയിച്ചു. കടലാസു വാങ്ങാനും അച്ചടിക്കാനുമുള്ള പണവും ടി.എം. വറുഗീസ് നല്‍കി.

എന്‍.എസ്.എസ്. നേതാക്കന്മാരെയും അവരുടെ രക്ഷാധികാരിയായ സര്‍ സി.പി. യെയും കണക്കിന് ശകാരിച്ചു കൊണ്ടും വിമര്‍ശിച്ചുകൊണ്ടെഴുതിയ ആ ലഘുലേഖയില്‍ എംഎന്‍ ന്റെ ഉറച്ച ശബ്ദം മുഴങ്ങി. സമ്മേളനത്തിന് ശക്തമായ പൊലീസ് കാവലേര്‍പ്പെടുത്തിയിരുന്നു. എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയുമൊഴിച്ച് ജാഗ്രത പാലിച്ച് കാവല്‍ നില്ക്കുകയും ചെയ്തിട്ടും സമ്മേളന പന്തലില്‍ ആ ലഘുലേഖ വളരെ വിദഗ്ധമായി വിതരണം ചെയ്തപ്പോള്‍ എന്‍.എസ്.എസ്. നേതാക്കന്മാര്‍ ഇളിഭ്യരായിപ്പോയി.

എന്‍.എസ്.എസിനെപ്പോലെ എസ്.എന്‍.ഡി.പി. യോഗവും സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരായി തിരിഞ്ഞ കാലമായിരുന്നു അത്. അക്കൊല്ലം യോഗവാര്‍ഷികം ചെങ്ങന്നൂര്‍ വച്ചാണ് നടത്തപ്പെടുന്നത്. പന്തളംനായര്‍ സമ്മേളനത്തിലുണ്ടായ അനുഭവം ചെങ്ങന്നൂരില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ SNDP നേതാക്കന്മാരും ഗവണ്‍മെന്റും വിവിധ മുന്‍കരുതലുകളും എടക്കുകയുണ്ടായെങ്കിലും അവിടെയും എംഎന്‍ ന്റെ ലഘുലേഖ വിതരണം ചെയ്തു. അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ഇതെല്ലാം സാധിച്ചത് ജയിലിലിരുന്ന് കാര്യം നിയന്ത്രിച്ച എംഎന്‍ ന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വഴിയായിരുന്നു.

എംഎന്‍ ന്റെ വിവാഹത്തിന്റെ പുരോഹിതന്‍ കെ.സി. ജോര്‍ജായിരുന്നു. എം.എന്‍ ഒളിവില്‍നിന്നു പുറത്തുവന്ന കാലം. അന്ന് ദേവകിപ്പണിക്കര്‍ കാക്കനാടന്റെ പിതാവ് ജോര്‍ജ്ജിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. വിവാഹാലോചനയെപ്പറ്റി എംഎന്‍, കെ.സി.യോട് പറഞ്ഞു. അതനുസരിച്ച് മൂന്നുപേരും കൂടി ഒന്നിച്ചിരുന്ന് കാര്യം സംസാരിക്കണമെന്ന് തീരുമാനിച്ചു. കൊല്ലത്തെ ‘ഒരു സിനിമാതിയേറ്ററില്‍ മാറ്റിനി ഷോയ്ക്ക് കയറി. സിനിമ നടക്കവേ രണ്ട് പേര്‍ക്കും പറയാനുള്ളത് കെ.സി. കേട്ടു. കെ.സി. ചില കാര്യങ്ങള്‍ ഇരുവരോടും പറയുകയും ചെയ്തു.

ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയായ സാക്ഷാല്‍ സര്‍ദാര്‍ കെ.എം. പണിക്കരുടെ പുത്രിയാണ് ദേവകിപ്പണിക്കര്‍. നാട്ടിലേക്ക് മടങ്ങിയ ശ്രീമതി ദേവകി പണിക്കര്‍, ഓക്‌സ് ഫോര്‍ഡ് വിദ്യാഭ്യാസവും കഴിഞ്ഞ് സര്‍ദാര്‍ കെ.എം. പണിക്കരോടൊപ്പം ചൈനയില്‍ കുറേക്കാലം കഴിച്ചുകൂട്ടിയശേഷം പുതിയ ചൈന എങ്ങോട്ട്? എന്ന പ്രസംഗപരമ്പരയുമായി കേരളീയരെയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച് കുറച്ച് നാള്‍ കൊല്ലത്ത് താമസിച്ചിരുന്നു. ഒളിവില്‍ നിന്നും രാഷ്ട്രീയരംഗത്തിറങ്ങി. തിരഞ്ഞെടുപ്പില്‍ ഭരണിക്കാവില്‍ നിന്ന് വന്‍വിജയം നേടി മണ്ഡലത്തിലെ ജനങ്ങളുടെയാകെ സ്‌നേഹനിര്‍ഭരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ എം.എന്‍ ന്റെ ജൈത്രയാത്ര ദേവകിപണിക്കരെ ആവേശം കൊള്ളിച്ചു. അത് വീരാരാധനയായി, പിന്നെ പ്രേമത്തിലും ഒടുവില്‍ വിവാഹത്തിലും കലാശിച്ചു.

അക്കാലത്ത് കൊല്ലത്ത് ചടങ്ങുകള്‍ നടത്താന്‍ ‘സൗകര്യങ്ങള്‍ കുറവാണ്. ഹാളുകളോ, തിയേറ്ററുകളോ ഇല്ല. മലയാളി സഭാമന്ദിരം എന്നൊരു ഹാള്‍ ഉണ്ടെങ്കിലും ഒരു കമ്മ്യുണിസ്റ്റുകാരന്റെ വിവാഹത്തിന് അത് കൊടുക്കാന്‍ കമ്മറ്റിക്കാര്‍ക്ക് വിഷമം. ഒടുവില്‍ കൊല്ലം കളക്ട്രേറ്റിന്റെ തൊട്ട്, കാടും പടലും കിടന്ന ഒരു പുരയിടം വെട്ടിത്തെളിച്ച് വൃത്തിയാക്കി അവിടെ വിവാഹ വേദി തയ്യാറാക്കി. കല്യാണം വൈകീട്ട് നാല് മണിക്കായിരുന്നു.

എം.എൻ ഗോവിന്ദൻ നായരും ഭാര്യ ദേവകി പണിക്കരും

മറ്റു കൊടിതോരണങ്ങള്‍ കൊണ്ട് ആ വലിയ പറമ്പ് അലങ്കരിച്ചു. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ. പി. കൃഷ്ണപിള്ള, അജയഘോഷ് എന്നിവരുടെ വലിയ എണ്ണച്ചായ ചിത്രങ്ങള്‍ എങ്ങും നിറഞ്ഞുനിന്നു. ലൈററുകളും കൊടിത്തോരണങ്ങളും കൊണ്ട് അവിടമാകെ ഒരു ചെങ്കടലായി മാറിയിരുന്നു.

ഒരു പുതിയ രീതിയില്‍ നടക്കുന്ന ഈ കമ്മ്യൂണിസ്റ്റ് കല്യാണം കാണുവാന്‍ അതിയായ ജിജ്ഞാസയോടെ എല്ലായിടത്ത് നിന്നും ജനങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തിങ്ങി നിറഞ്ഞു. വിവാഹവേദിയില്‍ മൈക്കുകളിലൂടെ പ്രവഹിച്ച വിപ്ലവഗാനങ്ങളും മണിക്കൂറുകളോളം അവര്‍ കേട്ടിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കെ.സി. ജോര്‍ജ്, ഇ.എം.എസ്., എ.കെ.ജി, ടി.വി തോമസ്, കെ.ആര്‍. ഗൗരി, അച്യുതമേനോന്‍, ആര്‍. സുഗതന്‍ തുടങ്ങിയവരും ക്ഷണിക്കപ്പെടാതെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരും സ്വയം വന്നെത്തി പങ്കെടുത്ത മറ്റൊരു വിവാഹം അതുവരെ ആരും കണ്ടിട്ടില്ല. കല്യാണസദ്യയില്ല. പകരം ഒരു ഗ്ലാസ് നാരങ്ങവെള്ളം. സിഗററ്റില്ല. പകരം കൊല്ലത്തെ ബീഡിത്തൊഴിലാളികളുടെ സമ്മാനമായി ആയിരക്കണക്കിന് ബീഡിക്കെട്ടുകള്‍. ഇഷ്ടം പോലെ മുറുക്കാന്‍ വെറെ. ഒരു ജനകീയ കല്യാണമായിരുന്നു അത്.

കല്യാണവേദിയില്‍ ഒരു മേശപ്പുറത്ത് രണ്ട് പൂമാലകള്‍ വച്ചിരുന്നു. മൂന്നു കസേരകളും ഇട്ടിരുന്നു അതിനടുത്ത്. സമയമായപ്പോള്‍ സഖാവ് കെ.സി. ജോര്‍ജ്ജ് വേദിയില്‍ കിടന്ന ഒരു കസേരയില്‍ ഉപവിഷ്ടനായി. തുടര്‍ന്ന് എംഎന്‍ നും, ദേവകിയും അദ്ദേഹത്തിന്റെ ഇരുഭാഗത്തും കിടന്ന കസേരകളില്‍ ഇരിപ്പുറപ്പിച്ചു. ഒരു ചെറിയ പ്രസംഗത്തോടെ സഖാവ് കെ.സി. വരനേയും വധുവിനേയും മംഗളകര്‍മ്മം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചു. അവര്‍ മേശപ്പുറത്തിരുന്ന ഓരോ പൂമാലകള്‍ എടുത്ത് മുഖാമുഖം നിന്ന് അങ്ങോട്ടും ഇങ്ങോട്ടും മാലകള്‍ ചാര്‍ത്തി ഒരു വെള്ള വോയില്‍ സാരി വരന്‍ വധുവിനെ ഏല്പിച്ചതോടെ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായി.
(ഇവിടെ പാര്‍ട്ടിക്കാര്‍ ഉറക്കെ സൂക്തം ചൊല്ലിയില്ലെന്ന് ഒഴിച്ചാല്‍ സന്ദേശം സിനിമയില്‍ റവല്യൂഷണറി ഡെമോക്രാറ്റിക്ക് പ്രവര്‍ത്തകന്‍ നടന്‍ ശ്രീനിവാസന്റെ കോട്ടപ്പള്ളി പ്രഭാകരന്‍ സ്വപ്നം കണ്ട തന്റെ വിവാഹം ഏതാണ്ട് ഇതല്ലേ?)

ദീര്‍ഘകാലം എം.എന്‍ ന്റെ രാഷ്ട്രീയം അടുത്ത് നിന്ന് നിരീക്ഷിച്ച ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എഴുതി:

”തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയിലും എം.എന്‍ ഗോവിന്ദന്‍ നായര്‍ പതിവു തെറ്റിക്കുകയില്ല – മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തോടെയാണ് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കുക. മന്ത്രിയായാലും എം.പി. ആയാലും ഒന്നുമില്ലെങ്കിലും ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന ഈ കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഷങ്ങളായി തുടര്‍ന്ന, ഈ യജ്ഞം തിരുവനന്തപുരത്തുണ്ടെങ്കില്‍ മുടക്കുക അത്യപൂര്‍വ്വമായി മാത്രം.

സ്വന്തം അനാരോഗ്യം വകവയ്ക്കാതെ, ആശുപത്രിയില്‍ പരിചയമുള്ളവരും അല്ലാത്തവരുമായ രോഗികളുടെ കിടക്കയ്ക്ക് അരികിലെത്തി വിശേഷങ്ങള്‍ ചോദിച്ചറിയും, ബന്ധപ്പെട്ട ഡോക്ടര്‍മാരോട് രോഗനിലയെപ്പറ്റി ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്ത ബോധത്തോടെ ആരായും.

എം.എൻ ട്രസ്റ്റിൻ്റെ കീഴിലുള്ള തിരുവനന്തപുരം പട്ടത്തുള്ള പാർക്കിലെ പ്രതിമ

എട്ടുമണിയോടെ സഹപ്രവര്‍ത്തകരുമൊത്ത് തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുകയായി. ചെല്ലപ്പെട്ടിയുമായി മുറുക്കിച്ചുവപ്പിച്ച എം.എന്‍. വരുന്നത് കണ്ടാല്‍ കക്ഷി ഭേദമന്യ ജനം ഓടിക്കൂടും. എല്ലാം മറന്ന് അവര്‍ അദ്ദേഹത്തിന് സിന്ദാബാദ് വിളിക്കും. നിഷ്‌ക്കളങ്കമായ പൊട്ടിച്ചിരിയോടെ എല്ലാവരേയും അഭിവാദ്യം ചെയ്യും. ഓരോരുത്തരോടായി വിശേഷങ്ങള്‍ അന്വേഷിക്കും. പിന്നെ ഒറ്റ ചോദ്യം: തനിക്കിവിടെ വോട്ടുണ്ടോ?” ഉത്തരമെന്തായാലും എം.എന്‍. പറയും: ”കാര്യങ്ങളെല്ലാം അറിയാമല്ലോ. എനിക്കു വോട്ട് ചെയ്യണമെന്ന സ്ഥാനാര്‍ത്ഥികളുടെ സ്ഥിരം അഭ്യത്ഥന എം.എന്‍ ന്റെ ശൈലിയല്ല. ‘കാര്യങ്ങളെല്ലാം അറിയാമല്ലോ’ എന്നതില്‍ എല്ലാ കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാം. കേള്‍ക്കുന്നവര്‍ക്കുമറിയാം.”

തിരുവനന്തപുരത്തെ ചില അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ച എംഎന്‍ നെ പൂര്‍ണ്ണ കുംഭവുമായാണ് ആരാധകര്‍ സ്വീകരിച്ചത്. എല്ലാ ജാതി-മത വിശ്വാസികള്‍ക്കും അദ്ദേഹം സ്വന്തം കാരണവരെപ്പോലെയായിരുന്നു. വേദികള്‍, മരണ വീടുകള്‍ തുടങ്ങി ഗൃഹപ്രവേശനം ഉള്‍പ്പെടെ ചടങ്ങുകള്‍ക്ക് ആ സാന്നിധ്യമുണ്ടാവും. സ്ഥാനാര്‍ത്ഥി ആണെങ്കിലും അല്ലെങ്കിലും.

എം.എന്‍ ന്റെ രാഷ്ട്രീയ വിശകലന പാടവം അസാദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം അന്തരിച്ച പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്‌കര്‍ ഹിന്ദു പത്രത്തില്‍ ജോലി ചെയ്യുന്ന ആ കാലം. 1957 ലെ ആദ്യത്തെ തിരഞ്ഞെടുപ്പു കാലത്ത് ചെന്നൈയില്‍ വെച്ച് എം.എന്‍ നെ കണ്ടു സംസാരിച്ചിരുന്നു. മണ്ഡലങ്ങളെ കുറിച്ച് എം.എന്‍ വിശദമായി പറഞ്ഞു. ഇത് കിട്ടും. ഇത് കിട്ടില്ല… ഇതിന് സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം എംഎന്‍ നെ വീണ്ടും കണ്ടപ്പോള്‍ ബി.ആര്‍.പി. പറഞ്ഞു ‘എംഎന്‍ ന്റെ വിലയിരുത്തല്‍ കൃത്യമായി. അത് അത്ര വലിയ കാര്യമൊന്നുമല്ല എന്ന മട്ടിലായിരുന്നു പ്രതികരണം. ‘ഇന്ന് ഏതെങ്കിലും പാര്‍ട്ടിയുടെ ഒരു നേതാവിന് കൃത്യതയോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം വിലയിരുത്താനാകുമെന്ന് ഞാന്‍ കരുതുന്നില്ല’ ബി.ആര്‍.പി. തന്റെ ആത്മകഥയില്‍ എഴുതി. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളായിരുന്നു എംഎന്‍.

കെ.സി. ജോർജ്

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഭക്ഷ്യമന്ത്രിയായ കെ.സി. ജോര്‍ജ് എഴുതിയിട്ടുണ്ട്.
”മന്ത്രിയായിരുന്നപ്പോള്‍ ഒരിക്കല്‍ സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കോട്ടയത്തേക്കു പോയ സമയം എന്നേയും കൂടെ കൂട്ടി. കൊല്ലത്തെത്തിയപ്പോള്‍ എന്നെ അവിടത്തെ ഗസ്റ്റ് ഹൗസില്‍ ഇരുത്തിയിട്ട് എം.എന്‍ എവിടേക്കോ ഇറങ്ങിപ്പോയി. ഏറെനേരം കാത്തിരുന്നു ഞാന്‍ മടുത്തപ്പോഴാണ് എംഎന്‍ ന്റെ തിരിച്ചുവരവ്. ഒരു പ്രസവം, ഒരു മരണം, ഒരു വിവാഹം. ഇത്രയും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തൊഴിലാളികളുടെ വീടുകളില്‍ പോയതായിരുന്നു. എം.എന്‍. അതുകഴിഞ്ഞ് എന്നെയും കൂട്ടി യാത്ര തുടര്‍ന്നു. കായംകുളം ലവല്‍ ക്രോസിങ്ങിനടുത്തെത്തിയപ്പോള്‍ കാര്‍ നിന്നു. സ്റ്റേറ്റ് കാര്‍ നിന്നത് കട്ടന്‍ചായയും പഴവും വില്‍ക്കുന്ന ഒരു മാടക്കടയുടെ മുമ്പിലാണ്. കട്ടന്‍ചായയും കുടിച്ച് സ്റ്റേറ്റ് കാറില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒളിവുകാലത്തെ ബന്ധമായിരുന്നു ആ മാടക്കടയുമായി.

എം.എന്‍ മനുഷ്യരുമായുള്ള ആ ബന്ധങ്ങള്‍ അവസാനം വരെ നിലനിറുത്തി. ഹരിജനസേവകനായിട്ടായിരുന്നല്ലോ എം.എന്‍. പൊതുരംഗത്ത് വന്നതു തന്നെ. ജനങ്ങളുമായുള്ള ഈ നിരന്തര സമ്പര്‍ക്കമാണ് ഏത് ദുരന്തവേളയിലും പിടിച്ചുനില്ക്കാനുള്ള മനഃശക്തി എംഎന്‍ ന് പകര്‍ന്നു നല്കിയത്. എംഎന്‍ ന്റെ മകന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ഞാന്‍ പോലും ദുഃഖം സഹിക്കാനാവാതെ തളര്‍ന്നു വീണു. ”മറ്റുള്ളവര്‍ക്കും മക്കളുണ്ടല്ലോ” എന്നായിരുന്നു അന്നേരം എംഎന്‍ ന്റെ സമാധാനം.

നാടന്‍ രീതിയിലുള്ള ആഹാരം കഴിക്കാന്‍ കൊതിയുള്ളപ്പോഴൊക്കെ എം.എന്‍ എന്റെ വീട്ടില്‍ വരുമായിരുന്നു. ഡിന്നര്‍ വേണമെന്നും മുന്‍കൂറായി ഫോണില്‍ വിളിച്ചുപറയും. ‘ഡിന്നര്‍’ എന്നു വച്ചാല്‍ കപ്പ വേവിച്ചത്, ചക്കപ്പുഴുക്ക്, കരുവാട് ചമ്മന്തി, കഞ്ഞി എന്നാണ് അര്‍ത്ഥം. ഒരു കമ്മ്യൂണിസ്റ്റിനുണ്ടാവേണ്ട ഏറ്റവും വലിയ ഗുണം മനുഷ്യ സ്‌നേഹമാണ്. എംഎന്‍ ന് അത് ധാരാളം ഉണ്ടായിരുന്നു

1957 ല്‍ എം.എല്‍.എ മാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങി ഇ.എം.എസ് മന്ത്രിസഭ താഴെയിടാന്‍ ശ്രമം നടന്നു. അത് നിഷ്ഫലമായി. വിവരമറിഞ്ഞ എംഎന്‍ പറഞ്ഞു’, ഞാന്‍ അഞ്ചെട്ട് കൊല്ലങ്ങള്‍ക്ക് മുമ്പേ മരിക്കേണ്ടവനാണ്. പക്ഷേ, പല കാരണങ്ങളാലും മരിച്ചില്ല. എന്റെ നീട്ടിക്കിട്ടിയ ജീവിതത്തില്‍ ”തന്തയില്ലാത്തരം ആര് കാണിച്ചാലും ഞാന്‍ പൊറുക്കില്ല. നാടിനും പാര്‍ട്ടിക്കും വേണ്ടി ഞാന്‍ എന്തും ചെയ്യും. നമ്മുടെ എം.എല്‍.എ മാര്‍ ഗവണ്‍മെന്റിനേയും പാര്‍ട്ടിയേയും ഒറ്റുകൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ചെയ്താല്‍ അവരോട് രാഷ്ട്രീയ ഭാഷയില്ലല്ല സംസാരിക്കുക”.

ഒരു നാടന്‍ കൃഷിക്കാരന്റെ എളിമയുണ്ടായിരുന്ന എംഎന്‍ ന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം ഒരു തുണ്ടുഭൂമിയും, അവിടെ കിളച്ചും നനച്ചും കഴിയാനുമായിരുന്നു. മരിക്കും വരെ. അതൊരു സ്വപ്നമായി അവശേഷിച്ചതേയുളളൂ. എം.എന്‍. ആദ്യമായി മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പ് കിട്ടാന്‍ പ്രതിനിധികള്‍ ശരിക്കും പ്രയാസപ്പെട്ടെന്ന് പവനന്‍ എഴുതിയിരുന്നു. തന്നെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് വളരെ ചുരുക്കമായാണ്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഒരിക്കലും അദ്ദേഹം കഴുത്തുനീട്ടിക്കൊടുത്തിട്ടില്ല. പാര്‍ട്ടിയുടെ ആജ്ഞാവാഹകനെന്ന നിലയില്‍ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തില്‍ വന്നുചേര്‍ന്നതാണ്. വ്യക്തിപരമായ കാര്യങ്ങള്‍ വരുമ്പോള്‍ സ്വയം പിന്‍വാങ്ങുന്ന സ്വഭാവക്കാരനാണ്.

എംഎന്‍ ന്റെ ആത്മകഥ

കാമ്പിശ്ശേരി കരുണാകരനും, സി.ആര്‍.എന്‍ പിഷാരടിയും എംഎന്‍ നെക്കൊണ്ട് ആത്മകഥയെഴുതിക്കാന്‍ പാടുപെട്ടവരാണ്. ഇരുവരുടെയും മരണശേഷം വളരെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ അദേഹം ആത്മകഥയെഴുതിയത്. അതാകട്ടെ അപൂര്‍ണ്ണമായിരുന്നു. കേരള രാഷ്ട്രീയത്തിനെ മാറ്റിമറിച്ച ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, വിമോചന സമരം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പ് തുടങ്ങിയ എം.എന്‍ ഭാഗഭൃക്കായ പ്രധാന സംഭവങ്ങള്‍ വരേണ്ട ഭാഗം അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞില്ല എന്നത് ഒരു ചരിത്ര നഷ്ടമാണ്.

കേരളത്തിലെ പൊതു ജീവിതത്തില്‍ സാമുദായിക സ്വാധീനം ശക്തിയാര്‍ജിച്ചു വരുന്നതില്‍ അവസാന നാളുകളില്‍ അദ്ദേഹം വളരെയേറെ അസ്വസ്ഥനായിരുന്നു. അങ്ങനെയൊരപകടത്തിന്റെ ഉത്തരവാദിത്തം, തന്നെപ്പോലുള്ളവര്‍ക്കും താന്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനും കൂടി ഉള്ളതാണെന്ന് പോലും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന ആഗ്രഹവുമായി കഴിയുമ്പോഴാണ് എം.എന്‍. വിടവാങ്ങിയത്. പ്രത്യുത്പന്നമതിത്വം ഒരു കഴിവാണ്. – വേണ്ടത് വേണ്ടപ്പോള്‍ തോന്നുന്നത് – അതില്‍ കുമ്പേരനായിരുന്ന നേതാവായിരുന്നു എം.എന്‍.

Content Summary: M.N. Govindan, the Communist, who punished officials from his own department before the law

Leave a Reply

Your email address will not be published. Required fields are marked *

×