UPDATES

ഈ പോരാട്ടം മോദിയും കോര്‍പ്പറേറ്റ് കയ്യാളന്മാരും ഇന്ത്യന്‍ ജനതയും തമ്മിലാണ്

ഇന്ത്യ അഭിമുഖീകരിച്ച ആദ്യ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരുപിടി മുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇത്തവണത്തേത്; ഹരീഷ് ഖരെ എഴുതുന്നു

ഹരീഷ് ഖരെ

ഹരീഷ് ഖരെ

                       

കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ ഇലക്ഷന്റെ തീയതി പുറത്തുവിടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം ഇപ്പോഴേ ലഭ്യമാണ്. 1952-ല്‍ ഇന്ത്യ അഭിമുഖീകരിച്ച ആദ്യ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു പിടി മുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. ഒരു വശത്ത് ഏകീകൃതമായ താല്‍പ്പര്യങ്ങളും, മറുവശത്ത് രാജ്യത്തിന്റെ ക്ഷേമവും പൊതുനന്മയും തെരഞ്ഞെടുക്കാനുള്ള ചുമതലയാണ് വോട്ടര്‍മാര്‍ക്കുള്ളത്. ഉദാഹരണത്തിന് ഈ തലക്കെട്ടുകള്‍ ശ്രദ്ധിക്കുക.

വന്‍കിട മുതലാളിത്ത മേധാവിത്വത്തിന്റെ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് കഴിഞ്ഞ ദിവസം ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുളള ഒരു സര്‍വ്വേ ഫലം പുറത്തുവിട്ടിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യയിലെ വ്യവസായികള്‍ ഇലക്ടറല്‍ ബോണ്ട് ആര് നല്‍കിയെന്നതും, ആര് വാങ്ങിയെന്നതും വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നു വിശ്വസിക്കുന്നതായി പറയുന്നു. അതായത് മൂന്നാം തവണയും അധികാരത്തിലേറാന്‍ പോകുന്ന ബിജെപി തരംഗത്തിന് ഇലക്ടറല്‍ ബോണ്ട് വിഷയം മങ്ങലേല്‍പ്പിക്കില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ബിജെപിയെയും അവര്‍ക്ക് പണം നല്‍കുന്ന വ്യവസായികളെയും വോട്ടര്‍മാര്‍ ധാര്‍മികമായി സമീപിക്കാന്‍ പോകുന്നില്ല എന്ന കാഴ്ചപ്പാടാണ് സര്‍വേ ഫലത്തില്‍ മുഴച്ചു നില്‍ക്കുന്നത്. ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ തുറന്നടിച്ചെങ്കിലും മോദി പ്രഭാവത്തിന് മുന്നില്‍ ഇത് വിലപ്പോവില്ലെന്ന് കോര്‍പ്പറേറ്റുകള്‍ വിലയിരുത്തുന്നുണ്ട്.

ഭരണത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തും എന്ന ചോദ്യത്തിന്, മോദി ഭരണത്തെ വന്‍തോതില്‍ അംഗീകരിക്കുന്ന മറുപടിയാണ് സിഇഒമാരില്‍ നിന്ന് ലഭിക്കുക. വ്യവസായ മേധാവികളെ സംബന്ധിച്ച് തങ്ങളുടെ വ്യവസായിക താല്പര്യങ്ങളും രാഷ്ട്രീയ മുന്‍ഗണനയും പരസ്യപ്പെടുന്നതിന് ഇത്രയും മികച്ച കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്റെ വ്യവസായിക പ്രീണനത്തെ ഏറ്റവും കൂടുതല്‍ വ്യക്തമാക്കിത്തരിക ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജ് പരസ്യമാണ്. പതിവ് പോലെ വായനക്കാരെ തുറിച്ചു നോക്കുന്ന മോദിയുടെ ചിത്രമുള്ള പരസ്യമാണ് എക്‌സ്പ്രസ് ആദ്യ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 സംഘടിപ്പിക്കുന്ന ‘റൈസിംഗ് ഭാരത്’ ഉച്ചകോടി എന്ന കോര്‍പ്പറേറ്റ് പരിപാടിയെക്കുറിച്ചാണ് പരസ്യം. പ്രധാനമന്ത്രിയാണ് ചടങ്ങിലെ മുഖ്യ പ്രാസംഗികന്‍. മറ്റ് മുതിര്‍ന്ന മന്ത്രിമാരും ചടങ്ങിലുണ്ട്.

വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി നവീകരണം, കാലാവസ്ഥാ പ്രവര്‍ത്തനം, ശാക്തീകരണം, ലോകസമാധാനം, ഭരണം തുടങ്ങിയ വാക്യങ്ങള്‍ മാത്രമാണ് പരസ്യം ഉയര്‍ത്തിക്കാട്ടുന്നത്, എന്നാല്‍ അതില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികളില്‍ നിന്നുള്ള അഭിപ്രായങ്ങളോ പ്രതിനിധികളെയോ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സ്ഥാപനമെങ്കിലും അതിന്റെ മുന്‍ഗണന ഉച്ചത്തിലും വ്യക്തമായും അറിയിച്ചു. മറ്റൊരു തലത്തില്‍ പറയുകയാണെങ്കില്‍ ഇലക്ടറല്‍ ബോണ്ടിന്റെ വെളിപ്പെടുത്തലുകളില്‍ ആര്‍എസ്എസ്സിനെ സംബന്ധിച്ച് ആശങ്കയുണ്ടാകുന്ന ഒരു വിഷയമല്ല. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ അഭിപ്രായത്തില്‍, രാഷ്ട്രീയ ധനസഹായത്തിനുള്ള ഉപകരണമായി അജ്ഞാത ബോണ്ടുകള്‍ ഉപയോഗിക്കുന്നത് വെറും ഒരു ‘പരീക്ഷണമായിരുന്നു’. പുറത്തുവന്നിരിക്കുന്ന അസുഖകരമായ വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഹിന്ദു ദേശീയവാദത്തിന്റെ വക്താക്കള്‍ വ്യക്തമായും അനുരഞ്ജന നയമാണ് സ്വീകരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ധാര്‍മിക നിലവാരങ്ങളും, മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഉത്തരവാദിത്തമുള്ള ഒരേയൊരു സ്ഥാപനം തങ്ങളാണെന്ന് ഏകദേശം 78 വര്‍ഷമായി ഇവര്‍ വാദിക്കുന്നുണ്ട്. എന്നാല്‍, മോദി സര്‍ക്കാരും ബിസിനസുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ശക്തമായ തെളിവുകളില്‍ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി.

ഗുജറാത്ത് സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ നിസ്്കരിക്കുന്നത് തടയാനെത്തിയ അഹമ്മദാബാദിലെ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംഭവം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള പിന്തുണ കൂടുതല്‍ വര്‍ദ്ധിപ്പിച്ചേക്കാം. എന്തെന്നാല്‍ ചില വിഭാഗങ്ങളോടുള്ള, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളോ വിദേശികളോടോ ഉള്ള അസഹിഷ്ണുതയുടെയും വിവേചനത്തിന്റെയും ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ഗുജറാത്ത് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ചില അറസ്റ്റുകള്‍ നടന്നതായി ആഗോള സമൂഹത്തിന് ഉറപ്പ് നല്‍കുന്നതിനായി വിദേശകാര്യ മന്ത്രാലയം പെട്ടെന്ന് ഒരു പ്രസ്താവന പുറത്തിറക്കി. എന്നിരുന്നാലും, അക്രമാസക്തമായ സദാചാര പൊലീസിംഗില്‍ ഏര്‍പ്പെടാന്‍ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങളെ പ്രേരിപ്പിക്കുന്ന ഇതരമത വിദ്വേഷത്തിന്റെയും മുന്‍വിധിയുടെയും അന്തരീക്ഷത്തെ അഭിസംബോധന ചെയ്യാന്‍ നയതന്ത്രജ്ഞര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍കുമ്പോള്‍ പ്രഖ്യാപിച്ച പൗരത്വ (ഭേദഗതി) നിയമം അഹമ്മദാബാദ് ജനക്കൂട്ടത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കാം. അഹമ്മദാബാദിലെ അക്രമം ബി.ജെ.പി/ആര്‍.എസ്.എസ് സഖ്യത്തിന് നേരിടേണ്ടി വരുന്ന ഒരു വെല്ലുവിളിയാണ്. തത്ഫലമായുണ്ടാകുന്ന ധ്രുവീകരണം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിക്കുന്നു, എന്നാല്‍ അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ഭീഷണി മോദി ഭരണത്തിന്റെ ക്രമവും സുസ്ഥിരതയും സംബന്ധിച്ച വാഗ്ദാനത്തെ ഇല്ലാതാക്കും. ഒരു വശത്ത്, സ്വാര്‍ത്ഥതയും മുന്‍വിധിയും കൊണ്ട് നയിക്കപ്പെടുന്ന ശക്തമായ ഒരു കൂട്ടമുണ്ട്. അത്യാഗ്രഹവും മതാന്ധതയും ഊട്ടിയുറപ്പിച്ച തങ്ങളുടെ അജണ്ടയുമായി അവര്‍ മുന്നോട്ട് നീങ്ങുകയാണ്. മറുവശത്ത്, നിങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും ഉണ്ട്, അവര്‍ ‘മൊഹബത്ത്’ എന്നതിന്റെ അവ്യക്തമായ ഒരു രാഗം ആലപിക്കുന്നു, അതായത് സ്‌നേഹം. അവരുടെ ശ്രമങ്ങള്‍ അത്ര ശക്തമല്ലെന്ന് തോന്നുമെങ്കിലും, ഐക്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും സന്ദേശത്തിന് കീഴില്‍ ആളുകളെ ഒന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. തന്റെ രണ്ടാം ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തില്‍, രാഹുല്‍ സ്വയം അവതരിപ്പിച്ചത്, നിലവിലുള്ള സംവിധാനത്തില്‍ മതിപ്പില്ലാത്ത ‘ മാറിനില്‍ക്കുന്ന’ ഒരാളായിട്ടാണ്.

10 വര്‍ഷത്തെ ഭരണകാലത്തിനുത്തിന് ശേഷം, പ്രധാനമന്ത്രി മോദി ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ദുഷിച്ചതും ജീര്‍ണിച്ചതുമായ വ്യവസ്ഥിതിയുടെ ഏറ്റവും മോശമായ ശീലങ്ങളെയാണ്. അദ്ദേഹം സ്വയംധരിച്ചിരിക്കുന്നത് താനൊരു അഴിമതിരഹിതനും ദേശഭക്തന്മാരുടെ നേതാവുമാണെന്നാണ്. എന്നാല്‍ മുംബൈയിലെ ധാരാവിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചപ്പോള്‍ പറഞ്ഞത്, ശതകോടീശ്വരന്മാരുടെ കൊള്ളയും അത്യാഗ്രഹവും തമാശയാക്കി പൊതിഞ്ഞു പിടിക്കുന്ന മുഖമൂടി ധാരിയാണ് പ്രധാനമന്ത്രിയെന്നാണ്. അക്രമാസക്തരായ വിഡ്ഡികളുടെ അധാര്‍മിക പ്രവര്‍ത്തികള്‍ക്ക് ചെലവ് കുറഞ്ഞ ‘ജന്‍ശക്തി’ പ്രദാനം ചെയ്യുകയാണ്.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, രാജ്യത്തെ രണ്ട് പ്രധാന പ്രേരണകളിലൊന്നു വോട്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഒന്ന്, സ്ഥിരത, ശക്തമായ തീരുമാനങ്ങള്‍ എടുക്കല്‍, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ പിന്തുണയ്ക്കുന്ന വികസനം എന്നിവ വാഗ്ദാനം ചെയ്യുന്നു. മറ്റൊന്ന് ഭൂരിപക്ഷം ആളുകളുടെ ആവശ്യങ്ങളും മെച്ചപ്പെട്ട ജീവിതത്തിനുള്ള അവരുടെ പ്രതീക്ഷകളും മനസ്സിലാക്കുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ ആഖ്യാനം പൊരുത്തക്കേടിന്റെയും ശിഥിലീകരണത്തിന്റെയും അപകടസാധ്യത വഹിക്കുന്നതാണ്. അതേസമയം പരിചിതമായ സ്വേച്ഛാധിപത്യപരിഹാരമാണ് മോദി വാഗ്ദാനം ചെയ്യുന്നത്.

ഒരു കൂട്ടുകെട്ടില്‍ കാര്യക്ഷമമായ ഭരണം പ്രാവര്‍ത്തികമാണെന്നും അതിന് സാധിക്കുമെന്നും പ്രതിപക്ഷം വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. ആത്യന്തികമായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് പിന്തുണക്കാരും, ബാങ്കര്‍മാരും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണ് അന്തിമ പോരാട്ടമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തിപരമായും കൂട്ടായും മനസ്സിലാക്കിക്കേണ്ടതുണ്ട്. വോട്ടര്‍മാരുടെ ആകുലതകളും ഭയങ്ങളും നീക്കാനുള്ള ദൗത്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തുല്യരല്ലെങ്കിലും, റിപ്പബ്ലിക്കിന് നഷ്ടപ്പെട്ട സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ വോട്ടര്‍മാര്‍ സാധ്യമായതെല്ലാം ചെയ്യും.

(കടപ്പാട്: ഹരീഷ് ഖരെ ദ വയറില്‍ എഴുതിയ ലേഖനം)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

Share on

മറ്റുവാര്‍ത്തകള്‍