UPDATES

സര്‍വശക്തനായ മോദിയും യോഗിയും വരെ ഭയപ്പെടുന്ന ബ്രിജ്ഭൂഷണും വെല്ലുവിളികളെ മലര്‍ത്തിയടിക്കുന്ന പെണ്‍ കരുത്തായ സാക്ഷിയും

പൊള്ളുന്ന ചൂടില്‍ നീതിക്കു വേണ്ടി സാക്ഷി മാലിക്കും സംഘവും സമരം ചെയ്തത് നാല്‍പ്പത് ദിവസമാണ്

                       

ആമിര്‍ ഖാന്‍ കേന്ദ്രകഥാപാത്രമായി 2016 ഡിസംബറില്‍ പുറത്തിറങ്ങിയ ജീവചരിത്രാത്മകമായ ‘ദംഗല്‍’ എന്ന ചിത്രം തന്റെ പെണ്‍ മക്കളെ മല്ലയുദ്ധ പ്രവീണരാക്കിയ മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഫയല്‍വാന്റെ കഥയാണ്. ചിത്രം ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത നേട്ടമാണ് കൈയടക്കിയത്. മലയാള ചിത്രം ‘ഗോദ’യും ഒരു കൊമേര്‍ഷ്യല്‍ ഹിറ്റ് സിനിമ ആയിരുന്നു, ചിത്രത്തിലെ ഘാട്ടെ ഗുസ്തിക്കാരിയായി വേഷമിട്ട നായികാ പുരുഷന്മാരെയും തോല്‍പ്പിക്കുമ്പോള്‍ സിനിമ കൊട്ടകകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചിരുന്നു. അഭ്രപാളികളില്‍ മാത്രം കണ്ടു ശീലിച്ച ജീവിത വിജയ കഥ തന്റെ കരിയറില്‍ ഏതാണ്ട് സിനിമാറ്റിക് ആയി പ്രസന്റ് ചെയ്ത വ്യക്തിയാണ് ഇന്ത്യന്‍ ഗുസ്തിക്ക് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ ഇന്ത്യന്‍ ഫ്രീസ്റ്റൈല്‍ ഗുസ്തി താരം സാക്ഷി മാലിക്.

ഗുസ്തി അവസാനിപ്പിക്കുകയാണ് എന്നു പ്രഖ്യാപിച്ച് പൊട്ടിക്കരഞ്ഞു സാക്ഷി മാലിക് നടത്തിയ പത്ര സമ്മേളനം കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു വഞ്ചനയുടെ ബാക്കി പത്രമാണ്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് വൈകാരികമായി സാക്ഷി പ്രഖ്യാപിച്ചത്. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവര്‍ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു.

പൊള്ളുന്ന ചൂടില്‍ നീതിക്കു വേണ്ടി സാക്ഷി മാലിക്കും സംഘവും സമരം ചെയ്തത് നാല്‍പ്പത് ദിവസമാണ്. നീതി നടപ്പാകും എന്ന കേന്ദ്ര കായിക മന്ത്രിയുടെ ഉറപ്പിന്മേല്‍ ഒടുവില്‍ അവര്‍ സമരം അവസാനിപ്പിച്ചു, എന്നാല്‍ ബ്രിജ് ഭൂഷണും സംഘപരിവാര്‍ ഗവണ്‍മെന്റും മറ്റൊരു പ്ലാന്‍ ബി തയ്യാറാക്കിയിരുന്നു. ആര്‍ക്കെതിരേ സമരം ചെയ്തോ, ആരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടോ അയാളിലേക്ക് തന്നെ അധികാരം വീണ്ടും ചെന്നെത്തി. മാസങ്ങള്‍ക്ക് ശേഷം നടന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ അനുയായി തന്നെ ജയിച്ചു കയറി. ലൈംഗിക പരാതി ഉയര്‍ത്തിയ വനിത താരങ്ങളുടെ പിന്തുണയോടെ മത്സരിച്ച മുന്‍ ചാമ്പ്യന്‍ അനിത ഷെറോണ്‍ തോറ്റു. സാക്ഷി മാലിക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊഴിച്ചത് കണ്ണുനീരല്ല നീതി നിഷേധത്തിന്റെ ചോര തുള്ളികളാണ്.

ബ്രിജ് ഭൂഷണും സാക്ഷി മാലിക്കും- ഇരയും വേട്ടക്കാരനും

നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രചോദനാത്മകമായ കഥയാണ് സാക്ഷി മാലിക്കിന്റെ ജീവിത യാത്ര. ഹരിയാനയിലെ റോഹ്ത്തക്കില്‍ നിന്നും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ഒളിമ്പിക് വിജയത്തിലേക്കു സാക്ഷി നടത്തിയ യാത്ര ഒരു സമരം തന്നെ ആണ്. 2010 ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 58 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി കൊണ്ട് ആരംഭിച്ച മെഡല്‍ വേട്ട 2016 റിയോ ഒളിമ്പിക്സില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത ഗുസ്തിക്കാരി എന്ന സമാനതകളില്ലാത്ത വിജയങ്ങള്‍ വരെ എത്തി. ഒളിമ്പിക്സിലെ സാക്ഷി മാലിക്കിന്റെ വിജയം ഇന്ത്യന്‍ ഗുസ്തിയിലെ, പ്രത്യേകിച്ച് വനിതകളുടെ ഗുസ്തിയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഇന്ത്യന്‍ വനിതാ ഗുസ്തിക്ക് അംഗീകാരവും പിന്തുണയും ലഭിച്ച സമയത്താണ് സാക്ഷിയുടെ മെഡല്‍ നേട്ടം. ഈ നേട്ടം യുവ ഗുസ്തിക്കാരുടെ ഒരു തലമുറയെ പ്രചോദിപ്പിക്കുകയും, ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വനിത ഗുസ്തിയുടെ പ്രൊഫൈല്‍ ഉയര്‍ത്താന്‍ സഹായിച്ചതില്‍ എന്നും അവരുടെ പേര് കാണും.

ഇനി ബ്രിജ്ഭൂഷന്റെ പ്രൊഫൈല്‍ നോക്കിയാല്‍ എന്ത് കൊണ്ട് മോദി സര്‍ക്കാര്‍ അയാളുടെ കൂടെ അടിയുറച്ച് നില്‍ക്കുന്നു എന്ന് കൂടുതല്‍ വ്യക്തമാകും. ‘I have committed a murder in the past. Let people say what they want…I did commit a murder.’ This is not the confession of a convicted criminal, but a bold declaration made by Brij Bhushan Sharan Singh, a BJP leader and six-time Lok Sabha MP who has never been tried for murder. ബ്രിജ്ഭൂഷണ്‍ ലല്ലന്‍ടോപ്പിന് നല്‍കിയ (lallantop) ഒരു അഭിമുഖത്തെ ഉദ്ധരിച്ച് കൊണ്ട് 2022-ല്‍ ദി വയറില്‍ ദീപക് ഗോസ്വാമി ബ്രിജ് ഭൂഷന്റെ പ്രൊഫൈലിനെ കുറിച്ചെഴുതിയ കുറിപ്പിന്റെ ആരംഭം തന്നെ ഇങ്ങനെ ആണ്. നേരത്തെ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് സിംഗിന് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്നു. 1980 -കള്‍ മുതല്‍ ബൈക്ക് മോഷണം, അനധികൃത മദ്യ വില്‍പ്പന അടക്കം നിരവധി കേസുകളില്‍ തന്റെ ക്രിമിനല്‍ കരിയര്‍ ആരംഭിച്ച ബ്രിജ്ഭൂഷണ്‍ രാജ്യം തലയ്ക്ക് കോടിക്കണക്കിന് വിലയിട്ടിരിക്കുന്ന ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ പേരിനോടൊപ്പം വരെ എത്തുന്നുണ്ട്. ഏതാണ്ട് 36 ക്രിമിനല്‍ കേസുകള്‍ ബ്രിജ്ഭൂഷന്റെ പേരില്‍ ഉണ്ട് (റിപ്പോട്ട് ചെയ്യപ്പെട്ടത്) എന്നാണ് ഏകദേശ കണക്ക്. ബാല്‍റാംപൂര്‍, ഖോണ്ട തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്നും അഞ്ചിലധികം തവണ വിജയിച്ച് എം പി ആയ ബ്രിജ് ഭൂഷണ്‍ ‘കരുത്തരായ ഗുസ്തി താരങ്ങളെ നിയന്ത്രിക്കാന്‍ കരുത്തനായ ഒരാള്‍ വേണം’ എന്ന് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്, അതായത് മണി പവര്‍ കൊണ്ടും, പൊളിറ്റിക്കല്‍ ഇന്‍ഫ്ളുവന്‍സ് കൊണ്ടും നടക്കാത്തത് മസില്‍ പവര്‍ കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന ഒരാള്‍ എന്ന് വായിക്കാം.

സര്‍വ്വശകതനായ മോദിയും, യോഗിയും എന്ത് കൊണ്ട് ബ്രിജ്ഭൂഷണ്‍ ഭയക്കുന്നു?

‘രാജ്യം വീഴ്ത്തണമെങ്കില്‍ ആദ്യം രാജാവിനെ വീഴ്ത്തണം’ എന്ന വിശ്വപ്രസിദ്ധ വാചകത്തെ ചെറുതായി ഒന്ന് എഡിറ്റ് ചെയ്ത കൊണ്ടാണ് ബ്രിജ് ഭൂഷണ്‍ തന്റെ കളം ഉത്തരേന്ത്യന്‍ മണ്ണില്‍ ഒരുക്കിയത്, യു പി ജയിച്ചാല്‍ ഇന്ത്യ ജയിച്ചു എന്ന് പറയപ്പെടുന്ന യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ ആറ് ലോക്സഭാ മണ്ഡലങ്ങളിലും, ഇരുപതിലധികം നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് വിജയം നിര്‍ണയിക്കുന്നതില്‍ ബ്രിജ് ഭൂഷണും അയാളുടെ സംഘത്തിനും വലിയ പങ്കുണ്ട്. 2011 -ല്‍ ദേശീയ ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് വരുന്നതിനു മുന്‍പ് തന്നെ ബ്രിജ് ഭൂഷണ്‍ എന്‍ ഡി എയില്‍ തന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നുണ്ട്. അയോധ്യ പ്രസ്ഥാനത്തിന്റെ മുന്‍ നിരയില്‍ അദ്വാനിയുടെ സന്തത സഹചാരി ആയി അയാള്‍ ഉണ്ടായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും പിന്നീട് കോടതി വെറുതെ വിടുന്നുണ്ട്.

ബ്രിജ് ഭൂഷണ്‍ സിംഗിന്റെ സ്വാധീനം വിളിച്ചോതുന്ന മറ്റൊരു സംഭവം 1996-ല്‍ ആണ് സംഭവിക്കുന്നത്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ സഹായിച്ചു എന്ന പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (ടാഡ) പ്രകാരം അദ്ദേഹത്തെ തിഹാര്‍ ജയിലില്‍ അടച്ചിരുന്നു. ജയില്‍വാസം അനുഭവിക്കുന്ന സിംഗിന് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഒരു കത്തെഴുതുന്നുണ്ട്, ‘സവര്‍ക്കറെ സ്മരിച്ച് കൊണ്ട് ധൈര്യം കൈ വിടാതെ ഇരിക്കൂ’ എന്നാണു വാജ്‌പേയ് കത്തില്‍ ഭൂഷനോട് പറയുന്നത്. കിഴക്കന്‍ യുപിയിലും, രജപുത്ര കുടുംബത്തിനിടയിലും ബ്രിജ് ഭൂഷനുള്ള സ്വാധീനം മാത്രമല്ല മോദി സര്‍ക്കാരിനെ അയാള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ആശങ്ക ഉളവാക്കിയിരുന്നത,് മറിച്ച് ധാരാളം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലും ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ബിജെപിയിലെ സമുന്നത നേതാക്കളുടെ ബിനാമി ആയും വര്‍ത്തിക്കുന്നുണ്ട്. ഫെഡറേഷനില്‍ ലൈംഗിക ആരോപണ വിവാദം ഉടലെടുത്ത സമയത്ത് ‘മോദി പറഞ്ഞാല്‍ ഞാന്‍ രാജി വെക്കാം’ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ ശേഷി ഉള്ള അപൂര്‍വ നേതാക്കളില്‍ ഒരാള്‍ കൂടി ആണ് ബ്രിജ് ഭൂഷണ്‍ സിംഗ്. ‘രാജാവിനെ വീഴ്ത്തണം എന്നില്ല, ഇത് പോലെ ഒരു ബ്ലാക്മെയിലിംഗ് പൊളിറ്റിക്സിന് വേണ്ട ഗ്രൗണ്ട് ഒരുക്കിയാല്‍ രാജ്യത്തെ നിയമസംഹിതകളെ ഇത് പോലെ വെല്ലുവിളിക്കാം’.

12 മത്തെ വയസില്‍ ഗുസ്തി പരിശീലനം തുടങ്ങുമ്പോള്‍ സാക്ഷിയുടെ കോച്ച് ഇഷ്ലാര്‍ ദാഹിയ ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ ചെറുപ്പക്കാരായ ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചാണ് സാക്ഷി ‘പെണ്‍കുട്ടികള്‍ക്ക് അസാധ്യം’ എന്ന് പറഞ്ഞ ഗുസ്തിയില്‍ വളര്‍ന്നത്. സാക്ഷിയുടെ ആണ്‍കുട്ടികളെ മലര്‍ത്തിയടിക്കുന്ന ശീലം മൂലം കോച്ചായ തനിക്ക് പ്രദേശികമായ എതിര്‍പ്പുകള്‍ പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ദാഹിയാ പറയുന്നുണ്ട്. എന്നാല്‍ തനിക്ക് ധൈര്യം തന്നത് അതൊന്നും കൂസാത്ത സാക്ഷി മാലിക്കിന്റെ നിശ്ചയദാര്‍ഢ്യമാണ് എന്നാണ്, ഗുസ്തി ഫെഡറേഷനില്‍ ലൈംഗിക ആരോപണം നേരിട്ട ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുമ്പോള്‍ ‘നുണപരിശേധനയ്ക്ക് വിധേയനാകാന്‍ ഞാന്‍ ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെ വെല്ലുവിളിക്കുന്നു. പരിശോധനയ്ക്ക് ഞങ്ങളും തയ്യാറാണ്. ആരാണ് കുറ്റവാളി, ആരല്ല എന്ന സത്യം പുറത്തുവരട്ടെ”- എന്ന് പറയാന്‍ അവര്‍ക്കുണ്ടായിരുന്ന ധൈര്യം ഒരു ജന്മവാസന ആണ്. ബ്രിജ്ഭൂഷണെ പോലെ സംഘ കായിക കലകളില്‍ അഗ്രഗണ്യനായ ഒരാളോട് പൊരുതാന്‍ തയ്യാറായ സാക്ഷി മാലിക്കിനൊപ്പം തന്നെ ആണ് ഈ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍