UPDATES

കേരളം

വാര്‍ത്തകളാകുന്ന തലക്കെട്ടുകള്‍, ഉദ്ദാ: മോദിയും മുതലക്കണ്ണീരും

ദ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍ അഭിമുഖം

                       

സ്വന്തം രാജ്യത്തെ കലാപത്തെക്കുറിച്ചു 79 ദിവസത്തിനുശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രി അപലപിച്ചാല്‍ അതേറ്റു പറയുന്നതല്ല, നിശബ്ദനായിരുന്ന പ്രധാനമന്ത്രിയോട്, എന്തുകൊണ്ട് ഇത്രയും നാള്‍ താങ്കള്‍ നിശബ്ദനായിരുന്നു എന്നു ചോദിക്കുന്നതാകണം മാധ്യമപ്രവര്‍ത്തനം എന്നു പറയുന്നിടത്താണ് ആര്‍ രാജഗോപാലിനെ പോലൊരു മാധ്യമപ്രവര്‍ത്തകനും എഡിറ്ററും വ്യത്യസ്തനാകുന്നത്. സര്‍ക്കാരിനെ കുറിച്ച് നല്ലതു പറയാനാണെങ്കില്‍, ആ ജോലി ചെയ്യാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ദൂരദര്‍ശനുമൊക്കെയുണ്ടെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും ഉറപ്പിച്ചു പറയാന്‍ മടിയില്ലാത്ത ആര്‍. രാജഗോപാല്‍ തന്റെ നിലപാടുകള്‍ വ്യക്തതയോടെ അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് ഈ അഭിമുഖത്തില്‍…

കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് പത്രം അതിന്റെ തലക്കെട്ടിലെ പ്രത്യകത, അല്ലെങ്കില്‍ മികവ് കൊണ്ടു ദേശീയ ശ്രദ്ധ നേടുന്നു, കേരളത്തിടക്കം ചര്‍ച്ചയാകുന്നു. വാര്‍ത്തയുടെ തലക്കെട്ട് സൃഷ്ടിക്കുന്ന പ്രോസസ് എങ്ങനെയാണ്?
ഒരു വാര്‍ത്തയില്‍ ആദ്യം ആലോചിക്കുന്നത് അതിന്റെ കാതല്‍ എന്താണെന്നാണ്. എല്ലാ വാര്‍ത്തയ്ക്കും ഒരു ഹൃദയമുണ്ട്. ഉദാഹരണത്തിന്, ‘മുതലക്കണ്ണീര്‍’ എന്ന തലക്കെട്ട്, പ്രധാനമന്ത്രി ദിവസങ്ങള്‍ കഴിഞ്ഞു പ്രതികരിക്കുകയാണ്. അതിനോടുളള നമ്മുടെ അഭിപ്രായം കപട ദുഃഖം കാണിക്കുകയാണെന്നുള്ളതാണ്. അതു ശരിയായിരിക്കണമെന്നില്ല. തുടര്‍ന്നു നമ്മള്‍ ടീം അംഗങ്ങളുമായി സംസാരിക്കും, ഒരാള്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ വിട്ടുകളയും; അങ്ങനെ നിയമം ഇല്ലെങ്കില്‍ക്കൂടി. മുതലക്കണ്ണീര്‍ എല്ലാവര്‍ക്കും പരിചിതമായ വാക്കാണ്. ഉപയോഗിച്ച് ഉപയോഗിച്ച് ക്ലീഷെ ആയതുമാണ്. ആ ക്ലീഷെ ബ്രേക്ക് ചെയ്യുക എന്നതാണ് നമ്മുടെ വെല്ലുവിളി. സാധാരണ ഒരു ന്യൂ സ്റ്റോറിക്ക് ‘Narendra Modi sheds crocodile tears’ എന്ന് തലക്കെട്ട് ഇടുകയാണങ്കില്‍ അതൊരു സ്ട്രോങ് കമന്റ് ആണ്, മാത്രവുമല്ല അത് സബ്ജക്ടീവുമാകും. അതില്‍ പുതുമയൊന്നും കാണുകയുമില്ല.


മഹുവ മൊയ്ത്രയുടെ ഭാവി എന്തായിരിക്കും?


പുതുതായി എന്തു ചെയ്യാമെന്നാണാലോചിച്ചത്. മുതലയുടെ പടം വച്ചതുകൊണ്ടു മാത്രമായില്ല, എന്തു കൊണ്ടാണ് മുതലക്കണ്ണീര്‍ എന്നു പറയുന്നതെന്നു വായനക്കാരെ മനസിലാക്കണം. മണിപ്പൂരില്‍ കലാപം തുടങ്ങി 79 ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. അക്കാര്യം എങ്ങനെ പുറത്തുകൊണ്ടുവരും എന്നാണ് ആലോചിച്ചത്. ഒറ്റ നോട്ടത്തില്‍ തന്നെ ആളുകള്‍ക്ക് കാര്യം മനസിലാകണമെന്നുണ്ടായിരുന്നു. ഗ്രാഫിക് എപ്പോഴും വിജയിക്കുന്നത് ഒരു കാര്യത്തില്‍ ഫോക്കസ് ചെയ്യുമ്പോഴാണ്. അതു കൊണ്ട് മുതലയെ ഫോക്കസ് ചെയ്ത് ബാക്കി 78 ദിവസത്തെ കണ്ണീരു കൊണ്ട് അടയാളപ്പെടുത്തി. പലപ്പോഴും തലക്കെട്ടുകള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്. ചില തലക്കെട്ടുകള്‍ തീരുമാനിക്കുന്നതായിരിക്കില്ല, പുറത്തു വരുമ്പോള്‍ പലരീതിയില്‍ രൂപാന്തരപ്പെടുകയാണ്.

ടെലഗ്രാഫിന്റെ ഹെഡിംഗുകള്‍, ഒരു ഹെഡിംഗ് എന്നതിനൊപ്പം കമന്റും കൂടിയായാണ് അനുഭവപ്പെടാറുള്ളത്. എഡിറ്റോറിയല്‍ പേജില്‍ എഴുതേണ്ട പത്രത്തിന്റെ അഭിപ്രായം ഒന്നാം പേജില്‍ വരുന്നു എന്നാണ് ടെലിഗ്രാഫിനെക്കുറിച്ച് പറയാറുള്ളത്. പക്ഷപാതം ഉണ്ടെന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണമെന്താണ്?
മുതലക്കണ്ണീരിന്റെ ഉദാഹരണം തന്നെ എടുക്കാം. അങ്ങനെയല്ലാതെ, മറ്റ് മാധ്യമങ്ങള്‍ ചെയ്യുന്നത് പോലെ പ്രധാനമന്ത്രി അപലപിച്ചു, ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞു എന്നായിരുന്നു നല്‍കിയതെന്നു കരുതുക. അതാണോ മാധ്യമ പ്രവര്‍ത്തനം, അതോ കഴിഞ്ഞ 79 ദിവസം നിങ്ങള്‍ എന്ത് ചെയ്തു എന്ന് ചോദിക്കുന്നതാണോ? ഞാന്‍ സമ്മതിക്കുന്നു, ബയാസ്ഡ് ആണെന്ന്. എന്നാല്‍ ഈ പക്ഷപാതിത്വം കുറ്റകരമാവുന്നത് എപ്പോഴാണ്? പ്രധാനമന്ത്രി രണ്ടാമത്തെ ദിവസം പ്രതികരിക്കുകയും ടെലഗ്രാഫ് 79 ദിവസം പ്രതികരിച്ചില്ല എന്നും വാര്‍ത്ത കൊടുക്കുമ്പോഴല്ലേ. 79 ദിവസം ഒരു പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നതിനെ ബിജെപി പോലും ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാ വിഷയങ്ങളിലും കയറി പ്രതികരിക്കും എന്നതാണ് പ്രധാനമന്ത്രിയുടെ പ്രത്യേകത. എന്തുകൊണ്ട് ഇത്രയും വലിയൊരു പ്രശ്നമുണ്ടായിട്ട് അദ്ദേഹം മിണ്ടാതിരുന്നു? പത്രത്തിന്റെ ധര്‍മ്മമാണിത്. ഗവണ്‍മെന്റിനെ നല്ലത് പറയാന്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയും ദൂരദര്‍ശനുമെല്ലാമുണ്ട്. നമ്മുടെ ജോലി അതല്ല. തെറ്റുകള്‍ ഉണ്ടെങ്കില്‍ പറയാം.

താങ്കള്‍ വളരെക്കാലമായി ജോലി ചെയ്യുന്ന സ്ഥാപനമാണല്ലോ ടെലഗ്രാഫ്. ഇത്തരത്തില്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന തലക്കെട്ടിലേക്ക് മാറിയത് എപ്പോഴാണ്? അല്ലെങ്കില്‍ വിമര്‍ശനത്തിനായി തലക്കെട്ടുപയോഗിച്ചു തുടങ്ങിയൊരു സമയം ഉണ്ടോ ?
ടെലഗ്രാഫ് മാത്രമല്ല ഇന്ത്യയിലെ എല്ലാ പത്രങ്ങളും ഇത്തരത്തില്‍ തലക്കെട്ട് നല്‍കുന്നവര്‍ തന്നെയായിരുന്നു. ഉദാഹരണത്തിന് ജസീക്ക ലാല്‍ വധക്കേസ്, അതില്‍ എല്ലാ പ്രതികളേയും വെറുതെവിട്ടു. അന്ന് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞത് ‘നോബഡി കില്‍ഡ് ജെസീക്ക’ എന്നാണ്. പിന്നീട് 2014 ന് ശേഷം മറ്റ് പത്രങ്ങള്‍ ഇത്തരം തലക്കെട്ട് കൊടുക്കാതായതോടെ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയെന്നു മാത്രം. ഞങ്ങള്‍ എപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. 1985-ല്‍ ആണെന്നു തോന്നുന്നു ബംഗാളിലെ ഒരു ജയിലില്‍ കുറ്റവാളികളെ പീഡിപ്പിക്കുന്നതായി ആരോപണം ഉണ്ടായി. നിയമസഭ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നില്ല. അന്നത്തെ എഡിറ്റര്‍ എം. ജെ അക്ബറുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട സ്റ്റോറി പുറത്തു വരുന്നത്. ഞാനിന്നും ആ തലക്കെട്ട് ഓര്‍ക്കുന്നു; ‘ഇഫ് യു ഹാവ് എനി ടിയേഴ്സ് ഷെഡ് ദെം ഫോര്‍ ദിസ് പീപ്പിള്‍ മിസ്റ്റര്‍ ബാസു’ എന്നായാരുന്നു അത്. അത്തരത്തില്‍ വളരെ ശക്തമായ തലക്കെട്ടു കൊടുത്തിരുന്ന പത്രമാണ് ടെലഗ്രാഫ്. അത് ഇന്നും തുടര്‍ന്നു പോരുന്നു എന്നു മാത്രം.

തലക്കെട്ടുകള്‍ ചര്‍ച്ചയാകുമ്പോള്‍ പലരീതിയിലുള്ള പ്രത്യാഘാതങ്ങളും ഒപ്പം ഉണ്ടായിക്കാണുമല്ലോ. ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയിലും എഡിറ്റര്‍ എന്ന നിലയിലും അതിനെ നോക്കികാണുന്നത് എങ്ങനെയാണ്?
ഞാനൊരിക്കലും ഒരു ജേര്‍ണലിസ്റ്റിന്റെയും എഡിറ്ററുടേയും ജോലി രണ്ടായി കാണാറില്ല. എഡിറ്ററും ജേര്‍ണലിസ്റ്റാണ്. പത്രത്തിന് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. കൊല്‍ക്കത്തയിലുള്ള ഞങ്ങളുടെ വായനക്കാരില്‍ പലരും അസന്തുഷ്ടരാണ്. എനിക്കു തോന്നുന്നു, കൊല്‍ക്കത്തയെക്കാള്‍ കേരളത്തിലാണ് ടെലഗ്രാഫിനെ പറ്റി സംസാരിക്കുന്നത്. എന്നെ എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന പദവിയിലേക്ക് ഉയര്‍ത്തിയത് എന്റെ കൂടി സമ്മതപ്രകാരമാണ്. അതിലൂടെ ഞങ്ങളുടെ വായനക്കാരുടെ അതൃപ്തി കുറച്ചൊക്കെ അകറ്റാന്‍ കഴിയുമെന്ന് തോന്നുന്നു. പേപ്പര്‍ ഉണ്ടെങ്കിലല്ലേ പബ്ലിഷ് ചെയ്യാന്‍ സാധിക്കൂ. പുതിയ എഡിറ്റര്‍ എന്റെ സീനിയറാണ്, ഞാന്‍ വളരെ ബഹുമാനിക്കുന്ന ജേര്‍ണലിസ്റ്റാണ്. എനിക്കതില്‍ പരാതിയില്ല. വേറെ ആര്‍ക്കും അതില്‍ പരാതി ഉണ്ടാവേണ്ട കാര്യവുമില്ല.

ഇത്രയും നാളുകള്‍ക്കിടയില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച അല്ലെങ്കില്‍ എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു തലക്കെട്ടുണ്ടോ? ടെലഗ്രാഫിന്റേത് ആകണമെന്നില്ല.
എന്നെ ഏറെ ആകര്‍ഷിച്ച ഒരു തലക്കെട്ട്, 9/11 സമയത്തുള്ളതാണ്. പല പത്രങ്ങളും ‘അമേരിക്ക അറ്റാക്ക്ഡ്’ എന്നാണ് തലക്കെട്ട് നല്‍കിയത്. അതു തീര്‍ച്ചയായും ശക്തമായൊരു തലക്കെട്ട് തന്നെ. പക്ഷെ ആ സമയത്ത് ഞാന്‍ ശ്രദ്ധിച്ച തലക്കെട്ട് ‘ദ ഗ്ലാബ് ആന്റ് മെയില്‍’ എന്ന ഒരു കനേഡിയന്‍ പത്രത്തിന്റെയായിരുന്നു. അവരു കൊടുത്ത തലക്കെട്ട് ‘ഡേ ഓഫ് ഇന്‍ഫമി’ എന്നായിരുന്നു. അതിന് ഒരു ചരിത്രമുണ്ട്. പേള്‍ ഹാര്‍ബര്‍ അറ്റാക്ക് നടന്നപ്പോഴാണ് അമേരിക്ക ആദ്യമായി രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കാളിയാകുന്നത്. പേള്‍ ഹാര്‍ബര്‍ അറ്റാക്ക് നടന്നപ്പോള്‍ അന്നത്തെ പ്രസിഡന്റ് റൂസ്വെല്‍റ്റ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ ഉപയോഗിച്ച വാക്കാണ് ‘ദിസ് ഡേ വില്‍ ലിവ് ഇന്‍ ഇന്‍ഫമി’ എന്ന്. ഹിസ്റ്ററി എന്ന വാക്കാണ് ഇന്‍ഫമി ആക്കിയത്. അതിലൂടെ ജപ്പാനുമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. എന്ത് കൊണ്ടാണ് ഞാന്‍ കണ്ട ഏറ്റവും നല്ല തലക്കെട്ടായി അതിനെ കാണുന്നതെന്നാല്‍, ഈ തലക്കെട്ട് യുദ്ധത്തെക്കുറിച്ച് പറയാതെ പറയുന്നതായിരുന്നു. അതിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനെയും ഇറാഖിനേയും ആക്രമിച്ചു. ഇന്‍ഫമി എന്നൊരു വാക്ക് കൊണ്ട് ആ പത്രം അന്ന് ഇത് പ്രവചിക്കുകയായിരുന്നെന്ന് പറയാം. ഭാവി മാത്രമല്ല, ഭൂതകാലവും വര്‍ത്തമാനവും ആ ഒറ്റ വാക്കില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്.

തലക്കെട്ടുകളെ കുറിച്ച് സംസാരിക്കുന്നതിന്റെ തുടര്‍ച്ചയെന്നോണം ചോദിക്കട്ടെ, വളരെ മിസ് ലീഡ് ചെയ്യുന്ന ക്ലിക്ക് ബൈറ്റുകള്‍ക്ക് വേണ്ടി മാത്രം തലക്കെട്ടിടുന്ന രീതി ഇപ്പോള്‍ എല്ലായിടത്തും കാണാം. അതില്‍ മാധ്യമങ്ങള്‍ക്കെന്ന പോലെ വായനക്കാര്‍ക്കും പങ്കില്ലേ? അതിനോടുള്ള അഭിപ്രായമെന്താണ്?
തീര്‍ച്ചയായിട്ടും, ജനങ്ങള്‍ക്കതില്‍ വലിയൊരു പങ്കുണ്ട്. ഒരു പരിധി കഴിഞ്ഞ് മോശമായൊരു കാര്യം വളരെ പോപ്പുലര്‍ ആവുന്നുണ്ടെങ്കില്‍ അതില്‍ ആളുകള്‍ക്കും പങ്കുണ്ട്. ഇപ്പോഴത്തെ യൂട്യൂബെല്ലാം വ്യൂവര്‍ഷിപ്പിനെ ബേസ് ചെയ്താണല്ലോ. വ്യൂവര്‍ഷിപ്പ് ഉണ്ടാകുന്നത് ആളുകള്‍ കാണുന്നത് കൊണ്ടാണല്ലോ…

2024 ഇലക്ഷനിലേക്ക് വരികയാണെങ്കില്‍, ‘ഇന്ത്യ’ മുന്നണി നല്‍കുന്ന പ്രതീക്ഷയുണ്ട്. എങ്കില്‍ പോലും എന്‍ഡിഎ പരാജയപ്പെട്ടാലും അവര്‍ ഉദ്യോഗസ്ഥരില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍, അതായത് പല തസ്തികകളിലേക്കും പുതുതായി അപ്പോയിന്റ് ചെയ്ത വ്യക്തികള്‍, അവരുടെ രാഷ്ട്രീയം എന്നിവ ഇന്ത്യയില്‍ എങ്ങനെയായിരിക്കും പ്രതിഫലിക്കുക ?
പ്രതീക്ഷയുണ്ടെന്നുള്ളത് താങ്കളുടെ അഭിപ്രായമാണ്. എനിക്കൊട്ടും പ്രതീക്ഷയില്ല. ഈ കാര്യം ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, പല രാഷ്ട്രീയ നേതാക്കളോടും സംസാരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് കുറച്ചുകാലം ഭരണത്തില്‍ വന്നിരുന്നു, ആ സമയത്തു പോലും പല പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കെതിരെ കേസെടുക്കുക എന്ന നടപടി നടന്നുകൊണ്ടിരുന്നു. ഞാന്‍ വളരെ മുതിര്‍ന്ന ഒരു ദേശീയ നേതാവുമായി സംസരിച്ചപ്പോള്‍ പേര് പറയുന്നില്ല) അവര്‍ വളരെ ആത്മവിശ്വാസത്തിലാണ്. ഭരണത്തില്‍ വന്നാല്‍ അത് മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. എന്തെന്നാല്‍ പൊതുവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഭീരുക്കളാണ്. അവരുടെ പിറകില്‍ വളരെ ശക്തമായ സ്റ്റേറ്റ് അല്ലെങ്കില്‍ ഒരു ഓര്‍ഗനൈസേഷനുണ്ട് എന്ന ധൈര്യത്തിലാണ് അവരതു ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഒന്നു രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അവരത് അവസാനിപ്പിക്കും അല്ലെങ്കില്‍ മറ്റൊരു സപ്പോര്‍ട്ടിനായി അവര്‍ കാത്തിരിക്കും. അതിന് കര്‍ണാടകയില്‍ ഉദാഹരണങ്ങളുണ്ട്. പിന്നെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റിനെ സംബന്ധിച്ച് തെറ്റുകാരെ കണ്ടെത്തിയാല്‍ അവര്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷ നല്‍കാമെന്നുള്ളതേയുള്ളൂ. അത്തരം ഉദ്യോഗസ്ഥരെ ജീവിക്കാന്‍ അനുവദിക്കാത്ത കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ല. ഇന്ത്യ എന്ന മുന്നണി നോക്കിയാല്‍ അതിലെ എല്ലാ പാര്‍ട്ടികളും ഭരണ പരിചയമുള്ളവരാണ്. അത് കൊണ്ട് തന്നെ അവരെ സംബന്ധിച്ച് 6,7 പോസ്റ്റുകളില്‍ നല്ലയാളുകളെ നിയമിച്ചാല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാകും.

മാധ്യമസ്ഥാപനങ്ങളിലും ഇക്കാലയളവില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ?മാധ്യമസ്ഥാപനങ്ങളെല്ലാം തന്നെ വളരെ അവരസരവാദികളാണ്. മാറ്റമുണ്ടാകുന്നു എന്നു കണ്ടാല്‍ തന്നെ അവര്‍ മറുവശത്തേക്ക് മാറിയേക്കും. മാധ്യമങ്ങള്‍ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്, പ്രത്യേകിച്ച് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നൊരു സമയത്ത്.

കേരളത്തിലുണ്ടായ മിത്ത് വിവാദം ശ്രദ്ധയില്‍പെട്ടിരിക്കുമല്ലോ. സ്‌കൂളില്‍ നടന്ന ഒരു പ്രഭാഷണത്തിന്റെ പേരില്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന അവസ്ഥ കേരളത്തിലുണ്ടായി. അത് രാജ്യത്തുണ്ടാകുന്ന മാറ്റത്തിന്റെ പ്രതിഫലനമാണോ ?തെരുവിലിറങ്ങിയത് എത്രത്തോളം വിജയകരമായി എന്നൊരു ചോദ്യമുണ്ട്. തെരുവിലിറങ്ങിയത് ഒരു ജാതീയ സംഘടനയാണ്. ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയും അതിനുള്ള അബദ്ധം കാണിച്ചില്ല. അതൊരു നല്ല കാര്യം തന്നെ. ഇത് അധികനാള്‍ നിലനില്‍ക്കില്ലെന്ന് ആ സംഘടനയ്ക്കു തന്നെ മനസിലായി കാണും. കുട്ടികളോട് പറഞ്ഞൊരു കാര്യം ഇത്രത്തോളം വിവാദമാക്കേണ്ട ആവശ്യമില്ലായിരുന്നു. സര്‍ക്കാര് കേസ് പിന്‍വലിച്ചത് ഭയപ്പെട്ടിട്ടാണ് എന്നാണ് പറയുന്നത്. അത് അങ്ങനെയല്ല കാണേണ്ടത്. എന്‍എസ്എസ് അതില്‍ നിന്നും പിന്മാറാന്‍ തയ്യാറായ സ്ഥിതിക്ക് സര്‍ക്കാര്‍ അതിനെ പ്രതികാര ബുദ്ധിയോടെ നോക്കിക്കാണേണ്ട കാര്യമില്ല. സര്‍ക്കാര്‍ എല്ലാവരുടേയും ആണല്ലോ.

ജാതി സെന്‍സസ് ഒരു അജണ്ടയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെന്തെല്ലാമായിരിക്കും ?
അദര്‍ ബാക്ക്‌വേഡ് ക്ലാസുകളെ ഇത്രയും നാള്‍ അവഗണിക്കുകയാണന്നുള്ള ആ കാര്യം പ്രധാനപ്പെട്ടതാണ്. ഇവിടെ കോണ്‍ഗ്രസ് ചെയ്തൊരു നല്ലകാര്യം, തങ്ങള്‍ ചെയ്തത് തെറ്റാണ് എന്നവര്‍ സമ്മതിച്ചു. സംവരണം കൂട്ടേണ്ടിവരും എന്നുള്ളതാണ്. അതോടൊപ്പം സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ട്.

ന്യൂസ് ക്ലിക്കില്‍ ഉണ്ടായ റെയ്ഡ് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണല്ലോ. മാധ്യമങ്ങള്‍ തന്നെ മാധ്യമങ്ങള്‍ക്കെതിരാവുന്നതാണോ ഇത്?
ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നും സംഭവിച്ച ഒരു വീഴ്ചയായിരിക്കണം അത്. അവര്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്ന് എനിക്ക് തോന്നുന്നില്ല

ഹരിത മാനവ്‌

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Share on

മറ്റുവാര്‍ത്തകള്‍