UPDATES

മഹുവ മൊയ്ത്രയുടെ ഭാവി എന്തായിരിക്കും?

എത്തിക്‌സ് കമ്മിറ്റി പ്രമേയം ലോക്‌സഭ അംഗീകരിച്ചാല്‍

                       

‘ചോദ്യത്തിന് കോഴ’ ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി മഹുവ മൊയ്ത്രയെ എം പി സ്ഥാനത്ത് നിന്നും നീക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. നാലിനെതിരേ ആറു വോട്ടുകള്‍ക്കാണ് എത്തിക്‌സ് കമ്മിറ്റി മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച അംഗീകരിച്ചത്.

ഗൗതം അദാനിക്കെതിരായി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിസിനസുകാരന്‍ ദര്‍ഷന്‍ ഹിരാനന്ദാനിയില്‍ നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന പരാതി കൊണ്ടുവരുന്നത് ബിജെപി എം പി നിഷികാന്ത് ദുബെ ആയിരുന്നു. പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുമ്പാകെ വന്ന വിഷയത്തില്‍, ദര്‍ഷന്‍ ഹിരാനന്ദാനി നല്‍കിയ സത്യവാങ്മൂലം മഹുവയ്‌ക്കെതിരായ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി മോദിയുടെയും പാര്‍ലമെന്റിനകത്തും പുറത്തുമുള്ള നിതാന്ത വിമര്‍ശകയാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്ന മഹുവയെ ഇനി കാത്തിരിക്കുന്ന നടപടികള്‍ എന്തായിരിക്കും?

ലോക്‌സഭ നടപടിക്രമങ്ങളും പെരുമാറ്റ ചട്ടങ്ങളും പ്രതിപാദിക്കുന്ന 2015 ഓഗസ്റ്റിലെ ചട്ടത്തിന്റെ 20 എ അധ്യായത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ നടപടിക്രമങ്ങളെ കുറിച്ച് പറയുന്നതിന്‍ പ്രകാരം, കമ്മിറ്റി റിപ്പോര്‍ട്ട് രൂപത്തില്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ സ്പീക്കര്‍ക്ക് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിനു നിര്‍ദേശം നല്‍കാം. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ സഭ പാലിക്കേണ്ട നടപടിക്രമങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായേക്കാം എന്നും ചട്ടങ്ങളില്‍ പറയുന്നുണ്ട്. ചട്ടം 316 ഇ-യില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ പറയുന്നത്; ‘ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചതിന് ശേഷം, എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സനോ, കമ്മിറ്റിയിലെ മറ്റേതെങ്കിലും അംഗത്തിനോ, അതല്ലെങ്കില്‍ സഭയിലെ മറ്റൊരു അംഗത്തിനോ റിപ്പോര്‍ട്ട് സഭ പരിഗണിക്കുന്നതിനുള്ള നീക്കം നടത്താം. അതിന്‍പ്രകാരം സ്പീക്കര്‍ക്ക് റിപ്പോര്‍ട്ടിന്‍മേലുള്ള സഭയുടെ പ്രതികരണം ആരായാം’ .

എന്താണ്, എങ്ങനെയാണ് പാര്‍ലമെന്റിലെ ചോദ്യങ്ങള്‍?

സഭയുടെ അഭിപ്രായം ചോദിക്കുന്നതിന് മുമ്പായി സ്പീക്കര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ അരമണിക്കൂര്‍ കുറയാത്ത സമയത്തില്‍ ഒരു ചര്‍ച്ച നടത്താനുള്ള അനുമതി നല്‍കിയിരിക്കണമെന്നും ചട്ടത്തില്‍ പറയുന്നുണ്ട്. ചര്‍ച്ചയ്ക്കുശേഷം പ്രമേയം അംഗീകരിക്കുകയാണെങ്കില്‍, എത്തിക്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണോ, കമ്മിറ്റിയംഗത്തിനോ, ഏതെങ്കിലും സഭ അംഗത്തിനോ, കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നോ, നിരാകരിക്കുന്നോ, ഭേദഗതികളോടെ അംഗീകരിക്കുന്നുവോ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം തേടാം എന്നും ചട്ടം പറയുന്നു. ചട്ടം 316 എഫ് പ്രകാരം, എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന പ്രമേയം, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തീര്‍പ്പ് കല്‍പ്പിച്ചശേഷം സഭയുടെ അജണ്ടയില്‍(ലിസ്റ്റ് ഓഫ് ബിസിനസ്) ഉള്‍പ്പെടുത്തുന്നു.

ഒരു അംഗത്തെ പുറത്താക്കാനുള്ള എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ലോക്‌സഭ ഭൂരിപക്ഷത്തോടെ പാസാക്കിയാല്‍, എന്തു സംഭവിക്കും?

ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്, ‘ലോക്‌സഭ പ്രമേയം അംഗീകരിച്ചാല്‍, എംപി പുറത്താക്കപ്പെടുന്നു’ എന്നാണ്.

” പരാതിക്കാര്‍, പരാതിയെ പിന്തുണയ്ക്കുന്നവര്‍, പരാതി പരാതി നല്‍കിയ അംഗം തുടങ്ങിയവരെ എത്തിക്‌സ് കമ്മിറ്റി മുന്‍പാകെ വിളിപ്പിച്ച് വിസ്തരിക്കണം(ക്രോസ് വിസ്താരവും നടത്തണം) എന്നാണ് എത്തിക്‌സ് കമ്മിറ്റി നടപടിക്രമങ്ങളില്‍ പറയുന്നത്. ഈ കേസില്‍ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് തനിക്ക് അറിവില്ലെന്നും പിടിഡി ആചാരി ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നുണ്ട്.

പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയെ നിയോഗിക്കുന്നത് സ്പീക്കറാണ്. ഒരു വര്‍ഷമാണ് സമിതിയുടെ കാലാവധി. നിലവിലുള്ള കമ്മിറ്റിയുടെ തലവന്‍ ബിജെപി എംപിയായ വിനോദ് കുമാര്‍ സോങ്കറാണ്. വിഷ്ണു ദത്ത് ശര്‍മ, സുമേധാനന്ദ് സരസ്വതി, അപരാജിത സാരംഗി, ഡോ. രാജ്ദീപ് റോയ്, സുനിത ദഗ്ഗല്‍, സുഭാഷ് ഭ്രംറെ(എല്ലാവരും ബിജെപി), വി. വൈദ്യലിംഗ്, എന്‍ ഉത്തം കുമാര്‍ റെഡ്ഡി, ബാലഷോറി വല്ലഭനേനി, പ്രണീത് കൗര്‍(എല്ലാവരും കോണ്‍ഗ്രസ്), ഹേമന്ദ് ഗോഡ്‌സെ(ശിവ്‌സേന), ഗിരിധരി യാദവ്(ജെഡിയു) പി ആര്‍ നാടരാജന്‍(സിപിഎം), ഡാനിഷ് അലി(ബിഎസ്പി) എന്നിവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായ മറ്റ് എംപിമാര്‍.

2005-ല്‍ ‘ചോദ്യത്തിന് കോഴ’ പരാതിയില്‍ 11 എംപിമാരെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പത്ത് പേര്‍ ലോക്‌സഭയില്‍ നിന്നും ഒരാള്‍ രാജ്യസഭയില്‍ നിന്നുമായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായ പി കെ ബന്‍സാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. അന്ന് പ്രതിപക്ഷത്തായിരുന്നു ബിജെപി ലോക്‌സഭ നടപടിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബന്‍സാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിയിലേക്ക് അയക്കണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം.

Share on

മറ്റുവാര്‍ത്തകള്‍