UPDATES

തന്റെ ജനതയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദിച്ച അറഫാത്തിനോട് ദൈവം എന്തായിരിക്കും പറഞ്ഞത്?

മിഡില്‍ ഈസ്റ്റിലെ ചില തമാശകള്‍; ചിരിക്കാന്‍ മാത്രമുള്ളതല്ല

                       

(ദ വാഷിംഗ്ടണ്‍ പോസ്റ്റിനുവേണ്ടി ജോയല്‍ വാര്‍ണറും പീറ്റര്‍ മക്‌ഗ്രോയും ചേര്‍ന്നെഴുതിയ ഈ ലേഖനം അഴിമുഖം 2014 ഏപ്രില്‍ 30-ന് പ്രസിദ്ധപ്പെടുത്തിയതാണ്. നിലവിലെ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു)

കോമഡി അന്വേഷിച്ച് പലസ്തീനിയന്‍ അതിര്‍ത്തിപ്രദേശങ്ങളിലേയ്ക്ക് പോവുകയാണ് ഞങ്ങള്‍ എന്നു പറഞ്ഞപ്പോള്‍ എല്ലാവരും കരുതിയത് ഞങ്ങള്‍ക്ക് ഭ്രാന്താണെന്നാണ്. യുദ്ധ ദുരിതങ്ങളില്‍ പെട്ട് ദശാബ്ദങ്ങളായി ഇസ്രയേലിന്റെ കീഴില്‍ കിടക്കുന്ന ആ പ്രദേശത്തേയ്‌ക്കോ? ആ സ്ഥലം എന്നാല്‍ സൂയിസൈഡ് ബോംബര്‍മാരുടെയും പട്ടാള അക്രമങ്ങളുടെയും സ്ഥലം എന്നാണര്‍ഥം.

ഓ, പക്ഷെ അവരും തമാശ ആസ്വദിക്കും. ഇത് രസമായിരിക്കും.

വെസ്റ്റ് ബാങ്കിലൂടെയുള്ള യാത്രകളില്‍ ഞങ്ങള്‍ കണ്ടെത്തിയതും ഇതാണ്. കുറെയേറെ തമാശകള്‍. റാമല്ല എന്ന തലസ്ഥാനനഗരിയിലെ ഒരു കഫേയില്‍ വെച്ച് ഞങ്ങള്‍ ഒരു യുവതിയെ കണ്ടു. അവളുടെ മാതാപിതാക്കള്‍ അവള്‍ക്ക് ഹുറിയ സിയാദ എന്ന പേരിട്ടത് ഞങ്ങള്‍ക്ക് രസകരമായി തോന്നി. അറബിയില്‍ അതിനു കൂടുതല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ഥം. ബിര്‍സീറ്റ് സര്‍വകലാശാലയില്‍ അന്ത്രോപ്പോളജിസ്റ്റായ ഷരിഫ് കനാന അദ്ദേഹത്തിന്റെ കരിയര്‍ മുഴുവന്‍ പലസ്തീനിയന്‍ തമാശകള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമാണ് മാറ്റിവെച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒരു തമാശയുണ്ട്, എല്ലാ ദേശത്തലവന്‍മാരും ദൈവത്തെ കാണുകയും ജനങ്ങള്‍ക്ക് വേണ്ടി അപേക്ഷകള്‍ അറിയിക്കുകയും ചെയ്യുകയാണ്. ഓരോരുത്തരോടും ദൈവം ”നിങ്ങളുടെ ജീവിതകാലത്ത് നടക്കില്ല” എന്ന മറുപടിയാണ് പറയുന്നത്. പലസ്തീനിയന്‍ നേതാവായിരുന്ന യാസര്‍ അരാഫത്തും ദൈവത്തോട് തന്റെ ജനതയുടെ സ്വാതന്ത്ര്യം ചോദിച്ചു, ദൈവം മറുപടി പറഞ്ഞു, ”എന്റെ ജീവിതകാലത്ത് നടക്കില്ല.”

‘അറബ് തമാശയുടെ കണക്കില്‍ തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് പലസ്തീനികള്‍ സദാ പരിശോധിക്കാറുണ്ട്’ എന്ന് ഞങ്ങളോട് പറഞ്ഞത് ഒരു ഹുക്ക പൈപ്പിന് വട്ടമിരുന്ന ഒരു സംഘം പുരുഷന്മാരാണ്. ഈജിപ്തിനെക്കാള്‍ തങ്ങള്‍ ഒരുപടി താഴെയാണ് എന്നവര്‍ കരുതുന്നു. ഈജിപ്തില്‍ ഗമാല്‍ അബ്ദല്‍ നാസറിന്റെ കാലത്ത് ഗവണ്മെന്റിനെപ്പറ്റി പരക്കുന്ന തമാശകള്‍ ശ്രദ്ധിക്കാന്‍ തന്നെ ഒരു പ്രത്യേക ഇന്റലിജന്‍സ് വകുപ്പുണ്ടായിരുന്നു. എന്നാലും തങ്ങള്‍ ജോര്‍ദാനേക്കാള്‍ മുകളിലാണ് എന്ന് അവര്‍ക്ക് ഉറപ്പാണ്. ജോര്‍ദാന്‍ ബിസിനസുകാരന്റെ കഥ കേട്ടിട്ടുണ്ടോ? ഒരാള്‍ ചോദിച്ചു. എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകും മുന്‍പ് അയാള്‍ തന്റെ ഷര്‍ട്ടും ടൈയും ദേഷ്യത്തിലുള്ള മുഖഭാവവും എടുത്തണിയും.

പിന്നീട് ഞങ്ങള്‍ ആദി ഖലീഫ എന്ന തമാശക്കാരനെ പരിചയപ്പെട്ടു. ക്രിസ്തുവിനുശേഷം നസറത്തില്‍ നിന്നുണ്ടായ ഏറ്റവും വലിയ തമാശക്കാരന്‍ ഇയാളാണത്രേ. ഒരിക്കല്‍ ഇസ്രായേലില്‍ നിന്ന് ഒരു വിമാനത്തില്‍ കയറിയപ്പോള്‍ അദ്ദേഹം ബാത്ത്‌റൂമില്‍ occupied എന്ന സൈന്‍ കണ്ടു. അദ്ദേഹം പറഞ്ഞു, ”പലസ്തീന്‍ മാത്രമല്ല അപ്പോള്‍ വിമാനത്തിലെ കക്കൂസുവരെ occuppied ആണല്ലേ?”

ഏറ്റവുമൊടുവില്‍ ഞങ്ങള്‍ ”നൂല്‍ത്തുമ്പിലെ രാജ്യം” എന്ന പലസ്തീനിലെ ആദ്യ പൊളിറ്റിക്കല്‍ സറ്റയര്‍ ടിവി ഷോയുടെ താരങ്ങളെ കണ്ടു. സ്‌റേറ്റ് നടത്തുന്ന ടിവിയിലാണ് സംഭവം പ്രക്ഷേപണം ചെയ്യുന്നതെങ്കിലും ആരെയും വെറുതെ വിട്ടില്ല ഇവര്‍. പലസ്തീനിയന്‍ നേതാക്കള്‍, ഇസ്രായേലി മധ്യസ്ഥര്‍, ഒസാമ ബിന്‍ ലാദന്‍, ബരാക് ഒബാമ, എല്ലാവരും വിമര്‍ശിക്കപ്പെട്ടു. ഒരു അധ്യായത്തില്‍ സമാധാന ഉടമ്പടി ചര്‍ച്ച നടത്തുന്ന മഹമൂദ് അബ്ബാസ് ആണ് ഉള്ളത്- അതായത് അഞ്ഞൂറ് വര്‍ഷം കഴിഞ്ഞുള്ള മഹമൂദ് അബ്ബാസ് പതിമൂന്നാമന്‍.

2010ല്‍ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പില്‍ വെസ്റ്റ്ബാങ്കിലും ഗാസയിലുമുള്ള അറുപതുശതമാനം ആളുകള്‍ ഈ പരിപാടി ഇഷ്ടപ്പെടുന്നു എന്നാണ്. പലസ്തീനിലെ പ്രധാനപ്പെട രണ്ടുപാര്‍ട്ടികള്‍ക്ക് പോലും ഇത്രയും ജനപ്രീതിയില്ല.

വെസ്റ്റ് ബാങ്കില്‍ കോമഡി ഇത്രയും പ്രചാരത്തിലായതില്‍ ഞങ്ങള്‍ക്ക് അത്ഭുതമൊന്നും തോന്നിയില്ല. പുതിയ പഠനങ്ങള്‍ പ്രകാരം തമാശ ഉണ്ടാകുന്നത് ഒരേ സമയം ഒരു കാര്യം പേടിപ്പിക്കുകയും സുരക്ഷിതത്വം തരുകയും ചെയ്യുമ്പോഴാണ്. ഉദാഹരണത്തിനു ഒരു വൃത്തികെട്ട തമാശ സദാചാര-സാമൂഹികവിഷയങ്ങളെയാണ് പ്രശ്‌നവല്ക്കരിക്കുന്നത്. എന്നാല്‍ ഇത് തമാശയാകണമെങ്കില്‍ ഇതേപ്പറ്റി സംസാരിക്കാന്‍ കഴിയുകയും വേണം.

ഇതേ കാരണം കൊണ്ടാണ് പലസ്തീനിയന്‍ പ്രവിശ്യകളിലും തമാശയുണ്ടാകുന്നത്. ഒരുപാട് അനീതികള്‍ക്കിടയില്‍ വലിയ തമാശകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെയാണ് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്നും തമാശകള്‍ ഉണ്ടായിട്ടുള്ളത്. മാര്‍ക്ക് ട്വെയിന്‍ ഇത് കൃത്യമായി മനസിലാക്കിയിരുന്നത്രേ. അദ്ദേഹം പറഞ്ഞു, ”തമാശയുടെ ഉറവിടം സന്തോഷമല്ല, ദുഃഖമാണ്. സ്വര്‍ഗത്തില്‍ തമാശകളില്ല.”

എന്നാല്‍ സങ്കടങ്ങളും പ്രശ്‌നങ്ങളും വെസ്റ്റ്ബാങ്കില്‍ കുറെ താമാശകള്‍ ഉണ്ടാക്കുക മാത്രമല്ല ചെയ്തത്, അത്തരം സാഹചര്യങ്ങള്‍ പാലസ്തീനിയന്‍ തമാശയുടെ പ്രധാന ഭാഗം തന്നെയായി മാറി. ഞങ്ങള്‍ കണ്ടെത്തിയ തമാശകള്‍ പലതും ഇരുണ്ട തമാശകളായിരുന്നു.

ഈ തമാശകളെ പലരും ജൂത തമാശകളായാണ് കാണാറുള്ളത്. സ്വയം ഇകഴ്ത്തിക്കൊണ്ടുള്ള ഈ തമാശയുടെ രാജാക്കാന്‍മാരായിരുന്നു വൂഡി അലനും ലാറി ഡേവിഡും.

ജൂതര്‍ക്കും പലസ്തീനിയന്‍കാര്‍ക്കും തമാശയോട് ഒരേ കാഴ്ചപ്പാടാണ് എന്ന് ഒന്നാലോചിച്ചാല്‍ മനസിലാകും. രണ്ടു സംസ്‌കാരങ്ങളും കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും കഥകളുള്ളവയാണ്. സ്വയരക്ഷയ്ക്കായി തമാശയെടുത്ത് ഉപയോഗിക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ് അവര്‍ക്ക്. എതിരാളികള്‍ ആക്ഷേപിക്കും മുന്‍പ് സ്വയം ആക്ഷേപിക്കാന്‍ പഠിക്കുകയാണിവര്‍.

ഒരു സെന്‍സ് ഓഫ് ഹ്യൂമര്‍ പങ്കിട്ടതുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം തീരുമോ? അറിയില്ല. എന്നാല്‍ ചില ചിരികള്‍ പങ്കിടുന്നത് എന്തായാലും ശരിയായ ഒരു പോക്ക് തന്നെയാണ്.

(അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍/ റിപ്പോര്‍ട്ടുകള്‍/ വിശകലനങ്ങള്‍ എന്നിവ സാഹചര്യത്തിനനുസരിച്ച് പുനപ്രസിദ്ധീകരിക്കുന്നതാണ് എഡിറ്റേഴ്സ് പിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)

Share on

മറ്റുവാര്‍ത്തകള്‍