UPDATES

ഉത്തരകാലം

പശ്ചിമ യുപി എന്തായിരിക്കും തീരുമാനിച്ചിട്ടുണ്ടാവുക?

പ്രതിരോധത്തിലാണ് ബിജെപിയും, പ്രതിപക്ഷത്തെ നയിച്ച് സമാജ്‌വാദി പാര്‍ട്ടി

                       

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ എണ്‍പത് മണ്ഡലങ്ങളില്‍, പടിഞ്ഞാറന്‍ യു.പി. പ്രദേശത്തുള്ള എട്ട് മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച്ച പൂര്‍ത്തിയായി.60.25 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. സഹാറന്‍പുര്‍, കൈരാന, മുസഫര്‍ നഗര്‍, ബിജ്‌നോര്‍, നഗീന, മൊറാദാബാദ്, രാംപൂര്‍, പിലിഭിത് എന്നീ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധി നിര്‍ണയം നടത്തിയത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.പി ബി.ജെ.പി സഖ്യം തൂത്ത് വാരിയപ്പോഴും ചെറിയൊരു പ്രതിരോധം നടത്തിയ പ്രദേശമായിരുന്ന പടിഞ്ഞാറന്‍ യു.പി. സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ജാട്ട് പാര്‍ട്ടിയായ ആര്‍.എല്‍.ഡിയും ബി.എസ്.പിയും ചേര്‍ന്നതോടെ ദളിത്, മുസ്ലീം, ജാട്ട്, ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായ ഈ പ്രദേശത്ത് എസ്.പിയും ബി.എസ്.പിയും ബി.ജെ.പിക്കൊപ്പം പിടിച്ച് നിന്നു. ബി.എസ്.പിക്ക് മൂന്ന് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളിലും നേടാനായി. എന്നാല്‍ ഇത്തവണ ആ സഖ്യങ്ങളൊന്നുമില്ല. ബി.എസ്.പി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ആര്‍.എല്‍.ഡി ആകട്ടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ സഖ്യത്തിലായി. അതോടെ ഈ മേഖലയിലെ തിരഞ്ഞെടുപ്പിന്റെ ചിത്രമെല്ലാം മാറി മറിഞ്ഞുവെങ്കിലും വര്‍ദ്ധിച്ച പോരാട്ട വീര്യത്തിലാണ് സമാജ്‌വാദി പാര്‍ട്ടി ഇന്ത്യ മുന്നണിക്ക് വേണ്ടി ഇവിടെ രംഗത്തിറങ്ങിയിട്ടുള്ളത്.

ബിഹാറില്‍ എന്‍ഡിഎ ആത്മവിശ്വാസത്തിലാണ്, ‘ഇന്ത്യ’ക്കായി തേജസ്വി യാദവിന്റെ ഒറ്റയാള്‍ പോരാട്ടവും

മുസഫര്‍ നഗറിലും ചുറ്റുമായി അരങ്ങേറിയ കലാപത്തില്‍ നിന്ന് പടര്‍ന്ന തീയില്‍ ഉത്തര്‍പ്രദേശിന്റെ മതേതര സ്വഭാവവും ജാതി രാഷ്ട്രീയവും കത്തിയെരിയുകയും വര്‍ഗ്ഗീയതയും ഹിന്ദു-മുസ്ലീം വൈര്യവും സംസ്ഥാനത്തിന്റെ മുഖമുദ്രയാവുകയും ചെയ്തിരുന്നു. ഈ കലക്കത്തില്‍ നിന്നാണ് ബി.ജെ.പി സംസ്ഥാനത്ത് രാഷ്ട്രീയ വിജയം നേടിയത്. അതുകൊണ്ട് തന്നെ മുസഫര്‍ നഗര്‍ അടങ്ങുന്ന പടിഞ്ഞാറന്‍ യു.പിയുടെ തീരുമാനങ്ങള്‍ സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ പ്രാധാന്യമുള്ളതാണ്. ഈ എട്ടു സീറ്റുകളില്‍ ഏഴ് സീറ്റുകളില്‍ വീതം ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. ബിജ്‌നൂര്‍ മണ്ഡലം ഇത്തവണ എന്‍.ഡി.എ മുന്നണിയിലെത്തിയിട്ടുള്ള ആര്‍.എല്‍.ഡിക്ക് നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചു. സഹ്‌റാന്‍പൂര്‍ മണ്ഡലത്തില്‍ ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത് കോണ്‍ഗ്രസാണ്.

മേനക ഗാന്ധിയുടേയും മകന്‍ വരുണ്‍ ഗാന്ധിയുടേയും കുത്തക സീറ്റായിരുന്ന പിലഭിത്തില്‍ ഇത്തവണ വരുണ്‍ ഗാന്ധിക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് ബി.ജെ.പി തീരുമാനിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് മന്ത്രിയുമായ ജിതിന്‍ പ്രസാദയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ജിതേന്ദ്ര പ്രസാദയുടെ മകനാണ് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന ജിതിന്‍ പ്രസാദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ളവര്‍ ജിതിന്‍ പ്രസാദയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നുവെങ്കിലും സിറ്റിങ് എം.പി വരുണ്‍ ഗാന്ധി പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നു. എസ്പിയുടെ ഭഗ്‌വത് സരണ്‍ ഗംഗാവാറും ബി.എസ്.പിയുടെ അഹ്‌മദ് ഖാനുമാണ് എതിരാളികള്‍.

മോദിയെ ഞെട്ടിക്കുന്ന ഇന്ത്യന്‍ ജനത: ആവര്‍ത്തിക്കപ്പെടുക തെരഞ്ഞെടുപ്പ് ചരിത്രം

സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന രാംപൂരില്‍ അവിടത്തെ പഴയകാല പ്രതാപിയും മുലായം സിങ്ങിന്റെ അടുത്ത അനുയായിയും ആയിരുന്ന അസം ഖാനും അഖിലേഷ് സിങ്ങ് യാദവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബി.ജെ.പിക്ക് ഗുണകരമായി മാറുമെന്നാണ് പലരും കരുതുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഇമാമായ മൗലാന മൊഹീബുള്ള നാദ്‌നിയെ രാംപൂരില്‍ മത്സരിപ്പിക്കാനുള്ള അഖിലേഷിന്റെ തീരുമാനം അസംഖാനെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായിയായ അസീം രാസയുടെ സ്ഥാനാര്‍ത്ഥിത്വം അഖിലേഷ് നിരസിച്ചതോടെ പാര്‍ട്ടിക്കകത്ത് ആഭ്യന്തര യുദ്ധം രൂക്ഷമാണ്. 2022-ല്‍ രാംപൂര്‍ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി വിജയിച്ചതിനെ ബി.ജെ.പി നേതാവ് ഘനശ്യാം സിങ് ലോധി തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. ഈ അവസരം മുതലെടുത്ത് ബി.എസ്.പി സീഷന്‍ ഖാനെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരികയും അസംഖാന്റെ അനുയായികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഇത്തവണ രണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ പരസ്പരം പോരടിക്കുന്നതിനിടെ വിജയിച്ച് പോകാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

സമാജ്‌വാദി പാര്‍ട്ടിയുടെ മറ്റൊരു ശക്തികേന്ദ്രമായ മൊറാദാബാദിലും ഇതേ സ്ഥിതി വിശേഷമാണുള്ളത്. സിറ്റിങ് എം.പി എസ്.റ്റി ഹസനെ തന്നെ മത്സരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതിന് ശേഷം അസംഖാന്റെ താത്പര്യപ്രകാരം മുന്‍ എം.എല്‍.എ രുചി വീരയ്ക്ക് സീറ്റ് നല്‍കുകയായിരുന്നു അതോടെ ഹസന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പിന്‍മാറുകയും ഹസന്റെ അനുയായികള്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി ഇര്‍ഫാന്‍ സൈഫിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2014-ല്‍ മൊറാദാബാദ് എം.പിയായിരുന്ന കുന്‍വാര്‍ സര്‍വേഷ് കുമാര്‍ സിങ്ങ് തന്നെയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി.

ബി.ജെ.പിക്ക് 2019-ല്‍ പരാജയം സംഭവിച്ച നഗീനയിലും മുസ്ലീം ദളിത് വോട്ടുകള്‍ ചിതറിപ്പോകുന്നതിനിടയില്‍ വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. ബി.എസ്.പിയുടെ ഈ സിറ്റിങ് സീറ്റില്‍ അവരെ വെല്ലുവിളിച്ച് കൊണ്ട് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കാന്‍ ഇറങ്ങിയിട്ടുണ്ട.് മുന്‍ ജഡ്ജിയായ മനോജ് കുമാര്‍ എസ്.പിക്ക് വേണ്ടിയും ജാടവ് സമുദായ നേതാവായ സുരേന്ദ്ര പാല്‍ ബി.എസ്.പിക്ക് വേണ്ടിയും രംഗത്തിറങ്ങിയപ്പോള്‍ ബി.ജെ.പി മണ്ഡലത്തിന്റെ കീഴിലുള്ള നേതൂര്‍ എം.എല്‍.എയായ ഓംകുമാറിനെയാണ് മത്സരിപ്പിക്കുന്നത്. അഖിലേഷ് യാദവും യോഗി ആദിത്യനാഥും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി ഈ ചതുഷ്‌കോണ മത്സരത്തെ കൂടുതല്‍ ചൂട് പിടിപ്പിച്ചിട്ടുണ്ട്.

മായാവതിയുടെ പഴയ സീറ്റുകൂടിയായ ബിജ്‌നോര്‍ മണ്ഡലത്തില്‍ എന്‍.ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത് ആര്‍.എല്‍.ഡിയുടെ മീരാപൂര്‍ എം.എല്‍.എ ചന്ദന്‍ ചൗഹാനാണ്. ഗുജ്ജര്‍ നേതാവ് കൂടിയായ ചന്ദന്‍ ചൗഹാനെ നേരിടാന്‍ സിറ്റിങ് എം.പി മലൂക് നാഗറിനെ മാറ്റി ജാട്ട് നേതാവായ ചൗധരി വീരേന്ദ്ര സിങ്ങിന് ബി.എസ്.പി സീറ്റ് നല്‍കി. ഇതോടെ മലൂക് നാഗര്‍ ആര്‍.എല്‍.ഡിയില്‍ ചേര്‍ന്ന് ചന്ദന്‍ ചൗഹാന് പിന്തുണ നല്‍കി. സൈനി അഥവ ഗുജ്ജര്‍ വോട്ടുകളില്‍ കണ്ണ് നട്ട് ദീപക് സൈനിക്കാണ് എസ്.പി സീറ്റ് നല്‍കിയത്.

യു.പിയിലെ കലാപങ്ങളുടെ ആസ്ഥാനമായിരുന്ന മുസഫര്‍ നഗറില്‍ ആ കലാപങ്ങളുടെ മുഴുവന്‍ ആസൂത്രകന്‍ എന്ന് എതിരാളികള്‍ ആരോപിക്കുന്ന സഞ്ജീവ് ബാലിയന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. കേന്ദ്ര മന്ത്രി കൂടിയായ സഞ്ജീവ് ബാലിയനെതിരെ പ്രദേശികമായി വലിയ എതിര്‍പ്പുകളുണ്ട്. പല തവണ പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് അയാള്‍ക്ക് നേരെ കല്ലേറ് വരെ ഉണ്ടായിട്ടുണ്ട്. 2019-ല്‍ ആര്‍.എല്‍.ഡിയുടെ സാക്ഷാല്‍ അജിത് സിങ്ങിനെ തോല്‍പ്പിച്ചാണ് ബാലിയന്‍ വിജയിച്ചത്. എസ്.പിയുടെ ഹല്‍േ ഈ പ്രദേശത്ത് ജാട്ട് വിഭാഗങ്ങള്‍ക്ക് ആര്‍.എല്‍.ഡിയുടെ എന്‍.ഡി.എ രംഗപ്രദേശം തന്നെ ആശയക്കുഴപ്പവും എതിര്‍പ്പും സൃഷ്ടിച്ചിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിലും വണ്‍ മാന്‍ ഷോ; ഊര്‍ജമില്ലാതെ പ്രധാനമന്ത്രി, മങ്ങിയോ വ്യക്തി പ്രഭാവം?

കൈറാനയാണ് കനത്ത പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. 2018-ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിയും എസ്.പിയും ചേര്‍ന്ന് പഴയ ബി.എസ്.പി നേതാവും മുസ്ലീം ഗുജ്ജര്‍ കുടുംബാംഗവുമായ തബ്‌സു ഹസനെ മുന്‍ നിര്‍ത്തി വിജയിച്ച ഈ മണ്ഡലം കഴിഞ്ഞ തവണ ബി.ജെ.പി തിരിച്ച് പിടിച്ചിരുന്നു. ഇത്തവണ തബ്‌സു ഹസിന്റെ മകള്‍ ഇഖ്‌റ ഹസനാണ് എസ്.പിയുടെ സ്ഥാനാര്‍ത്ഥി. ലണ്ടനില്‍ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ഉപരിപഠനത്തിന് തയ്യാറെടുത്ത് നില്‍ക്കുമ്പോള്‍ കോവിഡ് മഹാമാരി മൂലം നാട്ടിലെത്തിയ ഇഖ്‌റ എന്ന ചെറുപ്പക്കാരി രാഷ്ട്രീയ പ്രവര്‍ത്തകയായി മാറുകയായിരുന്നു. ചൗധരി മുനാവര്‍ ഹസനെന്ന പഴയ ഉത്തര്‍പ്രദേശ് മന്ത്രിയുടെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുത്ത ഇഖ്‌റ ജയിലായിരുന്ന തന്റെ സഹോദരന്‍ നാഹിദ് ഹസന് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങി. പൊടുന്നനെ തന്നെ ജനപ്രിയയായി മാറിയ ഇഖ്‌റയാണ് നാഹിദിന്റെ വിജയത്തിന്റെ പുറകിലെന്നാണ് പൊതുവിലയിരുത്തല്‍. 27 കാരിയായ ഇഖറയെ കൈറാനയില്‍ മത്സരിപ്പിക്കാന്‍ എസ്.പി തീരുമാനിച്ചത് അങ്ങനെയാണ്. ഇവിടേയും പ്രചരണ രംഗത്ത് ബി.എസ്.പിയുടെ ശ്രീപാല്‍ സിങ് റാണയേക്കാളും സിറ്റിങ് എം.പി പ്രദീപ ചൗധരിയേക്കാളും ഒരു പടി മുന്നിലാണ് ഇഖ്‌റ.

സഹാറന്‍പുര്‍ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മുന്‍ ബി.എസ്.പി നേതാവും എം.എല്‍.എയുമായ ഇമ്രാന്‍ മസൂദാണ് മത്സരിക്കുന്നത്. ബി.എസ്.പി തങ്ങളുടെ സിറ്റിങ് എം.പി ഹാജി ഫാസ്ലൂര്‍ റഹ്‌മാന് പകരം മജീദ് അലിക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 2014-ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാഘവ് രാംപാലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

ഈ പ്രദേശങ്ങളിലാകവേ ബിജെപിക്കെതിരെ രാജ്പുത്ത് വംശജരുടെ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് ഇതിനെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലിം-പിന്നാക്ക ഐക്യത്തിലാണ് എസ്.പിയുടെ പ്രതീക്ഷയത്രയും. ഗുജ്ജര്‍വിഭാഗങ്ങള്‍ക്ക് 2019-ല്‍ ബിജെപിക്ക് ഒപ്പം നിന്നത് പോലെ ഇത്തവണ ഉണ്ടാകില്ല എന്നവര്‍ കരുതുന്നു. കര്‍ഷക സമരങ്ങളും തുടര്‍ സംഭവങ്ങളും, ആര്‍.എല്‍.ഡി ബിജെപിക്ക് ഒപ്പമെത്തിയിട്ട് പോലും, ജാട്ട് വിഭാഗങ്ങളെ അവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുണ്ട്. ഇതെല്ലാം പശ്ചിമ യു.പിയിലെ തിരഞ്ഞെടുപ്പില്‍ പ്രധാനമാകും.

English Summary:  india national election 2024 first phase polling in western uttar pradesh’s eight constituency including muzaffarnagar, kairana

Share on

മറ്റുവാര്‍ത്തകള്‍