തണുപ്പുള്ള മാസമാണ് നവംബര്‍ എങ്കിലും ഇന്ത്യയിലൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിന്റെ ആവേശ ചൂടിലാണ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും പേറിയാണ് ടീം ഇന്ത്യ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ തോല്‍വിക്ക് ഇന്ത്യ മധുര പ്രതികാരം വീട്ടുമെന്ന് പ്രതീക്ഷയിലാണ് ഓരോ ആരാധകനും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സെമി ഫൈനലില്‍ അവിശ്വസനീയമായ പ്രവചനം നടത്തിയ വ്യക്തിയാണ് മൈക്ക് ഹെസ്സന്‍. മൈക്കിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി സെമിയില്‍ ഫലിച്ചപ്പോള്‍ ഇനി ഫൈനലില്‍ എന്തായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്.
മൈക്ക് ഹെസ്സന്‍ തന്റെ ക്രിക്കറ് ജീവിതത്തില്‍ പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട്. കെനിയയുടെ ദേശീയ ടീമുകളെ പരിശീലിപ്പിച്ച മൈക്ക് ഹെസ്സന്‍ ന്യൂസിലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. നിലവില്‍ ക്രിക്കറ്റ് കമന്റേറ്റര്‍യി പ്രവത്തിക്കുന്ന മൈക്ക് ഒരു ക്രിക്കറ്റ് കമന്റേറ്റര്‍ എന്നതിനൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒന്നും തന്നെയല്ല മൈക്ക് ഇപ്പോള്‍ ശ്രദ്ധേയനാകുന്നത്. അടുത്തിടെ വൈറല്‍ ആയ ഒരു വീഡിയോ ക്ലിപ്പില്‍ തന്റെ ക്രിക്കറ്റ് പ്രവചനം എത്രത്തോളം മികച്ചതാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.
വീഡിയോയില്‍, ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിനുള്ള പ്രവചനങ്ങള്‍ ഹെസ്സനോട് ചോദിക്കുന്നതിന് മറുപടിയായി മൈക്ക് ഇന്ത്യ വളരെ ശക്തമാണെന്നും അതിനാല്‍ തന്നെ 70 റണ്‍സിന്റെ മുന്‍തൂക്കത്തില്‍ ഇന്ത്യ ജയിക്കുമെന്നും പ്രവചിക്കുന്നുണ്ട്. കൂടാതെ, വിരാട് കോഹ്ലിയില്‍ നിന്നും സ്‌പെഷ്യല്‍ ആയി ചിലത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുകയും ഒരു പക്ഷെ വിരാട് തന്റെ 50-ാം സെഞ്ച്വറി നേടുന്ന രാത്രിയാകും അത് എന്നും അദ്ദേഹം വീഡിയോയിലൂടെ പ്രവചിക്കുന്നു.
‘ ന്യൂസിലാന്‍ഡ് ഒരു വലിയ സ്‌കോര്‍ ചെയ്സ് ചെയ്യേണ്ടി വരും. മുഹമ്മദ് ഷമിക്ക് ആറോ ഏഴോ വിക്കറ്റു ലഭിച്ചേക്കും. കൂടാതെ ഡാരില്‍ മിച്ചലിന്റെ പ്രകടനമാകും ന്യൂസിലന്‍ഡിന്റെ ഹൈലൈറ്റ്’; മൈക്ക് ഹെസ്സന്‍
ഇന്ത്യ -ന്യൂസിലാന്‍ഡ് മത്സരത്തില്‍ 70 റണ്‍സിന്റെ വന്‍ വിജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് കുതിച്ചതോടെ മൈക്ക് ഹെസ്സന്റെ പ്രവചനങ്ങള്‍ എല്ലാം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഫലിച്ചു എന്ന് വേണം പറയാന്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 397/4 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി ന്യൂസിലന്‍ഡിനെ തകര്‍ത്തു വാരി. കൂടാതെ ഏകദിനത്തില്‍ കോഹ്ലിയുടെ 50-ാം സെഞ്ച്വറി കൂടി റെക്കോര്‍ഡ് തിളക്കം കൂടി ഇന്ത്യയുടെ സെമി വിജയത്തിനുണ്ട്.
ന്യൂസിലാന്‍ഡ് ബാറ്റിംഗ് ആരംഭിച്ച് അല്പസമയത്തിനുള്ളില്‍ തന്നെ ഷമിയും മിച്ചലും ചേര്‍ന്ന് മൈക്കിന്റെ പ്രവചനം പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കെയ്ന്‍ വില്യംസണും അര്‍ദ്ധ സെഞ്ച്വറി മാത്രം നേടി പുറത്തായതോട് കൂടെ ഇന്ത്യക്കു മുന്നില്‍ ന്യൂസിലാന്‍ഡിനു പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്.
ഫുട്‌ബോള്‍ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ പ്രശസ്തനായ നീരാളിയാണ് പോള്‍ നീരാളി. 2010 ലെ ഫുട്‌ബോള്‍ ലോകപ്പിലെ ജര്‍മ്മനിയുടെ മത്സര ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുക വഴിയാണു പോള്‍ നീരാളി ശ്രദ്ധ നേടിയത്. പ്രവചിക്കുന്ന സമയം നീരാളിയുടെ മുന്‍പില്‍ രണ്ട് പെട്ടികള്‍ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളില്‍ വരാന്‍പോകുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളില്‍ ഏതില്‍ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാന്‍ പോകുന്ന മത്സരത്തില്‍ വിജയിക്കും. ഇങ്ങനെയാണ് പോള്‍ പ്രവചനം നടത്തുന്നത്. 2008 ലെ യൂറോ കപ്പില്‍ ജര്‍മ്മനിയുടെ ആറ് മത്സരങ്ങളില്‍ 4 എണ്ണവും, 2010 ലോകകപ്പിലെ ജര്‍മ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു.