ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് ഒരു ബിസിനസുകാരനില്‍ നിന്നും പണം വാങ്ങുകയും തന്റെ പാര്‍ലമെന്റ് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ വെളിപ്പെടുത്തുകയും ചെയ്തു എന്ന ആരോപണത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിക്കുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉച്ചക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ശബ്ദ വോട്ടിനുള്ള നടപടികളുമായി സ്പീക്കര്‍ മുന്നോട്ട് പോകുന്നു. അന്നേ ദിവസം മൂന്നു മണിയോടെ മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെടുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയെ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ ഇത്ര വേഗത്തില്‍, ഇത്ര എളുപ്പത്തില്‍ ചെയ്യാവുന്നതാണോ?
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ജയ് ആനന്ദ് ദേഹദ്രയ് നല്‍കിയ പരാതിയിലാണ് മഹുവ മൊയ്ത്ര കേസ് തുടങ്ങുന്നത്. കൃഷ്ണനഗറില്‍ നിന്നുള്ള എം പിയായ മഹുവ മൊയ്ത്ര വ്യവസായി ഗൗതം അദാനിക്കെതിരെയുള്ള ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് അദാനിയുടെ എതിരാളിയായ ദര്‍ശന്‍ ഹിരനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നായിരുന്നു ജയ് ആനന്ദ് ദേഹദ്രയുടെ ആരോപണം. മൊയ്ത്രയും ദേഹദ്രായിയും പ്രണയത്തിലായിരുന്നു എന്നും, പ്രസ്തുത കേസ് ഫയല്‍ ചെയ്യുന്നതിന് മുന്‍പേ അവര്‍ വേര്‍പിരിഞ്ഞിരുന്നു എന്നും പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭ എംപിയായ തന്റെ മുന്‍ പങ്കാളിയോടുള്ള പൂര്‍വ്വ വൈരാഗ്യത്തിന്റെ പുറത്ത് എന്നു തോന്നിപ്പിക്കും വിധമുള്ള, പ്രസക്തമായ തെളിവുകളില്ലാത്ത ആരോപണത്തില്‍ നിന്നുമാണ് ഒരു എം പിയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കുന്ന നടപടി വരെ എത്തിയത്.
എത്തിക്സ് കമ്മിറ്റിയുടെ പ്രധാന നിരീക്ഷണങ്ങളില്‍ ഒന്നായിരുന്നു എം പി, തന്റെ പാസ്‌വേര്‍ഡ് മറ്റൊരാളുമായി പങ്കുവെച്ചു എന്നത്. എന്നാല്‍ എം പിമാര്‍ പാസ്‌വേര്‍ഡ് രണ്ടാമതൊരാളുമായി പങ്കുവെക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ നിലവില്‍ നിയമങ്ങളൊന്നുമില്ല. ഹിരനന്ദാനിയില്‍ നിന്നു മൊയ്ത്ര പണം വാങ്ങിയതിനുള്ള തെളിവും കമ്മിറ്റി നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ച്, ഭരണകക്ഷിയായ ബി.ജെ.പി ഏതാണ്ട് അകാരണമായാണ് ഒരു എം പിയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയിരിക്കുന്നത് എന്നതാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്, അങ്ങനെയാണ് ഇന്ത്യ ജനാധിപത്യ രാജ്യമാകുന്നത്. അതെ പാര്‍ലമെന്റില്‍ നിന്നും, ശക്തമായ തെളിവുകളുടെ പിന്‍ബലം ഇല്ലാതെ എം പിയായ മഹുവ മൊയ്ത്രയെ പുറത്താക്കിയതിലൂടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിക്ഷയമാണ് മുന്നില്‍ കാണേണ്ടത്. ഒരു എം പി എന്ന നിലയില്‍ കൃഷ്ണനഗര്‍ നിയോജകമണ്ഡലത്തിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജനാധിപത്യബോധത്തെയാണ് മൊയ്ത്ര പ്രതിനിധീകരിച്ചിരുന്നത്. അങ്ങനെ ഒരു എം പിയെ മോശം പെരുമാറ്റം സാധൂകരിക്കും വിധമുള്ള തെളിവുകള്‍ ഇല്ലെന്നിരിക്കെ, ഭരണകക്ഷിയുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് എം പി സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള തീരുമാനം മണിക്കൂറുകള്‍ക്കുള്ളില്‍ എടുക്കാന്‍ സാധിക്കുന്നു എങ്കില്‍, അത് സൂചിപ്പിക്കുന്നത് ജനാധിപത്യ ക്രമത്തില്‍ നിലവില്‍ പാര്‍ലമെന്റിന് സംഭവിച്ചിരിക്കുന്ന ശക്തിക്ഷയമാണ്.
ഒരു ഭൂരിപക്ഷ സ്ഥാപനമാണ് പാര്‍ലമെന്റ്. ഭൂരിപക്ഷ അഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ് അവിടെ തീരുമാനങ്ങള്‍ എടുക്കുന്നത്, എന്നിരുന്നാലും പ്രതിപക്ഷത്തിന്റെ സ്ഥാനത്തെ വിലമതിക്കുക കൂടി ചെയ്യുന്ന ഒരു രാഷ്ട്രീയ സംവിധാനമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഇതില്‍ വരുന്ന മാറ്റങ്ങളാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ വെല്ലുവിളി. നിലവിലെ ഗവണ്‍മെന്റ്, എം പി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഈ വസ്തുത കൂടുതല്‍ നിര്‍ണായകമാവുകയാണ്. അധികാര കേന്ദ്രീകരണം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മൂല്യച്യുതി വരുത്തിയതുപോലെ ഇന്ത്യന്‍ ജനാധിപത്യത്തിലും മൂല്യച്യുതി വരുത്തുമെന്ന് നിലവിലെ സാഹചര്യങ്ങളില്‍ സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്കും സര്‍ക്കാരിനും ഇടയിലെ ഒരു പാലമായി പ്രവര്‍ത്തിക്കേണ്ട, ജനങ്ങളെ സര്‍ക്കാരുമായി കൂട്ടിയിണക്കി നിര്‍ത്തുന്ന ബലമുള്ള കണ്ണികളാണ് ഓരോ ജനപ്രതിനിധികളും. അവരിലൂടെയാണ് ജനങ്ങളുടെ ശബ്ദം അധികാരത്തിന്റെ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ടത് എന്നിരിക്കെ, ഭരണകക്ഷിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ജനപ്രതിനിധികളെ ശബ്ദ വോട്ടിനിട്ടുകൊണ്ട്, ചോദ്യങ്ങള്‍ക്കോ ഉത്തരങ്ങള്‍ക്കോ തെളിവുകള്‍ക്കോ പ്രാധാന്യം കൊടുക്കാതെ മണിക്കൂറുകള്‍ക്കുള്ളില്‍ നിശബ്ദരാക്കുമ്പോള്‍, പാര്‍ലമെന്റില്‍ നിന്നും പുറത്താക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പുറത്താക്കപ്പെടുന്നത് ജനാധിപത്യമല്ലേ?