UPDATES

‘കൂടുതല്‍ കൂട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരും’; മോദിയുടെ മലക്കം മറച്ചിലിനു പിന്നില്‍

മുസ്ലിങ്ങള്‍ക്കെതിരേ താനൊന്നും പറഞ്ഞിട്ടില്ലെന്നാണ് പ്രധാനമന്ത്രി ആണയിടുന്നത്‌

                       

‘കൂടുതല്‍ കുട്ടികള്‍ ഉള്ളവരും’, ‘നുഴഞ്ഞു കയറ്റക്കാരും’ എന്നുള്ള വര്‍ഗീയ പരാമര്‍ശത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനൊരിക്കലും മുസ്ലിങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടില്ലെന്നാണ് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ മോദി ആണയിടുന്നത്. തന്റെ വാക്കുകള്‍ ചിലര്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. ‘ ഞാന്‍ അത്ഭുതപ്പെട്ടു പോയി. മുസ്ലിങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങളെന്തിനാണ് മുസ്ലിങ്ങളോട് ഇങ്ങനെ അനീതി കാണിക്കുന്നത്? അഭിമുഖത്തില്‍ മോദി ചോദിക്കുന്ന ചോദ്യങ്ങളാണ്. ഏതു സമൂഹത്തിന്റെ കാര്യമെടുത്താലും, എവിടെ ദാരിദ്ര്യം ഉണ്ടോ, അവിടെ കൂടുതല്‍ കുഞ്ഞുങ്ങളുമുണ്ടാകും’ എന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. എന്നാല്‍, താന്‍ ഹിന്ദുക്കളെയോ അല്ലെങ്കില്‍ മുസ്ലിങ്ങളെയോ ഉദ്ദേശിച്ചല്ല ഇതു പറഞ്ഞതെന്നും, മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചുവെന്നാല്‍ പൊതുജീവിതത്തില്‍ തുടരാന്‍ താന്‍ യോഗ്യനല്ലെന്നും മോദി അഭിമുഖത്തില്‍ വികാരം കൊള്ളുന്നുണ്ട്. Narendra modi

മോദി എന്താണ് പറഞ്ഞത്?

ഏപ്രില്‍ 21 ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. കോണ്‍ഗ്രസ് മുസ്ലിങ്ങളെ പ്രീണിപ്പിക്കുകയായിരുന്നു എന്നതായിരുന്നു മോദി മുന്നോട്ടു വച്ച പ്രചാരണം. ഹിന്ദുക്കള്‍ക്കുള്ള സംവരണം എടുത്തു മാറ്റി മുസ്ലിങ്ങള്‍ക്ക് നല്‍കിയെന്നും, കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നുമൊക്കെ ആരോപിക്കുന്ന വീഡിയോകള്‍ ബിജെപിക്കാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവുകയും, വീഡിയോകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ബന്‍സ്വാരയില്‍ മോദി പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു; ‘ജനങ്ങളുടെ സ്വത്തുവകകളെക്കുറിച്ച് സര്‍വേ നടത്തുമെന്നു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതിന്റെ ഭാഗമായി നമ്മുടെ സഹോദരിമാരുടെ സ്വര്‍ണം പിടിച്ചെടുത്തു മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തു. ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മംഗല്യസൂത്രം വരെ ഇത്തരത്തില്‍ വിതരണം ചെയ്തു. അവര്‍(കോണ്‍ഗ്രസ്) അധികാരത്തില്‍ ഇരുന്നപ്പോള്‍ പറഞ്ഞത്, രാജ്യത്തിന്റെ സ്വത്തുവകകളുടെ ആദ്യ അവകാശി മുസ്ലിങ്ങളാണെന്നാണ്. അതിന്റെയര്‍ത്ഥം അവര്‍ പിടിച്ചെടുക്കുന്ന വസ്തുക്കള്‍ ആര്‍ക്കു കൊടുക്കുമെന്നാണ്? ആര്‍ക്കാണോ കൂടുതല്‍ കുട്ടികളുള്ളത്, അവര്‍ക്ക്, നുഴഞ്ഞു കയറ്റക്കാര്‍ക്ക്’.

2006 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ന്യൂനപക്ഷ ശാക്തീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളായിരുന്നു മോദി വളച്ചൊടിച്ചത്. മന്‍മോഹന്‍ സിംഗ് ഒരിക്കലും ഇന്ത്യയുടെ വിഭവങ്ങള്‍ക്ക് ആദ്യ അവകാശി മുസ്ലിങ്ങളാണെന്നു പറഞ്ഞിട്ടില്ലെന്നിരിക്കെയാണ്, മോദിയുടെ വ്യാജ ആരോപണങ്ങള്‍ ഉണ്ടായത്. ബന്‍സ്വാരയില്‍ നടത്തിയ ആരോപണങ്ങള്‍ മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും മോദി ആവര്‍ത്തിച്ചു. ‘ സത്യം ഞാന്‍ രാജ്യത്തോട് വിളിച്ചു പറയുകയാണ്’ എന്നായിരുന്നു ന്യായം പറഞ്ഞത്.

ദ വയര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന പ്രസക്തമായൊരു കാര്യമുണ്ട്. മുസ്ലിം ജനസംഖ്യയെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം നടത്തുകയെന്നത് മോദിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. 2002 കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും മോദി ഇത്തരം ആക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഗുജറാത്ത് വംശീയ കലാപത്തിനു ശേഷം നടന്ന നിയമസഭ ഇലക്ഷന്റെ പ്രചാരണത്തിനിടയില്‍, മുസ്ലിങ്ങളെ താമസിപ്പിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളെ ‘ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍’ എന്നായിരുന്നു മോദി കളിയാക്കിയത്. മുസ്ലിം സമുദായത്തിനിടയിലെ ബഹുഭാര്യത്വംത്തെയും മോദി പരിഹസിച്ചിരുന്നു, ‘നമ്മള്‍ അഞ്ച്, നമുക്ക് ഇരുപത്തിയഞ്ച്’ എന്നായിരുന്നു ആക്ഷേപം.

ഇപ്പോഴത്തെ മലക്കം മറച്ചലിനു പിന്നില്‍

താന്‍ മുസ്ലിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് വാദിക്കാന്‍ ഇപ്പോള്‍ മോദിയെ പ്രേരിപ്പിച്ചതെന്തായിരിക്കും? തിരച്ചടികള്‍ ഭയന്നിട്ടുണ്ടാകുമോ? അതിനുള്ള ചില കാരണങ്ങള്‍ വയര്‍ പറയുന്നുണ്ട്.

ആഗോളതലത്തില്‍ തന്റെ പ്രതിഛായ തകരുമോയെന്ന പേടി മോദിക്കുണ്ടായിക്കാണണം. ‘ വിശ്വഗുരു’ ഇമേജ് തകരാന്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ കാരണമായേക്കുമെന്നു ചിന്തിച്ചിട്ടുണ്ടാകാം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോദിയുടെയും ബിജെപിയുടെയും വര്‍ഗീയ നിലപാടുകള്‍ എടുത്തു പറയുന്നുണ്ട്. അന്താരാഷ്ട്ര വേദിയില്‍ വളര്‍ത്തിയെടുക്കുകയും അവതരിപ്പിക്കുകയും ചെയ്ത വിശ്വഗുരു പ്രതിച്ഛായക്ക് വിരുദ്ധമായാണ് മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ എന്നു ദ ന്യൂയോര്‍ക്ക് ടൈംസ് തുറന്നെഴുതിയിരുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയും മുസ്ലിങ്ങളുടെ എണ്ണം കൂടുകയും ചെയ്തുവെന്നതാണ് ബിജെപി ഈ തെരഞ്ഞെടുപ്പ് കാലത്ത് നടത്തി വരുന്ന മറ്റൊരു വര്‍ഗീയ പ്രചാരണം. 1950 നും 2015 നും ഇടയില്‍ ഹിന്ദുക്കളുടെ എണ്ണം 7.8 ശതമാനം കുറഞ്ഞപ്പോള്‍ മുസ്ലിങ്ങളുടെ എണ്ണം 43 ശതമാനം കൂടിയെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇതൊരു ആധികാരികമായ കണക്കല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. 2021 ല്‍ നടത്തേണ്ട ജനസംഖ്യ സര്‍വേ നടത്തുന്നതില്‍ പരാജയപ്പെട്ടവരാണ് മോദി സര്‍ക്കാര്‍. ഇന്ത്യയുടെ 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഇടവേള വരുന്നതും. ഇക്കാര്യങ്ങളെല്ലാം ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള ആഗോള മാധ്യമങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

മറ്റൊരു പേടി, വോട്ട് നഷ്ടപ്പെടുമെന്നുള്ളതാണ്. ഇത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിക്കുമെന്ന ഉപദേശങ്ങള്‍ മോദിക്ക് കിട്ടിക്കാണണം. എല്ലാം ആരോപണങ്ങളാണ്. മുസ്ലിം ജനസംഖ്യ കൂടുകയും ഹിന്ദുക്കളുടെ എണ്ണം കുറയുകയും ചെയ്‌തെന്നു കാണിക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പോലും തെളിവില്ല. പ്രതിപക്ഷമാണെങ്കില്‍ കൂടുതല്‍ ഉറക്കെയാണ് മോദിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് പ്രധാനമന്ത്രി. അത്തരം ഒഴിഞ്ഞുമാറലുകളും തിരിച്ചടിക്കുമെന്ന ഭയമുണ്ട്.

മുസ്ലിം വിദ്വേഷി എന്ന പേര് മോദിക്ക് നേരത്തെ മുതലുള്ളതാണ്. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ ലോകമൊന്നടങ്കം മോദിക്കു നേരെ വിരല്‍ ചൂണ്ടിയതാണ്. അമേരിക്ക മോദിക്ക് വിലക്ക് വരെ ഏര്‍പ്പെടുത്തിയിരുന്നു. വീണ്ടുമതേ വഴികളില്‍ കൂടി തന്നെ പോകുന്നത് അപകടകരമാണെന്ന് തിരിച്ചിറിഞ്ഞു കാണണം.

കാര്യമായൊരു താക്കീത് പോലും ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മേല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടികളില്‍ നിന്നു മാത്രമല്ല, പൊതു സമൂഹത്തില്‍ നിന്നും, മനുഷ്യാവകാശ സംഘടനകളില്‍ നിന്നുമെല്ലാം പരാതികള്‍ വരികയാണ്. സുപ്രിം കോടതിയിലും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ ഹര്‍ജികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

പലതരത്തില്‍ തിരിച്ചടികള്‍ ഉണ്ടായേക്കാമെന്നു കണ്ട് ഭയന്നു തന്നെയാകണം ഇപ്പോഴത്തെ മലക്കം മറച്ചിലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Summary; Narendra modi took bak steps from his had more children infiltrators allegations why?

Share on

മറ്റുവാര്‍ത്തകള്‍