കെ.ജി ജോര്‍ജിന്റെ ഏത് സിനിമയാണ് ആദ്യം കണ്ടതെന്ന് ഓര്‍ക്കുന്നില്ല, ഇലവങ്കോട് ദേശം ഒഴികെ ഒന്നും തിയേറ്ററില്‍ പോയി കണ്ടിട്ടുമില്ല. ഓര്‍മയിലുള്ളത് ഒരവധിക്കാലത്ത് കണ്ട ആദാമിന്റെ വാരിയെല്ലാണ്. വീഡിയോ ടേപ്പില്‍ എല്ലാവരും ഒന്നിച്ചിരുന്ന് സിനിമ കാണുമ്പോള്‍ കടന്നു വന്ന മെന്‍സസ് എന്ന വാക്ക് എന്നിലെ കൗമാരക്കാരിയെ അമ്പരപ്പിച്ചു. അതു വരെ സിനിമയില്‍ പോയിട്ട് വീട്ടില്‍ പോലും ഇത്ര സ്വാഭാവികമായി ആ വാക്ക് ഉച്ചരിച്ചു കേട്ടിട്ടില്ലായിരുന്നു. പിന്നീട് ആ ഭാഗം എത്തുന്നതിനു മുന്‍പ് ഞാന്‍ വെള്ളം കുടിക്കാനെന്ന മട്ടിലോ മറ്റോ മുറിക്ക് പുറത്തേക്ക് പോവും. ഇങ്ങനെയൊക്കെ ഒരു സിനിമയുണ്ടാവുമോ, ഇതു വരെ കണ്ട കാഴ്ചകള്‍ പോലെയല്ലാലോ എന്ന് അന്ന് തോന്നിയിരുന്നു. മമ്മൂട്ടിയും ഗോപിയുമൊക്കെ ഉണ്ടെങ്കിലും അവരെ തീര്‍ത്തും അപ്രസക്തമാക്കിക്കൊണ്ട് മൂന്ന് പെണ്ണുങ്ങള്‍ നിറഞ്ഞു നിന്ന ഒരു സിനിമ. പിന്നീട് ഓരോ സിനിമകള്‍ കാണും തോറും ആ അമ്പരപ്പും ആദരവും കൂടി വന്നു.
മറ്റ് സംവിധായകരില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് കെ.ജിയുടെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. പതിവ് ചേരുവകളോ, virgin/whore എന്ന ദ്വന്ദനിര്‍മിതിയില്‍ സ്ത്രീകളെ തളച്ചിടലോ ഇല്ല. നിത്യ ജീവിതത്തില്‍ നാം കാണുന്ന നന്മയുടെയും തിന്മയുടെയും അംശങ്ങളുള്ള പച്ചയായ പെണ്ണാണവള്‍. ഗ്രാമത്തിന്റെ വിശുദ്ധി എന്ന സങ്കല്പം പൊള്ളയാണെന്ന് കാണിക്കുന്നുണ്ട് കോലങ്ങളില്‍. സിനിമാ മോഹവുമായി പോയ പെണ്ണ് അവിഹിത ഗര്‍ഭവുമായി വന്നെത്തുന്നതും അവളുടെ അമ്മ (പ്രാര്‍ത്ഥിച്ചു കൊണ്ട് ) ഗര്‍ഭഛിദ്രം നടത്തുകയും ചെയ്യുന്ന രംഗമുണ്ട്. അവരെ മോശക്കാരായി സംവിധായകന്‍ വിധി നടപ്പിലാക്കുന്നില്ല. ആത്മഹത്യ എന്ന സ്ഥിരം ഫോര്‍മുലയില്‍ ആ പെണ്ണിന്റെ ജീവിതം അവസാനിക്കുന്നതായി കാണിക്കുന്നുമില്ല. അവള്‍ വിവാഹിതയായി പോവുന്നതായാണ് പകരം ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമവിശുദ്ധിയുള്ള നായികയെ കാത്തിരിക്കുന്നത് ഇഷ്ടപെട്ട പുരുഷനോടോത്തുള്ള ജീവിതമല്ല, മറിച്ച് മദ്യപാനിയും ആഭാസനുമായ, അച്ഛനോളം പ്രായമുള്ള ഒരാളോടൊപ്പമുള്ള സഹവാസമാണ്, കുടുംബം എന്ന സ്ഥാപനത്തിന്റെ പേരില്‍. യവനികയിലും ഇതുപോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിസ്സഹായയായി പോവുന്ന പെണ്ണുണ്ട്. കുടുബത്തിലെ ദാരിദ്ര്യവും സംരക്ഷിക്കാന്‍ ആളില്ലാത്തതും മുതലെടുക്കുന്ന ആളിന്റെ ഇംഗിതത്തിനെല്ലാം വഴങ്ങി കൊടുക്കേണ്ടി വരുന്ന പെണ്ണാണവള്‍. ഇതിനിടയില്‍ സഹപ്രവര്‍ത്തകനോട് തോന്നുന്ന ഇഷ്ടവും അവളിലുണ്ട്. സ്വന്തം അനിയത്തിക്കും തന്റെ ഗതി പേറേണ്ടി വരുമെന്നറിയുമ്പോള്‍ ഒരു കൊലപാതകത്തിനു പോലും കരുത്ത് വരുന്നുണ്ട് അവള്‍ക്ക്.
മലയാള സിനിമയില്‍ പൊതുവെ തുറന്നു ചര്‍ച്ച ചെയ്യാന്‍ മടിയുള്ള വിഷയമാണ് സ്ത്രീ ലൈംഗികത. സെമി പോണ്‍ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന വൈകൃത കാഴ്ച്ചകളല്ലാതെ സ്ത്രീയുടെ കാമനകളെ കുറിച്ച് സിനിമ പ്രതിപാദിക്കാറില്ല. ഇരകളിലെ ആനി വ്യത്യസ്തയാവുന്നതും ഇവിടെയാണ്. പണവും പ്രതാപവുമുള്ള കുടുംബത്തില്‍ പിറന്ന ആനിക്ക് പതിഞ്ഞ മട്ടിലുള്ള ഭര്‍ത്താവില്‍ നിന്ന് അവളാഗ്രഹിക്കുന്ന സംതൃപ്തി ലഭിക്കുന്നില്ല. ശരീരത്തിന്റെ വിശപ്പുകളില്‍ അവള്‍ക്കു ലജ്ജയുമില്ല. മദ്യപിക്കുന്നതിലോ അവളാഗ്രഹിക്കുന്ന തരത്തിലുള്ള പുരുഷന്റെ കരുത്ത് തേടിപ്പോകുന്നതിലോ അവള്‍ക്കൊട്ടും മനസ്താപവുമില്ല. വളരെ ബോള്‍ഡ് ആണവള്‍, ആരെയും കൂസാത്തവള്‍. ഇതില്‍ നിന്നും തീര്‍ത്തും വിഭിന്നയാണ് മറ്റൊരാളിലെ സുശീല. സ്വന്തമായി അഭിപ്രായമില്ലാത്തവള്‍. സ്വന്തം ആഗ്രഹങ്ങളെ പ്രകടിപ്പിക്കാന്‍ ഭയക്കുന്നവള്‍. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രം ചലിക്കുന്ന, കുടുംബം എന്ന സ്ഥാപനം നിലനിര്‍ത്തിക്കൊണ്ട് പോവാന്‍ വിധിക്കപ്പെട്ടവള്‍ എന്ന് സ്വയം പൊരുത്തപ്പെട്ടു പോകുന്ന സ്ത്രീ. കടം ചോദിക്കുന്ന കൂട്ടുകാരിക്ക് കൊടുക്കാന്‍ സ്വന്തമായി കുറച്ചു കാശ് പോലും തന്റെ കൈയില്‍ ഇല്ലെന്നു നിസ്സഹായതയോടെ പറയുന്നവള്‍. പുറമെയുള്ള കാഴ്ച്ചയില്‍ അവള്‍ക്കൊന്നിന്റെയും കുറവില്ല, ഗവണ്മെന്റ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ്, നല്ല വീട്, കാര്‍, കുട്ടികള്‍, സമൂഹത്തില്‍ മാന്യമായ സ്ഥാനം. എന്നിട്ടും ഒരു നിമിഷം ഇതെല്ലം മറന്ന്, എല്ലാം ത്യജിച്ച് അവള്‍ വീട് വിട്ടിറങ്ങി പോവുന്നുണ്ട് കാര്‍ മെക്കാനിക്കിന്റെ കൂടെ. ഇവിടെയും സംവിധായകന്റെ പക്ഷത്തു നിന്നുള്ള വിലയിരുത്തലുകളോ വിധി നിര്‍ണ്ണയങ്ങളോ ഇല്ല. അവള്‍ക്കവളുടെ ശരിയുണ്ടാവാം എന്നേ പ്രേക്ഷകനും തോന്നൂ. ഒരു സിനിമയില്‍ പോലും സ്ത്രീ ശരീരത്തിലേക്ക് ക്യാമറയുടെ നോട്ടം പതിയുന്നില്ല.
ഓരോ സിനിമകള്‍ കാണുമ്പോഴും ആഗ്രഹിക്കും എന്നെങ്കിലുമൊരിക്കല്‍ കെ.ജി ജോര്‍ജിനെക്കുറിച്ച് ഒരു പുസ്തകം എഴുതണം എന്ന്. പലവിധ ഉഴപ്പലുകളില്‍ ഒരിക്കലും ശ്രമിക്കപ്പെടാതെ പോയ ഒന്നായി അത്. മണിരത്നം സിനിമകളില്‍ ഗവേഷണം തുടങ്ങിയ നാളുകളിലാണ് എന്തേ കെ.ജി ജോര്‍ജിന്റെ സിനിമകള്‍ ഓര്‍ക്കാതിരുന്നത് എന്ന നിരാശ തോന്നുന്നത്. പുസ്തകം എന്ന ആശയം വീണ്ടും തല പൊക്കി, കിട്ടാവുന്ന പുസ്തകങ്ങള്‍, അധികമുണ്ടായിരുന്നില്ല അവ, വായിച്ചു കുറിപ്പുകള്‍ തയ്യാറാക്കി വച്ചു. സിനിമകള്‍ മുഴുവന്‍ ഒന്നിനു പുറകെ ഒന്നായി പല തവണ കണ്ടു. സ്വപ്നാടനത്തിനു ശേഷം ചെയ്ത വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, ഇനി അവള്‍ ഉറങ്ങട്ടെ ഇവയൊന്നും എവിടേയും കിട്ടാനില്ലായിരുന്നു. ചില സിനിമകള്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ചു തന്നു. അങ്ങനെ ഒരുദിവസം സാറിനെ ഫോണ്‍ ചെയ്ത് പുസ്തകത്തിന്റെ കാര്യം പറഞ്ഞു. അപ്പോഴേക്കും സ്‌ട്രോക്ക് വന്ന് ശാരീരികമായ ബുദ്ധിമുട്ടുകളില്‍ ആയിരുന്നു അദ്ദേഹം. വൈകി പോയല്ലോ കുട്ടീ, സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞു. ആ മോഹം അങ്ങനെ നിരാശയില്‍ കലാശിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ‘ഫ്രൈഡേ’ പ്രദര്‍ശനത്തിന് വന്ന വേളയില്‍ സുഹൃത്തും സംവിധായകനുമായ ലിജിന്‍ ജോസിനോട് ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഭരതന്‍, പദ്മരാജന്‍ എന്നീ പേരുകള്‍ക്കപ്പുറത്ത് പറയാന്‍ മറന്നു പോവുന്ന ഒരു പേര്, അര്‍ഹിക്കുന്ന ആദരം നേടാത്ത വ്യക്തി, നമുക്കെന്തെങ്കിലും ചെയ്യേണ്ടേ, ഒരു ഡോക്യുമെന്ററി ആലോചിച്ചാലോ എന്ന് പറഞ്ഞപ്പോള്‍ ലിജിന്‍ താത്പര്യം പ്രകടിപ്പിക്കുന്നു. തയ്യാറാക്കി വച്ച സ്‌ക്രിപ്റ്റ് ഞാന്‍ അയച്ചു കൊടുക്കുകയും ചെയ്തു.
ഏതൊക്കെ ആംഗിളുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണം, ആരെയൊക്കെ കാണണം എന്നതില്‍ ഏകദേശ തീരുമാനം ഉണ്ടാക്കി. സാറിന്റെ വീട്ടിലെ ഷെല്‍ഫുകള്‍ മുഴുവന്‍ പരതി, പഴയ ആല്‍ബങ്ങള്‍, തിരക്കഥയുടെ കൈയെഴുത്തു പ്രതികള്‍, ചെറുപ്പത്തില്‍ കണ്ട വിദേശ സിനിമകളുടെ നോട്ടീസുകള്‍, ഒരു കാലത്തിലൂടെയുള്ള യാത്രയായിരുന്നു ഞങ്ങള്‍ക്കത്. അലമാര നിറച്ചും പുസ്തകങ്ങളാണ്, സിനിമയെ കുറിച്ച്, സംഗീതത്തെ കുറിച്ച്, പിന്നെ പെയിന്റിംഗിനെ സംബന്ധിച്ചും. വാടക വീടുകള്‍ മാറുന്നതിനിടയ്ക്ക് നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ട ചിലതിനെക്കുറിച്ചും പറഞ്ഞു അദ്ദേഹം, ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ‘കാമമോഹിതം’ തിരക്കഥയുടെ കൈയെഴുത്തു പ്രതി, യവനികയ്ക്ക് വേണ്ടി ഭരതന്‍ വരച്ച പോസ്റ്ററുകള്‍, സ്വപ്നാടനത്തെ കുറിച്ച് മാധവിക്കുട്ടിയുടെ ആര്‍ട്ടിക്കിള്‍ വന്ന ഇല്ലസ്‌ട്രേറ്റഡ് വീക്കിലി അങ്ങനെ പലതും.
സിനിമ പോലെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാന്‍ പറ്റുന്ന ഒന്നല്ല ഡോക്യുമെന്ററി. എന്നിട്ടും കെ.ജി ജോര്‍ജ് എന്ന വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് ഷിബു ജി. സുശീലന്‍ നിര്‍മ്മാതാവായി കൂടെ നിന്നു. ലിജിന്റെ സൗഹൃദങ്ങളുടെ ബലത്തിലായിരുന്നു ഈ പ്രൊജക്റ്റ് മുന്നോട്ട് പോയത്, കെ.ജി യുടെ രംഗങ്ങള്‍ മുഴുവന്‍ ഷൂട്ട് ചെയ്ത നീല്‍ ഡി കുഞ്ഞ, പിന്നീട് ക്യാമറ കൈകാര്യം ചെയ്ത എം.ജെ രാധാകൃഷ്ണന്‍, എഡിറ്റര്‍ ബി. അജിത് കുമാര്‍ ഇവരാരും തന്നെ പ്രതിഫലം പറ്റിയല്ല സഹകരിച്ചത്, ജോര്‍ജ് സാറിനു വേണ്ടിയല്ലേ എന്ന സന്തോഷം മാത്രം. അങ്ങനെ 2013 ഫെബ്രുവരി അവസാനം എറണാകുളം വെണ്ണലയിലുള്ള ‘സ്പ്ലെണ്ടര്‍’ എന്ന വീട്ടില്‍ ഞങ്ങള്‍ ഷൂട്ട് തുടങ്ങുന്നു. ”നമ്മള്‍ അറ്റാച്ച് ചെയ്യുന്ന പരിശുദ്ധിയൊന്നും ദൈവത്തിനില്ല, ഞാന്‍ വിശ്വാസിയല്ല” എന്ന് പറയുന്ന കെ.ജി ജോര്‍ജ് ക്യാമറയ്ക്ക് മുന്‍പിലും മഴയത്ത് പോലും പള്ളിയില്‍ കയറി നില്‍ക്കാത്ത ലിജിന്‍ ക്യാമറയ്ക്ക് പിന്നിലും! സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും അങ്ങേയറ്റം സഹകരണത്തോടെ കെ.ജി പറഞ്ഞു തുടങ്ങി, ചെറുപ്പത്തിലേ അപ്പന്റെ കൂടെ പെയിന്റിംഗ് പണികള്‍ക്ക് പോവുകയും അങ്ങനെ കിട്ടുന്ന പണം മുഴുവന്‍ സിനിമ കാണാന്‍ ചിലവഴിക്കുകയും ചെയ്തതിനെക്കുറിച്ച്. കിലോമീറ്ററുകള്‍ താണ്ടി തിയേറ്ററുകളില്‍ ചെന്ന് വിദേശത്തും സ്വദേശത്തും ഇറങ്ങിയ നല്ല സിനിമകളെല്ലാം ഒന്ന് പോലും വിടാതെ കണ്ടത്, ഇംഗ്ലീഷില്‍ വന്നിരുന്ന സിനിമ പുസ്തകങ്ങള്‍ വാങ്ങി വായിച്ചിരുന്നത് ഒക്കെ. സിനിമയാണ് തന്റെ മേഖല എന്ന തിരിച്ചറിവോട് കൂടി അദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. തിരുവല്ലയിലെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒരു തീരുമാനം തന്നെയായിരുന്നു അത്.
പി എന്‍ മേനോന്റെ ഓളവും തീരവും (1970) മലയാള സിനിമയെ സ്റ്റുഡിയോക്കകത്ത് നിന്നും പുറത്തെത്തിച്ചപ്പോള്‍ കഥാപാത്രങ്ങളുടെ മനസ്സിനകത്തേക്കുള്ള (mindscape) യാത്രയായിരുന്നു കെ.ജി ജോര്‍ജിന്റെ സിനിമകള്‍. മലയാളത്തില്‍ അതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയ കഥാപരിസരങ്ങളും കഥന രീതിയും ആദ്യ ചിത്രം മുതലേ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനവും രാമു കാര്യാട്ടിന്റെ കീഴിലുള്ള പരിശീലനവും കഴിഞ്ഞ് 1976-ലാണ് കെ.ജി തന്റെ ആദ്യ ചിത്രമായ സ്വപ്നാടനം സംവിധാനം ചെയ്യുന്നത്. കുടുംബബന്ധങ്ങളിലും പ്രണയ കഥകളിലും ചുറ്റിക്കറങ്ങി കൊണ്ടിരുന്ന മലയാള സിനിമയില്‍ ആദ്യമായിരുന്നു ഇങ്ങനെ ഒരു സിനിമ. സൈക്കോ അനാലിസിസിലൂടെ നായകന്റെ പൂര്‍വ്വകാലം കണ്ടു പിടിക്കാനുള്ള ശ്രമത്തിലൂടെയാണ് കഥ വികസിക്കുന്നത്. വ്യവസ്ഥാപിതമായ എല്ലാ സ്ഥാപനവത്ക്കരണങ്ങളെയും തിരസ്‌ക്കരിക്കുന്നുണ്ട് കെ.ജി. വിവാഹമെന്ന മഹത്തായ സ്ഥാപനം, മുറപ്പെണ്ണ് എന്ന മലയാളിയുടെ എക്കാലത്തെയും വലിയ റൊമാന്റിക് ബിംബം ഇവയൊക്കെയും തന്റെ ആദ്യ സിനിമയില്‍ തന്നെ പൊളിച്ചെഴുതുന്നുണ്ട്. കുടുംബത്തിനു വേണ്ടി, അവര്‍ കണ്ടു പിടിച്ചു തരുന്ന പെണ്ണിന് വേണ്ടി തന്റെ പ്രണയിനിയെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട് നായകന്. അതയാളുടെ മാനസിക നില തന്നെ തകര്‍ക്കുന്നു. മിക്ക കുടുബങ്ങളിലും ‘marriage of convenience’ ആണ് നടക്കുന്നത് എന്ന് സ്വപ്നാടനം പറഞ്ഞു വയ്ക്കുന്നു.
”ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയപ്പോള്‍ തന്നെ എനിക്കൊരു ധാരണയുണ്ടായിരുന്നു എത്തരം സിനിമകള്‍ ചെയ്യണമെന്ന്. ജീവിതത്തിന്റെ താളം തന്നെയാണ് സിനിമയ്ക്കും, അല്ലാത്ത തരം സിനിമകള്‍ ചെയ്യാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. പതിവ് കാഴ്ചകളോടും ഇഷ്ടം തോന്നിയിട്ടില്ല, വ്യത്യസ്തമായ കഥകള്‍ പറയാനാണ് ശ്രമിച്ചത്. സിനിമയെ കുറിച്ചൊരു സിനിമ, നാടകത്തെ കുറിച്ച്, സ്ത്രീകളെ കുറിച്ച് ഇങ്ങനെയൊക്കെ ആദ്യം തന്നെ ഒരു ധാരണ മനസ്സില്‍ ഉണ്ടായിരുന്നു. സൈക്കോളജിക്കല്‍ അപ്രോച്ച് ആണെങ്കില്‍ കൂടുതല്‍ നന്നാവും എന്നും തോന്നി. പലായനം എന്നായിരുന്നു ആദ്യം ഉദ്ദേശിച്ച പേര്, ഉറൂബ് ആണ് സ്വപ്നാടനം എന്ന് മാറ്റുന്നത്. ആദ്യ സിനിമയില്‍ അറിയപ്പെടുന്ന താരം വേണമെന്ന ആഗ്രഹം ഉണ്ടായിട്ടേ ഇല്ല, എന്റെ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന അഭിനേതാക്കളെ തിരഞ്ഞെടുക്കാറേ ഉള്ളൂ, പിന്നീടുള്ള സിനിമകളിലും അതേ, സ്റ്റാര്‍ ക്വാളിറ്റി ഒരിക്കലും എന്റെ കണ്‍സേണ്‍ ആയിരുന്നില്ല. മമ്മൂട്ടിയൊക്കെ വന്ന ശേഷമാണ് താരപരിവേഷം വരുന്നത്, എന്നിരുന്നാലും എന്റെ സിനിമകളില്‍ അത് ഞാന്‍ ഉപയോഗിച്ചിട്ടില്ല.”
അത് ശരിവച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു, ”ഞാന്‍ വേഷങ്ങള്‍ ചോദിച്ച് അങ്ങോട്ട് പോയിട്ടേ ഉള്ളൂ”. ഒരു ഓണക്കാലത്തായിരുന്നു മമ്മൂട്ടിയെ ഞങ്ങള്‍ കാണുന്നത്, കൊച്ചിയിലെ സരോവരം ഹോട്ടലില്‍ വച്ച്. നാലഞ്ചു ചാനലുകളിലെ ഓണം റിലീസ് സിനിമ ചര്‍ച്ചകള്‍ കഴിഞ്ഞു വൈകുന്നേരമാണ് മമ്മൂട്ടി നീലിന്റെ ക്യാമറയ്ക്ക് മുന്‍പില്‍ വന്നിരുന്നത്, തൊണ്ടയിലെ വെള്ളം വറ്റി എന്നു പറഞ്ഞ്. ഷൂട്ട് കഴിയുമ്പോഴേക്കും തിരിച്ചു പോവാനുള്ള തീവണ്ടി സ്റ്റേഷന്‍ വിടുമോ എന്ന ആധിയില്‍ ആയിരുന്നു ഞാന്‍. ചോദ്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട ആവശ്യം വന്നില്ല, അതിനു മുന്‍പേ മമ്മൂട്ടി പറഞ്ഞു തുടങ്ങി, സിനിമയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറായി നടന്ന ആ നാളുകളെപ്പറ്റി, ശ്രീനിവാസന്റെ അടുത്ത് റോള്‍ ചോദിച്ചു പോയതും മേളയില്‍ അഭിനയിക്കുന്നതും എല്ലാം.
മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, ഇലവങ്കോട് ദേശം ഇത്രയും സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇലവങ്കോട് ദേശം ഒഴികെ ഒന്നില്‍ പോലും മമ്മൂട്ടിയാണ് പ്രധാന നടന്‍ എന്നു പോലും പറയാന്‍ പറ്റില്ല. എല്ലാം തീര്‍ത്തും വിഭിന്നമായ വേഷങ്ങള്‍. കെ.ജി ജോര്‍ജിന്റെ സിനിമകളില്‍ നടന്മാരെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത് എപ്പോഴും കഥാപാത്രമാണ്. ഉള്‍ക്കടല്‍ ഇറങ്ങിയ ശേഷം വേണു നാഗവള്ളി ചെയ്ത ഒട്ടുമിക്ക വേഷങ്ങളും വിഷാദ കാമുകന്റേതായിരുന്നു. എന്നാല്‍ ജോര്‍ജിന്റെ സിനിമകളില്‍ ആ ഇമേജ് ആവര്‍ത്തിക്കപ്പെട്ടതേയില്ല. ആദാമിന്റെ വാരിയെല്ലില്‍ ജോലിക്ക് പോവാതെ ഭാര്യയുടെ കാശു കൊണ്ട് മദ്യപിച്ചു നടക്കുന്ന ഒരാളാണ്, രതിയില്‍ പോലും ആക്രമിച്ചു കീഴ്പ്പെടുത്തുന്ന മനോഭാവമാണ്. തന്റെ സൗകര്യങ്ങള്‍ക്കനുസരിച്ച് ഭാര്യ വഴങ്ങിത്തരണം എന്ന ധാര്‍ഷ്ട്യം. ഗോപിയുടെ അയ്യപ്പനും (യവനിക) ദുശ്ശാസന കുറുപ്പും (പഞ്ചവടിപ്പാലം) ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരതമ്യങ്ങളാണ്. ഗ്രാമത്തിന്റെ വിശുദ്ധി, നന്മ എന്നീ ക്ലീഷേകളെ പൊളിച്ചടുക്കിയ സിനിമയായിരുന്നു കോലങ്ങള്‍. തിലകന്‍, നെടുമുടി വേണു എന്നിവരുടെ അഭിനയ ജീവിതത്തിലെ അപൂര്‍വ്വമായ പകര്‍ന്നാട്ടങ്ങളും. കള്ള് ഷാപ്പിലേക്ക് പന്നിയുമായി വരുന്ന തിലകന്റെ രംഗങ്ങള്‍ എങ്ങനെ പകര്‍ത്തിയെന്നത്ഭുതപ്പെടും. അതുപോലെ തന്നെ നാട്ടിന്‍ പുറത്തെ വായ്‌നോക്കിയും ഒളിഞ്ഞു നോട്ടക്കാരനുമായി വേണുവിന്റെ റോള്‍. അവളുടെ ഇടത്തെ തുടയില്‍ ഒരു മറുകുണ്ട് എന്നു പറഞ്ഞു ഒരു കുടുംബിനിയുടെ ജീവിതം തകര്‍ക്കുന്ന രംഗങ്ങളിലൊക്കെ പരമു എന്ന കഥാപാത്രത്തെ വെറുത്തു പോകുന്നത്ര തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട് നെടുമുടി വേണു.
രണ്ടു മൂന്നു ദിവസം വീട്ടില്‍ ഷൂട്ട് ചെയ്ത ശേഷം ഒരു ദിവസം പുറത്തു വച്ചു ചെയ്യാമെന്ന് തീരുമാനിച്ചു. ജോര്‍ജ് സാറിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും എതിര്‍പ്പൊന്നും പറഞ്ഞില്ല. നിര്‍മ്മാതാവ് ഒ.ജി സുനിലിന്റെ, തറവാട് എന്ന റിസോര്‍ട്ടില്‍ വച്ചായിരുന്നു ഷൂട്ട്. കെ.ജി അന്ന് കുറച്ചൂകൂടി റീലാക്‌സ്ഡ് ആയിരുന്നു, ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു, പഴയ പ്രണയത്തെക്കുറിച്ചും സിനിമയൊഴിച്ച് മറ്റൊന്നിനോടും അറ്റാച്ച്‌മെന്റ് തോന്നാത്തതിനെകുറിച്ചുമൊക്കെ. നല്ല ഭര്‍ത്താവോ അച്ഛനോ ഒന്നുമല്ല എന്നും. സല്‍മയ്ക്കും അത് തന്നെയായിരുന്നു പരാതി. എത്ര വഴക്കുകള്‍ ഉണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് മുന്‍പില്‍, പ്രത്യേകിച്ചും ക്യാമറയ്ക്ക് മുന്‍പില്‍ പൊതുവെ എല്ലാവരും ‘സംതൃപ്ത കുടുംബം’ എന്ന ലേബല്‍ പതിച്ചിരിക്കാറാണ് പതിവ്. സല്‍മ തുറന്നടിച്ചു കാര്യങ്ങള്‍ പറയുമ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയോടെ കെ.ജി ജോര്‍ജ് എല്ലാം കേട്ടിരുന്നു. (കൊച്ചി ബിനാലെയില്‍ 8 ½ intercust ന്റെ ആദ്യ പ്രദര്‍ശന വേളയില്‍ ഈ രംഗത്ത് നിറഞ്ഞ കൈയടിയായിരുന്നു). ഞാന്‍/ എന്റെ ഭര്‍ത്താവ്/ ഭാര്യ ഇതു പോലെ തുറന്നു പറഞ്ഞിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നായിരുന്നു അന്ന് ഞങ്ങളുടെയൊക്കെ ചര്‍ച്ച.
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോടായിരുന്നു അടുത്ത ഷെഡ്യൂള്‍. ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ സ്‌നേഹം, ഞങ്ങളുടെ ഭക്ഷണം, കൊച്ചിയില്‍ ഓട്ടോറിക്ഷയ്ക്ക് മീറ്റര്‍ എന്ന സങ്കല്പം കണ്ടു പിടിച്ചിട്ടു പോലുമില്ല എന്നു തുടങ്ങി ഞാന്‍ നാഴികയ്ക്ക് നാല്പത് വട്ടം കോഴിക്കോടന്‍ വിശേഷങ്ങള്‍ ഈ തെക്കന്മാരോട് പറഞ്ഞു കൊണ്ടിരിക്കാറുള്ളതാണ്. ആദ്യത്തെ ഷൂട്ടിനു വേണ്ടി ഹോട്ടല്‍ മഹാറാണിയില്‍ എല്ലാം തയ്യാറാക്കി സംവിധായകന്‍ രഞ്ജിത്തിനു വേണ്ടി കാത്തിരുന്നു, കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ കൂട്ട ആക്രമണമായിരുന്നു എന്റെ നേര്‍ക്ക്. ഭക്ഷണമാണ് മാനക്കേടില്‍ നിന്ന് എന്നെ രക്ഷിച്ചത്, പിന്നെ എം.ടിയുടെയും അഞ്ജലി മേനോന്റെയും കൃത്യതയും ആതിഥ്യവും.
ഒരിക്കല്‍ ഷൂട്ടിന്റെ ഇടവേളയില്‍ കെ.ജി പറഞ്ഞു മലയാളത്തില്‍ ഇഷ്ടപ്പെട്ട സിനിമ എലിപ്പത്തായമാണെന്ന്, സത്യജിത് റേയുടെ പടങ്ങളും ഏറെ ഇഷ്ടം. യവനിക മറാത്തിയിലേക്ക് റീമേക്ക് ചെയ്തിരുന്നു എന്നത് ഞങ്ങള്‍ക്ക് പുതിയ അറിവായിരുന്നു. റീമേക്ക് എന്ന സങ്കല്പത്തോട് ഒട്ടും താല്പര്യമില്ല കെ.ജിക്ക്. ”എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞു, വീണ്ടും മറ്റൊരാള്‍ ചെയ്യേണ്ട കാര്യമില്ല, അത് സ്വന്തം മകന്‍ ആണെങ്കിലും”. ഈ ഒരു ബോധ്യം ഉള്ളത് കൊണ്ടാവാം വിജയിച്ച ഒരു ഫോര്‍മുലയും അദ്ദേഹം പിന്നീട് പരീക്ഷിക്കാതിരുന്നത്, ഒരേ തരത്തിലുള്ള കഥകള്‍ പറയാതിരുന്നത്.
ഡോക്യൂമെന്ററിക്ക് വേണ്ടി കണ്ടു സംസാരിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ചൊരിടത്ത് ഒരേ ദിവസം ഉണ്ടായിരിക്കുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒരുപാട് ഫോണ്‍ വിളികള്‍ ആവശ്യമായി വന്നു. കൊച്ചിയിലെയും കോഴിക്കോട്ടെയും ഷൂട്ടിന് മെഗാ മീഡിയ അവരുടെ റെഡ് ക്യാമറ സൗജന്യമായി തന്നു. ക്യാമറ ഫ്രീ ആയിരിക്കുന്ന ദിവസം ഞങ്ങള്‍ കാണാന്‍ ഉദ്ദേശിക്കുന്നവരും ഫ്രീ ആയിരിക്കണേ എന്നായിരുന്നു ആ ദിവസങ്ങളിലെ ഏറ്റവും വലിയ പ്രാര്‍ത്ഥന. തിരുവനന്തപുരത്തെ ഷൂട്ടിന് എം.ജെ രാധാകൃഷ്ണന്റെ ക്യാമറയായിരുന്നു ഉപയോഗിച്ചത്. രണ്ടു ദിവസങ്ങളിലായി സി.എസ് വെങ്കിടേശ്വരന്‍, സക്കറിയ, ഗാന്ധിമതി ബാലന്‍, ഒ.എന്‍.വി, രാമചന്ദ്ര ബാബു, ടി.വി ചന്ദ്രന്‍, മേനക, ശങ്കരന്‍ കുട്ടി, ഗണേഷ് കുമാര്‍ എന്നിവരെയൊക്കെ അവരുടെ വീടുകളില്‍ പോയി ഷൂട്ട് ചെയ്തു. അടൂരിനെയും ഷാജി എന്‍. കരുണിനെയും കാണാന്‍ വേണ്ടി വീണ്ടും രണ്ടു തവണ പോവേണ്ടി വന്നു. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്കിന്റെ നിര്‍മാതാവ് കൂടിയായ നടന്‍ ഇന്നസെന്റ് രോഗമുക്തി നേടിയ ശേഷം ഡോക്യുമെന്ററിക്കു വേണ്ടി സംസാരിച്ചു, വാഹനാപകടത്തില്‍ പരിക്ക് പറ്റി വിശ്രമത്തിലുള്ള ജഗതി ശ്രീകുമാറിനെ ഉള്‍പ്പെടുത്താനും സാധിച്ചില്ല.
സുഹാസിനിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം എന്നു പറയാവുന്ന ഒന്നായിരുന്നു ആദാമിന്റെ വാരിയെല്ലിലെ വാസന്തി. കെ.ജി ജോര്‍ജിന്റെ ശക്തമായ സ്ത്രീപക്ഷ സിനിമയും. അതുകൊണ്ട് തന്നെ സുഹാസിനിയെ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. ഞാന്‍ നിരന്തരം അവരെ വിളിച്ചു കൊണ്ടിരുന്നു, അപ്പോഴൊക്കെ അവര്‍ ഓരോ അവധികള്‍ പറഞ്ഞു. ബാലു മഹേന്ദ്രയെയും യവനികയുടെ നിര്‍മ്മാതാവ് ഹെന്റിയെയും കാണാന്‍ വേണ്ടി ചെന്നൈയില്‍ പോവുന്നത് പോലും സുഹാസിനിയുടെ സൗകര്യാര്‍ത്ഥം പലപ്പോഴും നീട്ടി വച്ചെങ്കിലും അവരെ കണ്ടു സംസാരിക്കാനായില്ല. പിന്നീട് ലിജിന്റെ സുഹൃത്തായ ശ്രീബാലയുടെ ആദ്യ സിനിമയില്‍ സുഹാസിനി അഭിനയിക്കുന്നു എന്നറിഞ്ഞ് ഷൂട്ടിങ് ലൊക്കേഷനില്‍ പോയി ലിജിന്‍ അവരെ നേരിട്ട് കണ്ടെങ്കിലും ആ കഥാപാത്രത്തെ ശരിക്ക് ഓര്‍ക്കുന്നില്ല എന്നു പറഞ്ഞ് അവര്‍ സഹകരിച്ചില്ല. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ സംസാരിക്കാന്‍ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെയാണ് പകരം ഞങ്ങള്‍ സമീപിച്ചത്. ഒന്നിനു പുറകെ ഒന്നായി കെ.ജി ജോര്‍ജ് സിനിമകള്‍ കണ്ടു തീര്‍ത്ത അവര്‍ അത്യധികം ആവേശത്തോടെയാണ് സംസാരിച്ചത്. ചികിത്സയ്ക്ക് വേണ്ടി പുണെയില്‍ നിന്ന് കൂത്താട്ടുകുളം ശ്രീധരീയത്തില്‍ വന്നപ്പോഴാണ് ഞങ്ങള്‍ പി.കെ നായരെ പോയി കാണുന്നത്. ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിമുഖം പകര്‍ത്തിയതും. സൈക്കോ മുഹമ്മദിന്റെയും മുഹമ്മദ് ബാപ്പുവിന്റെയും വീടുകളില്‍ ഞങ്ങള്‍ക്ക് സുഭിക്ഷമായ ഭക്ഷണവും ഉണ്ടായിരുന്നു. രണ്ടു പേരും സ്വപ്നാടനം എന്ന സിനിമയില്‍ മാത്രമാണ് കെ.ജി ജോര്‍ജുമായി സഹകരിച്ചിട്ടുള്ളത്, പക്ഷേ ഇപ്പോഴും അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍.
‘സിനിമയിലെ മറ്റൊരാള്‍’ എന്നായിരുന്നു ആദ്യം ഡോക്യുമെന്ററിക്കു വേണ്ടി കണ്ടെത്തിയ പേര്. എഡിറ്റിംഗ് ടേബിളില്‍ എത്തിയപ്പോഴേക്കും തുടക്കത്തില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ഒക്കെ അതിന്റെ വഴിക്ക് പോയി. ഓരോ ഇടവേളകള്‍ക്ക് ശേഷം ഇരിക്കുമ്പോഴും പുതിയ ആശയങ്ങള്‍ മുളപൊട്ടും. 2014 ആയപ്പോഴേക്കും തന്റെ രണ്ടാമത്തെ സിനിമയുടെ തിരക്കിലേക്ക് ലിജിനും ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ന്റെ പണികളുമായി അജിത്തും തീസിസ് എഴുതി തീര്‍ക്കാനായി ഞാനും ഓരോ വഴിക്ക് പോയി. ആ വര്‍ഷം അവസാനം ഇറങ്ങിയ ഇനാരിറ്റുവിന്റെ ‘Birdman’-ലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ 1982-ല്‍ ഇറങ്ങിയ യവനിക ഓര്‍ത്തു, സ്റ്റേജില്‍ കഥാപാത്രമായി നിറഞ്ഞാടി പുറത്തേക്ക് വരുന്ന കഥാപാത്രം തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങളിലേക്ക് വേഷപ്പകര്‍ച്ച നടത്തുന്നത് രണ്ടു സിനിമയിലും ഒരുപോലെ തന്നെ. രണ്ടും നാടകത്തിന്റെ പശ്ചാത്തലത്തില്‍ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങള്‍ പകര്‍ത്തിയ സിനിമകള്‍.
ഞങ്ങള്‍ പറയാന്‍ ഉദ്ദേശിച്ച ചില കാര്യങ്ങള്‍ ആരും പറയാതെ വിട്ടുപോയിരുന്നു, അതിനു പറ്റിയ ആളുകളെ തേടിയുള്ള അലച്ചില്‍ ആയിരുന്നു അടുത്ത ഘട്ടം. ഡോക്യുമെന്ററി എവിടെയുമെത്താതെ നീണ്ടു പോവുന്നതിന്റെ സമ്മര്‍ദ്ദം കൂടി വന്നു, കൈയിലുള്ള പൈസയും തീര്‍ന്നു തുടങ്ങിയിരുന്നു. ഷിബുവിനെ എത്ര കണ്ട് ബുദ്ധിമുട്ടിക്കും എന്നുള്ള ചിന്തയും ഒരുവശത്ത്. സൗഹൃദം പോലും തകരുന്ന തലത്തിലേക്ക് പരസ്പരം കുറ്റപ്പെടുത്തലുകളായി. വേറെ വിഷയങ്ങള്‍ വല്ലതുമായിരുന്നെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചേനേ, ഞങ്ങളോട് ഇത്രയും സഹകരിച്ച കെ.ജിയോട് നിന്ദ കാണിക്കാന്‍ വയ്യ എന്നുള്ളത് കൊണ്ട് പിടിച്ചു നിന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അന്ന് ചലച്ചിത്ര അക്കാദമി ഭാരവാഹികളായ ചില പ്രമുഖര്‍ വലിയ വാഗ്ദാനങ്ങള്‍ ഒക്കെ നല്‍കി പോയി, അക്കാദമിക്ക് ഒരു പ്രൊപ്പോസല്‍ കൊടുക്കൂ, എല്ലാം ശരിയാക്കാം എന്ന മട്ടില്‍. ആ കാലയളവിലെ അക്കാദമി ചെയര്‍മാനെ നേരില്‍ കണ്ട് പ്രൊപ്പോസല്‍ ഒക്കെ സമര്‍പ്പിച്ചു. അന്ന് സിനിമ മന്ത്രി ആയിരുന്ന ഗണേഷ് കുമാര്‍ വിളിച്ചു പറയുകയും ചെയ്തിരുന്നെങ്കിലും സാമ്പത്തികമായി ഒരു സഹായവും ലഭിക്കുകയുണ്ടായില്ല. പുനെ ആര്‍ക്കൈവ്‌സിലുള്ള സിനിമ ഫൂട്ടേജ് ലഭിക്കുന്നതിനുള്ള നടപടികള്‍ അന്വേഷിച്ചപ്പോള്‍ ഒരുപാട് നൂലാമാലകള്‍. കെ.ജി ജോര്‍ജിനെ പോലെ ഇത്രയും ആദരമുള്ള ഒരു വ്യക്തിയെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പഴയ സി.ഡി കോപ്പിയിലെ രംഗങ്ങള്‍ വേണ്ട, ഒറിജിനല്‍ തന്നെ സംഘടിപ്പിക്കണം, എത്ര സമയമെടുത്താലും എന്ന് ലിജിന്‍ നിര്‍ബന്ധം പിടിച്ചു.
കമ്മട്ടിപ്പാടം പ്രൊജക്റ്റ് ആരംഭിച്ചതോടെ അജിത് വീണ്ടും തിരക്കിലായി. ഡോക്യുമെന്ററി ജനിക്കുന്നത് എഡിറ്റിംഗ് ടേബിളില്‍ ആണ്, മെക്കാനിക്കല്‍ ആയി ചെയ്യാവുന്ന ഒരു ജോലിയല്ല അത്, അജിത്തിന്റെ സെന്‍സിബിലിറ്റിയും കെ.ജി ജോര്‍ജ് സിനിമകളോടുള്ള പാഷനും പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്ന വാദം കൊണ്ട് എന്റെ തര്‍ക്കങ്ങളെ ലിജിന്‍ പ്രതിരോധിച്ചു. തിരുവനന്തപുരത്തെ ‘മീഡിയ മില്‍’ എഡിറ്റിംഗ് സെഷന്‍സ് ദൈര്‍ഘ്യമേറിയതായിരുന്നെങ്കിലും പലപ്പോഴും രസകരമായ പുതിയ കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരും. കെ.ജി ജോര്‍ജിന്റെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ‘ഈ കണ്ണികൂടി’ (1990) തുടങ്ങുന്ന രംഗത്തില്‍ ജോണ്‍സന്‍ ചെയ്ത പശ്ചാത്തല സംഗീതമാണ് പിന്നീട് മലയാളികള്‍ ഉറക്കത്തില്‍ കേട്ടാല്‍ പോലും തിരിച്ചറിയുന്ന മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതമായി വരുന്നത്. പലപ്പോഴും ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ രംഗങ്ങള്‍ തിരഞ്ഞെടുക്കാനിരുന്നിട്ട് മുഴുവന്‍ സിനിമയും കണ്ടിരുന്നു പോയ വേളകള്‍. വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളാല്‍ കുറെ ദിവസങ്ങള്‍ എനിക്ക് എഡിറ്റിന് പോവാന്‍ പറ്റിയിട്ടില്ല, അതെന്റെ സ്വകാര്യ നഷ്ടങ്ങള്‍ തന്നെയായിരുന്നു. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ ഫെല്ലിനിയെക്കുറിച്ചും അദ്ദേഹത്തിന്റെ ‘8 ½’, ‘ല ഡോള്‍സ വിറ്റ’ എന്നിവയെക്കുറിച്ചുമൊക്കെ കെ.ജി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ എന്തു കൊണ്ട് ഡോക്യൂമെന്ററിക്ക് 8 ½ intercuts എന്ന പേരിട്ടു കൂടാ എന്നത് ലിജിന്റെ നിര്‍ദ്ദേശമായിരുന്നു.
കെ.ജി സംസാരിച്ചത് തന്നെ അഞ്ചു മണിക്കൂറിലധികമുണ്ടായിരുന്നു, ഇതെങ്ങനെ രൂപപ്പെടുത്തിയെടുക്കണം എന്നുള്ളതായിരുന്നു പ്രതിസന്ധി. അങ്ങനെയാണ് ഇന്റര്‍കട്ടുകളായി, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒന്‍പത് സിനിമകളും ജീവിതവും ഇടവിട്ട് വരുന്ന അതിന്റെ ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തുന്നത്. വോയിസ് ഓവര്‍ എന്ന സ്ഥിരം പതിവുകള്‍ ഇല്ലാതെ തന്നെ ആളുകളുടെ അഭിപ്രായങ്ങളിലൂടെ, സിനിമയിലെ രംഗങ്ങളിലൂടെ നറേഷന്‍ രൂപപ്പെട്ടു വരികയും ചെയ്തു. ഡോക്യുമെന്ററി തീരുന്നിടത്ത് ഫെല്ലിനിയുടെ 8 ½ലെ അവസാന നൃത്ത രംഗത്തിന്റെ സംഗീതത്തിനോട് സാമ്യമുള്ള മ്യൂസിക്കാണ്‍ ബിജിബാല്‍ ചെയ്തത്. ജോര്‍ജ് സാറിന് അത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.
വളരെ പോസിറ്റീവ് ആയ ഒരു വഴിത്തിരിവുണ്ടായി ഇതിനിടയില്‍. IFFK സെലക്ഷന്‍ ജൂറി ആയിരുന്നു ലിജിന്‍. ആ സമയത്ത് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ആയ കമല്‍ ഡോക്യുമെന്ററിയുടെ കാര്യം അറിഞ്ഞ് വളരെ താത്പര്യം പ്രകടിപ്പിക്കുകയും നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ഫൂട്ടേജ് അക്കാദമി വഴി സംഘടിപ്പിക്കാന്‍ ശ്രമിക്കാം എന്നും പറഞ്ഞു. ബീന പോളും സജിത മഠത്തിലും ഉത്സാഹത്തോടെ കൂടെ നിന്നു. പുതിയ സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ പിന്തുണയും കിട്ടി. ലിജിനും അജിത്തും കൂടിയാണ് പുനെയില്‍ പോവുന്നത്, തിരിച്ചു വന്ന് അവര്‍ ഒറിജിനല്‍ ഫിലിമില്‍ കണ്ട കാഴ്ചകള്‍ വിവരിക്കുന്നത് കേട്ട് അസൂയപ്പെട്ട് ഇരിക്കേണ്ടി വന്നു എനിക്ക്. സി.ഡിയില്‍ കാണുന്ന നരച്ച ദൃശ്യങ്ങളുടെ സ്ഥാനത്ത് ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് ഫിലിം റീലില്‍, ഷാജി എന്‍. കരുണിന്റെ ക്യാമറയുടെ മാജിക്കിനെ കുറിച്ച് – റിയലിസ്റ്റിക് ലൈറ്റിംഗ്, (പ്രത്യേകിച്ചും രാത്രിയിലെയും പുലര്‍ വേളയിലെയും), സ്‌കിന്‍ ടോണ്‍ എന്നിവ ഈ ഡി.ഐ കാലത്തും എത്ര ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്- എന്നൊക്കെ സംവിധായകന്റെയും എഡിറ്ററുടെയും കാഴ്ചപ്പാടില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു. കൂടാതെ നമ്മള്‍ കാണുന്ന സി.ഡി കളില്‍ ഇല്ലാത്ത നാല്‍പതു മിനിറ്റ് രംഗങ്ങള്‍, കോലങ്ങളിലെ വെട്ടിമാറ്റപ്പെട്ട ഗര്‍ഭഛിദ്ര രംഗം (അതാണ് പിന്നീട് ഞങ്ങള്‍ ഡോക്യൂമെന്ററിയില്‍ ചേര്‍ത്തത്) അങ്ങനെ പലതും.
പി.കെ നായര്‍ ഞങ്ങളോട് പറഞ്ഞിരുന്നത് കെ.ജി ജോര്‍ജിന്റെ ഏഴ് സിനിമകള്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ ഉണ്ടെന്നാണ്, സ്വപ്നാടനം, കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, യവനിക, മണ്ണ് എന്നിവ. മണ്ണ് ഞങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. പകരം ആവശ്യമുള്ളത് മേളയും മറ്റൊരാളും പഞ്ചവടിപ്പാലവുമായിരുന്നു. അറിയാവുന്ന വഴിക്കൊക്കെ അന്വേഷിച്ചുവെങ്കിലും എവിടെ നിന്നും ഇവയുടെ പ്രിന്റ് കിട്ടിയില്ല. ഡേവിഡ് കാച്ചപ്പിള്ളി പറഞ്ഞതനുസരിച്ച് അടൂര്‍ പത്മകുമാറുമായി ലിജിന്‍ ബന്ധപ്പെട്ടു. അദ്ദേഹമാണ് ചെന്നൈയിലുള്ള അശോകന്റെ ഫോണ്‍ നമ്പര്‍ തരുന്നത്. അദ്ദേഹത്തിന്റെ പക്കല്‍ മേളയുടെ ബീറ്റ ടേപ്പും ‘മറ്റൊരാളി’ന്റെ യു മാറ്റിക് കോപ്പിയും ഉണ്ടായിരുന്നു. അവ അയച്ചു തന്നെങ്കിലും ബീറ്റ, യു മാറ്റിക് ടേപ്പുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ അനുയോജ്യമായ പ്ലെയര്‍ കേരളത്തില്‍ ലഭ്യമല്ലായിരുന്നു. ഒടുവില്‍ ചെന്നൈയില്‍ വച്ചു തന്നെ ഡിജിറ്റൈസ് ചെയ്ത് അയച്ചു തന്നു അശോകന്‍. പഞ്ചവടിപ്പാലത്തിന്റെ പ്രിന്റ് എവിടെയും ലഭ്യമല്ലായിരുന്നു, ചാനലുകളില്‍ ഉണ്ടായിരുന്നതും അത്ര നല്ല ക്വാളിറ്റി കോപ്പികള്‍ ആയിരുന്നില്ല, അതു തന്നെ കിട്ടാനും വിഷമമായിരുന്നു. അവസാനം ലോ ക്വാളിറ്റി സി.ഡി കോപ്പി തന്നെ ഉപയോഗിക്കേണ്ടി വന്നു. മഹത്തായ ഒരു സിനിമയുടെ പ്രിന്റ് ആരാലും സൂക്ഷിക്കപ്പെടാതെ പോയി എന്നത് ദുഃഖകരമായ വസ്തുത. പഞ്ചവടിപ്പാലത്തിന്റെ ഷൂട്ടിംഗ് സ്റ്റില്‍സ് ‘നാന’ യില്‍ നിന്ന് സംഘടിപ്പിച്ചു തരാന്‍ സഹായിച്ചതും കാച്ചപ്പിള്ളി ആയിരുന്നു.
ഒടുവില്‍ ഡോക്യുമെന്ററി പൂര്‍ത്തിയാവുമ്പോഴേക്കും ബാലു മഹേന്ദ്ര, ഒ.എന്‍.വി, പി.കെ നായര്‍, ശങ്കരന്‍ കുട്ടി എന്നിവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു. ബാലു മഹേന്ദ്രയെ ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹം തന്നെയാണ് ക്യാമറ സെറ്റ് ചെയ്തത്. ഫ്രെയിം ഒക്കെ റെഡിയാക്കി, ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ അദ്ദേഹം ക്യാമറയ്ക്ക് മുന്‍പില്‍ വന്നിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും തനിക്ക് പറയാനുള്ളത് പറഞ്ഞു തീര്‍ത്ത് അദ്ദേഹം എഴുന്നേറ്റ് പോയി. വ്യക്തിജീവിതവും ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക് എന്ന സിനിമയും ചേര്‍ത്ത് ചോദ്യങ്ങള്‍ വരാം എന്നോര്‍ത്താവാം അദ്ദേഹം ഗൗരവക്കാരന്റെ വേഷമണിഞ്ഞത്. ഒ.എന്‍.വിയോട് സംസാരിച്ചു കഴിഞ്ഞിറങ്ങുമ്പോള്‍ അല്‍പ്പം എഴുത്തൊക്കെയുണ്ട് എന്നു പറഞ്ഞ എന്റെ മൂര്‍ദ്ധാവില്‍ അദ്ദേഹത്തിന്റെ അനുഗ്രഹ സ്പര്‍ശം. ബിനാലെയില്‍ ആദ്യ പ്രദര്‍ശനം കണ്ടിറങ്ങിയ ജോര്‍ജ് സാറിന്റെ മുഖത്തെ തെളിഞ്ഞ ചിരി നാല് വര്‍ഷത്തെ പ്രയത്നത്തെ സാര്‍ത്ഥകമാക്കുന്നതായിരുന്നു. 2017 ലെ IFFIയില്‍ പനോരമ സെലക്ഷന്‍ കിട്ടിയത് മറ്റൊരു സന്തോഷം.
ഡോ. ഷാഹിന റഫീഖ്. എഴുത്തുകാരി, മൂവി മേക്കര്‍. 8 1/2 Intercuts Life and films of KG George എന്ന ഡോക്യുമെന്ററിയുടെ കോ-ഡയറക്ടര്‍, Unfriend എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍. മണിരത്നം സിനിമകളെ കുറിച്ച് കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. അഴിമുഖത്തില്‍ ചെയ്തിരുന്ന Movie Map എന്ന സിനിമ സംബന്ധിയായ കോളത്തില്‍ 2018 ഡിസംബര്‍ 15 ന് പ്രസിദ്ധീകരിച്ച ലേഖനം കെ ജി ജോര്‍ജിന്റെ നിര്യാണത്തെ തുടര്‍ന്ന് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ്.