UPDATES

ഒരു രാമക്ഷേത്രം, ഉപപ്രതിഷ്ഠകളായി മോദിയും യോഗിയും

അനധികൃത നിര്‍മാണം പൊളിക്കാതിരിക്കാന്‍ ഒരു ഗുജറാത്തി വ്യാപാരിയുടെ തന്ത്രം

                       

സംഘപരിവാര്‍ ഭരണമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ‘ ബുള്‍ഡോസര്‍ രാഷ്ട്രീയം’ ഇപ്പോഴൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. കുറ്റാരോപിതരുടെ വീടും വസ്തുവകകളും ഇടിച്ചു നിരത്തുകയാണ്. കാരണം ചോദിച്ചാല്‍, ‘ അനധികൃത നിര്‍മാണം’ എന്നായിരിക്കും മറുപടി. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരുടെ സ്വത്തിനുമേലാണ് ബുള്‍ഡോസറുകള്‍ കൂടുതലായും ഉരുളുന്നതെന്നതാണ് ഇതിലെ യഥാര്‍ത്ഥ രാഷ്ട്രീയം.

ശരിക്കും അനധികൃതമായി നിര്‍മിച്ചിരിക്കുന്നത്, പൊളിച്ചു നീക്കാന്‍ നിയമം നിര്‍ദേശിച്ചിരിക്കുന്ന ഒരു കെട്ടിടം അവിടെ തന്നെ നിലനിര്‍ത്തണമെങ്കിലോ? അതിനുമുണ്ടൊരു രാഷ്ട്രീയക്കളി. മോഹന്‍ലാല്‍ ഗുപ്ത എന്ന ആക്രി വ്യാപാരി പയറ്റിയിരിക്കുന്നത് അങ്ങനെയൊരു കളിയാണ്. ജനാധിപത്യത്തില്‍ നിന്നും മതാധിപത്യത്തിലേക്ക് നീങ്ങുന്നൊരു രാജ്യത്ത് ദൈവങ്ങളെയും ഭരണാധികാരികളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കളിച്ചിരിക്കുന്നൊരു കളി.

ഉത്തര്‍പ്രദേശുകാരനായ മോഹന്‍ലാല്‍ ഗുപ്ത കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്തിലെ സൂറത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കോളനിയില്‍ ഒരു വീട് വാങ്ങുന്നത്. തന്റെ ഭാര്യയുടെ പേരില്‍ ഗുപ്ത ആ കെട്ടിടം വാങ്ങുമ്പോള്‍ അതൊരു ഒറ്റനിലയായിരുന്നു. രേഖകളിലും അങ്ങനെ തന്നെ. പിന്നീടാണ് അയാള്‍ അതിനു മുകളില്‍ ഒരു നിലയും കൂടാതെയൊരു ടെറസും നിര്‍മിക്കുന്നത്. താമസിക്കുന്നതിനു പകരം ആയാള്‍ ആ കെട്ടിടം സ്‌ക്രാപ്പ് ഗോഡൗണായി ഉപയോഗിക്കാന്‍ തുടങ്ങി. നിയമപ്രകാരമുള്ള അനുവാദം വാങ്ങാതെയുള്ള നിര്‍മാണങ്ങളായിരുന്നു വ്യാപാരോദ്ദേശത്തോടെ ഗുപ്ത നടത്തിയത്. ഈ നിയമലംഘനങ്ങള്‍ക്കെതിരേ പലതവണയായി-മുഖ്യമന്ത്രിക്കു വരെ പരാതി പോയി-പരാതികളും ആക്ഷേപങ്ങളും ചെന്നശേഷമാണ് ബറൂച്-അങ്കലേശ്വര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(ബിഎയുഡിഎ) പരിശോധനയ്ക്ക് എത്തുന്നത്. അതു പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്ന നിയമലംഘനമായിരുന്നു. താന്‍ ചെയ്ത പ്രവര്‍ത്തിക്ക് തിരിച്ചടിയുണ്ടായാല്‍ തടയാനാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും പ്രയോജനകരമായൊരു ദൈവ-രാഷ്ട്രീയക്കളി ഗുപ്ത കളിച്ചത്.

മോഹന്‍ലാല്‍ ഗുപ്ത ചെയ്തതെന്താണെന്നു വച്ചാല്‍; ആ കെട്ടിടത്തിന്റെ റൂഫ് ടോപ്പില്‍ ചെറിയൊരു ‘അമ്പലം’ ഉണ്ടാക്കി. രാമനും സീതയും ലക്ഷ്മണനുമാണ് പ്രതിഷ്ഠകള്‍. എന്നാല്‍ അവരെക്കാള്‍ ശക്തരായ രണ്ട് കാവല്‍ക്കാരെക്കൂടി രാമ-ലക്ഷ്ണ-സീതമര്‍ക്കിരുവശവും പ്രതിഷ്ഠിച്ചു-മോദിയും യോഗിയും.

അയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്ത ജനുവരി 22 ന് തന്നെയായിരുന്നു തന്റെ മേല്‍ക്കൂരയിലെ രാമക്ഷേത്രം ഗുപ്തയും ഉത്ഘാടനം ചെയ്തത് എന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ വാര്‍ത്തയില്‍ പറയുന്നത്.

രാമനോ സീതയോ ലക്ഷ്മണനോ തനിക്ക് ഗുണം ചെയ്തില്ലെങ്കില്‍ തന്നെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും കാണിച്ച് കെട്ടിടം പൊളിക്കാനെത്തുന്നവരെ ഭയപ്പെടുത്താമെന്നായിരിക്കാം ഗുപ്ത കണക്കുകൂട്ടിയിരിക്കുന്നത്.

അങ്കലേശ്വറിലെ ഗഡ്‌ഖോല്‍ ഗ്രാമത്തിലെ ജന്താനഗറില്‍ താമസക്കാരനായ മന്‍സുഖ് രഖാസിയ എന്നയാളാണ് ഗുപ്തയുടെ അനധികൃത നിര്‍മാണത്തെ കുറിച്ച് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎയുഡിഎ അധികൃതര്‍ സ്ഥലം പരിശോധിക്കാനെത്തി. അനുവാദം വാങ്ങാതെയാണ് അധിക നില പണിതതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗുപ്ത രാമക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തിയത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, ബിഎയുഡിഎ അധികൃതര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഗുപ്തയ്ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ്. ഗുപ്തയും അദ്ദേഹം ഈ കെട്ടിടം വാങ്ങിച്ച മുന്‍ ഉടമ ജിതേന്ദ്ര ഒസയും പറയുന്നത്, 2012-ല്‍ തന്നെ നിര്‍മാണത്തിന് അനുമതി തേടി ഗഡ്‌ഖോല്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നാണ്.

അസൂയാലുക്കളായ ചിലയാളുകളാണ് തനിക്കെതിരേ കള്ളപ്പരാതികള്‍ പറയുന്നതെന്നാണ് ഗുപ്തയുടെ ആരോപണം. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയശേഷം പുതുക്കിപ്പണിയുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് അയാളുടെ വാദം. തന്നോട് അസൂയയുള്ള ചിലര്‍ ഈ കെട്ടിടം പൊളിച്ചു കളയിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും പണം ചോദിച്ചു ബ്ലാക്‌മെയ്ല്‍ ചെയ്‌തെന്നുമൊക്കെ ഗുപ്ത ആരോപിക്കുന്നുണ്ട്.

2023 ജൂലൈ 11 ന് മന്‍സുഖ് രഖാസിയ നല്‍കിയ പരാതിയില്‍ ഗുപ്തയുടെതുള്‍പ്പെടെ മൂന്നു റെസിഡന്‍ഷ്യല്‍ സൊസൈറ്റികളിലുള്ള അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിലൊന്നായിരുന്നു റിദ്ധി സിദ്ധി റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുള്ള ഗുപ്തയുടെ ഇരുനില കെട്ടിടം. മന്‍സുഖ് ആദ്യം നല്‍കിയ പരാതി അവഗണിക്കപ്പെടുകയായിരുന്നു. പിന്നീടയാള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് ബിഎയുഡിഎ അധികൃതര്‍ പരാതിയില്‍ പറയുന്ന സ്ഥലങ്ങള്‍ പരിശോധിക്കാനെങ്കിലും തയ്യാറാത്. പക്ഷേ, നടപടികളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി ഒന്നിന് മന്‍സുഖ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് പരാതി നല്‍കി. ബിഎയുഡിഎ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുകൂടി ആവശ്യമുണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച ഗുപ്ത അനധികൃതമായി നിര്‍മിച്ചിടത്ത് ‘ രാമക്ഷേത്രം’ ഉണ്ടാക്കി, അത് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദേശവാസികള്‍ക്കും ഗ്രാമത്തലവനുമൊക്കെ നല്‍കിയ ക്ഷേത്രോദ്ഘാടന ക്ഷണക്കത്തുകളുമെല്ലാം അടക്കം മന്‍സുഖ് വീണ്ടും ബിഎയുഡിഎ അധികൃതരെ സമീപിച്ചിരുന്നു.

ഗ്രാമത്തലവന്‍ മഞ്ജുള്‍ബെന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്, അദ്ദേഹം ഗുപ്തയുടെ ‘ രാമക്ഷേത്ര’ ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ലെന്നാണ്. എന്നാല്‍ ഫോട്ടോകളും വീഡിയോകളും കണ്ടതില്‍ നിന്നും നിരവധി പേര്‍ അതില്‍ പങ്കെടുത്തിരുന്നതായി മനസിലായെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെട്ടപ്പോള്‍ ബിഎയുഡിഎ അധികൃതര്‍ പറയുന്നത്, പ്ലോട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏഴ് ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ ഗുപ്തയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ്. രേഖകള്‍ ഹാജരാക്കാത്തപക്ഷം അടുത്ത നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഗുപ്ത അവകാശപ്പെടുന്നതുപോലെ ആ കെട്ടിടം അറ്റകുറ്റപ്പണികള്‍ ചെയ്തതല്ലെന്നും പുതിയതായി നിര്‍മിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കെട്ടിടത്തിന് എതിര്‍വശത്തായി ഒരു പുതിയ വസതി നിര്‍മിച്ചാണു ഗുപ്ത താമസിക്കുന്നത്. റിദ്ധി സിദ്ധി ഒരു റെസിഡന്‍ഷ്യല്‍ കോളനിയാണെന്നിരിക്കെ കൂടിയാണ് ഗുപ്ത അവിടെ വ്യാപാരാവിശ്യത്തിനുള്ള കെട്ടിടം ഉപയോഗിക്കുന്നത്.

‘ഞാന്‍ മേല്‍ക്കൂരയില്‍ ക്ഷേത്രം പണിയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിജിയുടെയും പ്രതിമകള്‍ സ്ഥാപിക്കുകയും ചെയ്തത് മന്‍സുഖിനും മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അവര്‍ എന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. ഇത്തരക്കാരില്‍ നിന്ന് എന്നെ സംരക്ഷിക്കണമെന്ന് ജില്ലാ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ ഗുപ്ത വിശദീകരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍