UPDATES

രാമക്ഷേത്രം മാത്രമാണോ നിങ്ങളുടെ സോഷ്യൽ മീഡിയ വാളിൽ?

കാരണമിതാണ്.

                       

ജനുവരി 22 നു രാജ്യത്തെ മുഴുവന്‍ ചര്‍ച്ചയും അയോധ്യ പ്രാണപ്രതിഷ്ഠ സംബന്ധിച്ചതാണ്. സമൂഹ മാധ്യമങ്ങളിലും പ്രാണപ്രതിഷ്ഠയുടെ ആഘോഷം സജീവമാണ്. ഒരു രാജ്യത്തിന്റെ ദേശീയവികാരം മതം എന്നാക്കി തിരുത്തി എഴുതിയതിന്റെ ഉത്തമ ഉദാഹരങ്ങളാണ് ഈ ആഘോഷം എന്നാണ് പരാതി. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് അയോധ്യ രാം മന്ദിര്‍ എന്ന ഹാഷ്ടാഗ് ആണ്. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു മില്യണിലധികം പോസ്റ്റുകളുള്ള ഈ ഹാഷ്ടാഗിന് താഴെ മിനിറ്റുകള്‍ക്കുള്ളിലാണ് ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഈ ഉള്ളടക്കങ്ങള്‍ക്കായി  ഐ ടി സെല്ലും ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരുമടക്കം പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അയോധ്യ ചടങ്ങുമായി ബന്ധപ്പെട്ട തത്സമയ ഉള്ളടക്കങ്ങള്‍ നിരത്തിക്കൊണ്ട്, ദേശീയ മാധ്യമങ്ങളും ഒപ്പമുണ്ട്.

20-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാം ജന്മ ഭൂമിയെന്ന ആവിശ്യം ആളിക്കത്തിച്ചുകൊണ്ടു ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകരെ അനുസ്മരിച്ചു കൊണ്ടുള്ള ഉള്ളടക്കങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കര്‍സേവകരെ അനുസമരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല മലയാളത്തിലെ മുഖ്യധാര വാര്‍ത്ത ചാനല്‍ പോലും രംഗത്തെത്തിയിട്ടുണ്ട്. ആര്‍ആസ്എസ്, ബിജെപി നേതൃത്വവും കര്‍സേവകരും ബാബ്റി മസ്ജിദ് പള്ളി പൊളിച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തിരുന്നത് പ്രധനമായും രണ്ടു കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു. ഒന്നാമത്തെ കാരണം മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടുവന്നതായിരുന്നു. രണ്ടാമത്തേത് ക്ഷേത്രത്തിന്റേതിന് സമാനമായുള്ള അവശിഷ്ടങ്ങള്‍ പള്ളിക്കുള്ളില്‍ നിന്നും ലഭിച്ചുവെന്നതും. എന്നാല്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചു വിഗ്രഹം അതിനുള്ളില്‍ സ്ഥാപിച്ചതാണെന്ന വസ്തുത സൗകര്യപൂര്‍വും മറച്ചുവക്കുന്നുമുണ്ട്. പള്ളിയില്‍ വിഗ്രഹം പ്രത്യക്ഷപെട്ടു എന്നു പറയുന്ന 1949 ഡിസംബര്‍ 23 നു മുമ്പുള്ള രാത്രിയില്‍ ഏതാനും ഹിന്ദുക്കള്‍ അവിടെ പ്രവേശിക്കുകയും ഒരു പ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തതിനുള്ള ചരിത്ര തെളിവുകള്‍ മാധ്യമപ്രവര്‍ത്തകരടക്കം പുറത്തു കൊണ്ടുവന്നിരുന്നു. രണ്ടാമതായി അന്നത്തെ പല ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് സമാനമായ വസ്തുവിദ്യയുണ്ടെന്ന ചരിത്രവസ്തുതയാണ്. ഈ വസ്തുകളെ അവഗണിച്ചാണ് കര്‍സേവകര്‍ അന്ന് ആക്രോശം മുഴക്കി ജനാധിപത്യത്തിന്റെ തന്നെ അടിത്തറയിളക്കിയതെന്ന വാദവും മറുപുറത്തു ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു കൂട്ടം ആളുകള്‍ കര്‍സേവകരെ ആഘോഷിക്കുമ്പോള്‍, ബാബ്റി മസ്ജിദിനൊപ്പം നിലത്തു വീണ മതേതരത്വത്തിന്റെ  ചരമക്കുറിപ്പാണ് എന്നാണ് മറുഭാഗം അടിവരയിടുന്നത്.

ഇന്‍ഡോറിലെ ബിജെപി ഐടി ഡിപ്പാര്‍ട്ട്മെന്റ് മേധാവി മലായ് ദീക്ഷിത് സ്ഥാപിച്ച ഇന്‍ഡോര്‍ ആസ്ഥാനമാക്കിയുള്ള സംഘടനയായ ഓള്‍ ഇന്ത്യ ഇന്‍ഫ്‌ളുവന്‍സര്‍ അസോസിയേഷന്‍ പ്രാണപ്രതിഷ്ഠയുമായി ബന്ധപെട്ട് ഒട്ടനവധി കണ്ടെന്റുകളാണ് പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് മുന്നേ തന്നെ സമൂഹ മാധ്യമങ്ങളില്‍ വിഷയം സജീവമാക്കി നിര്‍ത്താനും സംഘടനക്ക് കഴിഞ്ഞിരുന്നു. ജനുവരി 10 ആം തിയതി 500-ലധികം വരുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ 4,500 കിലോമീറ്ററോളമുള്ള യാത്ര നടത്തിയിരുന്നു. ഓള്‍ ഇന്ത്യ ഇന്‍ഫ്‌ളുവന്‍സേഴ്സ് അസോസിയേഷന്‍ രൂപീകരിച്ച രാം മഹോത്സവ് യാത്രയെ പിന്തുണച്ച് നിരവധി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. വനവാസത്തിനുശേഷം തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് അയോധ്യയിലെ തന്റെ രാജ്യത്തിലേക്ക് മടങ്ങാന്‍ ശ്രീരാമന്‍ നടത്തിയതായി പറയപ്പെടുന്ന വഴിയിലൂടെയാണ് ഒരു മാസം നീണ്ട യാത്ര ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നടത്തിയത്. യുപി സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് രാമക്ഷേത്രവുമായി സംബന്ധിച്ച ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്സിന് 25 ലക്ഷം രൂപ വകയിരുത്തിയാതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രണ്ടു ലക്ഷം രൂപയോളമാണ് അധികമാളുകള്‍ പിന്തുടരാത്ത സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ക്കു പോലും അയോധ്യയിലെ ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്നതെന്ന്ദി ക്വിന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴി ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഐടി സെല്‍ ചെയ്യുന്നത്. ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹ മാധ്യമസ്ഥാപനങ്ങള്‍ ബാബ്റി മസ്ജിദിന് അനുകൂലമായി പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പരമാവധി ആളുകളില്‍ എത്തുന്നത് തടയുന്നതായി ആരോപിച്ചു നിരവധി ഉപഭോക്താക്കളും രംഗത്തെത്തുന്നുണ്ട്. ഇതാദ്യമായല്ല ഇത്തരം ഉളളടക്കങ്ങളെ ഫെയ്‌സ്ബുക്ക് നിരസിക്കുന്നത്. ഫെയ്‌സ്ബുക്ക് തന്നെ മുന്നോട്ടു വയ്ക്കുന്ന കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് മറികടക്കുന്ന ഉള്ളടക്കങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് ഇക്വാലിറ്റി ലാബ്‌സ് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്വേഷവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാനായി നിര്‍മിച്ച ഈ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് യഥാര്‍ത്ഥത്തില്‍ അവയെ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്. ആയിരത്തിലധികം ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിരിക്കുന്നതായി ഇക്വാലിറ്റി ലാബ്‌സ് കണ്ടെത്തുന്നു. കമ്യൂണിറ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 40 ശതമാനത്തോളം പോസ്റ്റുകള്‍ ഏകദേശം 90 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഫെയ്സ്ബുക്കില്‍ തിരിച്ചെത്തിയതായാണ് ഇക്വാലിറ്റി ലാബ്‌സ് പറയുന്നത്. 2018-ല്‍ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങള്‍ പരിഹരിക്കാനുള്ള ഇക്വാലിറ്റി ലാബ്‌സിന്റെ ശ്രമങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍