UPDATES

രാമകൃഷ്ണനെയാണ് പറഞ്ഞതെന്നതിന് നിങ്ങളുടെ കൈയില്‍ തെളിവുണ്ടോ?’

കേസ് കൊടുക്കുമെന്ന ഭീഷണിയുമായി സത്യഭാമ

                       

ആർ എൽ വി രാമകൃഷ്ണനെതിരെ  ജാതി  അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കലാമണ്ഡലം സത്യഭാമ. ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും അവർ പറയുന്നു. വിഷയത്തിൽ അഴിമുഖത്തോട് പ്രതികരിക്കുകയായിരുന്നു സത്യഭാമ. രാമകൃഷ്ണനെതിരെ  ജാതി അധിക്ഷേപം നടത്തിയെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളിൽ ആരുടെയെങ്കിലും പേര് പരാമർശിച്ചിട്ടുണ്ടോ എന്നും സത്യഭാമ ചോദിക്കുന്നു. തെളിവില്ലാത്ത പക്ഷം തനിക്കുനേരെ വ്യാജ ആരോപണങ്ങൾ ചുമത്താനുള്ള ശ്രമങ്ങൾക്ക് നേരെ താൻ കോടതിയെ സമീപിക്കുമെന്നും അവർ പറയുന്നു. ”താൻ ആരുടെയും പേരോ ജാതിയോ,മതമോ എടുത്തു പറഞ്ഞുകൊണ്ട് അപമാനിച്ചിട്ടില്ല ” കലാമണ്ഡലം സത്യഭാമ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്.   ‘‘മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടുകഴിഞ്ഞാല് കാക്കേടെ നിറം. എല്ലാംകൊണ്ടും കാല് കുറച്ച് അകറ്റിവെച്ച് കളിക്കുന്നതാണ് . ഒരു പുരുഷൻ കാലും കവച്ചുവെച്ച് കളിക്കാന്ന് പറഞ്ഞാൽ ഇതുപോലൊരു അരോചകമില്ല. പറ്റുന്നെങ്കിൽ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആമ്പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവരുണ്ടേ.. അവരായിരിക്കണം. ഇവനെ കണ്ടാലുണ്ടല്ലോ. പെറ്റത്തള്ള പോലും സഹിക്കില്ല’‘ എന്നാണ്. ചാലക്കുടയിൽ നിന്നുള്ള നിർത്താധ്യാപകൻ എന്നാണ് വീഡിയോയിൽ പരാമര്ശിക്കുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായി പേരെടുത്തു പറയാത്ത പക്ഷം എങ്ങനെയാണ് രാമകൃഷ്ണനെതിരായ അധിക്ഷേപമാണതെന്ന്  പറയാൻ കഴിഞ്ഞതെന്നും ചോദിക്കുന്നു. പേരെടുത്തു പറയാത്ത  പക്ഷം  എന്തടിസ്ഥാനത്തിലാണ്  നിറത്തിന്റെയും അകാരസൗന്ദര്യത്തിന്റെയും പേരിലടക്കം അധിക്ഷേപം നടത്താൻ കഴിയുന്നതെന്ന ചോദ്യത്തിന് സത്യഭാമ പ്രതികരിച്ചില്ല. രാമകൃഷ്ണനല്ലെങ്കിൽ മറ്റാരെയാണ് പരാമർശിച്ചതെന്നുമുള്ള ചോദ്യത്തിനും ഉത്തരം നൽകാൻ സത്യഭാമ വിസമ്മതിച്ചു.

അതെ സമയം തനിക്കു നേരെയാണ് കലാമണ്ഡലം സത്യഭാമ അധിക്ഷേപം നടത്തിയതെന്നാരോപിച്ച് ആർ എൽ വി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ആർ എൽ വി കോളേജിൽ മോഹിനിയാട്ടം പഠിച്ച് എം എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്കും കലാമണ്ഡലത്തിൽനിന്ന് പെർഫോമിങ്ങ് ആർട്സിൽ എംഫില്ലും നേടിയ കാലകാരനാണ്‌ ആർഎൽവി രാമകൃഷ്ണൻ. കൂടാതെ യുജിസിയുടെ നെറ്റും നേടിയ അദ്ദേഹം ദൂരദർശനിൽ എ ഗ്രേഡ് ആർട്ടിസ്റ്റാണ്. 15 വർഷമായി സർവ്വകലാശാലകളിൽ മോഹിനിയാട്ടം പഠിപ്പിക്കുന്നുമുണ്ട്. മുമ്പും ഈ കലാകാരി തന്നെ അപമാനിച്ചിട്ടുണ്ടെന്നും വീണ്ടും ആക്ഷേപിക്കുകയാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നുണ്ട്.  മന്ത്രിമാരും, കലാകാരന്മാരും, മറ്റു മേഖലയിൽ നിന്നുള്ളവരും സമൂഹ മാധ്യമങ്ങളിലും നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി എത്തുന്നത്

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍