UPDATES

എഫ് എന്‍ സൂസയുടെയും മഞ്ജിത്ത് ബാവയുടെയുമടക്കം 11 ഒറിജനല്‍ പെയിന്റിംഗുകള്‍ക്ക് മുടക്കിയത് 17.9 കോടി, കൈയില്‍ കിട്ടിയതോ?

ലോകം ആരാധിക്കുന്ന ഇന്ത്യന്‍ ചിത്രകാരന്മാരാണ് ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസയും മഞ്ജിത് ബാവയും

                       

ലോകം ആരാധിക്കുന്ന ഇന്ത്യന്‍ ചിത്രകാരന്മാരാണ് ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസയും മഞ്ജിത് ബാവയും. ഇവരുടെ പെയിന്റിംഗുകള്‍ക്ക് ഇന്നും പൊന്നും വിലയുണ്ട്. ചിത്രകലാസ്വാദകര്‍ ബാവയുടെയും സൂസയുടെയുമൊക്കെ കൈവിരലുകളില്‍ വിരിഞ്ഞ പെയിന്റുംഗുകള്‍ക്കായി പണം എത്ര വേണമെങ്കിലും ചെലവക്കാന്‍ മടി കാണിക്കില്ല.

പുനീത് മദന്‍ലാല്‍ ഭാട്ടിയയും അതു തന്നെയാണ് ചെയ്തത്. തന്റെ ഇഷ്ട ചിത്രകാരന്മാരുടെ പെയ്ന്റിംഗുകള്‍ സ്വന്തമാക്കാനായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ ആ 52 കാരന്‍ മുടക്കിയത് 17.9 കോടി രൂപയാണ്.

പക്ഷേ, അബദ്ധം പറ്റി! ഒറിജിനല്‍ ആണെന്നു പറഞ്ഞു കൊടുത്തത് ഡ്യൂപ്ലിക്കേറ്റ് ആയിരുന്നു. തന്നെ പറ്റിച്ച രണ്ടു പേര്‍ക്കെതിരേ മുംബൈ പൊലീസില്‍ പരാതി കൊടുത്തിരിക്കുകയാണ് ഒരു മൂലധന നിക്ഷേപ സ്ഥാപനത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലി നോക്കുന്ന ഭാട്ടിയ എന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

ഒരു അഭിഭാഷകന്‍, ഒരു ആര്‍ട്ട് ഡീലര്‍; ഇവരായിരുന്നു ബാങ്കറെ പറ്റിച്ച് പണം തട്ടിയവര്‍. മഞ്ജിത് ബാവ, എഫ് എന്‍ സൂസ എന്നിവരുടെ ഉള്‍പ്പെടെ ഒറിജനല്‍ ആണെന്നു വിശ്വസിപ്പിച്ചു 11 പെയിന്റിംഗുകളാണ് ബാങ്കറെ കൊണ്ട് വാങ്ങിപ്പിച്ചത്. അതിനായി 17.9 കോടിയും വാങ്ങിച്ചു. എന്നിട്ട് കൊടുത്തതാകട്ടെ, തനി വ്യാജനും!

2022 ജനുവരിയില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിക്കിടയിലാണ് ഭാട്ടിയ പ്രതികളിരൊളായ അഭിഭാഷകനെ പരിചയപ്പെടുന്നത്. ചിത്രകലാസ്വാദകനായ ഭാട്ടിയയും അഭിഭാഷകനും അന്നത്തെ കൂടിക്കാഴ്ച്ചയില്‍ കൂടുതലും സംസാരിച്ചത് കലകളെക്കുറിച്ചും പെയിന്റിംഗുകളെക്കുറിച്ചുമായിരുന്നു. സംസാരത്തിനിടയിലാണ് തന്റെ പരിചയക്കാരനായൊരു ആര്‍ട്ട് ഡീലറെ കുറിച്ച് അഭിഭാഷകന്‍ ഭാട്ടിയയോട് പറയുന്നത്.

അന്നത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഭാട്ടിയയും അഭിഭാഷകനും തമ്മിലുള്ള സൗഹൃദം വളര്‍ന്നു. പെയിന്റിംഗുകളെക്കുറിച്ചായിരുന്നു കൂടുതലും സംസാരം. ഇതിനിടയില്‍ അഭിഭാഷകന്‍ ഏതൊക്കെയോ പെയിന്റിംഗുകളുടെ ചിത്രങ്ങള്‍ ഭാട്ടിയയ്ക്ക് അയച്ചു നല്‍കി. അവയെല്ലാം 1970 കളില്‍ പ്രശസ്തിയാര്‍ജ്ജിച്ച പെയിന്റിംഗുകളായിരുന്നുവെന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. ചിത്രകലയോടുള്ള ഭാട്ടിയയുടെ താത്പര്യം മനസിലാക്കിയ അഭിഭാഷകന്‍, മികച്ച പെയിന്റിംഗുകള്‍ കണ്ടെത്താന്‍ താന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.

2022 ജനുവരി 23-ന് മഞ്ജിത് ബാവയുടെ ഒരു പെയിന്റിംഗിന്റെ ഫോട്ടോ അഭിഭാഷകന്‍ ഭാട്ടിയയ്ക്ക് അയച്ചു കൊടുത്തു. ഇതിന്റെ ഒറിജനല്‍ ഭോപ്പാലിലുള്ള ഒരു റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസറുടെ പക്കല്‍ ഉണ്ടെന്നും, അദ്ദേഹമിപ്പോള്‍ അത് വില്‍ക്കാന്‍ ആലോചിക്കുകയാണെന്ന വിവരം കൂടി അഭിഭാഷകന്‍ ഭാട്ടിയയ്ക്ക് കൈമാറിയിരുന്നു. പെയിന്റിംഗിന് ഇട്ടിരിക്കുന്ന വില 6.75 കോടിയാണെന്ന കാര്യവും പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൂസയുടെ പെയിന്റിംഗിന്റെ ചിത്രം അയക്കുന്നത്. ഇതിന്റെയും ഒറിജിനല്‍ കിട്ടും, മധ്യപ്രദേശില്‍ ഒരാളുടെ വീട്ടിലുണ്ട്, എ പ്ലസ് കാറ്റഗറിയില്‍ ഉള്ള ചിത്രമാണ്, വില 1.75 കോടി!

രണ്ട് പെയിന്റിംഗുകളും വാങ്ങാന്‍ അഭിഭാഷകന്‍ ഭാട്ടിയയെ നിര്‍ബന്ധിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള പേശലൊക്കെ കഴിഞ്ഞ് അവസാന വിലയാണ്, 6.70 ഉം 1.77 ഉം. ഒടുവില്‍, ജനുവരി 26 ന് ഭാട്ടിയ സമ്മതം മൂളി.

2022 ജനുവരി 30 ന് അഭിഭാഷകന്‍ ഭാട്ടിയയെ വിളിച്ചു, പണം എത്രയും വേഗം തനിക്ക് പരിചയമുള്ള ഒരു ആര്‍ട്ട് ഡിലര്‍ക്ക് ആര്‍ടിജിഎസ് വഴി കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ചു. പണം എത്രയും വേഗം കൊടുക്കണം, കാരണം, മറ്റു ചിലരും ഇതേ ചിത്രങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്, അവരുടെ കൈയില്‍ പോകുന്നതിന് മുമ്പ് വാങ്ങണമെന്നൊക്കെ നിര്‍ബന്ധിച്ച് ഭാട്ടിയയെ കൊണ്ട് പണം അവര്‍ ട്രാന്‍സ്ഫര്‍ ചെയ്യിച്ചു.

2022 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ഗുരുഗ്രാമിലുള്ള തന്റെ വീട്ടില്‍ പെയിന്റിംഗുകള്‍ പാര്‍സലായി എത്തിയെന്നാണ് ടര്‍ദിയോ പൊലീസിന് നല്‍കിയ പരാതിയില്‍ ഭാട്ടിയ പറയുന്നത്. പരാതിക്കാരന്‍ നല്‍കിയ മറ്റ് ചില രേഖകള്‍ പരിശോധിച്ചപ്പോഴാണ് 2022 ജനുവരി-മേയ് മാസങ്ങള്‍ക്കിടയിലായി രണ്ട് പ്രതികളും ചേര്‍ന്ന് വേറെ ഒമ്പത് പെയിന്റിംഗുകള്‍ കൂടി ഭാട്ടിയയെ കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ഇതിനായി അയാള്‍ കൊടുത്തത് മൊത്തം 17.9 കോടിയും. ചെക്ക് ആയും ഓണ്‍ലൈന്‍ പേയ്‌മെന്റായുമാണ് പണം കൈമാറ്റം നടന്നിരിക്കുന്നത്.

വാങ്ങിയ പെയിന്റിംഗുകള്‍ ചില സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നവെന്ന സത്യം ഭാട്ടിയ മനസിലാക്കിയത്. അവര്‍ പറയുന്നതുവരെ ആ ചിത്രങ്ങള്‍ വ്യാജമാണെന്ന് ഭാട്ടിയ തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് മഞ്ജിത് ബാവയുടെ പെയിന്റിംഗ് കൈവശം ഉണ്ടായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനെ കുറിച്ചൊക്കെ ഭാട്ടിയ അന്വേഷിക്കുന്നത്. അന്വേഷിച്ചപ്പോള്‍ മനസിലായി, അദ്ദേഹമാര്‍ക്കുമൊരു പെയിന്റിംഗും വിറ്റിട്ടുമില്ല, അദ്ദേഹത്തിന്റെ കൈയില്‍ അങ്ങനെയൊന്നുമുണ്ടായിരുന്നിമില്ല.

താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായെങ്കിലും അതൊന്നു കൂടി ഉറപ്പിക്കാന്‍ വേണ്ടി സാന്റാക്രൂസിലുള്ള ഒരു സ്ഥാപനത്തെ സമീപിച്ചു. അവരെ പെയിന്റിംഗുകളും അതോടൊപ്പമുള്ള രേഖകളും കാണിച്ചു. അവിടെയുള്ള വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴും മനസിലായി എല്ലാം അടിമുടി വ്യാജന്‍!

തുടര്‍ന്ന് ഭാട്ടിയ അഭിഭാഷകനെ സമീപിച്ചു. എന്തൊക്കെയോ ഒഴിവുകഴിവുകള്‍ പറഞ്ഞ് അയാള്‍ രക്ഷപ്പെട്ടു. മുടക്കിയ പണം തിരികെ വേണമെന്നു ഭാട്ടിയ ശഠിച്ചെങ്കിലും, ഒരു രൂപ പോലും തിരികെ കൊടുക്കാന്‍ തയ്യാറായില്ല. ഒടുവിലാണ് മുംബൈയിലെ ടര്‍ദിയോ പൊലീസിനെ ഭാട്ടിയ സമീപിക്കുന്നത്. പൊലീസ് പരാതി സ്വീകരിച്ച്, ക്രിമിനല്‍ കുറ്റങ്ങളൊക്കെ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഭാട്ടിയയെ പറ്റിച്ച, അഭിഭാഷകനെയും ആര്‍ട്ട് ഡീലറെയും ഇതുവരെ പിടിക്കാന്‍ പറ്റിയിട്ടില്ല.

Related news


Share on

മറ്റുവാര്‍ത്തകള്‍