UPDATES

ഓഫ് ബീറ്റ്

അഴിമുഖം ബുക്‌സിന്റെ ‘മണിപ്പൂര്‍ എഫ് ഐ ആര്‍’ അമേരിക്കയില്‍ പ്രകാശനം ചെയ്തു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ മണിപ്പൂര്‍ എഫ് ഐ ആര്‍, കലാപത്തിന്റെ സമഗ്രമായ വിവരണമാണ്

                       

അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച മൂന്നാമത്തെ പുസ്തകമായ ‘ മണിപ്പൂര്‍ എഫ് ഐ ആര്‍’ അമേരിക്കയില്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ പുസ്തകം ഫ്‌ളോറിഡയിലെ മയാമിയില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് പ്രകാശനം ചെയ്തത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ, സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകന്‍ ജെയ്ബു കുളങ്ങരയ്ക്ക് പുസ്തകം നല്‍കിയായിരുന്നു പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്. മുന്‍ എംഎല്‍എ വി പി സജീന്ദ്രന്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ബിജു കിഴക്കേക്കുറ്റ്, പോള്‍ കറുകപ്പള്ളില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സാജന്‍ വര്‍ഗീസ്, ഹെഡ്ജ് സജി, ലീല മരേറ്റ്, പീറ്റര്‍ കുളങ്ങര, മനോജ് വഞ്ചിയില്‍ ഷൈബു, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ ‘മണിപ്പുര്‍ എഫ്‌ഐആര്‍’ അഴിമുഖം ബുക്സിന്റെ മൂന്നാമത്തെ പുസ്തകമാണ്. വിഖ്യാത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന്, ‘നിശബ്ദ അട്ടിമറി’ എന്നീ പുസ്തകങ്ങള്‍ക്ക് പിന്നാലെയാണ് അഴിമുഖത്തിന്റെ ‘ജേര്‍ണലിസം സീരീസിലെ’ അടുത്ത പുസ്തകമായി മണിപ്പൂര്‍ എഫ് ഐ ആര്‍ പുറത്തിറങ്ങിയത്. ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചിരിക്കുന്നത്.

ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുള്ള ജോര്‍ജ് കള്ളിവയലില്‍ രചിച്ച പുസ്തകത്തില്‍ മണിപ്പുരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയാറെടുപ്പുകള്‍, അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രം, ഇനിയുള്ള വെല്ലുവിളികള്‍, സമാധാന ശ്രമങ്ങള്‍ എന്നിവ സമഗ്രമായി വിവരിക്കുന്നുണ്ട്. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് എഐ ഇമേജില്‍ കവര്‍ പേജ് ഒരുക്കിയത് രാജേഷ് ചാലോടാണ്.

Share on

മറ്റുവാര്‍ത്തകള്‍