UPDATES

വിദേശം

”നിങ്ങളുടെ മരണം റഷ്യൻ ജനതക്ക് എന്ത് സന്ദേശമാണ് നൽകുക ”

ഓസ്കർ നേടിയ ഒരു ഡോക്യുമെൻ്ററി റഷ്യയെ വിറപ്പിച്ചതെങ്ങനെ

                       

‘ഞാൻ ഒരിക്കലും മിണ്ടാതിരിക്കില്ല. അത് എൻ്റെ സ്വഭാവമല്ല. തോറ്റു പിന്മാറിക്കൊണ്ട് ഞാൻ രാജ്യം വിടില്ല. ഒരു വിദേശ രാജ്യത്തേക്കുമല്ല ഞാൻ ഇവിടെ റഷ്യയിൽ തന്നെ തുടരും. എന്തെന്നാൽ സർക്കാർ പുടിൻ്റേതല്ല. സർക്കാർ റഷ്യയിലെ പൗരന്മാരുടേതാണ്. എന്നെങ്കിലും ഒരിക്കൽ റഷ്യ സ്വതന്ത്രമാകും, നമ്മൾ അതിനു വേണ്ടി പ്രവർത്തിക്കും.” അതിശക്തനായ ഒരു ഏകാധിപതിയുടെ ഭരണത്തിന് കീഴിൽ അതിലും ശക്തമായി വിമർശനവും ആരോപണങ്ങളും നിർഭയം ഉന്നയിക്കുന്ന നേതാവെന്ന ആഖ്യാനമായിരുന്നു റഷ്യയിൽ അലക്സി നവൽനിക്കുണ്ടായിരുന്നത്.

പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെക്കുറിച്ചുള്ള 2022-ലെ ഓസ്കർ നേടിയ ഡോക്യുമെൻ്ററി “നവൽനി” യുടെ ആരംഭ നിമിഷങ്ങളിൽ സംവിധായകൻ ഡാനിയൽ റോഹർ തൻ്റെ ക്യാമറക്ക് മുന്നിലിരിക്കുന്ന മനുഷ്യനോട് അത്ര സുഖകരമല്ലാത്ത ഒരു ചോദ്യം ചോദിക്കുന്നുണ്ട്. “നിങ്ങൾ കൊല്ലപ്പെടുകയാണെങ്കിൽ റഷ്യൻ ജനതയ്ക്ക് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?” ക്യാമറയ്ക്ക് പിന്നിൽ നിന്ന് ചോദ്യം ഉയരുന്നുണ്ട്. തന്റെ ഐസ് ബ്ലൂ കണ്ണുകൾ ഒന്നുകൂടി ചുരുക്കികൊണ്ട് അയാൾ ഉത്തരം പറഞ്ഞു. ”എനിക്കെന്തോ എന്റെ മരണത്തിനു വേണ്ടിയാണ് നിങ്ങളീ സിനിമ നിർമ്മിക്കുന്നതെന്ന് തോന്നുന്നു, ഞാൻ ഈ ചോദ്യത്തിന് ഉത്തരം തരാൻ തയ്യാറാണ് പക്ഷെ ഇപ്പോഴില്ല. നിങ്ങളുടെ അടുത്ത സിനിമയിൽ ഞാൻ തീർച്ചയായും ഉത്തരം പറയാം. ”എന്നാൽ 1125 ദിവസത്തെ തടവുജീവിതത്തിന് ശേഷം ആ ചോദ്യത്തിന് ഉത്തരം പറയാതെ ആ റഷ്യൻ നേതാവ് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അന്ന് ഡാനിയൽ റോഹർ ചോദിച്ച ചോദ്യത്തിന് മറുപടി റഷ്യൻ ജനതക്ക് നൽകാനാകുമോ ?

വെള്ളിയാഴ്ച, റഷ്യൻ ഉദ്യോഗസ്ഥർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായ നവാൽനി ആർട്ടിക് സർക്കിളിലെ ഒരു ഫെഡറൽ തടങ്കലിൽ വച്ച് മരണമടഞ്ഞു. മുറ്റത്ത് നടക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ടുവെന്നാണ് വെള്ളിയാഴ്ച രാവിലെ പുറത്തുവന്ന ഔദ്യോഗിക വാർത്ത. നവൽനിയുടെ ചീഫ് ഓഫ് സ്റ്റാഫ് ലിയോണിഡ് വോൾക്കോവ് ഈ റിപ്പോർട്ടുകളെ പരസ്യമായി തള്ളിക്കളഞ്ഞു. “ഇത് ശരിയാണെങ്കിൽ, ‘നവൽനി മരിച്ചു’ എന്നല്ല, ‘പുടിൻ നവൽനിയെ കൊന്നു,’ അത്രമാത്രം. പക്ഷെ ഞാൻ അവരുടെ ഒരു വാക്കു പോലും വിശ്വസിക്കാൻ പോകുന്നില്ല.” അദ്ദേഹം എക്‌സിൽ കുറിച്ചു. വിഷം നൽകിയുള്ള കൊലപാതകശ്രമത്തിനു ശേഷം നവാൽനി സുഖം പ്രാപിക്കുകയും കുടുംബത്തോടൊപ്പം ജർമ്മനിയിലേക്ക് താമസം മാറുകയും ചെയ്തു, എന്നാൽ 2021 ജനുവരി 17 ന് മോസ്കോയിലേക്ക് മടങ്ങിയയുടൻ തന്നെ അദ്ദേഹം തടവിലാക്കപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് അനുയായികളുടെ ജനക്കൂട്ടവും അറസ്റ്റിന് ശേഷമുള്ള പ്രതിഷേധവും ഡോക്യൂമെന്ററിയിൽ ചിത്രീകരിക്കുന്നുണ്ട്. തുടർന്നുള്ള മാസങ്ങളിൽ, നവൽനിക്കെതിരെ വഞ്ചന, തീവ്രവാദം എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടു. കൂടാതെ മരണസമയത്ത് ജയിലിൽ ദീർഘകാലം തടവ് അനുഭവിക്കുകയായിരുന്നു.

നിലവിൽ മാക്‌സിൽ സ്ട്രീം ചെയ്യുന്ന “നവാൽനി” എന്ന ഡോക്യുമെൻ്ററി കണ്ട ഏതൊരാൾക്കും ഈ സംശയത്തിൽ കഴമ്പുള്ളതായി തോന്നും. ഈ ഡോക്യൂമെന്ററി നവാൽനിക്കുനേരെ “പുടിൻ്റെ സിഗ്നേച്ചർ വിഷം” എന്ന് വോൾക്കോവ് വിശേഷിപ്പിച്ച നോവിചോക്ക് എന്ന നാഡി ഏജൻ്റ് ഉപയോഗിച്ചുള്ള കൊലപാതക ശ്രമത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. 2022-ൽ ചിത്രത്തിൻ്റെ സർപ്രൈസ് സൺഡാൻസ് പ്രീമിയറിന് ശേഷം, ഈ ഡോക്യൂമെന്ററി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നവൽനിയും സംഘവും ഒരു റഷ്യൻ ചാരനെ കൊണ്ട് വിഷം നൽകാൻ ശ്രമിച്ചു എന്ന് ഏറ്റുപറയിപ്പിക്കുന്ന ഒരു വിപുലീകൃത രംഗവും തലക്കെട്ടുകൾ സൃഷ്ടിച്ചു.

പ്രീമിയർ കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം, “നവാൽനി” ആദ്യമായി യുഎസ് സ്ട്രീമിംഗ് നടത്തി, വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ഡോക്യൂമെന്ററിക് കഴിഞ്ഞിരുന്നു. അതിനിടയിൽ, ജയിലിൽ, നിന്ന് നവൽനി ലോകവുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ശക്തമായ ഒരു സോഷ്യൽ മീഡിയ സാന്നിധ്യം ഉണ്ടാക്കിയെടുത്തു. അദ്ദേഹവും സംഘവും (രാജ്യത്തിനു പുറത്തുള്ളവർ) ജയിൽവാസത്തിനിടയിലും പോസ്റ്റുകൾ തുടർന്നു. തുടർന്ന്, 2023 മാർച്ചിൽ, “നവാൽനി” ഓസ്‌കറിൽ മികച്ച ഡോക്യുമെൻ്ററി ഫീച്ചർ നേടി, അദ്ദേഹത്തെത്ത ലോകം ഉറ്റുനോക്കുന്നു എന്നതിൻ്റെ തെളിവായിരുന്നു ആ ഓസ്കർ നേട്ടം.

അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആ ഡോക്യൂമെന്ററി ഒരുപക്ഷെ വിചിത്രമായി തോന്നിയേക്കാമെന്ന് ന്യൂ യോർക്ക് ടൈംസ് പറയുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിനറിയാം പക്ഷേ അദ്ദേഹം ഭയപ്പെടുന്നില്ല. നിശ്ചയദാർഢ്യത്തോടെയാണ് മോസ്കോയിലേക്ക് മടങ്ങിയെത്തിയത്. അന്നേ ദിവസം, അദ്ദേഹത്തിന് ഉത്കണ്ഠ ഉണ്ടായിരുന്നെങ്കിൽ പോലും സഹവിമാന യാത്രികരുമായി അദ്ദേഹം കാലാവസ്ഥയെക്കുറിച്ച് തമാശകൾ പറയുകയും അവരുടെ ആശംസകൾ സ്വീകരിക്കുകയും ചെയ്യുന്നു.

സിനിമയുടെ അവസാനം, തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ റഷ്യൻ ജനതയ്‌ക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് നവൽനിയോട് റോഹർ ഒരിക്കൽ കൂടി ചോദിക്കുന്നു. നവൽനി ആദ്യം ഇംഗ്ലീഷിൽ പ്രതികരിക്കുന്നു, “ഞാൻ കൊല്ലപ്പെടുമ്പോഴുള്ള എൻ്റെ സന്ദേശം വളരെ ലളിതമാണ്: ഉപേക്ഷിക്കരുത്.” നവൽനിയുടെ വാക്കുകൾക്ക് പിന്നിൽ ആഴമേറിയ അർത്ഥമുണ്ടെന്ന് മനസ്സിലാക്കിയ റോഹർ റഷ്യൻ ഭാഷയിൽ തൻ്റെ ഉത്തരം ആവർത്തിക്കാൻ ആവശ്യപ്പെടുന്നുണ്ട്. “ശ്രദ്ധിക്കൂ, എനിക്ക് നിങ്ങളോട് വളരെ വ്യക്തമായ ചിലത് പറയാനുണ്ട്,” ക്യാമറയിലേക്ക് നോക്കി അദ്ദേഹം പറയുന്നു. “നിങ്ങൾക്ക് ഉപേക്ഷിക്കാൻ അനുവാദമില്ല. അവർ എന്നെ കൊല്ലാൻ തീരുമാനിക്കുകയാണെങ്കിൽ, അതിനർത്ഥം ഞങ്ങൾ അവിശ്വസനീയമാംവിധം ശക്തരാണെന്നാണ്. ഈ ദുഷ്ടന്മാരാൽ അടിച്ചമർത്തപ്പെടുന്ന ഒരു വലിയ ശക്തിയാണ് നാം എന്ന് ഓർക്കാൻ, ഉപേക്ഷിക്കാതിരിക്കാൻ ഈ ശക്തി നാം ഉപയോഗിക്കേണ്ടതുണ്ട്. നമ്മൾ എത്ര ശക്തരാണെന്ന് നമ്മൾ മനസ്സിലാക്കുന്നില്ല. ”

നവൽനി ശ്വാസം എടുത്തുകൊണ്ട് തുടരുന്നു. “തിന്മയുടെ വിജയത്തിന് ആവശ്യമായ ഒരേയൊരു കാര്യം നല്ല ആളുകൾ ഒന്നും ചെയ്യാതിരിക്കുക എന്നതാണ്. അതിനാൽ നിങ്ങൾ നിഷ്ക്രിയരാകരുത്. ” അദ്ദേഹം ക്യാമറയിലേക്ക് ഉറപ്പിച്ചു നോക്കുന്നു, അയാളുടെ കണ്ണുകളിൽ ഉരുക്കിന് സമാനമായ നിശ്ചയദാർഢ്യം കാണാം. അതിനുശേഷം അയാളുടെ മുഖം വിശാലവും ആഹ്ലാദഭരിതവുമായ ചിരിയായി വിടരുന്നുണ്ട്.

” ജയിലിൽ നിന്ന് രാജ്യത്തെ ശക്തിപ്പെടുത്താൻ ഉയർന്നുവരുന്ന പരിവർത്തനാത്മക രാഷ്ട്രീയ നേതാവായി ഞാൻ അദ്ദേഹത്തെ സങ്കൽപ്പിച്ചിരുന്നു. എന്നാൽ അതെല്ലാം തകിടം മറഞ്ഞിരിക്കുന്നു. ഈ കഥയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് പുനഃക്രമീകരിക്കുയാണ്. ഏതാണ്ട് ഇങ്ങനെയാണ് കഥ അവസാനിക്കുന്നത്. പക്ഷേ, ഇല്ല, ഈ കഥ അവസാനിക്കുന്നില്ല എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കണം. ഇത് ആരംഭിക്കുന്നതേയുള്ളൂ.” നവൽനിയുടെ മരണവാർത്തയിൽ ലോസ് ഏഞ്ചൽസ് ടൈമിനോട് പ്രതികരിക്കുയായിരുന്നു ഡോക്യൂമെന്ററിയുടെ സംവിധായകൻ ഡാനിയൽ റോഹർ.

Share on

മറ്റുവാര്‍ത്തകള്‍