UPDATES

ഫൈസൽ ഖാന്റെ ബാബ വ്ലോഗ്സ് ; ഇന്ത്യക്കാരെ എത്തിക്കുന്നത് റഷ്യ-യുക്രെയ്ൻ യുദ്ധമുഖത്ത്

ആരാണ് ഇന്ത്യയിൽ നിന്ന് ചതിക്കുഴി ഒരുക്കി ഈ യുവാക്കളെ യുദ്ധമുഖത്തെത്തിക്കുന്നത്

                       

ഈ മാസം ആദ്യമാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ ഹൈദരാബാദ് സ്വദേശി അഫ്‌സാൻ കൊല്ലപ്പെട്ടെന്ന വാർത്ത രാജ്യത്തെ ഞെട്ടിച്ചത്. ജോലി തേടി റഷ്യയിലെത്തിയ അഫ്‌സാൻ  സൈനികർക്കൊപ്പം നിർബന്ധപൂർവം യുദ്ധത്തിൽ പങ്കെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയുള്ളൊരു ജീവിതം തേടി പോയവരാണ് മരണക്കളത്തിൽ എത്തിയത്. ആരാണ് ഇന്ത്യയിൽ നിന്ന് ചതിക്കുഴി ഒരുക്കി ഈ യുവാക്കളെ യുദ്ധമുഖത്തെത്തിക്കുന്നത് ?

” റഷ്യൻ സൈന്യത്തിൽ ചേരുകയാണെങ്കിൽ നിങ്ങൾക്ക്  ഒരു പ്രത്യേക സർക്കാർ കാർഡ് ലഭിക്കും. ഈ കാർഡുകൊണ്ട് നിങ്ങൾക്ക് എവിടെയും മുൻഗണന കിട്ടും. ഈ കാർഡിൻ്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് ഷെഞ്ചൻ വിസകൾക്കും (90 ദിവസം വരെ 27 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെഞ്ചൻ ഏരിയയിൽ പ്രവേശിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും ഉപയോഗിക്കുന്ന വിസ) സ്ഥിരതാമസത്തിനും പോലും അപേക്ഷിക്കാം. ഈ സമയങ്ങളിൽ സഹായിക്കുന്ന എല്ലാവർക്കും ആനുകൂല്യം നൽകണമെന്നാണ് അവിടത്തെ സർക്കാർ കരുതുന്നത്. ഇത് മൂലം നിങ്ങൾക്ക് റഷ്യയിൽ സ്ഥിരതാമസാവകാശവും കിട്ടും.” 2023 സെപ്റ്റംബറിൽ ഫൈസൽ അബ്ദുൾ മുത്തലിബ് ഖാൻ എന്ന വ്യക്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ  പറയുന്ന കാര്യങ്ങളാണിത്.

സെൻ്റ് പീറ്റേഴ്‌സ്ബർഗിലെ തെരുവുകളിലൂടെ നടന്നുകൊണ്ട് ഫൈസൽ പറയുന്ന ഈ വാക്കുകളാണ് യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനു വേണ്ടി 30 കാരൻ അഫ്‌സാനെ യുദ്ധമുഖത്തെത്തിച്ചത്. യുദ്ധത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയ അഫ്സാനെ ഫൈസൽ ഖാനാണ് റഷ്യയിലേക്ക് അയച്ചത്. ഫൈസൽ ഖാൻ തൻ്റെ യൂട്യൂബ് ചാനലായ ബാബ വ്ലോഗ്സിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടാണ് അഫ്‌സാൻ ഇയാളെ സമീപിക്കുന്നതും, ഇരുവരും സമ്പർക്കം പുലർത്തുന്നതും. ഏകദേശം 35 വയസ്സുള്ള ഫൈസൽ ഖാൻ മുമ്പ് ആളുകളെ കബളിപ്പിച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മതപരിവർത്തന കേസിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെ (എടിഎസ്) ശ്രദ്ധയിലും പെട്ടിരുന്നു.

താൻ റഷ്യയിലേക്ക് അയച്ച ആളുകൾക്ക് സംഭവിച്ചത് തൻ്റെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്ന് മാർച്ച് 8 നു ദുബായിലുള്ള ഫൈസൽ ഖാൻ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചിരുന്നു. “ഞാൻ മൊത്തം 35 പേരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഞാനും ഈ വിഷയത്തിൽ ഇരയായി ഇവിടെ കഴിയുകയാണ്. ഈ ആളുകളെ മുൻനിരയിൽ വിന്യസിക്കില്ലെന്ന് റഷ്യയിലെ ഏജൻ്റുമാരും കൈകാര്യം ചെയ്യുന്നവരും എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ ആളുകൾക്ക് റഷ്യയിൽ എത്തിയതിന് ശേഷം സംഭവിച്ചത് എൻ്റെ നിയന്ത്രണത്തിലല്ല. ചിലരെ യുദ്ധത്തിന്റെ മുൻനിരയിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ, അവരെ തിരികെ കൊണ്ടുവരാൻ ഞാൻ തീവ്രമായി ശ്രമിച്ചിരുന്നു. ” ഫൈസൽ ഖാൻ പറയുന്നു. താൻ റഷ്യയിലേക്ക് ജോലിക്ക് അയച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ജോലിയിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് അറിയാമായിരുന്നു. കൂടാതെ ഒരു വലിയ പ്രതിഫലത്തിന് വേണ്ടി അപകടവും കഠിനമാവുമായ ജോലി ഏറ്റെടുക്കാൻ അവർ തയ്യാറായിട്ടുണ്ടാവുമെന്നും ഫൈസൽ ഖാൻ അവകാശപ്പെടുന്നു.

“ ആരെയും കബളിപ്പിച്ച് അവരെ ദ്രോഹിക്കുകയല്ല എൻ്റെ ഉദ്ദേശം. ഞാൻ ആളുകളെ കബളിപ്പിക്കുകയാണെങ്കിൽ, ഞാൻ എന്തെങ്കിലും സൂചനകൾ അവശേഷിപ്പിക്കുമായിരുന്നോ? റഷ്യയിൽ ആളുകൾ ചെയ്യേണ്ട ജോലിയെക്കുറിച്ച് വിശദീകരിക്കുന്ന എൻ്റെ എല്ലാ വീഡിയോകളും ഇപ്പോഴും ഓൺലൈനിലുണ്ട്, ഞാൻ കുറ്റക്കാരനല്ലാത്തതിനാൽ ഞാൻ അവ പിൻവലിച്ചിട്ടില്ല, ” ഫൈസൽ ഖാൻ കൂട്ടിച്ചേർത്തു. മുംബൈ നിവാസിയായ ഖാൻ ആറാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം നേടിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നായതുകൊണ്ട് ദാദറിൽ മൽസ്യ വില്പന നടത്തിയിരുന്നതായി അയാൾ ഇന്ത്യൻ എക്സ്പ്രെസ്സിനോട് അവകാശപ്പെടുന്നു. തുടർന്ന് 2008ൽ ദുബായിൽ പോയി വിവിധ കടകളിൽ സെയിൽസ്മാനായി ജോലി ചെയ്തു. അവിടെ പരിചയം നേടിയ ശേഷം, ഫൈസൽ ഖാൻ 2016 ൽ ബാബവ്ലോഗ്സ് എന്ന പേരിൽ മാൻപവർ കൺസൾട്ടൻസി സേവനം ആരംഭിച്ചു, കൂടാതെ ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യക്കാരെ കയറ്റി അയച്ചിരുന്നു. അതേ വർഷം തന്നെ ഫൈസൽ ഖാൻ അതേ പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. 2018 ൽ ഖാൻ ദുബായിലേക്ക് അയച്ച മുംബൈയിൽ നിന്നുള്ള 23 കാരൻ തൻ്റെ മതം ഇസ്‌ലാമിലേക്ക് മാറിയിരുന്നു. ഇത് വിവാദമായതോടെ എടിഎസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി അയാൾ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്നതിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള വീഡിയോകൾ പുറത്തിറക്കി, തൻ്റെ ബിസിനസ് വിപുലീകരിക്കുന്നത്. വളരെയധികം ആളുകളിലേക്ക് എത്തപ്പെടുന്ന ഇയ്യാളുടെ വീഡിയോ വഴി നിരവധി ഉദ്യോഗാർത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് ക്ഷണിക്കുന്നുണ്ട്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കുടുങ്ങിയ നിരവധി ആളുകളുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ യുദ്ധത്തിന്റെ മുൻനിരയിലേക്ക് അയച്ചതിനെ കുറിച്ച് വിവരിക്കുമ്പോൾ ഖാനെയോ, അയാളുടെ ചാനലിനെയോ പരാമർശിക്കുന്നുണ്ട്. ഖാൻ പ്രധാനമായും ദുബായിലേക്ക് ആളുകളെ അയക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2022 ഒക്ടോബർ മുതലാണ് അർമേനിയ, ക്രൊയേഷ്യ, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ആളുകളെ അയക്കാൻ തുടങ്ങിയത്. 2023 ജൂലൈ മുതലാണ്, ഡെലിവറി ഡ്രൈവർ തുടങ്ങിയ ജോലി ഒഴിവുകളിലേക്ക് റഷ്യയിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങുന്നത്. ക്രമേണ, റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നതിൻ്റെ ആനുകൂല്യങ്ങളും ഫൈസൽ ഖാൻ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. ആളുകൾക്ക് 40,000 രൂപ പ്രാരംഭ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു, മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം ഇത് ഒരു ലക്ഷം രൂപയായി ഉയർത്തുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്‌.

“നിങ്ങൾ ഇവിടെ ആയുധങ്ങൾ ഉപയോഗിക്കേണ്ടി വരുന്നില്ല. കാരണം ഇവിടെ യുദ്ധം നടക്കുന്നില്ല. അവരുടെ സൈന്യം ഉള്ള അതിർത്തിയിലാണ് പോരാട്ടം നടക്കുന്നത്. അവർക്ക് അവരുടെ വീടിൻ്റെ മുൻഭാഗം പരിപാലിക്കാൻ കഴിയുന്ന ഒരാളെ വേണം, അതിനായി ആളുകളെ ആവശ്യമാണ്. ഈ ജോലി നിങ്ങൾ കൈകാര്യം ചെയ്യും. പൊളിച്ച കെട്ടിടങ്ങൾ വൃത്തിയാക്കലായിരിക്കും നിങ്ങളുടെ ജോലി. അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്,” ഖാൻ 2023 സെപ്റ്റംബറിൽ പുറത്തിറക്കിയ ഒരു പ്രൊമോഷണൽ വീഡിയോയിൽ പറയുന്നു.
പുതിയ റിക്രൂട്ട്‌മെൻ്റുകൾക്ക് ഗവൺമെൻ്റ് നൽകുന്ന പ്രത്യേക ഐഡൻ്റിറ്റി കാർഡും അദ്ദേഹം വാഗ്ദാനം ചെയ്തു, അത് റഷ്യയിൽ സ്ഥിര താമസം നേടുന്നതിനോ അല്ലെങ്കിൽ അടുത്തുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഷെഞ്ചൻ വിസ നേടുന്നതിനോ പ്രയോജനകരമായിരിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നത്.  ഹൈദരാബാദ് ആസ്ഥാനമായുള്ള അഫ്‌സാൻ ഉൾപ്പെടെ ഏകദേശം രണ്ട് ഡസനോളം പേരെ ഇയാൾ റഷ്യയിലേക്ക് അയച്ചതായി ആരോപണം ഉയരുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍