UPDATES

വിദേശം

യുക്രെയ്‌നെ പ്രതിയാക്കി പുടിന്‍

മോസ്‌കോ ഭീകരാണക്രമണം

                       

റഷ്യയെ ഞെട്ടിച്ച മോസ്‌കോ കൺസേർട്ട് ഹാൾ ആക്രമത്തിൽ വെടിയുതിർത്ത നാല് പേരെ മാർച്ച് 23 ശനിയാഴ്ച റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. സംഗീത പരിപാടിക്കിടെയുണ്ടായ തീവ്രവാദിയാക്രമണം 133 പേരുടെ മരണത്തിനും 107 പേർക്ക് ഗുരുത പരിക്കേൽക്കുന്നതിനും ഇടവരുത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും അക്രമികൾക്ക് യുക്രെയ്‌നിൽ നിന്ന് സഹായം ലഭിച്ചതായി റഷ്യൻ അധികൃതർ അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് യുക്രേനിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. വെടിവെപ്പിൽ 143 പേർ മരിച്ചതായി റഷ്യൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നു; എന്നിരുന്നാലും, പിന്നീട്, 24 മണിക്കൂറിലധികം നീണ്ടു നിന്ന തെരച്ചിലിൽ 133 മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു . 107 പേർ ആശുപത്രികളിൽ ജീവൻ മരണ പോരാട്ടത്തിലാണ്.

നാല് തോക്കുധാരികൾ ഉൾപ്പെടെ 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞു. അക്രമികൾ രക്ഷപ്പെടാൻ യുക്രെയ്നിലേക്ക് കടക്കാൻ ശ്രമിച്ചതെയും പുടിൻ പറഞ്ഞു. ഇവർക്ക് യുക്രെയിനിൽ സഹായം ലഭിക്കുന്നുണ്ടെന്നും അതിർത്തിക്കടുത്ത് വച്ചാണ് പിടികൂടിയതെന്ന് റഷ്യയുടെ എഫ്എസ്ബി സുരക്ഷാ വിഭാഗം അറിയിച്ചു. എന്നാൽ കുറ്റം യുക്രെയ്നിലേക്ക് വഴി തിരിച്ചുവിടാനാണ് പുടിൻ്റെയും കൂട്ടാളികളുടെയും ശ്രമം എന്ന് യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. റഷ്യയിലെ ഭീകരാക്രമണത്തിൽ തങ്ങളുടെ രാജ്യത്തിന് പങ്കില്ലെന്ന് യുക്രേനിയൻ മിലിട്ടറി ഇൻ്റലിജൻസ് വക്താവ് ആൻഡ്രി യൂസോവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. റഷ്യൻ അധിനിവേശത്തിനെതിരെ രാജ്യം സ്വയം പ്രതിരോധിക്കുകയാണെന്നും സിവിലിയൻമാരോടല്ല, അധിനിവേശ സൈന്യത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടം എന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്‌കോയിൽ ആസൂത്രിത ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സർക്കാർ റഷ്യയുമായി പങ്കുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ആക്രമണത്തിൽ ഒരു തരത്തിലുമുള്ള യുക്രേനിയൻ ഇടപെടലുമില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.

മാർച്ച് 22 വെള്ളിയാഴ്ച രാത്രി മോസ്‌കോയിൽ നിന്ന് 340 കിലോമീറ്റർ (210 മൈൽ) തെക്കുപടിഞ്ഞാറായി ബ്രയാൻസ്ക് മേഖലയിൽ അക്രമികൾ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചതായി റഷ്യൻ നിയമനിർമ്മാതാവ് അലക്‌സാണ്ടർ ഖിൻഷെയിൻ പറഞ്ഞു. വാഹനം നിർത്താനുളള പോലീസിന്റെ നിർദ്ദേശം അവഗണിച്ചതിനെ തുടർന്ന് കാർ പിന്തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാറിൽ നിന്ന് പിസ്റ്റൾ, റൈഫിളിനുള്ള മാഗസിൻ, താജിക്കിസ്ഥാനിൽ നിന്നുള്ള പാസ്‌പോർട്ടുകൾ എന്നിവ കണ്ടെടുതായും അലക്‌സാണ്ടർ ഖിൻഷെയിൻ പറഞ്ഞു.

മോസ്കോയിലെ ഭീകരാക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു വെന്നും, ഇസ്ലാമിക് സ്റ്റേറ്റ് ഒരു പൊതു തീവ്രവാദ ശത്രുവാണ്, അവർ എല്ലായിടത്തും പരാജയപ്പെടുത്തണം എന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി തന്റെ പ്രസ്താവനയിൽ പറഞ്ഞു.

മാർച്ച് 22 വെള്ളിയാഴ്ച്ച പടിഞ്ഞാറൻ മോസ്‌കോയിലെ ക്രോക്കസ്‌ സിറ്റി ഹാളിൽ സംഗീത പരിപാടി നടന്നുകൊണ്ടിരിക്കേ അകത്തേക്ക് ഇരച്ചു കയറിയ തോക്കുധാരികൾ കാണികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റഷ്യൻ തലസ്ഥാനമായ മോസ്‌കോയുടെ പ്രാന്തപ്രദേശത്തുള്ള ക്രാസ്‌നോഗോർസ്‌ക് നഗരത്തിൽ ക്രിസ്ത്യാനികളുടെ ഒരു വലിയ സമ്മേളനത്തിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾ ആക്രമിച്ചു കയറുകയും, നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തശേഷം സുരക്ഷിതമായി താവളങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്നും, വലിയ നാശമുണ്ടാക്കിയ ശേഷമാണ് തങ്ങളുടെ പോരാളികൾ തിരികെ പോന്നതെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. സമീപകാലത്ത് റഷ്യ കണ്ട ഏറ്റവും ഭയാനകമായ ആക്രമണമാണിത്. വ്‌ളാദിമിർ പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നത്. പ്രശസ്ത റഷ്യൻ റോക്ക് ബാൻഡ് ആയ പിക്‌നിക്കിന്റെ സംഗീത പരിപാടിയായിരുന്നു ക്രോക്കസ്‌ ഹാളിൽ നടന്നുകൊണ്ടിരുന്നത്. പരിപാടി കാണാനായി ഏകദേശം 6,000 പേർ ഹാളിൽ തടിച്ചുകൂടിയിരുന്നുവെന്നാണ് വിവരം.

Share on

മറ്റുവാര്‍ത്തകള്‍