2024 ലെ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ന്യായമായ മത്സരമായിരിക്കില്ല
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനിക്കുമേലുള്ള സെബി അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് അമ്പാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി അദാനി മാറുന്നു. ഈ കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ മോദി ഭരണം സ്ഥാപനവത്കരിച്ച രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ സുപ്രധാന അംഗീകാരമായാണ് സുപ്രിം കോടതി വിധിയെ അടിവരയിടേണ്ടതെന്ന് എഴുതുകയാണ് ട്രിബ്യൂണിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഹരീഷ് ഖരെ ദ വയറില്‍ എഴുതിയ ലേഖനത്തില്‍. ഈ ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് അഴിമുഖം കൊടുക്കുന്നത്.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം ബാക്കി നില്‍ക്കെയാണ് സുപ്രിം കോടതി ഈ ഒരു വിധി പുറപ്പെടുവിക്കുന്നത്. നരേന്ദ്ര മോദിയുടെ ‘നയാ ഭാരത’ത്തിലെ (പുതിയ ഇന്ത്യ) ഗൂഢാലോചനകളും അഴിമതിയും ഇല്ലാതാക്കേണ്ടതിന്റെ അടിയന്തര ആവശ്യം ഈ വിധിയിലൂടെ ജനാധിപത്യ, പുരോഗമന വാദികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ സെബി-അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിധി ഈ ദൗത്യത്തിന് ധാര്‍മിക മുന്നേറ്റം നല്‍കിയിരിക്കുകയാണ്. ഈ വിധിക്കു ശേഷം രാജ്യത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ഉതകുന്ന ഇലക്ടറല്‍ ബോണ്ടുകള്‍, ഇവിഎമ്മുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ജുഡീഷ്യറിയില്‍ നിന്ന് ജനാധിപത്യ ശക്തികള്‍ക്ക് ഇനി ഒരു തരത്തിലുമുള്ള സഹായം പ്രതീക്ഷിക്കാനാവില്ല. അതായത് 2024 ലെ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ന്യായമായ മത്സരമായിരിക്കില്ല.
2024 ല്‍ നടക്കാന്‍ പോകുന്ന യുദ്ധത്തിന്റെ തന്ത്രപരവും പരമപ്രധാനവുമായ ലക്ഷ്യം നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും സമഗ്ര പരാജയമാണ്; എന്നാല്‍ ആ ലക്ഷ്യം നേടണമെങ്കില്‍ മോദിയുടെ അധികാരത്തിന്റെ സ്വഭാവം മനസിലാക്കുകയും കൈകാര്യം ചെയ്യുകയും വേണം. മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ ഘടകങ്ങളെ കുറച്ചു കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. കോണ്‍ഗ്രസ് നേതൃത്വം, പ്രത്യേകിച്ച് ഗാന്ധി കുടുംബം, മോദി തരംഗത്തെ അതിശയകരമായാണ് തള്ളിക്കളയുന്നത്.
സുസ്ഥിരമായ ഒരു ഗവണ്‍മെന്റിന്റെ അടിസ്ഥാന ആവശ്യകതയാണ് പ്രധാനമന്ത്രി മോദി ഇപ്പോള്‍ നിറവേറ്റികൊണ്ടിരിക്കുന്നത്. ശക്തവും സുരക്ഷിതവുമായ ഇന്ത്യയിലാണ് ഞങ്ങളെന്ന് ഭൂരിപക്ഷം ജനങ്ങളെയും വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പ്രതിരോധത്തെയും സുരക്ഷയെയും കുറിച്ചുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളോട് ചിലര്‍ക്ക് വിയോജിപ്പുണ്ടാകുമെങ്കിലും, നമുക്ക് ചുറ്റുമുള്ള ലോകത്തിലെ അനിശ്ചിതത്വങ്ങളെയും പിരിമുറുക്കങ്ങളെയും കുറിച്ച് മിക്ക ആളുകള്‍ക്കും അറിയാം. മോദിയെ മാറ്റിസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ അഭ്യര്‍ത്ഥനകളിലും വാദങ്ങളിലും സ്ഥിരതയെയും സുരക്ഷയെയും കുറിച്ചുള്ള ജനങ്ങളുടെ അടിസ്ഥാന ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്.
അതായത് ഈ യുദ്ധം ആരംഭിക്കുമ്പോള്‍ എതിര്‍ പക്ഷത്ത് അണിനിരക്കുന്ന ‘ഇന്ത്യ’ സഖ്യം കൂട്ടയ്മയോടെയും യോജിപ്പോടെയും പ്രവര്‍ത്തിക്കാനുള്ള കഴിവും സന്നദ്ധതയും പ്രകടിപ്പിക്കണം. മോദിയുടെയും ബിജെപിയുടെയും സമഗ്ര പരാജയത്തിന് വ്യക്തിപരമായ ഈഗോകളും അഭിലാഷങ്ങളും സാധാരണമാണെങ്കിലും ലക്ഷ്യത്തെ അത് അപകടത്തിലാക്കുന്നുവെങ്കില്‍ അതിനെ പരിപോഷിപ്പിക്കുകയോ മുന്‍ഗണന നല്‍കുകയോ ചെയ്യരുത്. ഈ ഉദ്യമത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ്. ഒരു പ്രധാനമന്ത്രിയുടെ മുഖമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സ്വീകാര്യനല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. ഗാന്ധി കുടുംബത്തിന്റെ കയ്യില്‍ കടിഞ്ഞാണുള്ള മന്‍മോഹന്‍ സിംഗിന് സമാനമായ ആളുകളെ ഏറ്റെടുക്കാനും രാജ്യം തയ്യാറല്ല. ഇന്ത്യന്‍ സഖ്യത്തില്‍ പങ്കാളികളായ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ക്കും ഇതില്‍ തുല്യമായ ബാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയുടെ ആശയക്കുഴപ്പം നേരിടാന്‍ സഖ്യകക്ഷി നേതാക്കള്‍ കോണ്‍ഗ്രസിനെ സഹായിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിലെ ഗാന്ധിമാരുടെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് മോദി ഗാന്ധിമാരെ വിമര്‍ശനത്തിനായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തുക എന്നതാണ് തന്ത്രപരമായ ആവശ്യം.
10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം അന്യായവും സുരക്ഷിതമല്ലാത്തതും അസമത്വവും പൊരുത്തമില്ലാത്തതുമായ ഒരു സമൂഹത്തിലേക്ക് നയിച്ചു എന്നതാണ് സഖ്യത്തിന്റെ പ്രധാന വാദങ്ങള്‍. ഗാന്ധിമാരും അവരുടെ സങ്കീര്‍ണമായ ചരിത്രവും ബിജെപിക്കെതിരായ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാന വാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. മോദി ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് വേദികളില്‍ ഗാന്ധി കുടുംബത്തെക്കുറിച്ച് പറയാന്‍ ശ്രമിച്ചേക്കും, എന്നാല്‍ ഇന്ത്യന്‍ സഖ്യ പങ്കാളികള്‍ മോദിയുടെ ശ്രദ്ധ കുറഞ്ഞ ട്രാക്ക് റെക്കോര്‍ഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ഇതുവരെയും മോദിക്ക് പല കാര്യങ്ങളിലും ഫ്രീ പാസ് കിട്ടിയിട്ടുണ്ട്. ചെയ്ത കാര്യങ്ങളില്‍ പിഴവ് സംഭവിച്ചപ്പോള്‍, കുറ്റവാളികളെയും വഞ്ചകരെയും പിടികൂടാതെ വന്നപ്പോള്‍, നമ്മുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ചൈനക്കാര്‍ അതിക്രമിച്ചു കയറിയപ്പോള്‍, കള്ളപ്പണം തിരിച്ചെത്തിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥരെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത് തുടരുമ്പോള്‍, മണിപ്പൂര്‍ പിരിമുറുക്കവും സംഘര്‍ഷവും തുടരുമ്പോള്‍- അതെല്ലാം മറ്റാരുടെയോ തെറ്റാവുകയാണ്. 10 വര്‍ഷത്തിനു ശേഷവും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മാപ്പ് സാക്ഷികളും ജവഹര്‍ലാല്‍ നെഹ്റുവിന്റെ ‘മണ്ടത്തരങ്ങള്‍’ ചൂണ്ടിക്കാണിക്കുന്നത് തുടരുകയാണ്. ഈ കബളിപ്പിക്കല്‍ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ സഖ്യത്തിന്റെ നേതാക്കള്‍ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതിലും, പ്രാദേശിക ഭാഷ ഉപയോഗിക്കുന്നതിലും, സൂക്ഷ്മതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും, മൂര്‍ച്ചയോടെ രാഷ്ട്രീയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിലും അവരുടേതായ കഴിവുകളുള്ളവരാണ്. മോദിയുടെ അമിത ആശാവഹമായ പ്രസ്താവനകള്‍ തുറന്നുകാട്ടാന്‍ അവര്‍ക്ക് നന്നായി അറിയാം. ‘വികാസ്’ അല്ലെങ്കില്‍ വികസനം എന്ന ആശയം ഓരോ ഗ്രാമത്തിലും പ്രദേശങ്ങളിലും പടിപടിയായി വ്യക്തമാക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍, ഓരോ സമുദായത്തിലെയും സങ്കല്‍പങ്ങളെ തകര്‍ത്ത് മോദിയുടെ വികസന അവകാശവാദങ്ങളെ പൊളിച്ചെഴുതാന്‍ സഖ്യ നേതാക്കള്‍ തയ്യാറാകണം.
സാധാരണക്കാരുടെ ആവലാതികളും നിരാശകളും പ്രതിധ്വനിക്കുന്ന ഒരു കഥയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ നേതാക്കള്‍ സൃഷ്ടിക്കേണ്ടത്. എങ്കില്‍ മാത്രമേ ഹിന്ദുത്വത്തിലും അയോധ്യ ക്ഷേത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോദിയുടെ ശക്തമായ നീക്കത്തെ പ്രതിരോധിക്കാനാകൂ. ഒരു ദേശീയ തെരഞ്ഞെടുപ്പ് വേളയില്‍, ഫലപ്രദവും നീതിയുക്തവുമായ ഭരണം വാഗ്ദാനം ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും. ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ അനുകൂലിക്കാതെ, ‘അനുമോദനമില്ല’ എന്നതിനുള്ള പ്രതിബദ്ധത ഇന്ത്യന്‍ സഖ്യം വിശദീകരിക്കേണ്ടതുണ്ട്. മുസ്ലിങ്ങളോട് നീതിപൂര്‍വ്വം പെരുമാറുക എന്നതിനര്‍ത്ഥം ഭൂരിപക്ഷത്തോട് അനീതി കാണിക്കുക എന്നല്ലെന്ന് ഹിന്ദുക്കളെ മനസ്സിലാക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി നാഗ്പൂര്‍ സൃഷ്ടിച്ച ദീര്‍ഘകാല ഭയാനകമായ ആഖ്യാനത്തില്‍ നിന്ന് ഹിന്ദുക്കളെ കരകയറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. തടയാന്‍ കഴിയാത്തവണ്ണം അജയ്യനല്ലാത്തിടത്തോളം മോദിക്ക് മൂന്നാം തവണ ഉറപ്പാക്കാന്‍ ആകില്ല. മോദി ഒരിക്കലും ഭൂരിപക്ഷ വോട്ടുകള്‍ നേടിയിട്ടില്ല, അതിനാല്‍ മോദിയെ പിന്തുണയ്ക്കാത്ത എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരിക എന്നത് ഇന്ത്യന്‍ സഖ്യത്തിന്റെ വ്യക്തമായ ഉത്തരവാദിത്തമാണ്.
അത് അസാധ്യമായ വെല്ലുവിളിയല്ല. സുസ്ഥിരതയും സുരക്ഷിതത്വവും ശക്തവും നീതിയുക്തവുമായ ഭരണം ഉറപ്പാക്കുന്നതില്‍ ഒരു ഏകീകൃത സഖ്യം ഫലപ്രദവും കരുതലോടെയും പ്രവര്‍ത്തിക്കുമെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വ്യക്തിപരമായ താല്‍പ്പര്യങ്ങളാലും മുന്‍വിധികളാലും നയിക്കപ്പെടുന്ന മോദിയുടെ സഖ്യത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ആന്തരികവും ബാഹ്യവുമായ ശത്രുക്കളുമായി നിരന്തരം പോരാടാത്ത ‘ഇന്ത്യ’യുടെ കാഴ്ചപ്പാടും തമ്മിലുള്ള വ്യക്തമായ തെരഞ്ഞെടുപ്പും ജനങ്ങള്‍ക്ക് ആവശ്യമാണ്.
കടപ്പാട്; ദ വയര്‍