കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തന്നെ മുന്നേറുകയാണ്. ബുധനാഴ്ച്ച രാവിലെ തന്നെ പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘങ്ങള്‍ രാജ്യതലസ്ഥാനത്തേക്കുള്ള അവരുടെ യാത്ര പുനരാരംഭിച്ചിരിക്കുന്നു. എന്നാല്‍, ഡല്‍ഹി അതിര്‍ത്തി അടച്ചുപൂട്ടിയിരിക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥരുടെ വലിയ നിരയുണ്ട്, കടന്നു വരാന്‍ സാധ്യതയുള്ള എല്ലായിടവും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. ചൊവ്വാഴ്ച്ച പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലും സമാനമായ വെല്ലുവിളികളായിരുന്നു കര്‍ഷകര്‍ക്ക് മുന്നില്‍ ഭരണകൂടം ഉയര്‍ത്തിയിരുന്നത്. ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലിലേക്കും കാര്യങ്ങളെത്തി. പൊലീസ് റബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകങ്ങളും പ്രയോഗിച്ചുവെന്നാണ് കര്‍ഷകരുടെ ആരോപണം. പൊലീസ് കര്‍ഷകരെ നേരിടാന്‍ ഡ്രോണുകള്‍ വരെ ഉപയോഗിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു കണ്ണീര്‍വാതക പ്രയോഗം. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്ച്ച രാത്രിയോടെ കര്‍ഷകര്‍ ശാന്തരായെങ്കിലും തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അവര്‍ ബുധനാഴ്ച്ച രാവിലെ തന്നെ ആരംഭിച്ചു.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കെതിരേ നടന്ന പ്രതിരോധത്തില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചാബിന്റെ ഭാഗമായ ശംഭു അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് കര്‍ഷകര്‍ക്കെതിരേ ഡ്രോണുകള്‍ ഉപയോഗിച്ചു കണ്ണീര്‍വാതക പ്രയോഗം നടത്തിയതിനെ ആം ആദ്മി സര്‍ക്കാര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. അംബാലയ്ക്ക് സമീപപ്രദേശമായ പഞ്ചാബ് അധീനതയിലുള്ള ശംഭു അതിര്‍ത്തി പ്രദേശത്തേക്ക് കര്‍ഷകരെ പ്രതിരോധിക്കാന്‍ ഡ്രോണുകള്‍ അയക്കരുതെന്ന് ആവശ്യപ്പെട്ട് പട്യാല ഡെപ്യൂട്ടി കമ്മിഷണര്‍ ഷൗക്കത്ത് അഹമ്മദ് പാരെ അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
ശംഭു അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാന്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് സമരക്കാര്‍ മുന്നോട്ടു പോകാന്‍ ശ്രമിച്ചതോടെയാണ് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചത്. കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള മാര്‍ഗമായിരുന്നു അത്. പഞ്ചാബ് അതിര്‍ത്തിയില്‍ നില്‍ക്കുന്ന സമയത്ത് നിരവധി കണ്ണീര്‍വാതക ക്യാനുകള്‍ ഡ്രോണ്‍ വഴി തങ്ങള്‍ക്കു മേല്‍ എറിഞ്ഞു എന്നാണ് കര്‍ഷകര്‍ മാധ്യമങ്ങളോട് പരാതിപ്പെട്ടത്.
അതേസമയം, കര്‍ഷക പ്രതിഷേധത്തിന്റെ വിവരങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താതിരിക്കാന്‍ വേണ്ടി ഹരിയാനയില്‍ മിക്കസ്ഥലങ്ങളിലും ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വോയ്‌സ് കോളുകള്‍ ഒഴിച്ചുള്ള മൊബൈല്‍ സേവനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, കര്‍ഷകരുടെയും തൊഴിലാളികളുടെയും കടം സമ്പൂര്‍ണമായി എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയിരിക്കുന്നത്. മൂന്നു കേന്ദ്രമന്ത്രിമാര്‍ തുടര്‍ച്ചയായി കര്‍ഷക നേതാക്കളുമായി സന്ധി സംഭാഷണത്തിനെത്തിയിരുന്നുവെങ്കിലും ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്നാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.