UPDATES

നിതാഷയെ തടയാന്‍ ‘ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവ്’

ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ ഇന്ത്യയില്‍ പ്രവേശനമില്ലേ?

                       

അധ്യാപികയും എഴുത്തുകാരിയും കവിയുമായി ഇന്ത്യന്‍ വംശജ നിതാഷ കൗള്‍ നിതാഷ കൗള്‍ കര്‍ണാടക സര്‍ക്കാരിന്റെ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കാനായിരുന്നു യുകെയില്‍ നിന്നും ഇന്ത്യയിലെത്തിയത്. സാമൂഹ്യക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ ക്ഷണപ്രകാരം ‘ഇന്ത്യയിലെ ഭരണഘടനയും ഐക്യവും’ എന്ന ദ്വിദിന പരിപാടിയില്‍ അവര്‍ പങ്കെടുക്കേണ്ടതായിരുന്നു. യുകെ ആസ്ഥാനമായുള്ള കശ്മീരി അക്കാദമിക് എഴുത്തുകാരി കൂടിയായ കൗള്‍ ഫെബ്രുവരി 23 നാണ് ബെംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. എന്നാല്‍ കൗളിനെ വിമാനത്താവളത്തില്‍ വച്ച് അധികൃതര്‍ തടഞ്ഞു. 24 മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിനും പരിശോധനക്കും ശേഷം കാരണം വ്യക്തമാക്കാതെ
ലണ്ടനിലേക്ക് തിരിച്ചയക്കുകയും ചെയ്തു. നിതാഷ കൗള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്. ബ്രിട്ടീഷ്-ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരുന്നിട്ടും കൗളിനെ ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. എന്തുകൊണ്ട്?

നിതാഷ കൗള്‍ പറയുന്നത്, ”ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങളെ” കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ മൂലമാണ് തനിക്ക് ഇന്ത്യയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതെന്നാണ്. നേരത്തെ താന്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ കുറിച്ച് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പരാമര്‍ശം നടത്തിയതായും അവര്‍ പറയുന്നു. ‘ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവുകള്‍’ എന്നതൊഴിച്ചാല്‍ എന്നെ ലണ്ടനിലേക്ക് തിരിച്ചയച്ചതില്‍ മറ്റൊരു കാരണവും നല്‍കിയിട്ടില്ല. എന്റെ യാത്രയും അനുബന്ധ കാര്യങ്ങളും ക്രമീകരിച്ചത് കര്‍ണാടകയാണ്. ഔദ്യോഗിക കത്തും എന്റെ പക്കലുണ്ടായിരുന്നു. എന്നിരുന്നിട്ടുപോലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹിയില്‍ നിന്ന് എനിക്ക് മുന്‍കൂട്ടി അറിയിപ്പോ വിവരമോ അവര്‍ തന്നിരുന്നില്ല. ലണ്ടനില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്‌ളൈറ്റില്‍ ഞാന്‍ 12 മണിക്കൂറാണ് ചെലവഴിച്ചത്. നടപടികളെക്കുറിച്ച് ഒരു വിവരവും നല്‍കാതെ അവിടെയും ഇവിടെയുമായി ഇമിഗ്രേഷനില്‍ നിരവധി മണിക്കൂറാണ് എന്നെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചത്. അടുത്ത ദിവസം ലണ്ടനിലേക്ക് മടങ്ങാന്‍ വിമാനമില്ലാത്തതിനാല്‍ഒരു ദിവസം മുഴുവന്‍ ഹോള്‍ഡിംഗ് സെല്ലില്‍ കഴിയേണ്ടിവന്നു’; നിതാഷ പറയുന്നു.

ഹോള്‍ഡിംഗ് സെല്ലിലെ ഇടുങ്ങിയ സ്ഥലത്ത് ഭക്ഷണമോ വെള്ളമോ എളുപ്പത്തില്‍ ലഭിക്കില്ല. കൂടാതെ സിസിടിവി ക്യാമറകളില്‍ അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. തലയിണയും പുതപ്പും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് ഡസന്‍ കണക്കിന് കോളുകള്‍ ചെയ്തു. എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഒന്നും നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ലണ്ടനിലേക്കുള്ള മറ്റൊരു 12 മണിക്കൂര്‍ വിമാനവും.” കൗള്‍ എക്സില്‍ കുറിച്ചു.

”ഞാന്‍ ഇന്ത്യ വിരുദ്ധയല്ല, സ്വേച്ഛാധിപത്യ വിരുദ്ധയും ജനാധിപത്യ അനുകൂലിയുമാണ്’-കൗള്‍ പറയുന്നു, ലിബറല്‍ ജനാധിപത്യ മൂല്യങ്ങളില്‍ ശക്തമായി വിശ്വസിക്കുന്ന, ആദരണീയനായ ഒരു അക്കാദമിക്, പൊതു വ്യക്തി എന്ന നിലയില്‍ ലിംഗസമത്വം, വെല്ലുവിളിക്കുന്ന സ്ത്രീവിരുദ്ധത, സുസ്ഥിരത, സിവില്‍-രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍, നിയമവാഴ്ച എന്നിവയ്ക്കായി ഞാന്‍ പോരാടുന്നുവെന്നും അവര്‍ പറയുന്നു.

ഭരണകക്ഷിയായ ബിജെപിയെയും, ആര്‍എസ്എസ്‌നെയും അതിന്റെ നേതാക്കളെയും വിമര്‍ശിച്ചതിന്റെ പേരില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ പരിഹസിച്ചതായി ദി വയറിനോട് ലണ്ടനില്‍ നിന്ന് കൗള്‍ പ്രതികരിച്ചു. ‘ഇന്ത്യ ചൈനയല്ലെന്നും, ജനാധിപത്യ രാജ്യമായതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പെരുമാറ്റം പൂര്‍ണമായും അസ്വീകാര്യമാണെന്നും ഞാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു, എന്നാല്‍ എന്നെ തടയാന്‍
ഡല്‍ഹിയില്‍ നിന്ന് ഉത്തരവുകള്‍ ഉണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ എന്നോട് പ്രതികരിച്ചത്”.

ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിനെ വിമര്‍ശിച്ച കശ്മീരി പണ്ഡിറ്റായ കൗളിന്റെ നാടുകടത്തല്‍, അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലിലേക്കും ഇന്ത്യയിലെ അക്കാദമിക രംഗത്തെ ചങ്ങലകളിലേക്കും വെളിച്ചം വീശുന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

കശ്മീരും അക്കാദമിക് സ്വാതന്ത്ര്യവും

2022 ലെ അക്കാദമിക് ഫ്രീഡം ഇന്‍ഡക്സില്‍ 179 രാജ്യങ്ങളില്‍ 30 ശതമാനത്തില്‍ താഴെയാണ് ഇന്ത്യ. അതായത് പാകിസ്താനും താഴെ. എണ്‍പതോളം കശ്മീരി അക്കാദമിക് വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യാത്രയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്ങനെയെന്നതും ഈ സംഭവം എടുത്തുകാണിക്കുന്നതായി വയര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വ്യക്തികളെ ‘സംസ്ഥാനത്തിന്റെ സുരക്ഷ’ക്കുള്ള ‘ഭീഷണി’യായി ലേബല്‍ ചെയ്യുകയും ആര്‍ട്ടിക്കിള്‍ 370-ല്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് ശേഷം ‘നോ-ഫ്‌ളൈ-ലിസ്റ്റില്‍’ ഉള്‍പ്പെടുത്തുകയും ചെയ്തു.

”കശ്മീര്‍ സംഘര്‍ഷത്തിന് സമാധാനപരവും ജനാധിപത്യപരവുമായ പരിഹാരത്തിനായി വാദിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളെ അവഗണിക്കുന്നതിന് സമാനമാണ് ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം. കശ്മീരി മുസ്ലിങ്ങള്‍ക്കെതിരായ അക്രമം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ച തന്ത്രം കശ്മീരി പണ്ഡിറ്റുകളെയാണ്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അക്രമം കാരണം പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരായ ന്യൂനപക്ഷ ഹിന്ദു സമൂഹമായ കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകള്‍ സര്‍ക്കാര്‍ കശ്മീരി മുസ്ലിങ്ങള്‍ക്കെതിരായ നടപടികളുടെ ന്യായീകരണമായി ഉപയോഗിക്കുകയാണ്.” 2019 ഓഗസ്റ്റ് 22-ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ കൗള്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളാണിത്.

കൗള്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഫെബ്രുവരി 24-25 തീയതികളില്‍ ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെ എയര്‍പോര്‍ട്ട് അധികൃതര്‍ തടങ്കലില്‍ വച്ചതിന് ശേഷം കൗള്‍ സംഘാടകരെ വിളിച്ചതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സംഘാടകരിലൊരാള്‍ ദി വയറിനോട് പറയുന്നു. കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൗളിന്റെ തടങ്കലിനെ കുറിച്ചറിയാന്‍ ബന്ധപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ആരാണ് നിതാഷ കൗള്‍

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററിലെ പൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ക്രിട്ടിക്കല്‍ ഇന്‍ര്‍ഡിസിപ്ലീനറി സ്റ്റഡീസിലെ പ്രൊഫസറാണ് നിലവില്‍ നതാഷ. ഡല്‍ഹി യൂണിവേഴ്സ്റ്റിയിലെ എസ്ആര്‍സിസിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിഎ ഹോണേഴ്‌സ് കരസ്ഥമാക്കിയിട്ടുള്ള കൗള്‍ പബ്ലിക് പോളിസിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കി. യുകെയിലെ ഹള്‍ സര്‍വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സ് ആന്‍ ഫിലോസഫിയില്‍ പിഎച്ച്ഡിയും നേടി. 2002 മുതല്‍ 2007 വരെ ബ്രിസ്‌റ്റോള്‍ ബിസിനസ് സ്‌കൂളില്‍ ഇക്കണോമിക്‌സില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുള്ള കൗള്‍, 2010-ല്‍ ഭൂട്ടാനിലെ റോയല്‍ തിംഫു കോളേജില്‍ ക്രിയേറ്റീവ് റൈറ്റിംഗില്‍ ആസോഷ്യേറ്റ് പ്രൊഫസറായി.

അധ്യാപികയ്ക്കപ്പുറം നോവലിസ്റ്റ്, എഴുത്തുകാരി, കവി എന്നീ നിലകളിലും കൗള്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമ്പത്തി ശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും കുറിച്ചുള്ള ഗവേഷണ ഗ്രന്ഥമായ ‘ ഇമാജിനംഗ് ഇക്കണോമിക്‌സ് അതര്‍വൈസ്; എന്‍കൗണ്ടേഴ്‌സ് വിത്ത് ഐഡന്റിറ്റി/ ഡിഫറന്‍സ്’ ആയിരുന്നു കൗളിന്റെ ആദ്യ പുസ്തകം. 2018 ല്‍ ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി(ഇപിഡബ്ല്യു)യുടെ ‘ വുമണ്‍ ആന്‍ഡ് കശ്മീര്‍’ എന്ന പ്രത്യേക എഡിഷന്റെ കോ-എഡിറ്ററായും കൗള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കൗള്‍ ക്യാന്‍ യു ഹിയര്‍ കാശ്മീരി വുമണ്‍ സ്പീക്ക് ? എന്നു പേരുള്ള ലേഖന സമാഹാരത്തിന്റെ കോ എഡിറ്ററുമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 ല്‍ ശേഷമുള്ള കാശ്മീരി സാഹിത്യത്തിലെ സ്ത്രീകളുടെ പ്രാതിനിധ്യം, ലൈംഗികാതിക്രമം, കശ്മീരിലെ സൈനികവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ കശ്മീരി സ്ത്രീകളുടെ ലേഖനങ്ങളുടെ സമാഹാരമായിരുന്നു അത്.

Share on

മറ്റുവാര്‍ത്തകള്‍