UPDATES

Today in India

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും

ജി 20; തലസ്ഥാനത്ത് ആകാശ-റോഡ് മാര്‍ഗങ്ങളില്‍ കടുത്ത യാത്ര നിയന്ത്രണങ്ങള്‍ ഉണ്ടാകും

                       

ആഭ്യന്തര വിമാന സര്‍വീസുകളും ഡല്‍ഹിയിലെ റോഡിലൂടെയുള്ള യാത്രകളും ജി 20യുടെ ഭാഗമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ്. രാജ്യ തലസ്ഥാനമായ ഡല്‍ഹി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ലോകരാജ്യങ്ങളുടെ തലവന്മാര്‍ വന്നിറങ്ങുന്ന സാഹചര്യത്തില്‍ എട്ടാം തീയതി മുതല്‍ അവര്‍ മടങ്ങി പോകുന്ന പതിനൊന്നാം തീയതി വരെ വിമാനത്താവളത്തില്‍ നിന്നുള്ള ഒട്ടേറെ ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കാന്‍ ഉള്ള സാധ്യതയുണ്ട്. ലോക നേതാക്കള്‍ എത്തുന്നത് സ്വകാര്യ വിമാനങ്ങളില്‍ ആണെന്നതിനാല്‍ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും റണ്‍വേയുടെ ആവശ്യം പരിഗണിച്ചാണ് ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കാനുള്ള നടപടിയുമായി വ്യാമയാന വകുപ്പ് തയ്യാറെടുക്കുന്നത്.

ഡല്‍ഹിയിലെയും പരിസരങ്ങളിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 3500 മുറികളാണ് ജി 20യുടെ അതിഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഈ ഹോട്ടലുകളിലേക്കുള്ള സുഗമമായ ഗതാഗതത്തിനാണ് ഡല്‍ഹിയിലെ റോഡുകളില്‍ പൊതുജനങ്ങളുടെ സഞ്ചാരം നിരോധിച്ചിരിക്കുന്നത്. ആംബുലന്‍സ് ഫയര്‍ സര്‍വ്വീസ് തുടങ്ങിയ ആവശ്യ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച 10000 വോളണ്ടിയര്‍മാരെയാണ് അതിഥികളെ സ്വീകരിക്കുന്നതിനും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്. ആയിരത്തിലേറെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥന്മാരെയും ജി20യുടെ ഭാഗമായി പ്രഗതി മൈതാനിയില്‍ പ്രത്യേകം വിന്യസിച്ചിട്ടുണ്ട്.

വിമാന നിയന്ത്രണങ്ങള്‍ മാത്രമല്ല ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ നിന്ന് പ്രമുഖ ഹോട്ടലിലേയ്ക്കും, സെന്‍ട്രല്‍ ഡല്‍ഹിയിലേയ്ക്കും പ്രഗതി മൈതാനത്തിലേയ്ക്കും തുടങ്ങിയ മറ്റ് പ്രധാന കേന്ദ്രങ്ങളിലേയ്ക്കും സെപ്തംബര്‍ 8 മുതല്‍ 11 ാം തിയതി വരെ കര്‍ശനമായ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ക്ക് ഈ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി മെട്രോ സര്‍വീസുകള്‍ തടസമില്ലാതെ നടക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. വിമാനയാത്ര നടത്തുന്ന ജനങ്ങള്‍ ഡല്‍ഹി മെട്രോ സര്‍വീസ് ഉപയോഗപ്പെടുത്തണമെന്ന് ഡല്‍ഹി പോലീസ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍