UPDATES

പ്രധാനമന്ത്രിയുടെ ഓഫിസിലെ ‘അടുപ്പക്കാരന്‍’ ഡല്‍ഹി റൈഡിംഗ് ക്ലബ് കൈക്കലാക്കിയ തട്ടിപ്പിന്റെ കഥ

ഉന്നതബന്ധങ്ങള്‍ പറഞ്ഞ് നിരവധി പേരില്‍ നിന്നും കോടികള്‍ ഷേര്‍പുരിയ തട്ടിയെടുത്തിരുന്നു

                       

ഇന്ത്യയിലെ ഏറ്റവും നിര്‍ണായക കേന്ദ്രത്തിനോട് ചേര്‍ന്ന് നടന്ന ഒരു വമ്പന്‍ തട്ടിപ്പിന്റെ കഥയാണിത്.

ഈ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത സഞ്ജയ് പ്രകാശ് റായ് അഥവ സഞ്ജയ് ഷേര്‍പുരിയ എന്ന ഗുജറാത്തിയാണ് ഈ തട്ടിപ്പിലെ കേന്ദ്ര കഥാപാത്രം.

ബീരു സേഗള്‍ എന്ന വൃദ്ധ മാത്രമല്ല, മറ്റു പലരും ഷേര്‍പുരിയയുടെ തട്ടിപ്പിന് ഇരകളായി. പ്രധാനമന്ത്രിയുടെ ഓഫിസിലുള്ള സ്വാധീനം, പ്രധാനമനമന്ത്രിയടക്കം കേന്ദ്രമന്ത്രിമാരുമായും, കാബിനറ്റ് റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം-ആളുകളില്‍ നിന്നും കോടികള്‍ തട്ടിയെടുക്കാന്‍ ഷേര്‍പുരിയ ഇത്തരത്തില്‍ പല വ്യാജ മാര്‍ഗങ്ങളും ഉപയോഗിച്ചിരുന്നു. അയാള്‍ ചെയ്ത ഏറ്റവും കൊടിയ ദ്രോഹം- ബീരുവിനോട് കാണിച്ച ചതിയായിരുന്നു.

സഞ്ജയ് ഷേര്‍പുരിയ നടത്തിയ സാമ്പത്തിക തട്ടിപ്പുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്-ഇഡി-തയ്യാറാക്കിയ ചാര്‍ജ് ഷീറ്റില്‍ അയാളുടെ കള്ളത്തരങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ശവകൂടീരത്തിന് പിന്നില്‍ (മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വസതിക്ക് സമീപം) മൂന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഡല്‍ഹി റൈഡിംഗ് ക്ലബ്( ഡി ആര്‍ സി) വെറും 40 ലക്ഷത്തിന് തട്ടിയെടുക്കുകയും അതിന്റെ യഥാര്‍ത്ഥ ഉടമയെ-ബീരു സേഗള്‍-അവിടെ നിന്നു പുറത്താക്കുകയും ചെയ്തതാണ്, ഷേര്‍പുരിയ നടത്തിയ മനുഷ്യത്വരഹിതമായ തട്ടിപ്പ്.

ബിസിനസുകള്‍ എല്ലാം പൊളിഞ്ഞ്, കോടികളുടെ ബാധ്യതകളുമായി, ബാങ്കുകളെയും കബളിപ്പിച്ച് നടക്കുന്നതിനിടയില്‍ തന്റെ ഡ്രൈവര്‍ മുഖാന്തരമാണു ബീരു സേഗാളിനെയും അവരുടെ പൊന്നുംവിലയുള്ള റൈഡിംഗ് ക്ലബ്ബിനെ കുറിച്ചും ഷേര്‍പുരിയ അറിയുന്നത്.

ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി, ചുരുങ്ങിയത് ഒരു ഡസണ്‍ കമ്പനികളെങ്കിലും നടത്തി നഷ്ടത്തിലാക്കി പൂട്ടിയിരുന്നു അതിനിടയില്‍ ഷേര്‍പുരിയ. കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വന്നതോടെയാണ് 2016-ല്‍ ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് കടന്നത്. ഗുരുഗ്രാമില്‍ ഒരു ഫ്‌ളാറ്റ് എടുത്ത് താമസം തുടങ്ങി.ആ സമയത്താണ്, അയാള്‍ക്ക് ബീരു സേഗള്‍ എന്ന പുതിയ ഇരയെ കിട്ടുന്നത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍, ക്യാപ്റ്റന്‍ കുന്ദന്‍ സിംഗ്, ഒരു അമേരിക്കന്‍ ദമ്പതിമാര്‍ക്കൊപ്പം 1968-ല്‍ സ്ഥാപിച്ചതാണ് ഡല്‍ഹി റൈഡിംഗ് ക്ലബ്. സിംഗിന്റെ കാലശേഷം ആ സ്വത്ത് മകള്‍ ബീരുവിന് സ്വന്തമായി. രാജ്യത്തെ തന്നെ മികച്ച നിലവാരത്തിലുള്ള കുതിര സവാരി പരിശീലന കേന്ദ്രമാണ് ഡി ആര്‍ സി.

പ്രായത്തിന്റെ അവശയതില്‍, കോടികളുടെ മൂല്യമുള്ള റൈഡിംഗ് ക്ലബ് ബീരുവിന് ഭാരമായി മാറിയിരിക്കുന്നുവെന്ന് ഡ്രൈവറില്‍ നിന്നറിഞ്ഞു തന്നെയാണ് സംരക്ഷകന്റെ വേഷം ധരിച്ച് ഷേര്‍പുരിയ ആ വൃദ്ധയെ സമീപിക്കുന്നത്. ബീരു താമസിച്ചിരുന്നതും അവിടെ തന്നെയായിരുന്നു.

യാദൃശ്ചികമായ പരിചയത്തില്‍ നിന്ന്, റൈഡിംഗ് ക്ലബ്ബിലെ ഇടയ്ക്കിടയ്ക്കുള്ള സന്ദര്‍ശകനെന്ന നിലയില്‍ ബീരുവുമായി ഷേര്‍പുരിയ അടുപ്പമുണ്ടാക്കി. പിന്നീടത്, ബീരുവിന്റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെട്ടവന്‍ എന്ന നിലയിലുള്ള ബന്ധമാക്കി വളര്‍ത്തി. തന്റെ കൂര്‍മബുദ്ധി ഉപയോഗിച്ച്, നിരന്തരമായി നടത്തി ചര്‍ച്ചകള്‍ക്കൊടുവില്‍ ഷേര്‍പുരിയ ബീരുവുമായി ഒരു ഡീല്‍ ഉറപ്പിച്ചു.

ഡല്‍ഹി റൈഡിംഗ് ക്ലബ് അയാള്‍ ഏറ്റെടുക്കും, ബീരുവിന് ശിഷ്ടജീവിതം സമാധാനത്തോടെ കഴിയാന്‍ ഒരു പുതിയ താമസ സൗകര്യം ഒരുക്കും. ആ പാവം വൃദ്ധ അയാളെ വിശ്വസിക്കാന്‍ തക്ക പാകത്തില്‍ മാനസികമായി കീഴ്‌പ്പെട്ടു കഴിഞ്ഞിരുന്നു.

ഷേര്‍പുരിയ ഇഡി-ക്ക് നല്‍കിയ പ്രസ്താവനയില്‍ ആ ഡീലിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്; ‘ നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ബീരു സേഗാള്‍ എന്റെ പ്രെപ്പോസല്‍ അംഗീകരിച്ചു. 2018-19 ല്‍ അവര്‍ റൈഡിംഗ് ക്ലബ്ബിന്റെ പൂര്‍ണ നിയന്ത്രണം എന്നെ ഏല്‍പ്പിച്ചു. അവരുടെ ജീവിതാവസാനം വരെ അവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം ഞാന്‍ നല്‍കുമെന്ന് ഞങ്ങള്‍ തമ്മില്‍ വാക്കാല്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തു’.

2017-ല്‍ ഷേര്‍പുരിയ ബീരുവിന് ആദ്യമൊരു 20 ലക്ഷം നല്‍കി. അയാളുടെ ഭാര്യ കാഞ്ചന്‍ റായിയുടെ പേരിലുള്ള അകൗണ്ടില്‍ നിന്നായിരുന്നു തുക കൈമാറിയത്. 2020-ല്‍ മറ്റൊരു 20 ലക്ഷം കൂടി നല്‍കി. ഷേര്‍പുരിയയുടെ ഉടമസ്ഥതയിലുള്ള പി ബി ബ്രോഡ്കാസ്റ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ അകൗണ്ടില്‍ നിന്നായിരുന്നു ആ തുക കൈമാറിയത്.

2017-ല്‍ ആദ്യ ഗുഡുവായി 20 ലക്ഷം കൊടുത്തതിന് പിന്നാലെ തന്നെ ഷേര്‍പുരിയ അയാളുടെ കുടുംബത്തെ റൈഡിംഗ് ക്ലബ്ബിലേക്ക് മാറ്റിയിരുന്നു. അനന്തരവന്‍ പ്രദീപ് കുമാര്‍ റായിയെ ക്ലബ്ബിന്റെ മനേജറായും നിയമിച്ചു.

അധികാരമെല്ലാം കൈയിലായി കഴിഞ്ഞപ്പോള്‍ ഷേര്‍പുരിയ ബീരുവിനു റൈഡിംഗ് ക്ലബ്ബില്‍ നിന്നും തഞ്ചത്തില്‍ പുറത്താക്കി. ആരോഗ്യം ക്ഷയിച്ച ആ വൃദ്ധയെ എങ്ങനെയും ഉപയോഗിക്കാന്‍ ഷേര്‍പുരിയയ്ക്ക് അപ്പോള്‍ സാധിക്കുമായിരുന്നു.

ഒരു പുതിയ വീട് തന്നെ നിര്‍മിച്ച്, അതില്‍ ബീരുവിനെ സുഖമായി പാര്‍പ്പിക്കുമെന്ന വാഗ്ദാനമായിരുന്നു ഷേര്‍പുരിയ ആദ്യം നല്‍കിയിരുന്നതെങ്കിലും, ആ വൃദ്ധയെ അയാള്‍ ഏതോ ഗ്രാമത്തിലേക്കാണ് മാറ്റിയത്. ആ വൃദ്ധയെ ചതിച്ച്, വിലമതിക്കാനാവാത്ത സ്വത്ത് ചുളുവിലയ്ക്ക് അയാള്‍ തന്റെതാക്കി.

ഡല്‍ഹി റൈഡിംഗ് ക്ലബ്ബിന്റെ ‘ ഉടമസ്ഥന്‍’ ആയതോടെ തന്റെ തട്ടിപ്പിലേക്ക് കൂടുതല്‍ ഇരകളെ ആകര്‍ഷിക്കാന്‍ ഷേര്‍പുരിയയ്ക്ക് സാധിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ അയല്‍പക്കക്കാരന്‍ എന്ന മേല്‍വിലാസം ഡി ആര്‍ സി കൈക്കലാക്കിയതോടെ അയാള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചു.

ഹൗസ് നമ്പര്‍ 1, ഡി ഐ ഡിക്ക് സമീപം, സഫ്ദര്‍ജംഗ് റോഡ്, ന്യൂ ഡല്‍ഹി- സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലും ഇന്ത്യന്‍ സര്‍ക്കാരിലും തനിക്കുള്ള സ്വാധീനം ചിത്രീകരിക്കാന്‍ മേല്‍പ്പറഞ്ഞ വിലാസം ആ തട്ടിപ്പുകാരനെ ശരിക്കും സഹായിച്ചു. ചിലയിടങ്ങളില്‍ അയാള്‍ പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍ ചമഞ്ഞും കയറി ചെന്നു ഡീലുകള്‍ സംസാരിക്കുകയും ഉറപ്പിക്കുകയും ചെയ്തു.

ഇരകളെ അയാള്‍ തന്റെ റൈഡിംഗ് ക്ലബ് ഓഫിസിലേക്ക് ക്ഷണിച്ചു. ഷേര്‍പുരിയയുടെ ആതിഥ്യം സ്വീകരിച്ച് എത്തുന്നവരുടെ ശ്രദ്ധ ആദ്യം പതിയുന്ന തരത്തില്‍ ചുമരില്‍ അയാള്‍ ചില ഫോട്ടോകള്‍ ഉറപ്പിച്ചു വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കാബിനറ്റ് മന്ത്രിമാര്‍, എം.പി, എംഎല്‍എമാര്‍, ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലും സ്വാധീനശക്തകളായവര്‍-തുടങ്ങിയവര്‍ക്കൊപ്പമുള്ള സഞ്ജയ് ഷേര്‍പുരിയയുടെ ചിത്രങ്ങളായിരുന്നു അവ. ഫോട്ടോകള്‍ മാത്രമായിരുന്നില്ല, ആ ഓഫിസിലെ ചുവരില്‍ 24 മണിക്കൂറും ഓണ്‍ ആയി ഇരിക്കുന്ന വലിയ എല്‍ ഇ ഡി സ്‌ക്രീനില്‍ തന്റെ ഉന്നത ബന്ധങ്ങളുടെ വീഡിയോകള്‍ ഷേര്‍പുരിയ ഇരകള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

സഞ്ജയ് ഷേര്‍പുരിയ കൃത്രിമമായി സൃഷ്ടിച്ച ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ആളുകളെ പറ്റിച്ച് അയാള്‍ കോടികള്‍ നേടിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇരകളില്‍ ഒരാളായ ഗൗരവ് ഡാല്‍മിയ എന്ന ബിസിനസുകാരെ വഞ്ചിച്ച് 12 കോടിയാണ് തട്ടിയത്. സാമൂഹിക സംരംഭകന്‍, കോവിഡ് ഹീറോ, സീരിയല്‍ നിര്‍മാതാവ്, അര ഡസനോളം പുസ്തകങ്ങളുടെ എഴുത്തുകാരന്‍, നിയമ സ്ഥാപനങ്ങളിലെ അംഗം എന്നിങ്ങനെ പല രൂപത്തില്‍ തന്റെ പ്രോട്ട്‌ഫോളിയോ തയ്യാറാക്കി വച്ചിരിക്കുന്ന ഷേര്‍പുരിയ, ഏതുകാര്യവും സാധിച്ചുകൊടുക്കാന്‍ തക്ക സ്വാധീനമുള്ളവനെന്ന പേരില്‍ സഞ്ജയ് ഷേര്‍പുരിയ ധാരാളം ഇരകളെ സൃഷ്ടിച്ചു. ആളുകള്‍ മാത്രമല്ല, ബാങ്കുകളും അയാളുടെ വിരുതില്‍ കബളിപ്പിക്കപ്പെട്ടു.

ബീരു സേഗളിന് 40 ലക്ഷം കൊടുക്കാന്‍ ഒരു കോടി രൂപയാണ് സഞ്ജയ് ഷേര്‍പുരിയ ബാങ്ക് ലോണ്‍ എടുത്തത്. ഒരു രൂപ പോലും തിരിച്ചടയ്ക്കാന്‍ മെനക്കെട്ടതുമില്ല!

Share on

മറ്റുവാര്‍ത്തകള്‍