UPDATES

വിദേശം

ലണ്ടനിലെ ‘ഇന്ത്യ ക്ലബ്’ പൂട്ടുന്നു

പപ്പടവും തേങ്ങാ ചമ്മന്തിയും മസാല ദോശുമൊക്കെ കിട്ടിയിരുന്ന ഒരു റെസ്റ്ററന്റിന് അപ്പുറം ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചരിത്രവുമുണ്ടതിന്

                       

സെപ്തംബര്‍ 17 ന് തങ്ങളുടെ അവസാന അതിഥിയെയും സത്കരിച്ച് ‘ഇന്ത്യ ക്ലബ്’ അതിന്റെ വാതിലുകള്‍ അടയ്ക്കുകയാണ്.

മധ്യ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സ്ട്രാന്‍ഡില്‍ 1951-ല്‍ വി കെ കൃഷ്ണ മേനോന്റെ നേതൃത്വത്തില്‍ സ്ഥാപിതമായതാണ് ഇന്ത്യ ക്ലബ്. അതിന്റെ സ്ഥാപകാംഗങ്ങളില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവും ലേഡി മൗണ്ട് ബാറ്റണും ഉണ്ടായിരുന്നു.

സ്ട്രാന്‍ഡില്‍ ഇന്ത്യന്‍ ഹൈ കമ്മീഷന് സമീപം 26 മുറികളുള്ള സ്ട്രാന്‍ഡ് കോണ്ടിനന്റല്‍ ഹോട്ടലിന്റെ ഒന്നാം നിലയിലാണ് ഇന്ത്യന്‍ ക്ലബ് പ്രവര്‍ത്തിക്കുന്നത്. ലണ്ടന്റെ ഹൃദയഭാഗം കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി നിലനിര്‍ത്തിയിരുന്ന അടയാളമായിരുന്നു അത്. ആ പ്രസ്ഥാനം സ്വാതന്ത്രാനന്തര ഇന്ത്യയ്ക്കും ബ്രിട്ടനുമിടയില്‍ വര്‍ത്തിച്ചിരുന്ന സാംസ്‌കാരിക നിലയവുമായിരുന്നു. പ്രൗഢമായ ചരിത്രം പേറുന്ന ഇന്ത്യ ക്ലബ് കേവലമൊരു റെസ്റ്ററന്റിന് അപ്പുറമാണ് സ്ഥാനം നേടിയത്. ഒരു മാസം കഴിയുമ്പോള്‍ ഇന്ത്യ ക്ലബ് ഇല്ല എന്നത് ഹൃദയഭേദകമായ വാര്‍ത്തയാകുന്നതും അതിനാലാണ്.

കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റേറിയനുമായ ശശി തരൂര്‍ ദുഖകരമായ വാര്‍ത്തയായാണ് ഇന്ത്യ ക്ലബ് പൂട്ടുന്നുവെന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പിതാവും മാധ്യമപ്രവര്‍ത്തകനുമായ ചന്ദ്രന്‍ തരൂരിന് ഇന്ത്യ ക്ലബ്ബുമായുള്ള ബന്ധവും ശശി തരൂരിന്റെ നിരാശയ്ക്ക് കാരണമാണ്. സ്ഥാപകാംഗങ്ങളില്‍ ഒരാളുടെ മകനെന്ന നിലയില്‍, മുക്കാല്‍ നൂറ്റാണ്ടോളം ഇന്ത്യക്കാര്‍ക്കും അല്ലാത്തവര്‍ക്കുമായി സേവനം നല്‍കി വന്നൊരു സ്ഥാപനം ഇല്ലാതാകുന്നുവെന്നതില്‍ താന്‍ അതീവദുഖിതനാണെന്നാണ് തരൂര്‍ പ്രതികരിച്ചത്. ലണ്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, സഞ്ചാരികള്‍ എന്നിവര്‍ക്കൊക്കെയും സ്വന്തം വീട് എന്ന അനുഭവമായിരുന്നു ഇന്ത്യ ക്ലബ് നല്‍കിയിരുന്നത്. മികച്ച നിലവാരത്തിലുള്ള ഇന്ത്യന്‍ ഭക്ഷണം ചെറിയ വിലയില്‍ കിട്ടിയിരുന്നു, അതുപോലെ, സൗകര്യപ്രദമായ സുഹൃദ്‌സംഗമ സ്ഥലം’ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ലണ്ടനിലാണെന്ന കാര്യം മറന്ന്, സ്വന്തം വീട്ടിലാണെന്ന അനുഭവമായിരുന്നു ഇന്ത്യ ക്ലബ്ബിലെ വിഭവങ്ങള്‍ പകര്‍ന്നിരുന്നത്. അവിടെ നിങ്ങള്‍ക്ക്, ബട്ടര്‍ ചിക്കന്‍, മസാല ദോശ, ചില്ലി പനീര്‍, തേങ്ങ ചമ്മന്തി, മാങ്ങ ചമ്മന്തി, പപ്പടം, ചോറ്, പരിപ്പു കറി, മറ്റ് വെജിറ്റബിള്‍ കറികള്‍, നാരങ്ങ അച്ചാര്‍, ഉള്ളി ബജി, വെജിറ്റബിള്‍ പക്കോറ, മട്ടന്‍ കറി-ഒക്കെയും കിട്ടുമായിരുന്നു. ഭക്ഷണ ബില്ലുകള്‍ നിങ്ങളെ ഭയപ്പെടുത്തുകയുമില്ലായിരുന്നു. ലണ്ടനിലെ ഏഷ്യന്‍ സമൂഹത്തിനിടയില്‍ നിര്‍ണായകമായ സ്ഥാനം ഇന്ത്യ ക്ലബ്ബിനുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി നിലനില്‍പ്പിനുള്ള പോരാട്ടത്തിലായിരുന്നു ഇന്ത്യ ക്ലബ്. നിയമവഴിയില്‍ പരാജയം നേരിട്ട സാഹചര്യത്തിലാണ് വാതിലുകള്‍ പൂട്ടാന്‍ നടത്തിപ്പുകാര്‍ തീരുമാനിച്ചത്. ഇന്ത്യ ക്ലബ് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍, പിന്നെയാ സ്ഥലം ഇടിച്ചു കളഞ്ഞതിനുശേഷം സ്ട്രാന്‍ഡ് കോണ്ടിനന്റല്‍ ഹോട്ടലിന്റെ ഒരു അഢംബര മുറിയോ മറ്റോ ആക്കി കൂട്ടിച്ചേര്‍ക്കും.

2108- ല്‍ ഇന്ത്യ ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും, അന്നതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഇത്തവണ പരാജയപ്പെട്ടു. എഡ്ഗര്‍ മാര്‍ക്കറും അദ്ദേഹത്തിന്റെ പുത്രി ഫിറോസയുമായിരുന്നു ഇന്ത്യ ക്ലബ് നടത്തി വന്നിരുന്നത്. അവര്‍ തുടങ്ങിവച്ച ‘ സേവ് ഇന്ത്യ ക്ലബ്’ കാമ്പയിനിലൂടെയായിരുന്നു ഇത്ര നാളും ആ പ്രസ്ഥാനത്തിനു വേണ്ടി പോരാടിക്കൊണ്ടിരുന്നത്. ‘ ഭാരം പേറുന്ന മനസുമായാണ് ഇന്ത്യ ക്ലബ് പൂട്ടുന്ന വിവരം ഞങ്ങള്‍ അറിയിക്കുന്നത്’ എന്നായിരുന്നു ഫിറോസയുടെ പ്രതികരണം. പത്ത് വയസ് മുതല്‍ ഇന്ത്യ ക്ലബ്ബില്‍ ഫിറോസയുടെ സാന്നിധ്യമുണ്ട്. ഈ തീരുമാനം തന്റെ ഹൃദയം തകര്‍ക്കുകയാണെന്നാണവര്‍ പറയുന്നത്.

ഇന്ത്യ ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ കരമൊഴിവായ ഉടമസ്ഥാവകാശം പേറുന്ന മാര്‍സ്റ്റണ്‍ പ്രോപ്പര്‍ട്ടീസ് 2018-ല്‍ ഒരു ഭാഗിക പൊളിക്കലിന് വെസ്റ്റ്മിനിസ്റ്റര്‍ നഗര കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചതാണ്. ലണ്ടന്റെ ഹൃദയഭാഗത്തുള്ള ഒരു സാംസ്‌കാരിക നിലയമെന്ന വിശേഷണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ക്ലബ് പൊളിക്കാനുള്ള തീരുമാനത്തെ നഗര കൗണ്‍സില്‍ ഏകകണ്ഠമായി എതിര്‍ക്കുകയാണുണ്ടായത്. 26,000-ഓളം പേരാണ് ഇന്ത്യ ക്ലബ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ അന്ന് ഒപ്പിട്ടിരുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ലണ്ടനില്‍ നടന്ന നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ ചരിത്ര സ്മാരകം കൂടിയാണ് ഇന്ത്യ ക്ലബ്. പൂര്‍ണ സ്വാതന്ത്ര്യത്തിനു വേണ്ടി ഇംഗ്ലണ്ട് ആസ്ഥാനമാക്കി 1928-ല്‍ വി കെ കൃഷ്ണ മേനോന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ‘ ദ ഇന്ത്യ ലീഗ്’ എന്ന ഓര്‍ഗനൈസേഷനുമായി പിണഞ്ഞു കിടക്കുന്നതാണ് ഇന്ത്യ ക്ലബ്ബിന്റെ വേരുകള്‍. നേതാക്കള്‍ക്ക് സംഗമിക്കാനും ചര്‍ച്ചകള്‍ നടത്താനും ഒരിടമായാണത് തുടങ്ങുന്നത്.

സ്വാതന്ത്ര്യം നേടിയ ശേഷവും ബ്രിട്ടനുമായി നല്ല ബന്ധം തുടര്‍ന്ന ഇന്ത്യ, അതിനുള്ള പ്രത്യേക ഇടമായി ഇന്ത്യ ക്ലബ്ബിനെ സ്വീകരിച്ചു. ലണ്ടനിലെ ആദ്യകാല ഇന്ത്യന്‍ റസ്റ്ററന്റ് എന്നതിനപ്പുറത്തേക്ക് ലണ്ടനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, തെക്കനേഷ്യക്കാര്‍ക്കെല്ലാം അവരുടെ സ്വന്തം വീടുപോലെയത് പ്രിയപ്പെട്ടതായി.

‘ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇന്ത്യ ക്ലബ്ബ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ലണ്ടനിലെത്തിയ ഒന്നാം തലമുറ കുടിയേറ്റക്കാര്‍ക്ക് അവരുടെ സ്വന്തം വീടായി മാറുകയായിരുന്നു. ഇന്തോ-ബ്രിട്ടീഷ് സംഘങ്ങള്‍ക്ക് ഒത്തുചേരാനുള്ള സാമൂഹിക ഇടമായും ഇന്ത്യ ക്ലബ് നിലകൊണ്ടു”; ഫിറോസയുടെ സാക്ഷ്യം.

ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ ഹൈ കമീഷണര്‍ പദവിയും വഹിച്ച വി കെ കൃഷ്ണ മേനോന്, ലണ്ടനിലെത്തുന്ന ചെറുപ്പക്കാരായ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സാമ്പത്തിക പരിമിതിയില്‍ നിന്നുകൊണ്ട് താമസിക്കാനും ഭക്ഷണം കഴിക്കാനും അവരുടെ ഭാവി ആസൂത്രണം ചെയ്യാനും രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരിടമായി ഇന്ത്യ ക്ലബ് മാറണമെന്ന വീക്ഷണമുണ്ടായിരുന്നു. അതങ്ങനെ തന്നെയാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചു പോന്നതും.

ഇപ്പോഴും നാല് പേര്‍ക്ക് കിടക്കാവുന്ന കിടപ്പു മുറി, ഒരു കിടക്കയ്ക്ക് ഒരു രാത്രി 20 യൂറോയ്ക്ക് ലഭിക്കും. ലണ്ടന്റെ ഹദയ ഭാഗത്താണതെന്നോര്‍ക്കണം! ഇന്ത്യന്‍ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥരുടെയും നയതന്ത്ര പ്രതിനിധികളുടെയും പ്രധാന കേന്ദ്രമായിരുന്നു ഇത്. ഗാന്ധിയുടെയും ബ്രിട്ടനിലെ ആദ്യത്തെ ഏഷ്യന്‍ പാര്‍ലമെന്റ് അംഗമായ ദാദാബായ് നവറോജിയുടെയും ഛായ ചിത്രങ്ങള്‍ ചുമരുകളില്‍ തൂങ്ങിക്കിടക്കുന്ന ഈ ക്ലബ് എത്രയോ രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് രഹസ്യകേന്ദ്രമായി.

ഇനിയെല്ലാം ചരിത്രത്തിന്റെ സ്മരണകള്‍. അവിടുത്തെ ഭക്ഷണവും അന്തരീക്ഷവും പോലെ, ഇന്ത്യ ക്ലബ്ബുമായി ബന്ധപ്പെട്ട ഓര്‍മകളും ഇനിയും കാലങ്ങളോളം രുചികരമായി നിലനില്‍ക്കും.

Share on

മറ്റുവാര്‍ത്തകള്‍